OPINION

രാഗം താനം രാഷ്ട്രീയം

Follow Us ചെന്നൈയിലെ മ്യൂസിക് അക്കാദമി സന്ദർശിക്കുന്നവരില്‍ ചിലര്‍ കാർട്ടൂണിസ്റ്റുകളാണ്. നഗരത്തില്‍ വരച്ചു വളർന്നവരൊക്കെ ഈ കളരിയില്‍ അഭ്യസിച്ചവരാണെന്ന് ‘ദ ഹിന്ദു’ പത്രത്തിന്‍റെ മുന്‍ കാർട്ടൂണിസ്റ്റ് കേശവ് പറയാറുണ്ട്‌. വേദിയില്‍ പാട്ടും കൂത്തും നടക്കുമ്പോള്‍ സദസ്സില്‍ വല്ലയിടത്തും വരക്കാര്‍ ഒതുങ്ങി ഇരുന്നു വരയ്ക്കും. കൂടുതലും വരയ്ക്കപ്പെടുക വായ്പാട്ടുകാരാണ്. നർത്തകരെ അതിശയിപ്പിക്കുന്ന അംഗ വിക്ഷേപങ്ങളോടെ പാടുന്നവരുണ്ട്. ടി എം കൃഷ്ണയും അദ്ദേഹത്തിന്റെ ഗുരു ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ഇരുന്നു പാടുമ്പോള്‍ കേള്‍ക്കാനും കാണാനും ഒരുപാടുണ്ടാവും. 2015ല്‍ കൃഷ്ണ അക്കാദമി അടക്കം ചെന്നൈയുടെ പ്രശസ്തമായ വര്‍ഷാന്ത വേദികളോട് വിട പറഞ്ഞതിന്‍റെ വിഷമം ആരാധകരോടൊപ്പം കാർട്ടൂണിസ്റ്റുകള്‍ക്കും ഉണ്ട്. വരുന്ന ഡിസംബറില്‍ കൃഷ്ണ തിരിച്ചെത്തുന്നു എന്ന വാര്‍ത്ത വരക്കാരെയും സന്തോഷിപ്പിക്കും. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ധനമന്ത്രിയും കൃഷ്ണയുടെ തന്നെ വല്യമ്മാവനുമായ ടി ടി കൃഷ്ണമാചാരിയുടെ പേരിലുള്ള മ്യൂസിക് അക്കാദമി അരങ്ങില്‍ പോന മച്ചാന്‍ തിരുമ്പി വരുന്നത് വെറും ഒറ്റ കച്ചേരി ചെയ്യാന്‍ അല്ല. രണ്ടാഴ്ച നടക്കുന്ന പരിപാടികളില്‍ അധ്യക്ഷത വഹിക്കാനും അത് കഴിഞ്ഞുള്ള വിശിഷ്ട വേദിയില്‍ സംഗീത കലാനിധി ബിരുദം ഏറ്റു വാങ്ങാനുമാണ്. കച്ചേരികള്‍ വരച്ചെടുക്കുമ്പോള്‍ രൂപങ്ങളുടെ കാരിക്കേച്ചറിനപ്പുറം കാർട്ടൂണിസ്റ്റ് സാധാരണഗതിയില്‍ കടക്കാറില്ല. അറിയപ്പെടുന്ന സംഗീതജ്ഞരെ രാഷ്ട്രീയ നേതാക്കളെ പോലെ ഒരു മുഴുനീള കാർട്ടൂണില്‍ അവതരിപ്പിക്കാറില്ല. രാഷ്ട്രീയത്തോടു ഇവിടങ്ങളില്‍ പൊതുവെ അവജ്ഞയാണ്. അക്കാദമിയുടെ പതിവ് ശ്രോതാക്കളുടെ ഭാഷയില്‍ അതൊരു ചീത്ത വാക്കാണ്‌. സഭയുടെ ഇടനാഴികളില്‍ കേള്‍ക്കുന്ന സംഭാഷണങ്ങളില്‍ അവര്‍ ഒരു സങ്കുചിത അര്‍ത്ഥത്തില്‍ ആണ് ഈ പദം പ്രയോഗിക്കുന്നത്. അക്കാദമിയുടെ തീരുമാനങ്ങളില്‍ സംഗീതേതരമായ സ്വാധീനങ്ങള്‍ കടന്നു വരുന്നുവെന്ന് സൂചിപ്പിക്കാനാണ് ഈ പ്രയോഗം. നേരിട്ടല്ലെങ്കിലും ചോദ്യം ചെയ്യല്‍ എല്ലായ്‌പ്പോഴും ഉണ്ട്. ഇക്കൊല്ലം ആരെയാണ് പാടാനും നൃത്തം ചെയ്യാനും ക്ഷണിച്ചത്? ആരെ ഒഴിവാക്കി? ആര്, എന്ന് , എപ്പോള്‍ പാടും, പാടില്ല? ആടും, ആടില്ല? സര്‍വ്വോപരി സംഗീത കലാനിധി എന്ന പരമപദവി ആര്‍ക്കാണ് കിട്ടാതെ പോയത്? ഇത്തവണത്തെ പ്രശ്നം ആര്‍ക്കു കിട്ടി എന്നതാണ്. കൃഷ്ണക്ക് കിട്ടിയതിലെ അമര്‍ഷം സ്വകാര്യ സംഭാഷണങ്ങളില്‍ ഒതുങ്ങുന്നില്ല. അതു രോഷമായി മാറുന്നത് നാം കണ്ടു. നിഷേധിയായ കൃഷ്ണയെ കൊണ്ട് മര്യാദക്കാര്‍ക്ക് ഇതുവരെ ഒരു പ്രയോജനം ഉണ്ടായിരുന്നു. ബഹിഷ്കരിക്കപ്പെടുന്ന വേദി ബഹിഷ്ക്കരിക്കാത്തവരില്‍ ഒരാള്‍ക്കു കിട്ടുമല്ലോ. ഇത്തവണ കൃഷ്ണ വേദി തിരിച്ചെടുക്കുന്നു. തെറ്റ് തിരുത്തി തിരിച്ചു വന്ന കുഞ്ഞാടായിട്ടല്ല, തന്‍റെ നിഷേധം ശരിവെച്ച ക്ഷണക്കത്തുമായി. സംഗീതജ്ഞരുടെ രോഷം കൃഷ്ണക്കും അക്കാദമിക്കും എതിരെ ആദ്യമായി കവിഞ്ഞൊഴുകുന്നു. ഇടനാഴികളിലെ മുറുമുറുപ്പിനപ്പുറം ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പൊതു ചര്‍ച്ച ആയിരിക്കുന്നു. ചെന്നൈ കര്‍ണാടക സംഗീത ലോകത്തിന്‍റെ പതിവ് രീതി ഇതല്ല. പൊട്ടലും ചീറ്റലും പരദൂഷണവും ഒക്കെ വെടിനിർത്തലില്‍ അവസാനിക്കാറാണ് പതിവ്. അടുത്ത അവസരം വരെ. ഇത്തവണ പക്ഷെ പതിവ് തെറ്റി. പോര് പരസ്യമായി. സംഗീതത്തിന്‍റെ പേരില്‍ അല്ല. കൃഷ്ണയുടെ പാട്ട് മോശമാണെന്നല്ല, രാഷ്ട്രീയം അസഹനീയമാണെന്നാണ്‌ പരാതി. ദ്രാവിഡ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച ഇ വി രാമസ്വാമി നായ്കരോടു, സാക്ഷാല്‍ പെരിയാറിനോട്, കൃഷ്ണയ്ക്കുള്ള മതിപ്പാണ് പ്രതിഷേധ കാരണം. പരാതിക്കാര്‍ രാഷ്ട്രീയാതീതരെന്ന് ഊറ്റം കൊള്ളുന്ന ശുദ്ധസംഗീതജ്ഞരും. വിരോധാഭാസങ്ങള്‍ക്ക് പഞ്ഞമില്ല. ആഭാസങ്ങളുടെ കണക്കെടുപ്പ് കഴിഞ്ഞാല്‍ ഉന്നയിക്കേണ്ട ഒരു ചോദ്യം ബാക്കിയുണ്ട്: ഈ തുറന്ന യുദ്ധം ഇപ്പോള്‍ എന്തിന്? കാരണങ്ങള്‍ തേടേണ്ടതു കത്തീഡ്രൽ റോഡിലെ സഭാ മന്ദിരത്തിനു പുറത്താണ്. ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പ് മ്യൂസിക് അക്കാദമി നിലവില്‍ വന്നത് മദിരാശിയില്‍ അന്ന് നടന്ന എഐസിസി സമ്മേളനത്തിന്റെ ഭാഗമായാണ്. സ്ഥാപനത്തിനൊരു കോൺഗ്രസ് പാരമ്പര്യമുണ്ട്. ഈ കോൺഗ്രസ് മുക്ത കാലത്ത് ഇതൊരു അധികപറ്റാണ്. ഒരു കാലത്ത് ശക്തമായ ദ്രാവിഡ വെല്ലുവിളി സഭ സമര്‍ഥമായി അതിജീവിച്ചു, വലിയ കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലാതെ, ഒറ്റക്കെട്ടായി. അന്നത്തെ ഭീഷണി പുറത്തു നിന്നായിരുന്നു. നഗരത്തിലെ ശാസ്ത്രീയ സംഗീതം ഒട്ടുമുക്കാലും ഉന്നതകുലത്തിന്റെ വരുതിയില്‍ ആയിരുന്നു. ഇന്നത്തെ എതിര്‍പ്പ് അത്ര എളുപ്പം കൈകാര്യം ചെയ്യാനാവില്ല. ഇത് അകത്ത് നിന്നാണ്. ഇതിന്‍റെ ഉത്ഭവം കറകളഞ്ഞ യാഥാസ്ഥികതയാണ്. തമിഴ്‌നാട്ടില്‍ ഉയര്‍ന്നു വരുന്ന ബിജെപിയുടെ പിന്‍ബലം ഇതിനുണ്ട്. Read More: T M Krishna row shows how hard it is to weed out caste orthodoxy in Carnatic music today Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.