OPINION

ഗേ എന്നതിന് മലയാളമില്ല, ലെസ്ബിയനും; 'കാതൽ' ഉന്നയിക്കുന്ന ചില ഭാഷാ പ്രശ്നങ്ങൾ

Follow Us മലയാളം ശ്രേഷ്ഠഭാഷയുടെ പദവിയിലെത്തിയിട്ട് പത്ത് വർഷം പിന്നിട്ട് കഴിഞ്ഞു. എന്നിട്ടും ഇന്നും മലയാളം നേരിടുന്ന പ്രതിസന്ധികളിലൊന്ന് പല വാക്കുകൾക്കും തുല്യമായ മലയാളം വാക്കുകളില്ല എന്നതാണ്. ഉണ്ടെങ്കിലും പലപ്പോഴും സംസ്കൃതവാക്കുകൾ ഉപയോഗിക്കുന്ന ഗതികേടിലാണ് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളം. വളരെ കാലമായി മലയാള ഭാഷയുടെ കാര്യത്തിൽ ഇത്തരത്തിലൊരു ചർച്ച ആരംഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്നു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി വേണമെന്ന ആവശ്യമുയർന്ന കാലത്ത് തന്നെ മലയാളത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച തർക്കം പോലെ തന്നെ മലയാള ഭാഷയുടെ പ്രധാനപരിമിതിയായി ഉയർത്തിക്കാട്ടിയ വിഷയങ്ങളിലൊന്ന് പദസമ്പത്തില്ലായ്മയായിരുന്നു. പുതുവാക്കുകൾക്ക് പകരം മലയാളം വാക്കുകളില്ലെന്നതായിരുന്നു അന്നുയർന്ന പ്രധാന പരാതികളിലൊന്ന്. അതിന്നും തുടരുന്നു. ആദ്യം സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് രണ്ടായിരം വർഷം പഴക്കമില്ലെന്നും അതിനാൽ ശ്രേഷ്ഠഭാഷാ പദവി കൊടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു വാദിച്ചത്. എന്നാൽ കേരളം പിന്നീട് കാലപ്പഴം തെളിയിച്ചു. തുടർന്ന് 2012 ഡിസംബറിൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ വിദഗ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നൽകാൻ ശിപാർശ ചെയ്തു. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. കേരള രൂപീകരണത്തിന് പത്ത് വർഷം പിന്നിട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചാരണത്തിനുമായി കേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1968 ൽ സ്ഥാപിതമായ ഈ സ്ഥാപനം മലയാള ഭാഷയിലേക്ക് വാക്കുകൾ, പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക പദങ്ങൾ രൂപം നൽകുന്നതിന് ലക്ഷ്യമിട്ടിരുന്നു. എന്നാൽ അത് കാര്യമായി ലക്ഷ്യം കണ്ടില്ലെന്നാണ് ആ സ്ഥാപനം നാല് ദശകം പിന്നിട്ട വഴികൾ നോക്കുമ്പോൾ മനസിലാകുക. വാക്കുകളുടെ പരിമിതി ഭാഷപരമായി മലയാളം നേരിടുന്ന പ്രതിസന്ധിയാണോ അതോ ഭാഷയിൽ, പുതിയ തനിമയുള്ള മലയാളം വാക്കുകൾ രൂപപ്പെടുത്തുന്നതിൽ നമ്മൾ, മലയാളികൾക്ക് താൽപ്പര്യമില്ലായ്മയാണോ? പഴയകാലത്തും പുതിയകാലത്തും നിരവധി പുതുമയുള്ള മലയാളം വാക്കുകൾ മലയാളത്തിൽ വന്നിട്ടുണ്ട്. പഴയകാല സാഹിത്യത്തിലായാലും വാമൊഴിയിലാണെങ്കിലും മലയാളത്തനിമയുള്ള വാക്കുകൾ നിരവധിയായിരുന്നു. പ്രാദേശികമായും നിരവധി മലയാള വാക്കുകൾ ഉണ്ടായിരുന്നവയൊക്കെ അപ്രത്യക്ഷമാവകയും മലയാളം വാക്കുകൾ പകരം ഇംഗ്ലീഷ്, സംസ്കൃതം, തുടങ്ങി വാക്കുകൾ മേധാവിത്വത്തിലേക്ക് വരുകയും ചെയ്തു. ഈ പ്രത്യേക സന്ദർഭത്തിലാണ് ആധുനിക മാധ്യമമായ സമൂഹ മാധ്യമങ്ങളിൽ മലയാളഭാഷയുടെ പരിമിതി ഉയർത്തിക്കാട്ടി ചർച്ച ആരംഭിച്ചിരിക്കുന്നത്. ഇതിന് വഴിയൊരുക്കിയതോ മലയാളത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യുന്ന മമ്മൂട്ടിയുടെ 'കാതൽ' എന്ന ചലച്ചിത്രവും . ഗേ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗേ എന്നതിന് മലയാളം വാക്ക് എന്താണ് എന്ന് അന്വേഷണമാണ് മലയാളത്തിലെ ഭാഷാപരമായ പരിമിതിയിലേക്ക് വിരൽ ചൂണ്ടുന്ന ചർച്ചയിലേക്ക് കാര്യങ്ങളെ നയിച്ചത്. ഏറെക്കാലമായി ഭാഷാപ്രേമികൾ മാത്രം ചർച്ച ചെയ്തിരുന്ന വിഷയം 'കാതൽ' എന്ന ചലച്ചിത്രത്തിലൂടെ സമൂഹത്തിലെ പല നിലകളിലുള്ളവർ ചർച്ച ചെയ്തു തുടങ്ങി. ഗേയ്ക്ക് മാത്രമല്ല, ലെസ്ബിയനും എന്ത് വാക്ക് ഉപയോഗിക്കും എന്ന റെഡിറ്റിലെ ചർച്ചയിൽ ആളുകൾ ചോദിക്കുന്നുണ്ട്. സ്വവർഗാനുരാഗി എന്ന പദം മാത്രം വച്ച് പരിഹരിക്കാൻ പറ്റുന്നതല്ല ഈ വാക്കിന് തുല്യമായ മലയാളം എന്ന് ചർച്ചയിൽ തന്നെ തെളിഞ്ഞു കാണാം. മലയാള ഭാഷയുടെ പരിമിതിയിലേക്ക് വിരൽ ചൂണ്ടുകയും മലയാള ഭാഷ ഇനിയും കൂടുതൽ വളരുകയും കാലികമാകയും ചെയ്യേണ്ടതിന്റെ ആവശ്യകത കൂടി വ്യക്തമാക്കുന്നതാണ് 'കാതൽ ദ് കോർ' എന്ന സിനിമ തുടങ്ങി വച്ച ഭാഷാ ചർച്ച. കാതൽ എന്ന ചലച്ചിത്രം, അതുന്നയിച്ച രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ വിജയിച്ചു എന്നതിന് പുറമെ അവർ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്തതായിരിക്കാമെങ്കിലും മലയാള ഭാഷയുടെ പരിമിതിയെ കുറിച്ചും അത് വികാസം പ്രാപിക്കേണ്ടതിനെ കുറിച്ചും മലയാളിയുടെ ചിന്താമണ്ഡലത്തിൽ ഒരു ചലനം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. വെള്ളിത്തിരയ്ക്കപ്പുറം നിത്യജീവിതത്തിലെ ഭാഷാ പ്രശ്നത്തിലേക്ക് കടന്നു വന്ന 'കാതൽ' മലയാള ചലച്ചിത്രത്തിൽ മറ്റൊരു അടയാളപ്പെടുത്തൽ കൂടി നടത്തി. Read Here None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.