OPINION

രാഹുലിന്റെയും പ്രതിപക്ഷത്തിന്റെയും ഊർജമായ വയനാട്ടിൽ പ്രിയങ്ക വരുമ്പോൾ

Follow Us എക്സ്പ്രസ് ഫൊട്ടൊ: അനില്‍ ശര്‍മ്മ കഴിഞ്ഞ പാർലമെന്റിൽ പ്രതിപക്ഷത്ത് നിന്നുള്ള കരുത്തുറ്റ ശബ്ദത്തിനും പ്രതിപക്ഷത്തിന്റ ഉയിർത്തെഴുന്നേൽപ്പിനും ഊർജമേകിയ മണ്ഡലമായിരുന്നു വയനാട്. ഗാന്ധി കുടുംബത്തിന്റെ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ കച്ചിത്തുരുമ്പായിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് എന്ന മലയോര മണ്ഡലം. അധികമാരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു ഭൂപ്രദേശത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. അമേഠിയിലും വയനാട്ടിലും മത്സരിച്ച പ്രതിപക്ഷത്തിന്റെ മുന്നണിപ്പോരാളിയായ രാഹുൽ ഗാന്ധിയെ കുത്തക മണ്ഡലമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റപ്പോൾ അദ്ദേഹത്തെ കൈപിടിച്ചു ഉയർത്തി നിർത്തിയത് വയനാട് മണ്ഡലമായിരുന്നു. അതിന് ശേഷം ഇന്ത്യ കണ്ടത് മറ്റൊരു ചരിത്രമായിരുന്നു. പാർലമെന്റിൽ രാഹുൽ നടത്തിയ പ്രകടനം. ജോഡോ യാത്ര. ഒരു കേസിന്റെ പേരിൽ രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കൽ, അത് തിരികെ നൽകൽ, അവസാനം ഇന്ത്യാ മുന്നണിയുടെ രൂപീകരണവും നിർമ്മിത മോദി പ്രഭാവത്തെ മറികടന്ന തിരഞ്ഞെടുപ്പ് പ്രകടനവും. ഇതിനെല്ലാം ഇന്ത്യയിലെ ജനങ്ങളും ജനാധിപത്യവും നന്ദി പറയേണ്ടത് വയനാട്ടിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ജനാധിപത്യ വിശ്വാസികളായ ജനങ്ങളോടാണ്. അവരെ കണ്ടാൽ, അവരുടെ വേഷം കണ്ടാൽ ആ ജനാധിപത്യബോധമാണ് തിരിച്ചറിയാൻ കഴിയുന്നത്. അതുകൊണ്ടാണ് അവരുടെ വിരൽ തുമ്പിന്റെ ശക്തിയിൽ ഇന്ത്യൻ ജനാധിപത്യത്തിലെ ശേഷിക്കുന്ന ജീവൻ പോരാട്ടത്തിനുള്ള ശേഷി വീണ്ടെടുത്തത്. ആ ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ മുന്നിലേക്കാണ് നെഹ്‌റു കുടുംബത്തിലെ അഞ്ചാം തലമുറയിലെ താരമായ പ്രിയങ്ക ഗാന്ധി ഉപതിരഞ്ഞെടുപ്പിനെത്തുന്നത്. പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പ് അങ്കമാണിത്. ഇതുവരെ തിരഞ്ഞെടുപ്പ് മത്സരങ്ങളിൽ നിന്നൊഴിഞ്ഞു നിന്ന പ്രിയങ്ക വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ, അഞ്ച് വർഷത്തെ പഴക്കേമേയുള്ളൂവെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും സോണിയാ ഗാന്ധിക്കും ഈ മണ്ഡലത്തോട് അവർക്കുള്ള ഉത്തരവാദിത്തവും അടുപ്പവും എത്രത്തോളമാണെന്ന് തിരിച്ചറിയാൻ സാധിക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്നുവെങ്കിലും മത്സരത്തിൽ നിന്നും മാറി നടന്നിരുന്ന പ്രിയങ്ക സഹോദരൻ രാഹുൽ ഒഴിയുന്ന മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നത് ഈ അടുപ്പവും ഉത്തരവാദിത്തവും എത്രത്തോളം വലുതാണെന്ന് അവർക്ക് ബോധ്യമുള്ളതിനാലാണ്. പ്രിയങ്ക ഗാന്ധിയുടെ വരവ് യുഡിഎഫിന്റെ കോട്ടയായ വയനാട്ടിൽ വലിയ ഓളം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും സഖ്യകക്ഷികളും. വയനാട്ടിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനൊപ്പമാണ് പാലക്കാട്, ചേലക്കര നിയസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ പ്രിയങ്ക സൃഷ്ടിക്കുന്ന ഈ ആവേശം ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. വയനാട്ടിൽ വന്ന് രാഹുൽ മത്സരിക്കുന്നതിനോട് എതിർപ്പ് നിരവധി കോണുകളിൽ നിന്നും ഉയർന്നിരുന്നുവെങ്കിലും വയനാട് മാത്രമല്ല, കേരളവും ആ തീരുമാനത്തോട് യോജിച്ചുവെന്നതായിരുന്നു കഴിഞ്ഞ തവണത്തെയും ഈ തവണത്തെയും യുഡിഎഫ് അനുകൂല തരംഗങ്ങളിൽ പ്രധാനം. 1965 മുതൽ 1996 വരെ കോൺഗ്രസിന്റെ കുത്തകമണ്ഡലമായിരുന്നു ചേലക്കര. എന്നാൽ, 1996ൽ ആ മണ്ഡലം കെ.രാധാകൃഷ്ണൻ പിടിച്ചെടുത്തു. അതിന് ശേഷം ഇന്നുവരെ ഇത് സിപിഎമ്മിന്റെ സ്വന്തം മണ്ഡലമാണ്. അഞ്ച് തവണ കെ.രാധാകൃഷ്ണനും ഒരു തവണ യു.ആർ.പ്രദീപും സിപിഎമ്മിന് വേണ്ടി ഈ മണ്ഡലം സ്വന്തമാക്കിയതാണ് ചേലക്കരയുടെ ചരിത്രം. പാലക്കാട് വരുമ്പോൾ ചരിത്രത്തിൽ കോൺഗ്രസും സിപിഎമ്മും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ മാറിയും തിരിഞ്ഞും ജയിച്ചിരുന്നു. ആ ചരിത്രത്തെ 2011ൽ മാറ്റിയെഴുതിയതാണ് ഷാഫി പറമ്പിൽ. കഴിഞ്ഞ മൂന്ന് തവണയായി ഷാഫി പറമ്പിൽ എന്ന കോൺഗ്രസിന്റെ യുവ നേതാവ് തുടർച്ചയായി ജയിക്കുന്ന മണ്ഡലമായി മാറി പാലക്കാട്. 2016ലും 2021 ലും സിപിഎം സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ഈ മണ്ഡലത്തിലെ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ലോക്സഭയിൽ നേടിയ മികച്ച ജയം നൽകിയ ആവേശവും ആത്മവിശ്വാസവും നിലനിർത്തണമെങ്കിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തുകയും ചേലക്കര പിടിച്ചെടുക്കുകയും വേണം. പ്രിയങ്കയുടെ വരവ് അതിന് ഊർജ്ജം പകരും എന്നതാണ് അവരുടെ വിശ്വാസം. കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ യുഡിഎഫിന്റെ ഏത് സ്ഥാനാർത്ഥിക്കും വന്ന ധൈര്യപൂർവ്വം മത്സരിക്കാവുന്ന അപൂർവ്വം മണ്ഡലങ്ങളിലൊന്നാണിന്ന് വയനാട്. മണ്ഡലരൂപീകരണത്തിന് ശേഷം 2009ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസിലെ എം.ഐ.ഷാനവാസ് ഏകദേശം ഒന്നരലക്ഷത്തിലേറെ വോട്ടുകൾക്കാണ് ജയിച്ചത്. കോൺഗ്രസ് വിട്ട് എൻസിപിയായി മത്സരിച്ച കെ.മുരളീധരൻ ഒരുലക്ഷത്തിൽ താഴെ വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി. മുരളീധരൻ മത്സര രംഗത്തുണ്ടായിട്ടുപോലും സിപിഐ സ്ഥാനാർത്ഥി എം.റഹ്മത്തുള്ളയ്ക്ക് ജയിക്കാൻ സാധിച്ചില്ല. 2014ൽ വയനാട്ടിൽ ഭൂരിപക്ഷം ഇരുപതിനായിരമായി കുറഞ്ഞെങ്കിലും വിജയം ഷാനവാസിനൊപ്പമായിരുന്നു. എന്നാൽ, 2019 ൽ രാഹുൽ ഗാന്ധി വന്നതോടെ കളം മാറി മറിഞ്ഞു. ഭൂരിപക്ഷം 4,31,770 വോട്ടായി ഉയർന്നു. നാല് ലക്ഷത്തിലേറെ ഭൂരിപക്ഷവുമായാണ് വയനാട്ടിൽ നിന്ന് രാഹുൽ ലോക്സഭയിലെത്തിയത്. അമേഠിയിലെ പരാജയത്തിന്റെ കയ്പ് മറികടക്കാൻ വയനാട് നൽകിയ വമ്പൻ ജയം രാഹുലിന് തുണയായി. 2024 ആയപ്പോൾ ഭൂരിപക്ഷം മൂന്നേകാൽ ലക്ഷത്തിന് മുകളിലായി. അപ്പോഴും ഭൂരിപക്ഷം പ്രധാനമന്ത്രി മോദിക്ക് ലഭിച്ചതിനേക്കാൾ രണ്ട് ലക്ഷത്തോളം കൂടുതൽ. ഒപ്പം മത്സരിച്ച റായ്ബറേലിയും രാഹുൽ സ്വന്തമാക്കി. വയനാട് വിടുമ്പോൾ മറ്റേത് കോൺഗ്രസ് നേതാവിനെ നിർത്തിയാലും ജയിക്കാൻ കഴിയുന്ന വോട്ടിങ് പാറ്റേണും രാഷ്ട്രീയ സാമൂഹിക സ്ഥിതി വിശേഷവുമാണ് ഈ മണ്ഡലത്തിൽ നിലനിൽക്കുന്നത്. ദേശീയ സംസ്ഥാന തലങ്ങളിൽ ഭരിക്കുന്ന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരം ഉറപ്പുള്ള സാഹചര്യത്തിൽ കുത്തക മണ്ഡലത്തിൽ ഭൂരിപക്ഷം മാത്രമേ, കണക്കാക്കേണ്ടി വരുകയുള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ മതം. അതുകൊണ്ടു തന്നെ കേരളത്തിലെ നേതാക്കളെ മത്സരിപ്പിക്കാനുള്ള തീരുമാനം എടുക്കാവുന്നതുമായിരുന്നു. എന്നാൽ, അതിനപ്പുറം വയനാടിനോട് രാഹുൽ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമുള്ള കടപ്പാട് കൈയ്യൊഴിയാനാകില്ലെന്ന വിശ്വാസത്തിന് കൈയ്യൊപ്പ് ചാർത്തുന്നതായിരുന്നു പ്രിയങ്കയുടെ മത്സര രംഗത്തേക്കുള്ള പ്രഖ്യാപനം. മറ്റ് പല സംസ്ഥാനങ്ങളും അവിടങ്ങളിലെ ജനകീയരായ നേതാക്കളും കോൺഗ്രസിനെ കൈവിടുകയും ചാഞ്ചാടുകയും ചെയ്തപ്പോഴും കോൺഗ്രസിനൊപ്പം ഉറച്ചു നിന്ന സംസ്ഥാനവും നേതാക്കളുമാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ കേരളത്തിലെ വയനാട് പോലെ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള മണ്ഡലത്തെ കൈവിടാൻ അവർ തയ്യാറുമല്ലെന്ന ഉറപ്പാണ്. വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുസ്‌ലിം ലീഗ് കൊടി ഉയർത്തിയത് പാക്കിസ്ഥാൻ കൊടി, രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന വ്യാജപ്രചാരണമാണ് തീവ്ര ഹിന്ദുത്വവാദികൾ ഉത്തരേന്ത്യയിലും കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും നടത്തിയത്. അതുകൊണ്ട് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി പോലും ഉയർത്താനായില്ല. അങ്ങനെ ലീഗിന്റെയും കോൺഗ്രസിന്റെയും ഉൾപ്പടെ യുഡിഎഫിലെ ഒരു കക്ഷികളുടെയും കൊടി പോലും ഉയർത്താൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യങ്ങളെകൂടി തോൽപ്പിച്ചാണ് ഇന്ത്യാസഖ്യം ഇത്തവണ ഇവിടെ വിജയത്തിലേക്ക് നടന്നത്. #WATCH | Congress sitting MP and candidate Rahul Gandhi conducts a roadshow in Wayanad - his constituency before filing his nomination. His sister and party's general secretary Priyanka Gandhi Vadra is also accompanying him. pic.twitter.com/oFox4aKFB1 ആ വിജയത്തെ കൂടുതൽ ശക്തിയാർജ്ജിക്കുന്നതാക്കി കൊണ്ട് ലോക്സഭയിലെ ഇന്ത്യാ സഖ്യത്തിന്റെ പോരാട്ടത്തിന് മൂർച്ചയേകുക എന്ന ലക്ഷ്യവും പ്രിയങ്കയുടെ വയനാട്ടിൽ നിന്നുള്ള മത്സര പ്രവേശനത്തിനുണ്ടാകും. ലോക്സഭയിൽ പ്രിയങ്കയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുക എന്നതാകും യുഡിഎഫിന് മുന്നിലുള്ള ആഗ്രഹം. ആ മണ്ഡലം ജയിക്കുക എന്ന മോഹമാണ് പതിവുപോലെ എൽഡിഎഫിനും എൻഡിഎയ്ക്കും ഉണ്ടാകുക. 2014ൽ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിൽ പിടിച്ചു നിർത്തിയതാണ് എൽഡിഎഫ് മോഹത്തിന് എക്കാലത്തും ചിറക് നൽകുന്നത്. എന്നാൽ ആരുടെ മോഹമാകും സഫലമാകുക എന്നത് തങ്ങളുടെ വിരൽത്തുമ്പിലാണ് എന്ന ഉറച്ചബോധ്യമുള്ള ജനതയാണ് വയനാട്ടിലേത്. അവരുടെ ചൂണ്ടുവിരൽ ആർക്കൊപ്പമെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റ ദിശാ സൂചിക കൂടിയായി മാറും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.