OPINION

ഇന്ത്യ-യുഎഇ ബന്ധത്തിൽ മാറ്റങ്ങളുടെ ഒരു പതിറ്റാണ്ട്

Follow Us പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം യുഎഇയിലെ അബുദാബിയിലെ പ്രശസ്തമായ ഖസർ അൽ വതൻ പ്രസിഡൻഷ്യൽ പാലസിൽ എത്തിയപ്പോൾ. (ഫൊട്ടോ: എഎൻഐ/ഫയൽ) ഓയിൽ ബൂമിനും കാലങ്ങൾ മുമ്പ് തന്നെ ഇന്ത്യൻ വ്യാപാരികൾ പേർഷ്യൻ ഗൾഫിൽ സജീവമായിരുന്നു. മത്സ്യബന്ധന പ്രവർത്തനങ്ങളിലും മുത്തുകളുടെയും ഈന്തപ്പഴങ്ങളുടെയും വിപണനത്തിലും പ്രാദേശികമായി ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിലും അവർ നിക്ഷേപങ്ങൾ നടത്തിയിരുന്നു. വലിയ തോതിലുള്ള നികുതി വർദ്ധനയുടെ കാരണത്താൽ 1902-ൽ ഇറാൻ തുറമുഖമായ ലിൻഗാ (Lingah) അതിന്‍റെ തന്ത്രപ്രധാനവും സാമ്പത്തികവുമായ പ്രാധാന്യം കുറഞ്ഞപ്പോൾ, ദീർഘദർശനമുള്ള നേതൃത്വത്തിനു കീഴിൽ ആ സ്ഥാനത്തേക്ക് ഒരു മികച്ച സ്വതന്ത്ര തുറമുഖമായി ദുബായ് കടന്നുവന്നു. ജീവിത സാഹചര്യങ്ങൾ കഠിനമായിരുന്നെങ്കിൽ കൂടിയും ഇന്ത്യൻ സംരംഭകർ അവിടേക്ക് എത്തി. തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഫർണിച്ചറുകൾ, ഫർണിഷിംഗുകൾ എന്നിവയുടെ ഏറ്റവും അഭിലഷണീയമായ ഉറവിടമായിരുന്നു ഇന്ത്യ. യുവാക്കൾ അവരുടെ വാളുകളും യുവതികൾ മികച്ച സിൽക്ക് വസ്ത്രങ്ങളും തിരഞ്ഞെടുത്തത് ഇന്ത്യയിൽ നിന്നായിരുന്നു. സങ്കീർണ്ണമായ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി ഭരണാധികാരിയായ ഷെയ്ഖ് ഉൾപ്പെടെ തെക്കൻ മഹാരാഷ്‌ട്രയിലെ മിറാജിലുള്ള മിഷനറി ആശുപത്രിയിലാണ് എത്തിയിരുന്നത്. മലബാർ തീരത്തുനിന്നുള്ള ഉരു നിർമ്മിക്കുന്നവർക്കും ആവശ്യക്കാർ ഏറെയായിരുന്നു. ഒരു എമിറേറ്റ് യുവാവ് എന്നോട് പറഞ്ഞത് വൈദ്യുതിയും മികച്ച റോഡുകളും കാണാൻ അദ്ദേഹത്തിന്‍റെ മുത്തച്ഛന്മാരുടെ തലമുറ ബോംബെയിൽ എത്തിയിരുന്നു എന്നാണ്. മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ജനറേറ്റർ സെറ്റ് ഉപയോഗിച്ച് ഒരു ഇന്ത്യൻ സംരംഭകനാണ് ആദ്യമായി ദുബായിൽ വൈദ്യുതി കൊണ്ടുവരുന്നത് . പത്ത് വർഷം മുമ്പ് യുഎഇയിലെ ഇന്ത്യൻ അംബാസഡറായി ഞാൻ ചുമതലയേൽക്കുമ്പോൾ, ഉഭയകക്ഷി ബന്ധം വളർത്തുന്നതിൽ ഇന്ത്യ ആവശ്യത്തിന് രാഷ്‌ട്രീയമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന ആ രാജ്യത്തിന്‍റെ നേതൃത്വത്തിനുള്ള ധാരണ ഞാൻ മനസ്സിലാക്കി. 2.5 ദശലക്ഷം ഇന്ത്യക്കാർ എമിറേറ്റ്‌സിൽ താമസിക്കുകയും ജോലി ചെയ്യുകയും ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനം വരികയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന ചെയ്യുകയും സമ്പാദ്യത്തിന്റെ വലിയ പങ്ക് ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവസാനം അവിടം സന്ദർശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി 1981-ൽ ഇന്ദിര ഗാന്ധി ആയിരുന്നു. ട്രേഡിംഗ്, റീടെയിൽ, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, ഐടി, സേവനങ്ങൾ തുടങ്ങി പല മേഖലകളിലും ഇന്ത്യൻ സംരംഭങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. തിരിച്ചുള്ള നിക്ഷേപങ്ങളേക്കാൾ അധികമാണ് യുഎഇയിലെ ഇന്ത്യൻ നിക്ഷേപങ്ങൾ. യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യക്കാരാണ്, രണ്ടാം സ്ഥാനത്തുള്ളത് യുകെ പൗരന്മാരാണ്. അവരിൽ മിക്കവരും ഇന്ത്യൻ വംശജരാണ്. യുഎഇയിൽ നിന്നുള്ള മൂന്ന് പ്രധാന നിക്ഷേപങ്ങൾ, തുറമുഖ മേഖലയിൽ ഡിപി വേൾഡ്, ടെലികമ്മ്യൂണിക്കേഷനിൽ എത്തിസലാത്ത്, റിയൽ എസ്റ്റേറ്റിലെ എമാർ എന്നിവയെല്ലാം അത്ര വിജയകരമായില്ല, പല എമിറാത്തി ഉദ്യോഗസ്ഥരും ബിസിനസുകാരും വിഷയം എന്നോട് സംസാരിക്കുകയുണ്ടായിട്ടുണ്ട്. "ഏത് സമയത്തും രാജ്യത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ത്യ ആഭ്യന്തര കാര്യങ്ങളിൽ നിരന്തരം വ്യാപൃതരായിട്ടുള്ളതായി തോന്നുന്നു" എന്ന് ഉയർന്ന തലങ്ങളിലുള്ളവർ പറഞ്ഞിട്ടുണ്ട്. "ഇന്ത്യ വിദേശത്ത് കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങിയപ്പോൾ പശ്ചിമേഷ്യയെ അവഗണിക്കുകയും കൂടുതൽ പടിഞ്ഞാറ് കേന്ദ്രീകരിക്കുകയും ചെയ്തു, ഗൾഫിനെ ഒരു ട്രാൻസിറ്റ് പോയിന്‍റായാണ് കണ്ടത്," അവർ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്‍റെ കണ്ണാടിയിലൂടെ ഇന്ത്യ ഈ മേഖലയെ സമീപിക്കുന്നത് പുനഃരാലോചിക്കേണ്ടതാണെന്നും അഭിപ്രായമുയർന്നു. എമിറേറ്റ്‌സ് എയർലൈൻ തുടങ്ങിയപ്പോൾ രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ അവർ ഇന്ത്യയെ സമീപിച്ചിരുന്നു. ആ അഭ്യർഥന പരിഗണിക്കപ്പെടാത്തതിനാലാണ് പാക്കിസ്ഥാനെ സമീപിച്ചത്. യുഎഇയ്ക്ക് വലിയ ബന്ധം ഇന്ത്യയുമായി ഉണ്ടായിരുന്നു, ആ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള വ്യഗ്രതയുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ പാത തെളിയുന്നത് 2015 ഓഗസ്റ്റ് 16-17 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യത്തെ യുഎഇ സന്ദർശനത്തോടെയാണ്. ഊഷ്‌മളമായ സ്വീകരണമാണ് വിമാനത്താവളത്തിൽ അദ്ദേഹത്തിന് ലഭിച്ചത്. അബുദാബി കിരീടാവകാശിയായ (ഇപ്പോഴത്തെ യുഎഇ പ്രസിഡന്‍റ്) ഷെയ്‌ഖ് മുഹമ്മദ് ബിൻ സയാദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നിരവധി മന്ത്രിമാരും ഷെയ്‌ഖിനൊപ്പം വിമാനത്താവളത്തിൽ എത്തിയിരുന്നു. 34 വർഷത്തിന് ശേഷമുള്ള സന്ദർശനം ഒരു ഗംഭീര വിജയമായിരുന്നു. പ്രധാനമന്ത്രിയുടെ ഷെയ്ഖ് ഗ്രാൻഡ് മോസ്ക്ക് സന്ദർശനവും ഇന്ത്യൻ തൊഴിലാളികളുമായി അവരുടെ താമസ സ്ഥലത്തു വച്ച് കണ്ട് സംസാരിച്ചതും അമ്പതിനായിരത്തിൽ കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രൗഡമായ പൊതു സ്വീകരണവും എല്ലാം പലരുടെയും മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ടാകണം. പരസ്‌പര ധാരണയായിട്ടുള്ള 31 കാര്യങ്ങളുള്ള സംയുക്ത പ്രസ്‌താവന 2015 ഓഗസ്റ്റ് 17-ന് നടന്നു. ആദ്യത്തേത് “ഒരു സമഗ്രമായ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഇന്ത്യ-യുഎഇ ബന്ധത്തെ ഉയർത്തുക” എന്നതായിരുന്നു. മറ്റ് കാര്യങ്ങളിൽ ഭീകരതയ്ക്ക് എതിരായി ഗൗരവതരമായ പരിശ്രമം, ഒരു തന്ത്രപ്രധാന സുരക്ഷാ സംഭാഷണ സംവിധാനം ആരംഭിക്കൽ, 75 ബില്യൺ ഡോളറിന്റെ അടിസ്ഥാനസൗകര്യ നിക്ഷേപ ഫണ്ട് സൃഷ്ടിക്കൽ, അഞ്ച് വർഷം കൊണ്ട് വ്യാപാരം 60 ശതമാനം വർദ്ധിപ്പിക്കൽ, ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം റിസർവുകളുടെ വികസനത്തിൽ യുഎഇയുടെ പങ്കാളിത്തം, ബഹിരാകാശം, ആണവോർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം എന്നിവ ഉൾപ്പെടുന്നു. ഒരു ഗൗരവതരമായ വായന അർഹിക്കുന്ന ഡോക്യുമെന്‍റാണിത്, കാരണം നിരവധി ഉന്നതതല ചർച്ചകളിലൂടെ പിന്നീട് ഉയർന്നുവന്ന എല്ലാ തുടർ പദ്ധതികളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുള്ളതാണിത്. എട്ട് വർഷത്തിനു ശേഷം യുഎഇയിലേക്കുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ സന്ദർശന സമയത്ത് 2023 ജൂലൈ 15-ന് നടത്തിയ സംയുക്ത പ്രസ്‌താവനയിൽ 2015-ൽ ലിസ്റ്റ് ചെയ്ത വിവിധ ഇനങ്ങളുടെ പുരോഗതി സംബന്ധിച്ച സൂചന നൽകുന്നു. 2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ (സിഇപിഎ) ഒപ്പുവച്ചു. ഇത് ഉഭയകക്ഷി വ്യാപാരം കൂടുതൽ അഭിവൃദ്ധിപ്പെടുത്തി. ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ മാറി. അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ധാരണാപത്രം ഒപ്പുവച്ചു. പേയ്‌മെന്‍റിന്‍റെയും, സന്ദേശം അയയ്‌ക്കൽ സംവിധാനങ്ങളുടെയും ഇന്‍റർലിങ്കിംഗിനു തുടക്കമിട്ടു. അബുദാബിയിൽ ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഡൽഹി സ്ഥാപിക്കുകയാണ്. തുടക്കത്തിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റെയിനബിളിറ്റി എന്നതിൽ ഒരു മാസ്റ്റേഴ്‌സ് പ്രോഗ്രാം വാഗ്‌ദാനം ചെയ്യുന്നു. ഇന്ത്യയുടെ G20 പ്രസിഡൻസിയും UAE-യുടെ COP28 പ്രസിഡൻസിയും ആഗോള പ്രശ്‌നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള അധിക അവസരങ്ങൾ നൽകി. ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങൾ തമ്മിലുള്ള വ്യക്തിപരമായ മികച്ച അടുപ്പവും അത് ഉളവാക്കിയ വിശ്വാസവും, കഴിഞ്ഞ പത്ത് വർഷമായി രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സമന്വയവും ഇന്ത്യയെയും യുഎഇയെയും പരസ്‌പരം ഗുണകരമായ പങ്കാളിത്തത്തിന്‍റെ മാതൃകാപരമായ ബന്ധത്തിലേക്ക് എത്തിച്ചു. ഈ കാലയളവിൽ മികച്ച പിന്തുണ നൽകുന്നതിൽ പങ്ക് വഹിച്ച ഇന്ത്യൻ പ്രവാസികളുടെ എണ്ണം ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കിക്കൊണ്ട് 3.5 ദശലക്ഷത്തിലധികമായി വർദ്ധിച്ചു. 2015 ഓഗസ്റ്റ് 17-ലെ സംയുക്ത പ്രസ്‌താവനയുടെ ഖണ്ഡിക 12-ൽ പറയുന്നത് ഇങ്ങനെയാണ്: “അബുദാബിയിൽ ക്ഷേത്രം പണിയുന്നതിന് ഭൂമി അനുവദിക്കാനുള്ള തീരുമാനമെടുത്തതിന് കിരീടാവകാശിയെ പ്രധാനമന്ത്രി നന്ദി അറിയിച്ചു”. അബുദാബിയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ദീർഘകാലമായുള്ള അഭ്യർത്ഥനയോടുള്ള പ്രതികരണമായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി, ഒരു പോസിറ്റീവായ തീരുമാനം എടുത്തിട്ടുള്ളതായും അക്കാര്യം പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് അദ്ദേഹം ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്ക്ക് സന്ദർശിക്കുന്ന വേളയിൽ നേരിട്ട് അറിയിക്കുമെന്നും ഷെയ്ഖ് നഹ്യാൻ എന്നെ അറിയിച്ചു. ഞാൻ അങ്ങനെ തന്നെ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. എങ്കിലും, ഗ്രാൻഡ് മോസ്ക്കിൽ വച്ച് ആവേശകമായ അന്തരീക്ഷത്തിനിടയിൽ ക്ഷേത്ര ഭൂമി സംബന്ധിച്ച് തീരുമാനം അറിയിക്കാൻ ഷെയ്ഖ് നഹ്യാൻ വിട്ടുപോയി. എന്നാൽ, അന്ന് വൈകിട്ട് തന്നെ സ്റ്റേറ്റ് ബാങ്കറ്റിൽ ഇരിക്കുന്ന സമയത്ത് ഈ നിർണ്ണായകമായ തീരുമാനം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. 2024 ഫെബ്രുവരി 13-14 തീയതികളിൽ യുഎഇയിൽ നടത്താനിരിക്കുന്ന സന്ദർശനത്തിൽ, ഫെബ്രുവരി 13-ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന “അഹ്‌ലാൻ മോദി” (ഹലോ മോദി) പരിപാടിക്ക് പുറമേ, ഫെബ്രുവരി 14-ന് അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്ര സമർപ്പണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. പത്ത് വർഷത്തിനു ശേഷം, 2015-ലെ സംയുക്ത പ്രസ്‌താവനയിൽ സൂചിപ്പിച്ച ഒരു കാര്യം കൂടി പൂർത്തിയാക്കിയതായി കണക്കാക്കാം. വരും വർഷങ്ങളിൽ ഈ ബന്ധം കൂടുതൽ ശക്തമാകട്ടെ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.