KERALA-NEWS

ജെയിംസ് പറയുന്നു...ചീനവലയുടെ അറിയാക്കഥകൾ

Follow Us ഫോർട്ട് കൊച്ചിയുടെ തന്നെ പോയകാലമാണ് ഈ അറുപത്തിരണ്ടുകാരന്റെ വാക്കുകളിലൂടെ പുനർജനിക്കുന്നത് കൊച്ചി: കൊച്ചിയുടെ അടയാളമാണ് ഫോർട്ട് കൊച്ചിയിലെ ചീനവലകൾ. ചരിത്രമേറെ പറയാനുള്ള ഫോർട്ട് കൊച്ചിയിലെ കൂറ്റൻ ചീനവലകൾ ഇന്ന് ചൈനയിൽ പോലുമില്ല. നാടിന്റെ പൈതൃകമായ ചീനവലകളുടെ ചരിത്രവും വാസ്തുവും പുതിയ കാലത്തിന് വേണ്ടി അടയാളപ്പെടുത്തുകയാണ് കാക്കരയിൽ ജെയിംസ്. ഒരുപക്ഷെ, ഫോർട്ട് കൊച്ചിയുടെ തന്നെ പോയകാലമാണ് ഈ അറുപത്തിരണ്ടുകാരന്റെ വാക്കുകളിലൂടെ പുനർജനിക്കുന്നത്. മത്സ്യതൊഴിലാളിയായ ജെയിംസ് ഓർമവെച്ച കാലം മുതൽ ചീനവലത്തട്ടിലാണ് ജോലിചെയ്യുന്നത്. വലപൊക്കുന്നത് മുതൽ തട്ടേൽ സകലപണികളും ജെയിംസിന് മനപാഠമാണ്. പണിമാത്രമല്ല ചീനവലയുടെ ചരിത്രം, പൈതൃകം, ചീനതട്ടിലെ ഓരോ വസ്തുവിന്റെ പേരുകൾ തുടങ്ങി എല്ലാം ഈ മനസ്സിൽ മനപാഠമാണ്. ഫോർട്ട് കൊച്ചിക്കാരനായ ജെയിംസ് പൂർവ്വികരിൽ നിന്നാണ് അവ ഹൃദയസ്ഥമാക്കിയത്. തേടിവരുന്ന സഞ്ചാരികൾ പേര് ചീനവലയെന്നാണെങ്കിലും ഈ സാങ്കേതിക വിദ്യയെ കേരളത്തിൽ ജനകീയമാക്കിയ പോർച്ചുഗീസുകാരാണെന്നാണ് ജെയിംസ് പറയുന്നത്."1350-1400 കാലഘട്ടത്തിൽ കൊച്ചിയിലെത്തിയ ചൈനക്കാരാണ് ചീനവല സ്ഥാപിച്ചതെന്നാണ് ചരിത്രം. ഇവർ കൊച്ചി വിട്ടതോടെ ചീനവലയും പടിയിറങ്ങി. പിന്നീട് പോർച്ചുഗീസുകാരാണ് ചൈനയിലെ മക്കാവോയിൽ പോയി ചീനവല വീണ്ടും കൊണ്ടുവന്നത്. അതോടെ ചീനവല തട്ടിലെ എല്ലാ വസ്തുക്കളുടെയും പേര് പോർച്ചുഗീസ് ഭാഷയിലായി"-ജെയിംസ് പറയുന്നു. നാട്ടുകാർ പോലും മറന്നുപോയ ആ പോർച്ചുഗീസ് പേരുകൾ ജെയിംസിന് ഹൃദയസ്ഥമാണ്. തൽസാനി, അർമോസ്, അസേയിൻ അങ്ങനെ പോകുന്നു ഓരോ ചീനവലതട്ടിലെയും പോർച്ചുഗീസ് വാക്കുകൾ. പേരും ഓരോ വസ്തുവിന്റെ ഉപയോഗവും ഒഴിവുസമയങ്ങളിൽ സഞ്ചാരികൾക്ക് ജെയിംസ് കൃത്യമായി വിവരിച്ചുകൊടുക്കും. ഭാഷ പ്രശ്‌നമല്ല ചീനവലയുടെ സാങ്കേതികതയും ചരിത്രവും അറിയാനും കേൾക്കാനും നിരവധി സഞ്ചാരികളാണ് ജെയിംസിന് അരികിലെത്തുന്നത്. എന്നാൽ വലപൊക്കുന്ന തിരക്കിലാണേൽ സഞ്ചാരികൾ കാത്തുനിൽക്കണം. പണിയുടെ ഇടവേളയിൽ സഞ്ചാരികളെ ചീനതട്ടിൽ കയറ്റും. തേക്കിൻ തടയിലെ രൂപകല്പനയിലെ ഓരോന്നും പരിചയപ്പെടുത്തും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പടെയുള്ള ഭാഷകൾ അനായാസം സംസാരിക്കാൻ ജെയിംസിനറിയാം. അല്പം പോർച്ചുഗീസും അറിയാം. അതിനാൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ ചീനവലയുടെ ചരിത്രം കേൾക്കാൻ മണിക്കൂറുകൾ ജെയിംസിനെ കാത്തിരിക്കും. "ചെറുപ്പത്തിൽ നാട്ടുകാരനായ ഒരു മുതിർന്ന വ്യക്തിയിൽ നിന്നാണ് ചീനവലയെപ്പറ്റി സകലതും അറിഞ്ഞത്. ചെറുപ്പത്തിൽ അറിഞ്ഞതുകൊണ്ട് അത് മനസ്സിൽ പതിഞ്ഞു. എനിക്കറിയാവുന്നത് ഞാൻ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നു.അത്രമാത്രം."-ജെയിംസ് പറയുന്നു. ചീനവല തട്ടിൽ തൊഴിലെടുത്ത് കിട്ടുന്ന വരുമാനത്തിലാണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ജെയിംസ് പോറ്റുന്നത്. എന്നാൽ ദിവസം കഴിയുംതോറുംഫോർട്ട് കൊച്ചിയിലെ ചീനവലകൾ ഇല്ലാതാവുകയാണ്. "എങ്ങനെ ഇല്ലാതാകാതിരിക്കും. ഫാക്ടറികളിൽ നിന്നുള്ള മാലിന്യം കാരണം കായലിലെ വെള്ളം കറുത്ത നിറത്തിലായി. ദിവസം കഴിയുംതോറും മീനുകൾ ഇല്ലാതാവുകയാണ്. എത്രനാൾ ചീനവലയും ഇതിൽ തൊഴിൽ ചെയ്യുന്നവരും ഉണ്ടാകും"-ജെയിംസ് പറഞ്ഞുനിർത്തി. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.