HEALTH

ഹെപ്പറ്റൈറ്റിസ് വൈറസ് രോഗപ്രതിരോധവും ചികിത്സയും

Follow Us എല്ലാ വർഷവും ജൂലൈ 28 ന് 'ലോക ഹെപ്പറ്റൈറ്റിസ് ദിന'മായി ലോകാരോഗ്യസംഘടന ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കരൾ കോശങ്ങളുടെ വീക്കം എന്നാണ്. ലോകത്താകമാനം വൈറസ് മൂലമുള്ള കരൾവീക്കം ബാധിച്ചിരിക്കുന്നത് 300 ദശലക്ഷം ആളുകളെ ആണ്. വൈറസ് മൂലമുള്ള കരൾവീക്കം കാരണം1.3 ദശലക്ഷം മരണങ്ങൾ ഒരു വർഷം സംഭവിക്കുന്നു. എയ്ഡ്സിനേക്കാളും ട്യൂബർകുലോസിസfനെക്കാളും അധികം മരണം സംഭവിക്കുന്നത് ഹെപ്പറ്റൈറ്റിസ് മൂലമാണത്രേ! ഇക്കാരണങ്ങളാലാണ് ലോകാരോഗ്യ സംഘടന 2030 നുള്ളിൽ ഹെപ്പറ്റൈറ്റിസ് നിർമാർജനം ചെയ്യുക എന്ന പ്രചാരണ പരിപാടി 2016ഇൽ ആരംഭിച്ചത്. നിശബ്ദ അവസ്ഥയിൽ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ഉണ്ട്. കരൾ കാൻസർ, കരൾ സിറോസിസ് എന്നീ മാരക രോഗങ്ങളിലേക്ക് പരിണമിക്കുന്നതുവരെ ക്രോണിക് വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ ക്ഷതം രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് മുന്നേറുന്നത് എന്നതിനാൽ പരിശോധനകളും മുന്നേ കൂട്ടിയുള്ള രോഗനിർണയവും (Screening Tests) മാത്രമാണ് ഈ നിശബ്ദ കൊലയാളി വൈറസുകളെ നേരിടാനുള്ള മാർഗങ്ങൾ. എന്താണ് ഹെപ്പറ്റൈറ്റിസ്? ഹെപ്പറ്റൈറ്റിസ് എന്നു പറയുമ്പോൾ അതിനർത്ഥം വൈറസ് മൂലമുള്ള കരൾവീക്കം മാത്രം ആണെന്നും, എല്ലാത്തരം മഞ്ഞപ്പിത്തവും പകരുന്നതാണെന്നും തെറ്റായ ധാരണ അനവധി ആളുകൾ വച്ചുപുലർത്തുന്നുണ്ട്. വാസ്തവത്തിൽ ഹെപ്പറ്റൈറ്റിസ് എന്ന പദത്തിന്റെ അർത്ഥം ഏത് കാരണം കൊണ്ടും ഉണ്ടാകുന്ന കരൾ കോശങ്ങളുടെ വീക്കമാണ്. ഇത് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (ചുരുങ്ങിയ കാലയളവിൽ ഉണ്ടാകുന്ന തീവ്ര രോഗബാധ), അല്ലെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് (ദീർഘകാലം ശരീരത്തിൽ തങ്ങി നിൽക്കുന്ന രോഗ ബാധ) എന്നിങ്ങനെ തരംതിരിക്കാം. ഈ രണ്ട് രോഗാവസ്ഥകളുടെയും കാരണങ്ങൾ, തീവ്രത, സങ്കീർണതകൾ എന്നിവ വ്യത്യസ്തമാണുതാനും. കരൾ വീക്കം ഉണ്ടാക്കുന്ന അണുബാധകൾ അല്ലാത്ത കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ജീവിതശൈലി രോഗമായ മെറ്റബോളിക് ഡിസ്ഫംഗ്ഷൻ അസോസിയേറ്റെഡ് ഫാറ്റിലിവർ ഡിസീസ് (MAFLD) ആണ്. തുടക്കത്തിൽ കൊഴുപ്പ് കരളിലേക്ക് കയറിയിട്ട് ക്രമേണ കരൾവീക്കം ഉണ്ടാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമ്പോൾ മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് (MASH) എന്നു പറയും. അണുബാധമൂലം അല്ലാതെ കരൾ വീക്കത്തിനുള്ള രണ്ടാമത്തെ കാരണം മദ്യപാനമാണ്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി സ്വന്തം കരളിനെ തന്നെ ആക്രമിച്ചു കരൾവീക്കം ഉണ്ടാക്കുന്ന അവസ്ഥയെ ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് (Autoimmune Hepatitis ) എന്ന് വിളിക്കാം. ഇതൊന്നുമല്ലാതെ ചില അപൂർവ്വ ഇനം ജനിതക കാരണങ്ങൾ മൂലവും കരൾവീക്കം സംഭവിക്കാം. കരളിൽ ഇരുമ്പടിയുന്ന രോഗം (Hemochromatosis ) ചെമ്പടിയുന്ന രോഗം (Wilsons Disease) എന്നിവ തീരെ വിരളമല്ല. ഇനി വൈറസ് മൂലമുണ്ടാകുന്ന കരൾവീക്കം ഏതൊക്കെയാണെന്ന് നോക്കാം. കരൾ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വൈറസുകളെ 'ഹെപറ്റോട്രോപിക്' വൈറസുകൾ എന്നു പറയുന്നു- ഇവ പ്രധാനമായും എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുതരം ആണ്. ശരീരത്തിലെ മറ്റു പല ഭാഗങ്ങളെയും ബാധിക്കുന്ന വൈറസുകൾ ചിലപ്പോൾ കരളിലും ക്ഷതം ഉണ്ടാക്കാം, ഇവയെ നോൺ 'നോൺഹെപറ്റോട്രോപ്പിക്' വൈറസുകൾ എന്നു വിളിക്കുന്നു- പൊങ്ങൻപനി ഉണ്ടാക്കുന്ന വാരിസെല്ലാ വൈറസ്, ഹെർപ്പിസ് സിംപ്ലക്സ് വൈറസ്, എപ്‌സ് റ്റീൻ ബാർ വൈറസ് തുടങ്ങിയവയും കോവിഡ് 19 ഉണ്ടാക്കുന്ന SARS-CoV2 വൈറസും കരൾ വീക്കം ഉണ്ടാക്കാം. ഏതൊക്കെയാണ് വിവിധ ഇനം ഹെപ്പറ്റൈറ്റിസ് വൈറസുകൾ? എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസുകൾ പ്രധാനമായും അഞ്ചു തരമുണ്ട്. ഇവയിൽ പ്രത്യേകമായും ബി, സി എന്നിവയാണ് ദീർഘകാലം നിലനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് ബാധക്ക് കാരണമാകുന്നതും, ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കുന്നതും. എന്നാൽ എ, ഇ എന്നീ വൈറസുകൾ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് മാത്രമേ ഉണ്ടാക്കുകയുള്ളൂ. അവ ദീർഘനാൾ ശരീരത്തിൽ തങ്ങി നിൽക്കുന്നില്ല. എ, ഇ വൈറസ് അണുബാധക്കു കാരണമാകുന്നത് മലിനമായ ഭക്ഷണത്തിന്റെയും ജലത്തിന്റെയും ഉപയോഗമാണ്. ബി, സി, ഡി എന്നീ വൈറസുകൾ രോഗബാധയുള്ളവരുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്നു. രോഗബാധിതരുടെ രക്തമോ രക്ത ഉല്‍പ്പന്നങ്ങളോ സ്വീകരിക്കുക, അണുബാധയുള്ള വൈദ്യോപകരണങ്ങൾ കൊണ്ടുള്ള ചികിത്സാനടപടികൾക്ക് വിധേയരാകുക, രോഗിയുമായി (വൈറസിന്റെ നിശബ്ദ വാഹകരുമായി) ലൈംഗികബന്ധം പുലർത്തുക എന്നിവ ഈ വൈറസുകൾ പകരുന്ന വഴികൾ ആണ്. രോഗമുള്ള അമ്മയിൽ നിന്ന്, ജനിക്കുന്ന കുഞ്ഞിനും രോഗം പകർന്നുകിട്ടാം. കോവിഡ് 19 ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുമോ? രോഗകാരിയായ SARS-CoV2 എന്ന വൈറസ് ഒരു ഹെപറ്റോട്രോപിക് വൈറസ് അല്ല. എന്നാൽ കോവിഡ് 19 എന്ന രോഗം അതിന്റെ തീവ്ര അവസ്ഥകളിൽ കരളിനെ ബാധിക്കുന്ന ആയിട്ട് കാണപ്പെടുന്നു. ഇത് വൈറസ് കോശങ്ങളെയും പിത്തനാളീ കോശങ്ങളെയും നേരിട്ട് ആക്രമിക്കുന്നത് ആകാം, ഒരു വേള വൈറസിനെതിരെ തിരിയുന്ന രോഗപ്രതിരോധശക്തി രക്തത്തിൽ ഉണ്ടാകുന്ന Cytokines തുടങ്ങിയ കെമിക്കൽ പദാർത്ഥങ്ങൾ കരളിന് വീക്കം ഉണ്ടാക്കുന്നതും ആവാം. പല മരുന്നുകളുടെ ഉപയോഗവും, ഐസിയുവിൽ കഴിയുന്ന കോവിഡ് 19 രോഗികളിൽ കരൾവീക്കം ഉണ്ടാക്കാറുണ്ട്. എന്തുതന്നെയായാലും രോഗതീവ്രത കുറഞ് രോഗം ഭേദമാകുമ്പോൾ കരൾ വീക്കവും മാറുന്നതായാണ്കാണുന്നത്. ചികിത്സ ലഭ്യമാണോ? എ, ഇ (HAV and HEV) വിഭാഗത്തിൽ പെട്ട വൈറസ് ബാധകൾ സ്വയം നിയന്ത്രിത രോഗങ്ങളാണ്. അവയ്ക്ക് പ്രത്യേകിച്ച് വൈറസിനെതിരെയുള്ള മരുന്നുകൾ ആവശ്യമില്ല. ശ്രദ്ധാപൂർവ്വമുള്ള നിരീക്ഷണവും ആരോഗ്യം നിലനിർത്തുവാനുള്ള ചികിത്സകളും മാത്രമാണാവശ്യം. ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസുകൾക്ക് കാര്യക്ഷമമായ ആന്റി വയറൽ മരുന്നുകളും ചികിത്സയും ലഭ്യമാണ്. ഈ മരുന്നുകൾ ഗുളികയുടെയും ഇൻ‌ജക്ഷന്റെയും രൂപത്തിൽ പ്രയോഗത്തിലുണ്ട്. ഹെപ്പറ്റൈറ്റിസ് സി വൈറസിനു മുൻകാലങ്ങളിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന കുത്തിവെപ്പ് മരുന്നുകളാണ് ഉപയോഗിച്ചിരുന്നത് (Interferon Injection). ഇതിനു പകരം ഇപ്പോൾ ഗുളികകളാണ് ഉപയോഗിക്കുന്നത്, ചികിത്സാ കാലയളവ് ഒരു വർഷത്തിനു പകരം കേവലം 12 ആഴ്ചയായി കുറഞ്ഞു; ചികിത്സ വിജയശതമാനം ആകട്ടെ കേവലം നാല്പതോ അമ്പതോ ശതമാനത്തിൽ നിന്ന് 98 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. പ്രത്യേകം ശ്രദ്ധിക്കേണ്ടത് വൈറസിനെ നിർമ്മാർജ്ജനം ചെയ്യേണ്ടത് കരളിന് ക്ഷതം അധികരിക്കുന്ന അവസ്ഥയ്ക്ക് മുൻപേയാകുന്നത് നല്ലത്. അതിനാൽ സ്ക്രീനിങ് ടെസ്റ്റുകൾ മുഖേനയുള്ള രോഗനിർണയം അതീവ പ്രാധാന്യമർഹിക്കുന്നു. കരളിന്റെ ക്ഷതം കുറയ്ക്കുന്നതിനു മാത്രമല്ല വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും സഹായകമാകുന്നു ഏക വഴി സ്ക്രീനിങ് പരിശോധനകൾ ലോകമാകമാനം ഹെപ്പറ്റൈറ്റിസ് ബാധയുള്ള 300 ദശലക്ഷം ജനങ്ങൾ രോഗബാധയറിയാതെ ജീവിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധ മൂലം, വാർഷികാടിസ്ഥാനത്തിൽ 1.3 ദശലക്ഷം മരണങ്ങൾ ഉണ്ടാകുന്നുണ്ട്. നിശബ്ദാവസ്ഥയിലുള്ള രോഗബാധയിൽ കഴിയുന്ന ആളുകളെ കണ്ടുപിടിക്കുകയും അവരെ ചികിത്സയിലേയ്ക്ക് കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ ഈ മഹാദുരിതം തുടരുകയും ജീവനുകൾ നഷ്ടപ്പെടുകയും ചെയ്യും. 2030 ആകുമ്പോഴേയ്ക്കും വൈറസ് മൂലമുള്ള ഹെപ്പറ്റൈറ്റിസ് പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി 2016 ൽ, ലോകാരോഗ്യ സംഘടന തയാറാക്കിയ പദ്ധതി ലോകമാകെയുള്ള 194 സർക്കാരുകൾ അംഗീകരിച്ചിരിക്കുന്നു.ഇതിനായി ജനങ്ങളിൽ അവബോധമുണ്ടാക്കുക, നിശബ്ദ അവസ്ഥയിൽ അണുബാധ വാഹകരായി ഇരിക്കുന്ന രോഗികളെ സ്ക്രീനിങ് പശോധനകളിലൂടെ കണ്ടെത്തുക, അവരെ ചികിത്സയിലേക്ക് നയിക്കുക എന്നിവയാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായ ജൂലൈ 28 ഊന്നൽ കൊടുക്കുന്ന ലക്ഷ്യങ്ങൾ. വൈറൽ ഹെപ്പറ്റൈറ്റിസിനു തടയിടാനുള്ള മാർഗങ്ങൾ കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. കുടിവെള്ള സ്രോതസ്സ് മുനിസിപ്പാലിറ്റി വെള്ളമായാലും കിണർവെള്ളം ആയാലും ശുചീകരണത്തിന് ആയി വീടിനുള്ളിൽ ഉപകരണം സ്ഥാപിക്കാം-Uv, RO തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ളവ. ബോർവെൽ ആണ് ജലസ്രോതസ്സ് എങ്കിൽ പുറമേ കാൻഡിൽ രീതിയിലുള്ള ഫിൽറ്ററുകൾ സ്ഥാപിക്കാം. യാത്ര പോകുമ്പോൾ വെള്ളം കൈയിൽ കരുതുകയോ വിശ്വാസയോഗ്യമായ കുപ്പിവെള്ളം ഉപയോഗിക്കുകയോ ചെയ്യാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.