LIFESTYLE

Independence Day 2024 Speech Ideas: സ്വാതന്ത്ര്യദിന പ്രസംഗം തയ്യാറാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Follow Us Independence Day 2024 Essay Independece Day 2024 Speech For Children: ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി ഭാരതം സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ ഭാഷയുടെയും വേഷത്തിന്‍റെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരെപ്പോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, പാടും... 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പേരില്‍ നടത്തിയ പ്രസംഗം, ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന നിലയില്‍ ലോകചരിത്രത്തിന്‍റെ ഏടുകളില്‍ സുവര്‍‌ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. നെഹ്റുവിന്‍റെ തന്നെ ഭാഷയില്‍, "ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്," എന്നു പറഞ്ഞ് നടത്തിയ ആ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ആദ്യത്തെ അധ്യായം. രാജ്യം വളരെ ആകാംക്ഷയോടെ ഉറ്റു നോക്കുന്നതാണ് സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം. ഓഗസ്റ്റ് 15ന് ഡല്‍ഹി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്നതാണ് സ്വാതന്ത്ര്യദിന പ്രസംഗം. ചെങ്കോട്ടയിലെ ലാഹോറി ഗെയ്റ്റിന് മുന്നിലെ തട്ടില്‍ നിന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുക. തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ നേട്ടങ്ങളും വിജയകഥകളും രാജ്യം നേരിടുന്ന പ്രതിസന്ധികളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും എടുത്ത് പറയും. സ്വാതന്ത്ര്യം നേടിത്തന്ന ധീരപോരാളികളെയും പ്രസംഗത്തില്‍ സ്മരിക്കും. സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് നടത്തേണ്ട കലാ സാംസ്കാരിക പരിപാടികളുടെ പരിശീലനത്തിന് നടുവിലായിരിക്കും വിദ്യാർത്ഥികള്‍. അടുത്ത വര്‍ഷം ഇതേ ദിവസം വരെ ഓര്‍ത്തിരിക്കാന്‍ തക്കവിധം നല്ല രീതിയില്‍ കാര്യങ്ങള്‍ ഏകോപിക്കുന്ന തിരക്കിലാകും വിദ്യാർത്ഥികളും അധ്യാപകരും. സ്വാതന്ത്ര്യദിനപ്രസംഗം നടത്താന്‍ തിരഞ്ഞെടുക്കുന്ന കുട്ടിയുടെ പങ്കും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആനുകാലികപ്രസക്തിയും അതേസമയം കേള്‍ക്കാന്‍ താല്‍പര്യമുള്ളതുമായ ഒരു പ്രസംഗം തയ്യാറാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുന്നത് സ്വാതന്ത്ര്യദിന പ്രസംഗം തയ്യാറാക്കാന്‍ വിദ്യാർഥികളെ സഹായിക്കും. പ്രസംഗത്തിനുള്ള വിഷയം തീരുമാനിക്കുക. സങ്കീര്‍ണ്ണമായ വിഷയങ്ങളെടുക്കാതിരിക്കുന്നതാകാം നല്ലത്. രാജ്യത്തിന്‍റെ പുരോഗതിയും വികസനവും, രാജ്യപുരോഗതിയില്‍ വിദ്യാർഥികള്‍ക്കുള്ള പങ്ക്, സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുളള ഓര്‍മകള്‍, സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം ഇങ്ങനെ എന്തും വിഷയമാക്കാം. ഒരു വിഷയമെടുത്ത് കഴിഞ്ഞാല്‍ അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച്‌ കഴിഞ്ഞാൽ ശേഖരിച്ച വിവരങ്ങളെ കൃത്യമായി പല ഭാഗങ്ങളാക്കി തിരിക്കുക. പ്രസംഗം എഴുതി തയ്യാറാക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ആമുഖത്തില്‍ പ്രസംഗത്തിന്‍റെ വിഷയത്തെക്കുറിച്ചും അത് തിരഞ്ഞെടുക്കാനുള്ള കാരണവും ഉള്‍പ്പെടുത്തണം. പിന്നീട് അതേക്കുറിച്ച് നിങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം. പ്രസംഗം മുഴുവന്‍ ഒരു വിഷയത്തിലേക്കൊതുക്കി, നല്ല വാക്കുകളാല്‍ ഉപസംഹാരം. പ്രസംഗം തയ്യാറാക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗമെന്നുളള കാര്യം മറക്കരുത്. പ്രസംഗം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ മഹാന്മാരുടെയും നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പ്രശസ്തമായ വാചകങ്ങള്‍ ചേര്‍ക്കാവുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.