SPORTS

കണ്ണിലെ കരട് കളയാൻ കാല് കഴുകുന്ന മാനേജ്മെന്റ്; ഞങ്ങൾ അസ്വസ്ഥരാണെന്ന് മഞ്ഞപ്പട

Follow Us Kerala Blasters വീട്ടാനുള്ള കടങ്ങള്‍ കൂടി വരികയാണ്. 2014 മെയ് 27ന് നിലവിൽ വന്ന ബ്ലാസ്റ്റേഴ്സ് 2024ൽ എത്തി നിൽക്കുമ്പോഴും ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പിലാണ്. ഐഎസ്എല്‍ സീസണ്‍ പതിനൊന്നിലേക്ക് എത്തി നില്‍ക്കുന്ന സമയവും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂടി തന്നെ. ഡിഫൻസീവ് ലൈൻ പാലിച്ച് കളിക്കാൻ പോലും സാധിക്കാത്ത പ്രതിരോധ നിര. ഗോൾകീപ്പർ സൃഷ്ടിക്കുന്ന തലവേദന... ഈ പ്രശ്നങ്ങളെല്ലാം മുൻപിൽ നിൽക്കുമ്പോഴും കോച്ചിനെ മാറ്റിയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. മൊഹമ്മദാൻ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയം പിടിച്ച് സീസണിൽ ജീവൻ നിലനിർത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിനും മഞ്ഞപ്പട കൂട്ടത്തിനും ആശ്വസിക്കാനായിട്ടില്ല. ഈ സമയം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് എതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് ആരാധക കൂട്ടമായ മഞ്ഞപ്പട. മൊഹമ്മദൻസിനെതിരെ ജയിച്ചു കയറിയെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ മഞ്ഞപ്പട തയ്യാറല്ല. മൊഹമ്മദൻ എഫ്സിക്കെതിരായ മത്സരത്തിൽ ഗ്യാലറിയിൽ മഞ്ഞപ്പടയുടെ പ്രതിഷേധ ബാനർ ഉയർന്നു. സത്യങ്ങൾ നൽകി, വിശ്വാസ വഞ്ചന കാണിച്ചു എന്നെഴുതിയ ബാനറുയർത്തിയാണ് മഞ്ഞപ്പട കൂട്ടം പ്രതിഷേധം പരസ്യമാക്കിയത്. അവിടം കൊണ്ടും തീർന്നില്ല. കളിക്കാരുടെ ആവേശം കൂട്ടാൻ ആരവങ്ങളുമായി നിറഞ്ഞിരുന്ന മഞ്ഞപ്പട പക്ഷെ മൊഹമ്മദൻസിനെതിരായ മത്സരത്തിൽ 90 മിനിറ്റും ചാന്റ്സുകൾ ഒഴിവാക്കി നിശബ്ദമായി നിന്ന് പ്രതിഷേധത്തിൽ നിന്ന് തങ്ങൾ പിന്നോട്ടില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് മുൻപിൽ നിന്ന് വ്യക്തമാക്കി. മൊഹമ്മദൻസിനെതിരെ ജയം നേടിയതിൽ സന്തോഷമുണ്ടെങ്കിലും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് മഞ്ഞപ്പട ഐഇ മലയാളത്തോട് പറഞ്ഞു. 10 സീസണ്‍ പിന്നിട്ട ക്ലബാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇത്രയും വർഷം സീസണിൽ കളിച്ചിട്ടും ടീം പടുത്തുയർത്തുന്നതിൽ മാനേജ്മെന്റീന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ തുടരുന്നു. എന്ത് പ്ലാൻ ആണ് സീസണിൽ മാനേജ്മെന്റിന് ഉള്ളതെന്നാണ് മഞ്ഞപ്പട ചോദിക്കുന്നത്. വേണ്ട ബെഞ്ച് സ്ട്രെങ്ങ്ത് ഇല്ല. നിർണായക ഘട്ടത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് ഇറക്കാൻ പറ്റിയ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ ഇല്ല എന്നതും മഞ്ഞപ്പട ചൂണ്ടിക്കാണിക്കുന്നു. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ പ്രയോജനപ്പെടുത്തി മികച്ച കളിക്കാരെ ടീമിലെത്തിക്കണം എന്ന സമ്മർദ്ദമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് മേൽ ആരാധക കൂട്ടം ചെലുത്തുന്നത്. ഇതിനൊപ്പം കളിക്കാർ പരുക്കിലേക്ക് വീഴുന്നതും നിശ്ചിത സമയത്തിനുള്ളിൽ അവർക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാതെ വരുന്നതും ക്ലബിലെ മെഡിക്കൽ റിഹാബിലിറ്റേഷൻ സിസ്റ്റത്തിലെ പോരായ്മയാണെന്നും അതിൽ പരിഹാരം കാണേണ്ടതുണ്ട് എന്നതും മഞ്ഞപ്പടയുടെ ആവശ്യങ്ങളിലൊന്നാണ്. ഇതിനൊപ്പം ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുന്നതിലെ കുറവും ആരാധകർ ചോദ്യം ചെയ്യുന്നു. സീസണിൽ ഗോൾകീപ്പർ സച്ചിൻ സുരേഷിൽ നിന്ന് വന്ന പിഴവുകൾ കുറച്ചൊന്നുമല്ല ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഇതിനൌപ്പം റൈറ്റ് ബാക്ക്, റൈറ്റ് വിങ്ങർ, ഡിഫൻസീവ് മിഡ് ഫീൽഡർ, സെന്റർ ബാക്ക് പൊസിഷനുകളിൽ പരിചയസമ്പത്തുള്ള കളിക്കാരെ കൊണ്ടുവരണം എന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആരാധകർ ആവശ്യപ്പെടുന്നു. പരിശീലകനായിരുന്ന സ്റ്റാറെയിലോ നിലവിലുള്ള കളിക്കാരിലോ വിശ്വാസമില്ലായ്മ ഇല്ലെന്ന് മഞ്ഞപ്പട വ്യക്തമാക്കുന്നു. എന്നാൽ മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിച്ചെ മതിയാവു എന്നാണ് മഞ്ഞപ്പടയുടെ നിലപാട്. തയ്യാറാക്കിയത്: അഞ്ജലി സുരേഷ് Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.