OPINION

സിനിമയിലുണ്ട്, കേരളത്തിലില്ല; കാതൽ, ഒരു എൽ ജി ബി ടി ക്യൂ വായന

Follow Us ഗേ എന്നാല്‍ കുട്ടികളെ ഉണ്ടാക്കാന്‍ കഴിവില്ലാത്ത ശാരീരികവൈകല്യമുള്ള വ്യക്തി എന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലും ഉണ്ട്. 20 വര്‍ഷത്തെ ദാമ്പത്യത്തില്‍ 4 തവണ മാത്രം ഭാര്യയുമായി സെക്സ് ചെയ്ത ഭര്‍ത്താവാണ് 'കാതല്‍' സിനിമയിലെ നായകന്‍. മാത്യൂ-ഓമന ദമ്പതികളുടെ 20 വര്‍ഷത്തെ ദാമ്പത്യത്തില്‍19 വയസ്സുള്ള ഒരു മകളുണ്ട്. ഓമനയുടെ നിര്‍ബന്ധപ്രകാരം ഉണ്ടായ സെക്സില്‍ നിന്നാണ് ഈ മകള്‍ ഉണ്ടായത് എന്ന് അവളുടെ സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 'കുഞ്ഞിനെ ഞാന്‍ ചോദിച്ചു വാങ്ങിയതാണ്' എന്നാണ് ഓമന കോടതിയില്‍ പറയുന്നത്. പൂര്‍ണ്ണമായി സ്വവര്‍ഗാനുരാഗിയായ ഒരു പുരുഷന് പോലും ചിലപ്പോള്‍ ഗേ-പോണ്‍ കാണുന്നതിലൂടെയോ മനസ്സിലുള്ള ഗേ-സെക്സ് ഫാന്‍റസികളെ ഉണര്‍ത്തിയോ ലിംഗോദ്ധാരണം ഉണ്ടാക്കി ഒരു സ്ത്രീയുമായി യാന്ത്രികമായി സെക്സ് ചെയ്യാന്‍ കഴിഞ്ഞേക്കാം. 'മൈ ലൈഫ് പാര്‍ട്ണര്‍' എന്ന മലയാള സിനിമയിലും 'Brokeback Mountain' എന്ന ഇംഗ്ലീഷ് സിനിമയിലും ഇതു പോലുള്ള ചിത്രീകരണങ്ങള്‍ വന്നിട്ടുണ്ട്. സ്ത്രീയുമായി വല്ലപ്പോഴും യാന്ത്രികമായി സെക്സ് ചെയ്തതു കൊണ്ട് മാത്യൂവിന്റെ ഐഡന്‍റിറ്റി 'ബൈസെക്ഷ്വല്‍' എന്നാകുന്നില്ല. 'കാതലിലെ' നായകന്‍ ഒരു പക്കാ ഗേ പുരുഷന്‍ തന്നെയാണ്. വിവാഹിതരാവുന്ന പല ഗേ പുരുഷന്മാരും എങ്ങനെയെങ്കിലും ഒരു കുട്ടിയെ ഉണ്ടാക്കുന്നതോടെ ഭര്‍ത്താവെന്ന നിലയിലെ കടമ നിറവേറ്റി എന്ന് വിചാരിക്കുന്നവരാണ്. നമ്മുടെ നാട്ടിലെ 'ഗേ' പുരുഷന്മാരില്‍ 80 ശതമാനവും സിനിമയിലെ നായകനെ പോലെ സ്ത്രീയെ വിവാഹം ചെയ്തവരാണ് എന്ന സ്ഥിതിവിവരകണക്ക് സിനിമ പറയുന്നുണ്ട്. എന്റെ അനുമാനത്തില്‍ അത് 95 ശതമാനത്തില്‍ കൂടുതല്‍ വരും. കേരളത്തിലെ വിവാഹമോചനകേസുകളില്‍ മൂന്നിലൊരു ഭാഗവും പങ്കാളിയുടെ സ്വവര്‍ഗലൈംഗികത കാരണമാണെന്ന് ഒരു അഭിഭാഷക സുഹൃത്ത് പറഞ്ഞതും ഇത്തരുണത്തില്‍ പ്രസക്തമാണ്. 'ഗേ' ആണെന്ന കാര്യം ഒളിച്ചുവച്ച് ജീവിക്കുന്നവര്‍ക്കും, പ്രായപൂര്‍ത്തിയായി ജോലിയൊക്കെ കിട്ടിയാല്‍ വിവാഹം എന്ന കടമ്പയെ നേരിടേണ്ടി വരും. 'ഗേ' ആയി വെളിപ്പെടുത്തിയാല്‍ ജീവിതത്തിലെ എല്ലാം നഷ്ടമായേക്കാവുന്ന ഒരു സമൂഹത്തില്‍ വിവാഹത്തിന് സമ്മതിക്കുകയല്ലാതെ മറ്റ് വഴികളില്ല. ഇവിടെയാണ് ഒരു മനുഷ്യന്റെ ലൈംഗികത എന്ന തികച്ചും വ്യക്തിപരമായ കാര്യം സമൂഹത്തിലെ മറ്റൊരു വ്യക്തിയെക്കൂടി നെഗറ്റീവ് ആയി ബാധിക്കുന്ന തരത്തിലുള്ള സാമൂഹ്യ പ്രശ്നമായി മാറുന്നത്. അതു കൊണ്ടു തന്നെയാണ് പരമ്പരാഗത വിവാഹം എന്ന കാര്യം 'ഗേ,' 'ലെസ്ബിയന്‍' വ്യക്തികള്‍ക്ക് ഒരു കീറാമുട്ടിയായി മാറുന്നത്. 'രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന എന്റെ പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന്റെ പേര് 'വിവാഹം എന്ന പ്രഹേളിക' എന്നാണ്. 'കാതല്‍' സിനിമയുടെ സെറ്റില്‍ വച്ച് മമ്മൂട്ടിയെ കാണാനും എന്റെ പുസ്തകത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിന് കൊടുക്കുവാനും അവസരം ഒരുക്കിതന്ന ജിയോ ബേബിയോടുള്ള കടപ്പാട് ഈ അവസരത്തില്‍ അറിയിക്കട്ടെ. ഈ സിനിമയില്‍ ഗേ നായക വേഷം ചെയ്യുന്നതിന് കേരളത്തിലെ എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ പേരില്‍ മമ്മൂട്ടിയോട് നന്ദി രേഖപ്പടുത്തുകയാണ് അന്നത്തെ അദ്ദേഹവുമായുള്ള കൂടികാഴ്ചയില്‍ ഞാന്‍ ചെയ്തത്. Read Here: കാതലിലെ കാതലുകള്‍ (നന്മ നിറഞ്ഞ ഒരു മഴവില്‍ സിനിമ) മലയാള സിനിമയില്‍ 'ഗേ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ഒരുപക്ഷേ ശ്യാമപാസാദിന്റെ 'ഋതു' (2009) എന്ന സിനിമയിലാണ്. ശ്യാമ പ്രസാദിന്റെ 'ഇംഗ്ലീഷ്' (2013) എന്ന സിനിമയില്‍ തന്റെ ഭര്‍ത്താവിന് സ്വവര്‍ഗ ബന്ധമുണ്ടെന്ന് തിരിച്ചറിയുന്ന പ്രവാസി സ്തീയെ നാദിയ മൊയ്തു ചെയ്ത വേഷത്തിലൂടെ ചിത്രീകരിക്കുന്നുണ്ട്. 'കാതല്‍' സിനിമയിലെ കോടതി സീനുകളില്‍ മാത്യൂ-ഓമന ദമ്പതിമാരുടെ ഡിവോര്‍സ് കേസ് വാദിക്കുന്നതിനിടയില്‍ 'സ്വവര്‍ഗാനുരാഗി,' 'ഗേ,' 'ഹോമോസെക്ഷ്വല്‍' എന്നീ വാക്കുകളൊക്കെ അഭിഭാഷകര്‍ (മുത്തുമണി & ചിന്നു ചാന്ദ്നി) പറഞ്ഞു കൊണ്ട് മാത്യൂവിന്റെ ഐഡന്‍റിറ്റി എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സ്വവര്‍ഗലൈംഗികത, എല്‍.ജി.ബി.ടി എന്നിവയൊക്കെ പാശ്ചാത്യമായ നഗരവല്‍ക്കരണത്തിലും ഇംഗ്ലീഷ്വല്‍ക്കരണത്തിലും നിന്നുണ്ടാകുന്ന മൂല്യച്യുതികളാണ് എന്ന തെറ്റിദ്ധാരണ ഇന്ത്യക്കാരില്‍ പൊതുവേ കണ്ടുവരുന്നതാണ്. ഇത്തരം തെറ്റിദ്ധാരണകളെ പൊളിച്ചെഴുതുന്ന ഒന്നാണ് 'കാതലിലെ' നായകനും നായികയും ജീവിക്കുന്ന 'മധ്യവര്‍ഗ- സബ്അര്‍ബണ്‍ മലയാളി' എന്ന ഭൂമിക. സ്വവര്‍ഗാനുരാഗം എന്നത് ഇംഗ്ലീഷ് സംസാരിച്ച് നഗരങ്ങളില്‍ ജീവിക്കുന്ന ചില എലൈറ്റ് വിഭാഗക്കാരുടെ വെറുമൊരു 'ലൈഫ്സ്റ്റൈല്‍ ചോയ്സ്' അല്ല. അത് സമൂഹത്തിലെ എല്ലാ തട്ടിലും ജീവിക്കുന്നവരിലുള്ള ഒരു ന്യൂനപക്ഷത്തിന്റെ മനുഷ്യാവകാശ പ്രശ്നമാണ്. ഇംഗ്ലീഷ്വല്‍ക്കരണത്തിലൂടെ മാത്രമേ എല്‍.ജി.ബി.ടി.ക്യു വിമോചനം സാധ്യമാവൂ എന്ന സാമ്രാജ്യത്വ ശക്തികളുടെ ഹിഡണ്‍ അജണ്ടയെ പ്രതിരോധിക്കുന്നതാണ് മലയാളം പോലുള്ള പ്രാദേശിക ഭാഷയിലുള്ള 'കാതല്‍' പോലുള്ള സിനിമകളും എഴുത്തുകളുമെല്ലാം. ഇന്ത്യയിലെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ എല്‍.ജി.ബി.ടി.ക്യു സാഹിത്യവും കലകളും സിനിമയും ഒക്കെ ഉണ്ടാക്കുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. പുടിന്റെ റഷ്യയില്‍ എല്‍.ജി.ബി.ടി പൗരന്‍മാര്‍ വേട്ടയാടപ്പെടുന്നതിന് ഒരു കാരണം അവിടത്തെ എല്‍.ജി.ബി.ടി കമ്യൂണിറ്റി പലപ്പോഴും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായിത്തീരുന്നുണ്ട് എന്നുള്ളതാണ്. 'കാതല്‍' സിനിമയിലെ നായകന്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാണ്. മാത്യൂ 'ഗേ' ആണെന്ന വാര്‍ത്ത വിവാഹമോചന പെറ്റീഷന്‍ വഴി നാട്ടില്‍ പരക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്യൂവിനെ സപ്പോര്‍ട് ചെയ്തു കൊണ്ടുള്ള നിലപാടാണ് എടുക്കുന്നത്. ഈ ചിത്രീകരണം കേരളത്തില്‍ എത്ര മാത്രം സംഭവ്യമാണ് എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ട്രാന്‍സ്ജന്‍റര്‍ വ്യക്തികളെ ചേര്‍ത്തു പിടിക്കുന്നുണ്ടെങ്കിലും സ്വവര്‍ഗാനുരാഗികളോടുള്ള മനോഭാവത്തില്‍ വലിയ മാറ്റമൊന്നും രാഷ്ട്രീയ രംഗത്ത് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഈ അടുത്ത കാലത്ത് സുപ്രീം കോടതി സംസ്ഥാനങ്ങളോട് സ്വവര്‍ഗവിവാഹത്തിനെ കുറിച്ചുള്ള നിലപാട് ആരാഞ്ഞപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റ് മൗനം പാലിക്കുകയാണ് ഉണ്ടായത്. ഓമനയുടെ ഡിവോര്‍സ് പെറ്റീഷന്‍ കാരണമാണ് മാത്യൂവും തങ്കനും തമ്മിലുള്ള സ്വവര്‍ഗബന്ധത്തെ കുറിച്ച് നാട് മൊത്തം അറിയാനിടയാവുന്നത്. ഡിവോര്‍സ് പെറ്റീഷനില്‍ കാരണമായി കൊടുത്തിരിക്കുന്നത് മാത്യൂ 'ഗേ' ആണെന്നുള്ള വസ്തുതയാണ്. സ്വവര്‍ഗബന്ധം പുറത്തറിയുന്നതോടെ മാത്യൂവിനെക്കാള്‍ തങ്കനാണ് സമൂഹത്തിന്റെ ക്രൂരമായ പരിഹാസങ്ങള്‍ക്ക് പാത്രമാവുന്നത്. ഭാര്യ, മകള്‍ എന്നീ പ്രിവിലേജുകള്‍ ഉള്ള, സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ മാത്യൂ, തങ്കന്‍ നേരിടുന്നത് പോലുള്ള അവഹേളനങ്ങള്‍ നേരിടുന്നില്ല. ഇത് മാത്യൂ, തങ്കന്‍ എന്നിവരുടെ സോഷ്യല്‍ സ്റ്റാറ്റസ് വ്യത്യസ്ഥമാണ് എന്നുള്ള വസ്തുതയുടെ പ്രതിഫലനം കൂടെയാണ്. സുധി കോഴിക്കോട് എന്ന നടന്‍ തങ്കന്‍ എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തി സ്വവര്‍ഗാനുരാഗിയാണെന്ന് സ്വയം വെളിപ്പെടുത്തുന്നതിനെ Coming Out (വെളിപ്പെടുത്തല്‍) എന്നു പറയാറുണ്ട്. ഇത് ഒരു വ്യക്തി, ആവശ്യമെങ്കില്‍, സ്വമേധയാ ചെയ്യേണ്ട ഒരു കാര്യമാണ്. ഒരു വ്യക്തി സ്വവര്‍ഗാനുരാഗിയാണ് എന്നുള്ള കാര്യം മറ്റൊരാള്‍ വെളിപ്പെടുത്തുന്നതിനെ Outing എന്ന് പറയാറുണ്ട്. ഔട്ടിങ് ചെയ്യുന്നത് ഒരു വ്യക്തിയോട് ചെയ്യുന്ന ദ്രോഹമാണ്. 'കാതല്‍' എന്ന സിനിമ ഓമന ചെയ്യുന്ന ഔട്ടിങ്ങിനെ ന്യായീകരിക്കുന്നു എന്ന ആരോപണം ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ സിനിമയില്‍ ഭാര്യ അല്ല ഭര്‍ത്താവിനെ ഔട്ടിങ് ചെയ്യുന്നത്. ഡിവോര്‍സ് പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന കാരണത്തെ നാട്ടില്‍ പാട്ടാക്കുന്നത് മാത്യൂവിന്റെ രാഷ്ട്രീയ എതിരാളികളാണ്. രാഷ്ട്രീയ എതിരാളികളെ ലൈംഗികമായി താറടിച്ചു കാണിക്കുന്നത് കേരളത്തില്‍ എപ്പോഴും നടക്കുന്ന, സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെ നീളുന്ന ഒരു കാര്യമാണ്. പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമുള്ളതാണല്ലോ പരമ്പരാഗത വിവാഹം. പുരുഷനും സ്ത്രീയും തുല്യരെങ്കില്‍ ഒരു പുരുഷന് ഇണയായി മറ്റൊരു പുരുഷനും ഒരു സ്ത്രീയ്ക്ക് ഇണയായി മറ്റൊരു സ്ത്രീയും സാധ്യമാണ് എന്നതാണു സ്വവര്‍ഗാനുരാഗം മുന്നോട്ട് വയ്ക്കുന്ന ലിംഗരാഷ്ട്രീയം. അതിനാല്‍ തന്നെ എല്‍.ജി.ബി.ടി.ക്യു വ്യക്തികളുടെ ദൃശ്യതയും അതിജീവനവും സമൂഹത്തിലെ ലിംഗസമത്വവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. 'കാതല്‍' എന്ന സിനിമയുടെ പുരോഗമനാത്മകവും ശുഭപര്യവസായിയുമായ ക്ലൈമാക്സ് സാധ്യമാവുന്നത് നായികയായ ഓമന ഒരു നിലപാട് എടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തത് കൊണ്ട് മാത്രമാണ്. വളരെ ശക്തയായ, മനുഷ്യത്വമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ജ്യോതിക എന്ന നടിയുടെ ഉജ്വലമായ തിരുച്ചു വരവിന് 'കാതല്‍' വഴിയൊരുക്കി. ഹ്യുമൻ കമ്പ്യൂട്ടർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗണിതശാസ്ത്രജ്ഞ ശകുന്തള ദേവി തന്റെ ഭര്‍ത്താവ് ഗേ ആണെന്ന് മനസ്സിലാക്കിയതോടെ സ്വവര്‍ഗലൈംഗികതെയെ കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തി, 'The World of Homosexuals' എന്ന പുസ്തകം 1977 ല്‍ പബ്ലിഷ് ചെയ്തിരുന്നു. പക്ഷേ അക്കാലത്ത് ആ പുസ്തകം തീരെ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്. ഓമന തന്‍റെ ഭര്‍ത്താവിന്റെ സ്വവര്‍ഗലൈംഗികത കാരണം വിവാഹ മോചനം ആവശ്യപ്പെടുന്നുണ്ടെങ്കിലും മാത്യൂവിന്റെയും പങ്കാളി തങ്കന്റെയും ബന്ധത്തെ അവള്‍ പിന്തുണയ്ക്കുന്നുണ്ട്. വിവാഹമോചനം വഴി 'രക്ഷപ്പെടേണ്ടത് മാത്യൂവിനും കൂടെയല്ലേ?' എന്നു ഓമന മാത്യൂവിനോട് ചോദിക്കുന്നത് ആ കഥാപാത്രത്തിന്റെ ഔന്നത്യത്തെ വെളിവാക്കുന്നുണ്ട്. ഗേ വെളിപ്പെടുത്തലിനും വിവാഹമോചനത്തിനും ശേഷം നായകന് തന്നെ കാത്തിരിക്കുന്ന കാമുകന്‍ ഉണ്ട്. നായകന്‍ പഞ്ചായത്ത് ഇലക്ഷനില്‍ ജയിക്കുന്നു. നായിക തന്റെ പഴയകാല കാമുകനുമായി പുതിയ ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ഇത് മൂന്നും ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. സ്വത്വം വെളിപ്പെടുത്താതെ രഹസ്യ ജീവിതം നയിക്കുന്ന ഭൂരിപക്ഷം സ്വവര്‍ഗാനുരാഗികള്‍ക്കും മാത്യൂവിന് തങ്കന്‍ എന്ന പോലെ ഒരു സ്ഥിരമായ പങ്കാളി ഉണ്ടാവില്ല. സ്ഥിരമായ സ്വവര്‍ഗപങ്കാളി ഉണ്ടെങ്കില്‍ ആ ബന്ധം രഹസ്യമാക്കി വെക്കാന്‍ കഴിയുകയുമില്ല. 19 വയസ്സുള്ള മകളുള്ള ഒരു വിവാഹമോചിതയ്ക്ക് സിനിമയിലെപ്പോലെ ഒരു പങ്കാളിയെ കിട്ടുക എന്നതും അത്ര എളുപ്പവുമല്ല. പക്ഷേ കലയ്ക്ക് സമൂഹത്തിന് മുന്‍പേ പറന്നേ മതിയാകൂ എന്നതിനാല്‍ ശുഭപര്യാവസായിയായ സിനിമയുടെ അന്ത്യത്തിന് നീതീകരണങ്ങള്‍ ഉണ്ട്. Life imitates Art എന്ന് പറയുന്നതു പോലെ, 'കാതല്‍' പോലുള്ള സിനിമകള്‍ സാമൂഹ്യമാറ്റത്തിനായുള്ള ചാലകശക്തി ആയിത്തീരുമെന്ന് പ്രത്യാശിക്കാം. ഓമനയെപ്പോലെ ശാക്തീകരിക്കപ്പെട്ടെ ഒരു ഭാര്യ ഉള്ളതു കൊണ്ട് മാത്രമാണ് മാത്യൂവിന് തന്റെ ഗേ സ്വത്വം വെളിപ്പെടുത്തി പുരുഷപങ്കാളിയുടെ കൂടെ ജീവിക്കാന്‍ സാധിക്കുന്നത്. ലിംഗസമത്വം എല്‍.ജി.ബി.ടി.ക്യു വിമോചനത്തിന് വഴിയൊരുക്കുന്നതിന്റെ നേര്‍കാഴ്ചയാണിത്. ഗേ ആയിട്ടുള്ള സുഹൃത്തുക്കള്‍ സ്ത്രീകളെ വിവാഹം ചെയ്യുമ്പോള്‍ 'India is the land of gay marriages; every gay gets married എന്ന് ഞാന്‍ തമാശ രൂപേണ പറയാറുണ്ട്. കുടുംബത്തോടും സമൂഹത്തോടും ഒത്ത് പോകുവാന്‍ ഒരു വ്യക്തിക്ക് വിവാഹം എന്ന ചടങ്ങ് ചെയ്തേ മതിയാവൂ എന്നതാണ് ഇന്ത്യന്‍ പൊതുബോധം. അമേരിക്കയില്‍1 969ല്‍ നടന്ന 'സ്റ്റോണ്‍വോള്‍ കലാപം' എന്ന എല്‍.ജി.ബി.ടി.ക്യു വിപ്ലവത്തിന് ശേഷം ഭിന്നവര്‍ഗ വിവാഹം ചെയ്ത പല സ്വവര്‍ഗാനുരാഗികളും വിവാഹമോചനം നടത്തി സ്വതന്ത്രരായിരുന്നു. പക്ഷേ അതു പോലുള്ള ഒരു സംഭവം ഇന്ത്യയില്‍2 018ല്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല എന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഉണ്ടായിട്ടില്ല. സ്വന്തമായി ജീവിക്കാന്‍ വീടോ സാമ്പത്തികശേഷിയോ ഇല്ലാത്ത ശരാശരി ഇന്ത്യന്‍സ്ത്രീ വിവാഹമോചനത്തെക്കാള്‍ മുന്‍ഗണന നല്‍കുന്നത് ഒരു ഗേ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിനായിരിക്കും. ജീവിതപങ്കാളി സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കായി പാശ്ചാത്യ രാജ്യങ്ങളില്‍ Straight Spouse Network എന്ന പേരില്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഉണ്ട്. കാലക്രമേണ ഇന്ത്യയിലും ഇതുപോലുള്ള സപ്പോര്‍ട് ഗ്രൂപ്പുകള്‍ ഉണ്ടായേക്കാം. മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ പുരോഗമനാത്മകമായ ഗേ നായക വേഷം ചെയ്തു എന്നത് മാത്രമല്ല, മമ്മൂട്ടി എന്ന മുസ്ലീം പുരോഗമനാത്മകമായ ഗേ നായക വേഷം ചെയ്തു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. ആഗോള തലത്തില്‍ നോക്കുമ്പോള്‍ സ്വവര്‍ഗാനുരാഗികളെ അടിച്ചമര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ ഉള്ളത് മതരാഷ്ട്രങ്ങളാണ്. വധശിക്ഷയാണ് പല അറബ് രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗികള്‍ക്ക് ഉള്ളത്. ഖത്തര്‍, കുവൈറ്റ്, സൗദി എന്നിവിടങ്ങളില്‍ 'കാതല്‍' സിനിമ ബാന്‍ ചെയ്തിട്ടുണ്ട്. ലെസ്ബിയന്‍ തീമിലുള്ള മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ (2022) എന്ന സിനിമയ്ക്കും ചില അറബ് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയോട് ഏറ്റവും ക്രൂരമായ രീതിയിലുള്ള എതിര്‍പ്പ് വരുന്നത് ചില തീവ്രമതസംഘടനകളിൽ നിന്നാണ്. ഈ വര്‍ഷം ഒക്ടോബറില്‍ മലപ്പുറത്ത് വച്ച് നടന്ന ക്വിയര്‍ പ്രൈഡ് ആഘോഷങ്ങള്‍ക്ക് എതിരെ ഇത്തരം ഗ്രൂപ്പുകളുടെ സംഘടിതമായ ആക്രമണം ഉണ്ടായിരുന്നു. വിവാഹം ചെയ്തവരുടെ സ്വവര്‍ഗബന്ധം നേരിടുന്ന പ്രശ്നങ്ങള്‍, 'കാതല്‍' കൂടാതെ 'സൂഫി പറഞ്ഞ കഥ' (2010), 'ഇംഗ്ലീഷ്' (2013), 'മൈ ലൈഫ് പാര്‍ട്ണര്‍' (2014) എന്നീ സിനിമകളിലൊക്കെ വന്നിട്ടുണ്ട്. ഞാന്‍ കാത്തിരിക്കുന്നത് 'നന്ദനം,' 'എന്നു നിന്റെ മൊയ്തീന്‍,' 'പ്രേമം,' 'ഹൃദയം,' എന്നിവ ഭിന്നവര്‍ഗപ്രണയത്തെ ചിത്രീകരിക്കുന്നത് പോലെ സ്വവര്‍ഗപ്രണയത്തെ ചിത്രീകരിക്കുന്ന മലയാള സിനിമകള്‍ക്ക് വേണ്ടിയാണ്. Read Here: Kaathal The Core movie review: Mammootty and Jyotika outdo themselves in Jeo Baby’s landmark film Also Read: കിഷോര്‍ കുമാറിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.