OPINION

'അഗ്നിവീർ സമ്പദ് വ്യവസ്ഥയുടെ' നയരേഖ

Follow Us മൂന്നാം തവണ തുടർച്ചയായി ഭരിക്കാൻ അവസരം കിട്ടിയ ഒരു സർക്കാരിന്റെ, പതിനൊന്നാമത്തെ ബജറ്റ് ആയിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. യൂണിയൻ ഗവൺമെന്റ് എന്ന നിലയിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ പതിനൊന്നാം വർഷം തുടർച്ചയായി അവതരിപ്പിക്കുന്ന ബജറ്റിൽ കഴിഞ്ഞ പത്ത് വർഷത്തെ ഭരണ പരിചയത്തിൽ നിന്നും എന്തൊക്കെ ഉൾക്കൊണ്ടു എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാകേണ്ട ഒന്നാണ്. അങ്ങനെ ഒരു പരിശോധനയ്ക്ക് ഒരുങ്ങുമ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പണ്ട് നടത്തിയ ഒരു പ്രസ്താവന കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് 2013 ൽ കാരവൻ മാഗസിന് നൽകിയ അഭിമുഖത്തിൽ, 2014ൽ ഭരണം കിട്ടിയാൽ പിന്നെ 25 വർഷം വരെ ബിജെപി ഇന്ത്യ ഭരിക്കുമെന്നായിരുന്നു പറഞ്ഞത്. അതായത് 2039 വരെ. അതിലെ ആദ്യ ദശകം പിന്നിട്ട് രണ്ടാം ദശകത്തിലെ ആദ്യ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. ആ സാഹചര്യത്തെ അടിസ്ഥാനമാക്കി കൂടെ വേണം ഈ ബജറ്റിനെ വിലയിരുത്താൻ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അധികാരത്തിലെത്തിയ 2014 മുതൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള വ്യാമോഹ വായ്‌ത്താരികൾ വളരെയേറെയാണ്. 2024 ൽ ഇന്ത്യ അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 2030ൽ 10 ട്രില്യൺ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനങ്ങൾക്ക് പഞ്ചമില്ലാത്ത നാട്ടിൽ 2024 ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ എവിടെയെത്തി എന്ന ചോദ്യം ഭരണത്തുടർച്ചയുടെ അമിത ആത്മവിശ്വാസത്തിൽ സർക്കാർ വീണ്ടും പൊലിപ്പിക്കുകയാണ്. സർക്കാരിന്റെ കണക്കുകളെ അടിസ്ഥാനമാക്കി ഇപ്പോഴത്തെ 8 ശതമാനം എന്ന നിലയിൽ വളർച്ച നിരക്ക് നിലനിന്നാൽ 2027-28 ആകുമ്പോഴേക്കും അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. പത്ത് ട്രില്യണിലേക്ക് എത്തണമെങ്കിൽ ഇന്നത്തെ വളർച്ചാനിരക്ക് നിലനിന്നാൽ 2036-37 കാലത്ത് അത് സാധ്യമാകാം. (മോദി സർക്കാരിന്റെ ആദ്യ പാദത്തിലെ (2014-18 കാലത്തെ) സാമ്പത്തികകാര്യ ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അഭിപ്രായത്തിൽ മോദി സർക്കാർ പറയുന്ന വളർച്ച നിരക്കിൽ നിന്നും 2.5 ശതമാനം കുറച്ചാൽ മാത്രമേ യാഥാർത്ഥ്യത്തിനോട് അടുത്ത നിരക്ക് കിട്ടുകയുള്ളു. അങ്ങനെയെങ്കിൽ 2030 കഴിയും ഇന്ത്യ അഞ്ച് ട്രില്യൺ ഇക്കോണമി ആകാൻ, പത്ത് ട്രില്യൺ 2047, അമൃത കാലത്തിനോട് അനുബന്ധിച്ചും). ശരാശരി വാർഷിക സാമ്പത്തിക വളർച്ച നിരക്ക് 8 ശതമാനമാക്കി നിലനിർത്താനുള്ള എന്തെല്ലാം പദ്ധതികൾ ആണ് മോദി ഭരണകൂടം മുന്നോട്ട് വെക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഈ സാഹചര്യത്തിൽ മുന്നോട്ട് വരുന്നുണ്ട്. അമൃത കാലം എവിടെ? ഇലക്ഷന് മുൻപ് മോദിയുടെ ഗ്യാരണ്ടി എന്ന പേരിൽ മുന്നോട്ട് വച്ച ഇലക്ഷൻ വാഗ്ദാനങ്ങൾ പലതും വലിയ ഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് ബജറ്റിൽ വരവ് വച്ചിരിക്കുന്നത്. ഒപ്പം 2024 ജനുവരിയിലെ ഇടക്കാല ബജറ്റിൽ പറഞ്ഞ പലതും ഈ ബജറ്റിൽ ഇല്ല. പ്രത്യേകിച്ചും അമൃതകാലത്തേക്കുള്ള യാത്ര ഇലക്ഷന് ശേഷം ധനമന്ത്രി കൈയ്യൊഴിഞ്ഞുവെന്നാണ് ഇത് നൽകുന്ന സൂചന. അമൃത് കാൽ എന്നത് അടുത്ത 25 വർഷത്തേക്കുള്ള പ്ലാനിങ്ങിന്റെ ഭാഗമായാണ് അവതരിപ്പിച്ചത്. തന്റെ പ്രസംഗത്തിൽ ഒരിക്കൽ പോലും അമൃത് കാലത്തെ വർണ്ണിക്കുന്ന ഒരു വാക്ക് പോലും ധനമന്ത്രി പറഞ്ഞില്ല. പകരം വികസിത് ഭാരതത്തിൽ എത്താനുള്ള ബജറ്റ് നീക്കിയിരുപ്പിന്റെ നയങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി. അച്ഛാ ദിവസത്തിൽ നിന്നും വസുധൈവകുടുംബത്തിൽ, അവിടെ നിന്നും അമൃത കാലത്ത്. അതും ഇടക്ക് ഉപേക്ഷിച്ച് വികസിത് ഭാരതത്തിൽ. ഈ പദ വിന്യാസം തന്നെ എത്ര ഹ്രസ്വമാണ് മോദി സർക്കാരിന്റെ വികസന പ്ലാനിങ്ങിന്റെ കാലം എന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇപ്പോഴത്തെ പുതിയ പദം - വികസിത്‌ ഭാരതം - അത് വ്യക്തമാകുന്ന ഒന്ന് 2047 വരെയുള്ള പ്ലാനിങ് ഇനി ആവശ്യമില്ല എന്ന് പൊതുജനത്തിനോട് പറയുകയാണ് ധനമന്ത്രി. ഇത്തരത്തിൽ മോദി അനുയായികളെ പോലും ആശയകുഴപ്പത്തിലാക്കുന്ന ഒന്നാണ് 2025ലെ ബജറ്റ്. യുവജനതയ്ക്ക് ബജറ്റിൽ എന്തുണ്ട്? രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളെ നിർണ്ണയിക്കുന്നതിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സ്ഥാനമുണ്ടെന്നത് ഏതൊരു പൗരനും ബോധ്യമുള്ളതാണ്. ആഭ്യന്തരമായി സൗഹാർദ്ദപരമായ അന്തരീക്ഷം നിലനിർത്തുന്നതിൽ പ്രധാന ഘടകങ്ങളിലൊന്ന് യുവജനതയുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തം ആണ്. വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്മ അതിരൂക്ഷമായ കാലഘട്ടം ആണിത്. അവർക്കായി എന്താണ് ഈ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്? 1). 4.1 കോടി ചെറുപ്പക്കാരുടെ തൊഴിൽ വൈദഗ്ധ്യ വികസനത്തിനായി അടുത്ത അഞ്ച് കൊല്ലം കൊണ്ട് രണ്ട് ലക്ഷം കോടി രൂപ ചെലവാക്കും എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനടുത്തു തന്നെ ഈ വർഷം 1.48 ലക്ഷം കോടി രൂപ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ടെന്നും പറയുന്നു. അഞ്ച് വർഷം കൊണ്ട് ചെലവാക്കാനുള്ള പണത്തിന്റെ 74 ശതമാനം ആദ്യവർഷത്തിൽ തന്നെ ചെലവഴിക്കുമെന്നാണ് പ്രഖ്യാപനം. ഐടിഐകളെ അപ്ഗ്രേഡ് ചെയ്യുന്നത് മുതൽ തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്ന സ്ഥാപങ്ങൾക്ക് വായ്പ നൽകുന്നതടക്കമുള്ള പരിപാടികളാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ ഈ നീക്കിയിരുപ്പ് തീർത്തും ആശയ കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. എങ്ങനെ, എവിടെ, എന്താണ് ഈ പദ്ധതിയുടെ ഫോക്കസ്- അതൊക്കെ ഇനി ആര് പറയും എന്നത് കാത്തിരുന്ന് കാണാം. 2). സംഘടിത മേഖലയിൽ കൂടുതൽ തൊഴിൽ ഉത്പാദിപ്പിക്കാൻ പുതിയ തൊഴിലാളികൾക്ക് 15000 രൂപ വരെ ഇപിഎഫ് കോമ്പൻസേഷൻ നൽകാം എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. 2.1 കോടി യുവ തൊഴിലാളികളെയാണ് ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതും അഞ്ച് വർഷം കൊണ്ട് പൂർത്തിയാവുന്നതാണ്, അതായത് പ്രതിവർഷം ഏകദേശം 40 ലക്ഷം യുവാക്കൾക്കാണ് ഈ പദ്ധതിപ്രകാരം ഗുണം ഉണ്ടാവേണ്ടത്. ഈ പ്രഖ്യാപനത്തിന് ചില പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമതായി, എത്ര പണം ഈ പദ്ധതിക്കായി മാറ്റി വച്ചിട്ടുണ്ടെന്ന് എങ്ങും പറയുന്നില്ല. രണ്ട്, ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ വെറും നാല് ശതമാനം മാത്രമാണ് സംഘടിത മേഖലയിൽ ഉള്ളത്. അതാകട്ടെ, 2023-24 കാലത്ത് ഇപിഎഫ് അക്കൗണ്ടുകളുടെ എണ്ണം പ്രകാരം 4.6 കോടിയാണ്. രണ്ടാമതായി, 40 ലക്ഷം പുതിയ തൊഴിൽ ഈ മേഖലകളിൽ ഉണ്ടാകണമെങ്കിൽ, അതിന്റെ പദ്ധതി എന്താണ് - ഏതെല്ലാം മേഖലകൾ ആണ് പുതിയ തൊഴിൽ ഉത്പാദിപ്പിക്കാൻ തരത്തിൽ വളരാൻ പോകുന്നത് എന്നൊന്നും ധനമന്ത്രിയുടെ പ്രസംഗമോ ഇക്കണോമിക് സർവേയോ അരിച്ചു പെറുക്കിയിട്ടും ഒരു സൂചന പോലും കാണാനായില്ല. 3). ഉന്നത വിദ്യാഭ്യാസത്തിനായി ആഭ്യന്തര സർവകലാശാലകളിലും മറ്റും പഠിക്കുന്ന/ പഠിക്കാൻ തൽപരരായ കുട്ടികൾക്ക് 10 ലക്ഷം വരെ വായ്പ മൂന്ന് ശതമാനം പലിശക്ക് നൽകും. അത് വൗച്ചർ രൂപത്തിൽ ആണ് ഉപയോഗിക്കാൻ പറ്റുക. ഉന്നത വിദ്യാഭ്യാസത്തെ പൂർണ്ണമായും തന്നെ സ്വകാര്യവത്കരിക്കും അല്ലെങ്കിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപണി അധിഷ്ഠിത ഫീസ് ആണ് ഈടാക്കാൻ സാധ്യത എന്നൊന്ന് ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു. 4). 2014 ലിൽ ഒരു വർഷം രണ്ട് കോടി പുതിയ തൊഴിൽ ഉത്പാദിപ്പിക്കും എന്ന വാഗ്‌ദാനം മോദി നൽകിയിരുന്നു. അത് പത്ത് വർഷം കഴിഞ്ഞപ്പോൾ 40 ലക്ഷം ആയി ആ വാഗ്ദാനം കുറഞ്ഞു. കേന്ദ്ര സർക്കാർ തലത്തിലെ ഒഴിവുകൾ നികത്തിയാൽ തന്നെ 20-30 ലക്ഷം പുതിയ തൊഴിലുകൾ സംഘടിത മേഖലയിൽ ഉണ്ടാവും. അതേ കുറിച്ച് മൗനമാണ് ബജറ്റിൽ. 5). യുവാക്കൾക്കായി ഒരു കോടി ഇന്റേൺഷിപ്‌ അവസരങ്ങൾ സർക്കാർ ഒരുക്കുമെന്ന് എന്ത് ഉറപ്പിലാണ് ധനമന്ത്രി പറയുന്നത് എന്തിന് വേണ്ടിയാണ്. വ്യവസായങ്ങൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും തൊഴിലാളികളെ നിശ്ചിത കാലത്തേയ്ക്ക് കൂലികൊടുക്കാതെ ഒരുക്കി കൊടുക്കുന്നത് സർക്കാരിന്റെ ജോലിയാണോ? ഒരു അഗ്നിവീർ മോഡൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സകല മേഖലകളിലേക്കും വ്യാപിപ്പിക്കും എന്നതല്ലേ ഈ പ്രഖ്യാപനം കൊണ്ട് മനസിലാക്കേണ്ടത്. ഒപ്പം ഇത്തരം അസ്ഥിര തൊഴിലാളികളിൽ നിന്നും കമ്പനികൾ എന്താണ് പ്രതീക്ഷിക്കുന്നത്? വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മയെ ഇത്തരത്തിൽ ആണ് നേരിടുന്നെങ്കിൽ അത് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം സമൂഹത്തെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. ചുരുക്കത്തിൽ മോദിയുടെ നാല് 'ജാതി'കളിൽ യുവജനത എന്ന ജാതിക്ക് പ്രഖ്യാപനങ്ങൾ മാത്രമേയുള്ളൂ. ഒരു മാനുഷിക വികസന പ്ലാനിങ്ങിന്റെ ആവശ്യകത വളരെ വ്യക്തമായ കാലമാണിത്. അതിനെ നിരാകരിച്ച വിപണി അധിഷ്ഠിത തൊഴിൽ ഉത്പാദന നയങ്ങൾ കൊണ്ടുവന്നാൽ അത് സാമ്പത്തിക വ്യവസ്ഥയ്ക്ക് മാത്രമല്ല, യുവജനങ്ങൾക്കും കാര്യമായ ഒരു ഗുണവും സൃഷ്ടിക്കില്ല. വ്യവസായ-സേവന മേഖലയുടെ വളർച്ച ഇന്ത്യൻ വ്യവസായ-സേവന മേഖലയിലെ സ്ഥാപനങ്ങൾ രൂക്ഷമായ നിക്ഷേപ കുറവുണ്ട്. വിദേശ നിക്ഷേപകർ വളരെ ശ്രദ്ധാലുക്കളായി ആണ് ഇന്ത്യൻ ഇക്കണോമിയിൽ പ്രവർത്തിക്കുന്നത്. ധനമന്ത്രിയുടെ നിക്ഷേപ നികുതികളിലെ മാറ്റങ്ങൾ ഒട്ടും നിക്ഷേപ സൗഹാർദം അല്ലെന്ന് മാത്രമല്ല, അത് നിക്ഷേപകരെ ഒന്ന് കൂടെ പിന്നോട്ട് വലിക്കുന്ന നടപടിയായിട്ടാണ് വരുന്നത്. സ്റ്റാർട്ട് അപ്പ് കമ്പനികളുടെ നിക്ഷേപത്തിൽ കാര്യമായ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. അത് 2024 ജൂൺ വരെയുള്ള കാലത്ത് 2023 നെ അപേക്ഷിച്ച് 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് പോലെ തന്നെ വ്യവസായങ്ങൾക്കായി വായ്പ എടുക്കുന്നതിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2023-24 കാലത്ത് 49342 MSME സ്ഥാപനങ്ങൾ ആണ് പൂട്ടിപ്പോയത്, അത് വഴി മൂന്ന് ലക്ഷത്തിന് മുകളിൽ തൊഴിലുകൾ ഇല്ലാതായി രാജ്യത്ത്. ഇത് കാണിക്കുന്നത് രോഗാതുരമായ ഒരു വ്യവസായ അന്തരീക്ഷം ആണ് ഇവിടെ നിലനിൽക്കുന്നത് എന്നാണ്. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച പല സാധാരണക്കാരും, അത് തങ്ങളുടെ വാർദ്ധക്യ കാല ജീവിതത്തിന്റെ ആവശ്യങ്ങൾക്ക് ആയിട്ടാണ് കണ്ടിരുന്നത്. അതിന്റെ വില്പന നികുതി കൂട്ടിയത്, കൺസ്ട്രക്ഷൻ ബിസിനസിനെ ബാധിക്കും, അത് തൊഴിൽ അവസരങ്ങളെ ബാധിക്കും, ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുള്ള മൈഗ്രേഷന് കാരണമാക്കും. ഗ്രാമീണ ഇന്ത്യ ഒന്നുകൂടെ പട്ടിണിയുടെയും പരിവട്ടത്തിന്റേയും കാലത്തേയ്ക്ക് പോകും. എങ്ങനെയാണ് ഒരു സമ്പദ്‌വ്യവസ്ഥ പരസ്പര ഖണ്ഡിതമായി പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാനുള്ള കഴിവ് കേന്ദ്രത്തിലെ നയരൂപീകരണ വിദഗ്ധർക്ക് നഷ്ടപ്പെട്ടോ? അതുപോലെ ഒഴിച്ച് കൂടാനാവാത്ത പലവസ്തുക്കളുടെ ഉയർന്ന നികുതിയിൽ യാതൊരു മാറ്റവും വരുത്താത്ത ധനമന്ത്രി, സ്വർണ്ണ/ വെള്ളി കട്ടികളുടെ ഇറക്കുമതി നികുതി കുറച്ചത് എന്തിനെന്ന് വിശദീകരിക്കാൻ ബാധ്യസ്ഥയാണ്. പ്രത്യേകിച്ചും മരുന്നുകൾക്കും ആരോഗ്യ ഇൻഷുറൻസിനും 18 ശതമാന ജിഎസ് ടി നൽകുമ്പോൾ ആണ് സ്വർണ്ണത്തിന് മൂന്ന് ശതമാനം, ഇപ്പോൾ സ്വർണ്ണ ഇറക്കുമതിയിലെ ഇറക്കുമതി തീരുവയും കുറച്ചു. അതിധനികരെ തൊടാതെ, ഇന്ത്യൻ മധ്യവർഗ്ഗത്തെ ലാക്കാക്കിയുള്ള നികുതി മാറ്റങ്ങൾ ദീർഘവീക്ഷണം ഇല്ലാത്തതും പലതരത്തിൽ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായി മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. വേറൊരുതരത്തിൽ പറഞ്ഞാൽ എന്തിന് മുൻഗണന കൊടുക്കണം എന്നതിനെ കുറിച്ചുള്ള യൂണിയൻ സർക്കാരിനുള്ള കാഴ്ചപ്പാടിൽ കാര്യമായ പിശകുണ്ട്. സ്വകാര്യവത്കരണം തുടർക്കഥ നിക്ഷേപങ്ങളിലെ നികുതി വർദ്ധനയുടെ ഒപ്പം ഇത്തവണ വളരെ വ്യക്തമായി ധനമന്ത്രി പറഞ്ഞ ഒന്ന് കേന്ദ്ര സർക്കാരിന്റെ കുടിവെള്ള- ശുചിത്വ പദ്ധതികൾ മൊത്തമായും എയിഡ് ഏജൻസി ഫണ്ട് കൊണ്ടാണ് നടപ്പിലാക്കാൻ പോകുന്നു എന്നാണ്. വർധിപ്പിച്ച നികുതി കൊണ്ട് ജനസേവന പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് മാത്രമല്ല, പലതും സ്വകാര്യ മേഖലയ്ക്ക് പൂർണ്ണമായും മാറ്റുകയും കടബാധ്യത കൂട്ടുകയും ചെയ്യുന്ന നയങ്ങളാണ് ധനമന്തി പിന്തുടരാൻ ശ്രമിക്കുന്നത്. കുടിവെള്ളം-ശുചിത്വ പദ്ധതികൾ കടമെടുത്ത് നടപ്പിലാക്കുമ്പോൾ അതിന്റെ നിരക്ക് വൈകാതെ ഉയർത്തേണ്ടി വരും. വൈദ്യുതി-കുടിവെള്ള-ശുചിത്വ പദ്ധതികൾ നടപ്പിലാക്കാൻ സ്വകാര്യ മേഖലയ്ക്ക് കൊടുത്തതിനു ശേഷം അവയുടെ വിതരണ - ശേഖരണ സേവന രംഗത്ത് ഉണ്ടായ ഗുണമേന്മ എന്തെന്നുള്ള വിശദവും ശാസ്ത്രീയവുമായ പഠനങ്ങൾ നടന്നിട്ടുണ്ടോ? അവയെ എന്തുകൊണ്ട് ഒരു സോഷ്യൽ ഓഡിറ്റിംഗ് പ്രോസസ്സിങ്ങിനു വിടുന്നില്ല. ഇതൊക്കെ ഇത്തരം പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തുമ്പോൾ പൊതു താൽപര്യത്തെ മുൻ നിർത്തി ചർച്ചചെയ്യേണ്ട വിഷയങ്ങൾ ആണിവ. നഗര ഗൃഹ നിർമാണത്തിനായി സർക്കാർ അടുത്ത അഞ്ച് കൊല്ലം കൊണ്ട് 10 കോടി രൂപ ചെലവാക്കും എന്ന് പറയുകയും. പക്ഷേ അടുത്ത വാക്കിൽ, പത്ത് കോടിയിൽ, കേന്ദ്ര സഹായം എന്നത് വെറും 2.2 കോടി മാത്രമാണ് അഞ്ച് കൊല്ലത്തേക്ക് മാറ്റിവെക്കുന്നത് എന്നും വ്യക്തമാക്കുന്നുണ്ട്. ബാക്കിയുള്ള പണം അതത് സംസ്ഥാനങ്ങളും പിന്നെ ഉപഭോക്താക്കൾക്ക് സബ്‌സിഡി പലിശയിൽ പൊതു വിപണിയിൽ നിന്നും മേടിക്കാവുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രം സ്പോൺസർ ചെയ്യുന്ന സ്കീമുകളുടെ ഫണ്ടിന്റെ 75 ശതമാനം വരെ കേന്ദ്രം നൽകിയിരുന്നിടുത്ത് നിന്നാണ്, വെറും 22 ശതമാനം നൽകി കേന്ദ്ര സ്‌കീം ആണെന്ന അവകാശവാദം ഉന്നയിക്കുന്നത്. ധനമന്ത്രി കൊട്ടി ഘോഷിച്ച പല പദ്ധതികളുടെ ഫണ്ട് വിഹിതം നോക്കുമ്പോഴാണ് ജനങ്ങളെ സന്തോഷിപ്പിക്കാൻ പദ്ധതി പ്രഖ്യാപനങ്ങൾ മാത്രം മതി എന്ന പാഠമാണ് ധനമന്ത്രി പഠിച്ചതെന്ന് നമുക്ക് മനസ്സിലാകുക. ഓരോ പ്രഖ്യാപനങ്ങളേയും അതിന്റെ പിൻ കഥകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടുത്ത 50 വർഷത്തെ വളർച്ചയുടെ പാത തെളിയിക്കുന്ന തരത്തിൽ വിശകലനം ചെയ്ത് അത് പൊതു സമൂഹത്തിന് മനസിലാവുന്ന രീതിയിൽ പറയാൻ തുടങ്ങിയാൽ മാത്രമേ ഇത്തരം പ്രഖ്യാപനങ്ങൾ വെറും ചെപ്പടിവിദ്യ ആണെന്ന് ജനത്തിന് മനസ്സിലാവൂ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.