OPINION

ദ്വന്ദത്തിൽ നിന്ന്  ത്രിത്വത്തിലേക്ക് മാറുന്ന കേരള രാഷ്ട്രീയം

Follow Us യു.ഡി.എഫ് സ്ഥാനാർഥികളിൽ പലരും ലക്ഷത്തിനും അതിനു മുകളിലും ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴാണ് ആലത്തുർ പോലൊരു സി.പി.എം കോട്ടയിൽ കെ. രാധാകൃഷ്ണന്‍ ഇരുപതിനായിരം വോട്ടിന് മാത്രം ജയിച്ചത് ദ്വന്ദത്തിൽ നിന്ന് ത്രിത്വത്തിലേക്ക് കേരള രാഷ്ട്രീയം കടക്കുന്നു- ഇതാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പ്രാധാന്യം. ഇനി എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും മാത്രമല്ല, ബി.ജെ.പി നേതൃത്വം നൽകുന്ന എൻ ഡി എയെ കൂടി തിരഞ്ഞെടുപ്പു കണക്കുകൂട്ടലിൽ കൂട്ടേണ്ടി വരും. 20ൽ 18 സീറ്റ് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് നേടി എന്നതല്ല, സംസ്ഥാനത്തെ ഏറ്റവും പ്രബല ശക്തിയായ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിനൊപ്പം സീറ്റ് ബി.ജെ.പിയും നേടി (1-1) എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്. കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടമായ ഏക സീറ്റായ ആലപ്പുഴ കോൺഗ്രസ് തിരിച്ചുപിടിച്ചപ്പോൾ തൃശൂരും ആലത്തൂരും അവർക്ക് നഷ്ടമായി. സംസ്ഥാന സർക്കാറിനെതിരായ അതിശക്തമായ ജനവികാരത്തിനു പുറമേ, ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തിയുള്ള കോൺഗ്രസ്സിനെ ജയിപ്പിച്ചാൽ മതിയെന്ന ചിന്താഗതിയും ഇടതു മുന്നണിയുടെ പതനം ഉറപ്പാക്കി. മന്ത്രി സഭാംഗമായ കെ. രാധാകൃഷ്ണനെപ്പോലെ ജനകീയനായ ഒരാളെയല്ല, നിർത്തയിരുന്നതെങ്കിൽ, ബി.ജെ.പിക്കും പുറകിൽ പൂജ്യത്തിൽ എത്തുമായിരുന്നു എൽ.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥികളിൽ പലരും ലക്ഷത്തിനും അതിനു മുകളിലും ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴാണ് കെ. രാധാകൃഷ്ണനായിട്ടുകൂടി ആലത്തുർ പോലൊരു സി.പി.എം കോട്ടയിൽ അദ്ദേഹം ഇരുപതിനായിരം വോട്ടിന് മാത്രം ജയിച്ചത്. 2019ലും ഇതേ നേതൃത്വത്തിൻ കീഴിൽ സമാനമായ തോൽവിയുണ്ടായിട്ടും അതിൽ നിന്ന് കരകയറി, തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റും നേടി തുടർഭരണ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു എന്നതാവും തോൽവിയെ മറികടക്കാനുള്ള എൽ.ഡി.എഫിന്‍റെയും സി.പി.എമ്മിന്‍റെയും ആശ്വാസ വാചകം. ഒപ്പം ഇത് ദേശീയ തെരഞ്ഞെടുപ്പാണെന്ന വ്യാഖ്യാനവും. എന്നാൽ, പോളിറ്റ് ബ്യൂറോ അംഗമുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ വമ്പൻ പരാജയം നിസ്സാരമായി, കാണാൻ സി.പി.എമ്മിനാവില്ല. അതും കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചിരിക്കുന്നതും. അതേ സമയം, ഭരണ നേതൃത്വത്തിനെതിരെ വിരൽ ചൂണ്ടാൻ ആരെങ്കിലും തയാറാവുമോ എന്നതാവും ഇനി ഉയരുന്ന ചോദ്യം. പദവിയേറ്റ ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ലോക്സഭയിലും തന്‍റെ നേതൃത്വത്തിൽ തകർപ്പൻ വിജയം നേടനായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അവകാശപ്പെടാനാവുമെങ്കിലും കോൺഗ്രസ് നേതൃത്വത്തിലെ എത്ര പേർ അത് അംഗീകരിച്ചുകൊടുക്കും എന്നതാവും കോൺഗ്രസ് നേരിടാൻ പോകുന്ന പ്രതിസന്ധി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തിന് പിന്നാലെ തൃശൂരിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കെ.മുരളീധരനെ പ്രകോപിതനാക്കുമെന്നും അതിന്‍റെ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും ഉറപ്പ്. ബി.ജെ.പിയുടെ ലോക്സഭാ വിജയം സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന ചലനം ചെറുതാവില്ല. തൃശൂരിലെ ജയം മാത്രമല്ല, മറ്റ് മണ്ഡലങ്ങളിൽ അവരുടെ സ്ഥാനാർഥികൾ നേടിയ വോട്ടെണ്ണവും നിർണ്ണായകമാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, നേമത്തുനിന്ന് ഒ. രാജഗോപാൽ ജയിച്ചുവെങ്കിലും 2021ൽ ആ വിജയം നിലനിർത്താനായില്ല എന്നതു പോലെയായിക്കൂടേ ലോക്സഭയിലെ ബി.ജെ.പിയുടെ ഇപ്പോഴത്തെ ഒരു സീറ്റ് എന്ന് കരുതുന്നത് ശരിയാവണമെന്നില്ല. കാരണം അന്നത്തെ കേരളം അല്ല, ഇന്നത്തെ കേരളം എന്ന വ്യക്തമായ സൂചന കൂടി നൽകുന്നുണ്ട് തൃശൂർ പോലെ ഒരു മണ്ഡലത്തിൽ നിന്നുള്ള വിജയം. തൃശൂരിന് പകരം തിരുവനന്തപുരത്ത് നിന്നായിരുന്നു ബി.ജെ.പിയുടെ കേരളത്തിലെ ആദ്യ ലോക്സഭാ വിജയം എങ്കിൽ ഇത്രയും രാഷ്ട്രീയ പ്രാധാന്യം അതിന് ഉണ്ടാവുമായിരുന്നില്ല. കാരണം രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുന്നതിനും എത്രയോ മുമ്പ്,അതായത്, 1984ൽത്തന്നെ, ഹിന്ദുത്വ സ്വഭാവം പ്രകടമാക്കിയ മണ്ഡലമാണ് തിരുവനന്തപുരം. അന്ന് ഹിന്ദുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച പി. കേരളവർമ്മരാജ ഒരു ലക്ഷത്തിലധികം വോട്ട് നേടുകയും ചെയ്തു. പ്രസിദ്ധമായ തിരുവനന്തപുരത്തെ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ ശ്രീ പത്മനാഭന് അടിയറവച്ച്, ശ്രീ പത്മനാഭ ദാസനായി, തിരുവിതാംകൂർ രാജ്യം ഭരിച്ച രാജാവിന്‍റെയും ആ രാജ്യത്തിലെ ‘പ്രജ’കളായിരുന്നവരുടെയും മാനസ ശേഷിപ്പുകൾ ഇപ്പോഴും തിരുവനന്തപുരത്ത് അവശേഷിക്കുന്നുണ്ട്. എന്നാൽ,അവിടെയും തീരദേശ വോട്ടുകൾ എണ്ണിയപ്പോൾ ബി.ജെ.പി പിന്നിൽ പോവുകയും കോൺഗ്രസ്സിലെ ശശി തരൂരിന് വിജയിക്കാനാവുകയും ചെയ്തു. എന്നാൽ,പൂരങ്ങളുടെ ‘ഹിന്ദുത്വ’ കുടമാറ്റത്തിനപ്പുറം പൂര ദിവസം എല്ലാവർക്കുമായി ക്ഷേത്രം തുറന്നിടുന്ന വടക്കുംനാഥന്‍റെ വിശാലതയും കമ്യൂണിസ്റ്റ്, കോൺഗ്രസ് രാഷ്ട്രീയവുമുള്ള തൃശൂരിലാണ് കാവി ഉയർന്നരിക്കുന്നത്. സുരേഷ് ഗോപി കഴിഞ്ഞ അഞ്ചുവർഷമായി നടത്തുന്ന അത്വധ്വാനത്തിന്‍റെ പ്രതിഫലത്തിനും അവസാന ദിവസത്തെ പൂരം വിവാദത്തിന്‍റെയും ആനുകൂല്യം നൽകുമ്പോഴും ബി.ജെ.പി കേരളത്തിൽ ലക്ഷ്യമിടുന്ന പുതിയ സോഷ്യൽ എഞ്ചിനീയറിങ്ങ് ഫലം കണ്ടു തുടങ്ങുന്നു എന്നതും ഈ വിജയത്തിന് പിന്നിലുണ്ട്. ഈഴവരും ക്രിസ്ത്യാനികളും 35 ശതമാനം വീതമുള്ള മണ്ഡലമാണ് തൃശൂർ. മറ്റ് ഹിന്ദു വിഭാഗങ്ങളും മുസ്ലിംകളും 15 ശതമാനം വീതവും. തൃശൂരിൽ എൽ.ഡി.എഫിനും സി.പി.ഐക്കും നിർത്താവുന്ന ഏറ്റവും നല്ല സ്ഥാനാർഥിയായ വി.എസ്. സുനിൽ കുമാറിനെ മുക്കാൽ ലക്ഷത്തിലധികം വോട്ടിന് തോൽപ്പിച്ച നേടിയ വിജയം അത്ര ചെറുതല്ല. സുരേഷ് ഗോപിയുടെ അഞ്ച് വർഷത്തെ അധ്വാനവും സൂപ്പർസ്റ്റാർ എന്ന നിലയിലുള്ള പ്രഭാവുമൊക്കെ തൃശൂരിൽ വോട്ടായി മാറി എന്ന് ആശ്വസിക്കാൻ എൽ ഡി എഫിനും യു ഡി എഫിനുമാകില്ല. അതിന് കാരണം ബി ജെ പിയെ വോട്ട് ശതമാനത്തിലെ വർദ്ധനവും പല മണ്ഡലങ്ങളിലും അവർ നേടിയ വോട്ടിലെ വർദ്ധനവുമാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിലൂടെ ബി ജെ പി നാലാം തവണയും രണ്ടാംസ്ഥാനം നിലനിർത്തിയത് മാത്രമല്ല, ആറ്റിങ്ങലിൽ ബി.ജെ.പിയുടെ വി. മുരളീധരനും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും നേടിയ വോട്ടുകളും പാലക്കാട് കൃഷ്ണകുമാർ രണ്ടരലക്ഷത്തിലേറെയായി വോട്ട് വർദ്ധിപ്പിച്ചതും പുതിയ സമവാക്യങ്ങളുടെ ഫലസൂചകങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നണി സമവാക്യങ്ങളിൽ ബി ജെ പിക്കു എൻ ഡി എയ്ക്കും വലിയ റോളൊന്നും ഉണ്ടാകാറില്ലെങ്കിലും ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും മുൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും പല നിയമസഭാ മണ്ഡലങ്ങളിലും അവരെ രണ്ടാം സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇത്തവണ ലോകസഭാ മണ്ഡലങ്ങളിലെ നിയമസഭാ മണ്ഡലപരിധിയിൽ അവരുടെ ഒന്നാം സ്ഥാനം ചില മണ്ഡലങ്ങളിൽ കാണാൻ സാധിക്കും. അതായത് ബി ജെ പിയുടെ രാഷ്ട്രീയ വോട്ടുകളിൽ ചോർച്ചയുണ്ടാകാതിരിക്കുകയും അവർ പുതിയ വോട്ടുകൾ സ്വന്തമാക്കുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. Read More: ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്‌സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം വോട്ട് ശതമാനം കൂടിയ ഏക മുന്നണി ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ യായാണ്. യു ഡി എഫിനും എൽ ഡി എഫിനും കുറവുണ്ടാവുകയാണ് ചെയ്തിട്ടുള്ളത്. ചാലക്കുടി, പത്തനംതിട്ട എന്നീ രണ്ട് ലോകസഭാ മണ്ഡലങ്ങളിലൊഴികെ എല്ലാ മണ്ഡലത്തിലും മുൻ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ അവർ കരസ്ഥമാക്കി എന്നതും കാണാനാകും. 2019ൽ എൽ.ഡി.എഫിന്‍റെ ഒരു തരി തെക്ക് ആലപ്പുഴയിലാണ് നിലനിന്നതെങ്കിൽ, 2024ൽ അത് ആലപ്പുഴയിൽ നിന്നു മാറി, വടക്ക് ആലത്തൂരിൽ എത്തി അണയാതെ നിന്നു എന്നതാണ് മാത്രമാണ് സി.പി.എമ്മിനും എൽ.ഡി.എഫിനുമുള്ള ഏക ആശ്വാസം. അന്നത്തെ തരി എ. എം. ആരിഫ് അണഞ്ഞപ്പോൾ കെ. രാധാകൃഷ്ണൻ പുതിയ തരിയായി മാറി. 2019 ലെ പോളിങ്ങ് ശതമാനം 77.84 ൽ നിന്ന് ഇത്തവണ 71.27 ആയി കുറഞ്ഞപ്പോൾ, അതിന് നിരവധി വ്യാഖ്യാനങ്ങൾ വന്നുവെങ്കിലും പോളിങ് കൂടിയാലും കുറഞ്ഞാലും ആർക്കു വേണമെങ്കിലും ജയിക്കാമെന്നും തോൽക്കാമെന്നും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. 2024 --------------- *യു.ഡി.എഫ്- 18 കോൺഗ്രസ്-14 മുസ്ലിം ലീഗ്-2 കേരളാ കോൺഗ്രസ്-1 ആർ.എസ്.പി-1 *എൽ.ഡി.എഫ്-1 സി.പി.എം-1 എൻ.ഡി.എ -1 ബി.ജെ.പി-1 2019 --------------- *യു.ഡി.എഫ്- 19 കോൺഗ്രസ്-15 മുസ്ലിം ലീഗ്-2 കേരളാ കോൺഗ്രസ്-1 ആർ.എസ്.പി-1 *എൽ.ഡി.എഫ്-1 സി.പി.എം-1 1. ആലത്തൂർ എങ്ങെനെയും ജയിക്കുക എന്നതായിരുന്നു സി.പി.എം ന്‍റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മന്ത്രം. അതിനായി കണ്ടെത്തിയവരിൽ പ്രധാനിയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.പാർട്ടിയിലെയും പൊതുമണ്ഡലത്തിലെയും അദ്ദേഹത്തിന്‍റെ സ്വീകാര്യത വോട്ടായി മാറുമെന്ന സി.പി.എം കണക്കൂകുട്ടൽ പ്രതീക്ഷക്കൊപ്പം ഉയർന്നില്ലെങ്കിലും പാർട്ടിയുടെ സമ്പൂർണ്ണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാൻ അദ്ദേഹത്തിന്‍റെ ആലത്തൂരിലെ സ്ഥാനാർഥിത്വം കൊണ്ടു കഴിഞ്ഞു. പാർട്ടിക്കോട്ടയിലെ ഇരുപതിനായിരത്തോളം വോട്ടിന്‍റെ വിജയം ആശ്വാസ ജയം മാത്രമാണെങ്കിലും ആ കനൽ തരി സി.പി.എമ്മിനും എൽ.ഡി.എഫിനും നൽകുന്ന ചൂട് ചെറുതല്ല. സിറ്റിങ് എം.പി രമ്യ ഹരിദാസിനെതിരെ പാർട്ടിക്കുള്ളിലടക്കം ഉയർന്ന എതിർപ്പ് അവരുടെ പരാജയത്തിന് കാരണമായി. പോളിങ്ങ് ശതമാനം- 73.42. 2. ആലപ്പുഴ 2019ലെ യു.ഡി.എഫ് തരംഗത്തിൽ എൽ.ഡി.എഫിന് ആശ്വാസമായ മണ്ഡലം ഇത്തവണ നഷ്ടമായി.എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിനോടാണ് സിറ്റിങ് എം.പി, സി.പി.എമ്മിലെ എ. എം. ആരിഫിന് തോൽവി സമ്മേതിക്കേണ്ടി വന്നത്. കോൺഗ്രസ്സിന്‍റെ ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ചുമതലകളും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യത്തിലെ ഉത്തരവാദിത്തങ്ങളും മുൻ നിർത്തി കഴിഞ്ഞ തവണ മത്സര രംഗത്തു നിന്ന് മാറി നിന്ന അദ്ദേഹത്തിന്‍റെ തിരിച്ചു വരവ് വൃഥാവിലായില്ല. മുൻപ് രണ്ടു തവണ ആലപ്പുഴയിൽ നിന്ന് വിജയിച്ചിട്ടുണ്ട്. ഇത്തവണ 11 സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. പോളിങ്ങ് ശതമാനം 75.05. ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രൻ പിടിച്ച മൂന്നു ലക്ഷത്തോളം വോട്ട് ആലപ്പുഴയുടെ രാഷ്ട്രീയ ചിന്താഗതിയുടെ മാറ്റം വ്യക്തമാക്കുന്നു. 3. ആറ്റിങ്ങൽ രണ്ട് എം.പി മാരും ഒരു എം.എൽ.എയും മത്സരിച്ച ആറ്റിങ്ങലിൽ സിറ്റിങ് എം.പി അടൂർ പ്രകാശ് സീറ്റ് നില നിർത്തി. ആദ്യം മുതൽ മാറിമറിഞ്ഞു നിന്ന വോട്ടിങ് നിലയിൽ ഒടുവിൽ സി.പി.എമ്മിലെ വി. ജോയിയെ അദ്ദേഹം തോൽപ്പിക്കുകയായിരുന്നു. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ മൂന്നാം സ്ഥാനത്തായി. പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ ജയിച്ച അടൂർ പ്രകാശ് രണ്ടാം തവണയാണ് ഇവിടെ നിന്നും ജയിക്കുന്നത്. ഉമ്മൻചാണ്ടി മന്ത്രി സഭയിൽ അംഗമായിരുന്നിട്ടുണ്ട്. മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കലയിലെ എം.എൽ.എയും ജില്ലാ സെക്രട്ടറിയുമായ വി. ജോയിയുടെ വിജയം സി.പി.എം ഉറപ്പിച്ചിരുന്നുവെങ്കിലും നേരിയ വോട്ടിന് അത് നഷ്ടമായി. ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.പോളിങ്ങ് ശതമാനം 69.48 4. ചാലക്കുടി യു.ഡി.എഫിന് അൽപം സംശയമുണ്ടായിരുന്ന ചാലക്കുടിയിൽ സിറ്റിങ് എം.പി ബന്നി ബഹന്നാൻ വിജയം ആവർത്തിച്ചു.മുൻ മന്ത്രിയും പൊതു സ്വീകാര്യനുമായിരുന്ന സി.രവീന്ദ്രനാഥിനെ നഒഗത്തിറക്കി സി.പി.എം നടത്തിയ പരീക്ഷണം പാളിപ്പോവുകയായിരുന്നു. ട്വന്‍റി ട്വന്‍റിയുടെ സാന്നിധ്യവും അവർ കോൺഗ്രസിന്‍റെ വോട്ടു മറിക്കുമെന്നും ആശങ്ക ഉയർന്നെങ്കിലും അവർ പിടിച്ച ഒരു ലക്ഷത്തിലധികം അത് മറികടന്നുള്ള വിജയമാണ് ബന്നി ബഹന്നാൻ നേടിയത്.11 സ്ഥനാർഥികളായിരുന്നു മത്സര രംഗത്ത്.പോളിങ്ങ് ശതമാനം 71.94. 5. എറണാകുളം യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയാണ് എറണാകുളമെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ് സിറ്റിങ് എം.പി ഹൈബി ഈഡന്‍റെ ഉജ്വല വിജയം. തന്‍റെ രണ്ടാം വിജയം രണ്ടര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇത്രയും ഗംഭീരമാവുമെന്ന് അദ്ദേഹം തന്നെ കരുതിയിരുന്നിരിക്കില്ല.2011ലും2016ലും എറണാകുളത്ത് നിന്ന് നിയമസഭംഗമായിട്ടുണ്ട്. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എസംസ്ഥാന കമ്മിറ്റി അംഗം കെ.ജെ ഷൈന്‍ ടീച്ചറെ ഉയർത്തി പ്രതിരോധം തീർക്കാമെന്ന സി.പി.എം പ്രതീക്ഷ അസ്ഥാനത്തായി.ഇത്തവണ 10 സ്ഥാനാർഥികളാണ് മത്സര രംഗത്ത്.പോളിങ്ങ് ശതമാനം 68.29. 6. ഇടുക്കി മൂന്നാം തവണയും ഒരേ സ്ഥാനാർഥികൾ തമ്മിൽ മത്സരിച്ച ഇടുക്കിയിൽ സിറ്റിങ് എം.പി കോൺഗ്രസിലെ ഡീൻകുര്യക്കോസിന് രണ്ടാം വിജയം.യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ആദ്യമായി മത്സര രംഗത്തുവന്നത്.അന്ന് പരാജയപ്പെട്ടെങ്കിലും 2019 ൽ വിജയം കണ്ടു.മുൻപ് സ്വതന്ത്രനും ഇപ്പോൾ സി.പി.എം ചിഹ്നത്തിൽത്തന്നെ മത്സരിച്ച ജോയ്സ് ജോർജാണ് പരാജയപ്പെട്ടത്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിലെ സംഗീതാ വിശ്വനാഥനായിരുന്നു സ്ഥാനാർഥി.66.55 ശതമാനമായിരുന്നു പോളിങ്. 7. കണ്ണൂർ എക്സിറ്റ് പോളുകളുടെ ബലാബല പ്രവചനം തെറ്റിച്ച് കണ്ണൂരിൽ സിറ്റിങ് എം.പിയും കെ.പി.സി.സി പ്രസിഡന്‍റുമായ കെ.സുധാകരന്‍റെ രണ്ടാം വിജയം. സി.പി.എം കോട്ട എന്നു പറയുമ്പോഴും കോൺഗ്രസ്സുകാർ ജയിക്കുന്ന പ്രവണത ഇവിടെ ആവർത്തിച്ചു. ഇനി മത്സരിക്കാനില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന അദ്ദേഹം മനസ്സുമാറി സ്ഥനാർഥി ആവുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാമെന്ന സി.പി.എം മോഹം അസ്ഥാനത്തായി. ഉകോൺഗ്രസ്സിൽ നിന്നു വന്ന സി.രഘുനാഥായിരുന്നു ബി.ജെ.പി സ്ഥനാർഥി. 12 പേരായിരുന്നു മത്സരരംഗത്ത്.പോളിങ്ങ് ശതമാനം 77.21. 8. കാസർകോട് പാർട്ടി കോട്ടയായ കാസർകോട് സി.പി.എംന്‍റെ തുടർച്ചയായ രണ്ടാം തോൽവി.ആദ്യമായി കിട്ടിയ വിജയം ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താനും.കൊല്ലത്ത് നിന്നും ഒട്ടും വിജയ പ്രതുക്ഷയില്ലാതെ 2019ൽ എത്തിയ ഉണ്ണിത്താന് കഴിഞ്ഞ തരംഗത്തിൽ അപ്രതീക്ഷിത വിജയമായിരുന്നു.ഇത്തവണ ഭൂരിപക്ഷം കൂട്ടി വിജയം ആവർത്തിക്കുയാണ് അദ്ദേഹം. പാർട്ടി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ സ്ഥനാർഥിയാക്കി മണ്ഡലം തിരച്ചുപിടിക്കാമെന്നായിരുന്ന സി.പി.എം പ്രതീക്ഷിച്ചത്.എന്നാൽ ജനം നിലവിലെ എം.പിക്കൊപ്പം നിന്നു.സ്ഥാനാർഥി.മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം േബ്ലാക്ക് പഞ്ചായത്ത് അംഗവുമായ എം.എൽ അശ്വനിയായിരുന്നു ബി.ജെ.പി സ്ഥാനാർഥി.ഒൻപതു പേരായിരുന്നു സ്ഥാനാർഥികൾ.പോളിങ്ങ് ശതമാനം 76.04. 9. കൊല്ലം തങ്ങളുടെ കണ്ണിലെ കരടായ എൻ.കെ.പ്രേമചന്ദ്രനെ തോൽപ്പിക്കാനുള്ള സി.പി.എമ്മിന്‍റെ ഒടുവിലെ അടവായിരുന്നു ചാലക്കുടി പരീക്ഷണം.അവിടെ നടൻ ഇന്നസെന്‍റിനെ ഇറക്കി പി.സി ചാക്കോയെ തേൽപ്പിച്ച തന്ത്രം നടൻ എം.മുകേഷിനെ ഉപയോഗിച്ച് നടത്തിയെങ്കിലും കൊല്ലത്ത് മൂന്നാം തവണയും വിജയം ആർ.എസ്.പിയിലെ പ്രേമചന്ദ്രനു തന്നെ.പ്രധാന മന്ത്രിയുമായുള്ള ചായകുടിയടക്കം വിവാദമാക്കിയിട്ടും ഫലമുണായില്ല.കൊല്ലം എം.എൽ.എ കൂടിയായ മുകേഷിനെ കാണാൻ ആളുകൾ തടിച്ചു കൂടിയെങ്കിലും വോട്ട് അദ്ദേഹത്തിന് കിട്ടിയില്ല. ന.2014 ലും 2019ലും അദ്ദേഹം സി.പി.എമ്മിലെ എം.എ ബേബിയേയും കെ.എൻ ബാലഗോപാലിനെയുമാണ് തോൽപ്പിച്ചത്. ജി.കൃഷ്ണകുമാറായിരുന്നു ബി.ജെ.പി സ്ഥാനാർഥി. 12 സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്ത്.പോളിങ്ങ് ശതമാനം 68.15 10. കോട്ടയം കേരളാകോൺഗ്രസ്സുകളുടെ മത്സരത്തിൽ യു.ഡി.എഫിലെ കേരളാ കോൺഗ്രസിന് വിജയം.സിറ്റിങ് എം.പി കേരളാകോൺഗ്രസ്-എം ലെ തോമസ് ചാഴിക്കാടനെ തോൽപ്പിച്ച് കേരളാകോൺഗ്രസിലെ ഫ്രാൻസിസ് ജോർജാണ് വിജയിച്ചത്.കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്നാണ് ചാഴിക്കാടൻ ജയിച്ചത്.ആ മുന്നണിയെത്തന്നെ വിജയിപ്പിച്ച് മണ്ഡലത്തിന്‍റെ യു.ഡി.എഫ് സ്വഭാവം ഉറപ്പിച്ചിരിക്കുകയാണ് കോട്ടയം. കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജ്ജിന്‍റെ മകനും മുൻ ഇടുക്കി എം.പിയുമാണ് ഫ്രാൻസിസ് ജോർജ്ജ്.രണ്ടുതവണ അവിടെ നിന്ന് വിജയിച്ചിട്ടുമുണ്ട്.എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയായിരുന്നു സ്ഥാനാർഥി. 14 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.പോളിങ്ങ് ശതമാനം 65.61. 11. കോഴിക്കോട് നാലാം തവണയും കോഴിക്കോടിന്‍റെ എം.പിയായി എം.കെ രാഘവൻ.കേന്ദ്രക്കമ്മറ്റി അംഗവും ട്രേഡ് യൂനിയൻ രംഗത്തെ പ്രമുഖനുമായ മുൻ മന്ത്രി എളമരം കരീമിനെ സ്ഥനാർഥിയാക്കിയെങ്കിലും രാഘവന്‍റെ വിജയത്തിന് തടയിടാനായില്ല. 2009 മുതൽ ജയം കോൺഗ്രസിലെ എം.കെ.രാഘവനാണ്. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ശേഷമാണ് കോഴിക്കോട്ടെത്തി വിജയം തുടരെത്തുടരെആവർത്തിക്കുന്നത്. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കുകയായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശാണ് ബി.ജെ.പി സ്ഥനാർഥി.ഇത്തവണ 13 പേരാണ് സ്ഥനാർഥികൾ.പോളിങ്ങ് ശതമാനം 75.52 12. മലപ്പുറം മലപ്പുറത്തിന് ഒരു മാറ്റവുമില്ല.വിജയം മുസ്ലിം ലീഗ് ആവർത്തിച്ചു.സിറ്റിങ് എം.പി അബ്ദുസമദ് സമദാനിയെ പൊന്നാനിയിലേക്ക് മാറ്റി അവിടെ നിന്ന് എത്തിയ യു.ഡി.എഫിന്‍റെ ഇ.ടി. മുഹമ്മദ് ബഷീർ നേടിയത് ഉജ്വല വിജയം. 2019 ലെ തെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിയേയും അദ്ദേഹം രാജിവച്ച ഒഴിവിൽ അബ്ദുസമദ് സമദാനിയേയും മണ്ഡലം വിജയിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയാണ് മുഹമ്മദ് ബഷീർ.സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.ലോക്സഭയിലേക്ക് നാലാം വിജയം. നാലുതവണ നിയമസഭാംഗവുമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി.വസീഫിനെയായിരുന്നു എൽ.ഡി.എഫ് സി.പി.എം സ്ഥനാർഥി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.അബ്ദുസലാമായിരുന്നു ബി.ജെ.പി സ്ഥനാർഥി. എട്ടു സ്ഥാനാർഥികളായിരുന്നു രംഗത്ത്.പോളിങ്ങ് ശതമാനം 72.95 13. മാവേലിക്കര ഒടുവിൽ കൊടിക്കുന്നിൽ സുരേഷിന് തന്നെ മാവേലിക്കരയിൽ വിജയം.മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം മത്സരിച്ചത്.അതേ മനോഭാവം വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ വോട്ടർമാരും കാണിച്ചു.ലീഡ് നില മാറി മറിഞ്ഞുവെങ്കിലും സി.പി.ഐ ലെ യുവ നേതാവ് സി.എ അരുൺകുമാറിന് വിജയിക്കാനായില്ല. 1989ൽ അടൂരിൽ തുടങ്ങിയതാണ് കൊടിക്കുന്നിലിന്‍റെ മത്സരം.മണ്ഡലം മാവേലിക്കരയായപ്പോൾ അവിടെയും വിജയം തുടരുന്നു. രണ്ടു തവണ തോറ്റു.നിലവിൽലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പുകൂടിയാണ് കൊടിക്കുന്നിൽ.ബി.ഡി.ജെ.എസിലെ ബൈജു കലാശാല ആയിരുന്നു എൻ.ഡി.എ സ്ഥാനാർഥി.ഒൻപതു പോരായിരുന്നു മത്സരരംഗത്ത്. പോളിങ്ങ് ശതമാനം 65.95. 14. പാലക്കാട് പോളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവനെ ഇറക്കി നോക്കിയിട്ടും പാർട്ടി ശക്തി കേന്ദ്രമായ പാലക്കാട് തിരിച്ചു പിടിക്കാൻ സി.പി.എമ്മിനായില്ല.സിറ്റിങ് എം.പി മണ്ഡലം ഉറപ്പിച്ച് വി.കെ ശ്രീകണ്ഠൻ രണ്ടാം വിജയം നേടി.യു.ഡി.എഫ് തരംഗത്തിലെ കുറഞ്ഞ ഭൂരിപക്ഷം വർധിപ്പിക്കാനും വിജയം ഉറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.2011ൽ ഒറ്റപ്പാലത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പാലക്കാട് ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു. സി. കൃഷ്ണകുമാറായിരുന്നു ബി.ജെ.പി സ്ഥനാർഥി.ഇത്തവണ 10 സ്ഥാനാർഥികളാണ് രംഗത്ത്.പോളിങ്ങ് ശതമാനം 73.57. 15. പത്തനംതിട്ട കോൺഗ്രസ് പ്രവർത്തക സമിതി അംഗത്തിന്‍റെ മകൻ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയതോടെ ശ്രദ്ധേയമായ പത്തനംതിട്ടയിൽ സിറ്റിങ് എം.പി കോൺഗ്രസിലെ ആന്‍റോ ആന്‍റണിക്ക് തന്നെ വിജയം.മണ്ഡല രൂപീകരണം മുതൽ എം.പിയായി തുടരുന്ന അദ്ദേഹത്തിന്‍റെ നാലാം വിജയമാണിത്.മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വവും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളും മത്സരത്തെ ശ്രദ്ധേയമാക്കി. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്കിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും മണ്ഡിത്തിന്‍റെ യു.ഡി.എഫ് സ്വഭാവം മാറ്റാനായില്ല.എട്ടു സ്ഥാനാർഥികളായിരുന്നു രംഗത്ത്.പോളിങ്ങ് ശതമാനം 63.77 16. പൊന്നാനി സി.പി.എമ്മിന്‍റെ പരീക്ഷണം പൊന്നാനയിൽ ഏശിയതേ ഇല്ല. മുസ്ലിം ലീഗിന്‍റെ ആധിപത്യം തുടരുന്നു. സിറ്റിങ് എം.പിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് സ്ഥലം മാറിയതോടെ അവിടെ നിന്നെത്തിയ എം.പി. അബ്ദുസമദ് സമദാനിയായിരുന്നു യു.ഡി.എഫിൽ മുസ്ലിംലീഗ് സ്ഥനാർഥി.അദ്ദേഹം നേടിയത് അനായസ വിജയം.രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. നിയമസഭയിൽ കോട്ടക്കൽ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. മുസ്ലിം ലീഗിൽ നിന്ന് വന്ന കെ.എസ് ഹംസയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചായിരുന്നു സി.പി.എം പരീക്ഷണം. ബി.ജെ.പിയിൽ നിവേദിതാ സുബ്രഹ്മണ്യനായിരുന്ന സ്ഥാനാർഥി. എട്ടു സ്ഥാനാർഥികളായിരുന്നു രംഗത്ത്.പോളിങ്ങ് ശതമാനം 69.34 17. തിരുവനന്തപുരം കേരളത്തിൽ നിന്ന് ഒരു സീറ്റ് നേടുന്നത് തിരുവനന്തപുരത്ത് നിന്നാവും എന്ന ബി.ജെ.പി പ്രതീക്ഷ ഇത്തവണയും പൊലിഞ്ഞു.കോൺഗ്രസിലെ ശശി തരൂരിന് വീണ്ടു വിജയം.രണ്ടു തവണയായി കൊണ്ടു നടക്കുന്ന രണ്ടാം സ്ഥാനവുമായി ഇനിയും തുടരാൻ തന്നെയാണ് ഇപ്രാവശ്യവും ബി.ജെ.പിക്ക് ജന വിധി.ജയിക്കുമെന്ന തോന്നൽ സൃഷ്ടിച്ച് ഒടുവിൽ പിന്നോക്കം പോകുന്ന നില അവർ ഇത്തവണയും ആവർത്തിച്ചു.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രംഗത്തിറക്കി ശശി തരൂരിനെ തോൽപ്പിക്കാനായിരുന്നു പദ്ധതി. ബി.ജെ.പിയുടെ വളർച്ചയോടെ വന്ന മൂന്നാം സ്ഥാനം മറികടക്കാൻ എൽ.ഡി.എഫ്, സി.പി.ഐയിലെ ജനകീയ മുഖമായ പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിച്ചിട്ടും അവർ മൂന്നാമതു തന്നെ.212 സ്ഥാനാർഥികളാണ് രംഗത്തുള്ളത്.പോളിങ്ങ് ശതമാനം 66.47 ആയിരുന്നു. 18. തൃശൂർ കെ.കരുണാകരൻ എന്ന ലീഡറെയടക്കം തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുള്ള തൃശൂർ കേരളത്തിൽ നിന്നുള്ള ആദ്യ ബി.ജെ.പി എം.പിയായി സുരേഷ് ഗോപിയെ സൃഷ്ടിച്ച് മറ്റൊരു ചരിത്രം കൂടി എഴുതിയിരിക്കുകയാണ്.സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇവിടത്തേത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് തോറ്റപ്പോൾ മുതൽ ലോക്സഭാ വിജയം ലക്ഷ്യം വച്ച് അദ്ദേഹവും ബി.ജെ.പിയും നടത്തിയ ശ്രമങ്ങളുടെ വിജയം കൂടിയാണിത്.പ്രാരണം തുടങ്ങിയ സിറ്റിങ് എം.പി ടി.എൻ പ്രതാപനെ മാറ്റിയാണ് വടകരയിൽ നിന്നു വന്ന കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയായത്. മുൻപ് അച്ഛൻ കെ.കരുണാകരനെ തോൽപ്പിച്ച തൃശൂർ ഇപ്പോൾ രണ്ടാം പ്രവാശ്യവും മകൻ മുരളീധരനെ തോൽപ്പിച്ചിരിക്കുകയാണ്. ഇത്തവണ മൂന്നാം സ്ഥാനത്തായി എന്ന ദുര്യോഗം കൂടിയായി. എൽ.ഡി.എഫിലെ ജനപ്രിയ നേതാവായിരുന്ന മുൻ മന്ത്രി വി.എസ്. സുനിൽ കുമാറായിരുന്നു സി.പി.ഐ സ്ഥാനാർഥി. സിനിമാ മേഖലയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി,രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയം കൂടിയാണിത്. ആദ്യം ലോക്സഭയിലേക്കും പിന്നീട് നിയമസഭയിലേക്കും മത്സരിച്ച് തോറ്റു. ഒൻപത് സ്ഥനാർഥികളായിരുന്നു രംഗത്ത്.പോളിങ്ങ് ശതമാനം 72.90. 19. വടകര സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിവാദമുയർത്തിയ തെയരഞ്ഞെടുപ്പായിരുന്നു വടകരയിലേത്.തെരഞ്ഞെടുപ്പ് കഴിഞ്ഞും അത് തുടരുകയാണ്.സർപ്രൈസ് കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ എത്തിയ ഷാഫി പറമ്പിൽ സി.പി.എമ്മിലെ ജനകീയ നേതവായ കെ.കെ ഷൈലജ ടീച്ചറെ തോൽപ്പിച്ച് മിന്നും വിജയമാണ് നേടിയത്. കോൺഗ്രസ്സിന്‍റെ യുവ താരമാണ് ഷാഫി.യുവ നേതാവായ പ്രഫുൽ കൃഷ്ണനായിരുന്നു ബി.ജെ.പി സ്ഥനാർഥി.10 പേരായിരുന്നു സ്ഥാനാർഥികൾ.പോളിങ്ങ് ശതമാനം 78.41 20. വയനാട് അത്ഭുതങ്ങൾ ഒന്നുമില്ല.രാഹുലിന് വയനാട്ടിൽ വീണ്ടും മിന്നും ജയം.ഒരു ദേശീയ നേതാവ് മത്സരിക്കാൻ എത്തിയ കേരളത്തിലെ ആദ്യ മണ്ഡലത്തിൽ അതിനുതക്ക വിജയം തന്നെ വയനാട്ടുകാർ വീണ്ടും സമമാനിച്ചിരിക്കുന്നു.കഴിഞ്ഞ പ്രവശ്യം നലേകാൽ ലക്ഷത്തിലധികമായിരുന്നു ഭൂരിപക്ഷമെങ്കിൽ അത് 364422 ആയി കുറഞ്ഞുവെന്ന് മാത്രം.അദ്ദേഹത്തെ എതിർത്തത് സഖ്യകക്ഷിയായ സി.പി.ഐലെ ദേശീയ നേതാവായ ആനി രാജയായതുകൊണ്ടാവും ഭൂരിപക്ഷത്തിൽ വയനാടുകാർ കുറവു വരുത്തിയത്.സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെ അവസാന നിമിഷം കൊണ്ടുവന്ന് ശക്തിയായ മത്സരം എന്ന പ്രതീതി സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒൻപത് സ്ഥനാർഥികളായിരുന്നു രംഗത്ത്.പോളിങ്ങ് ശതമാനം 73.57. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .

2024 2019
കെ. രാധാകൃഷ്ണൻ (സി.പി.എം) - 403447 രമ്യ ഹരിദാസ് (കോൺഗ്രസ്) - 5,33,815
രമ്യ ഹരിദാസ് (കോൺഗ്രസ്) - 383336 പി. കെ. ബിജു (സി.പി.എം) - 3,74,847
ഡോ. ടി. എൻ. സരസു (ബി.ജെ.പി) - 188230 ടി. വി. ബാബു (ബി.ഡി.ജെ.എസ്) - 89,837
ഭൂരിപക്ഷം - 20111 ഭൂരിപക്ഷം -158,968

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.