OPINION

പൂച്ചയ്ക്ക് ആര് മണികെട്ടും അഥവാ കേരളത്തിലെ പൊതുവിദ്യാഭാസത്തെ ആര് രക്ഷിക്കും

Follow Us Opinion, Kerala News: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കുറിച്ച് ആഴത്തിലുള്ള ചർച്ചയ്ക്കും സ്വയം വിമർശനപരമായ വിലയിരുത്തലിനും വഴിയൊരുക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്ത. പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ കുട്ടികൾക്കും എ പ്ലസും എയും കൊടുക്കുന്നതിനെതിരെ നടത്തി എന്ന് പറയപ്പെടുന്ന പരാമർശമാണ് അതിന് കാരണം . 50 ശതമാനം മാർക്ക് കൊടുത്തോളൂ, വിജയിപ്പിച്ചോളൂ. പക്ഷേ, അക്ഷരം എഴുതാനറിയാത്തവർക്ക് പോലും എ പ്ലസും എ ഗ്രേഡും കൊടുക്കരുത് എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതായുള്ള വാർത്ത വന്നത്. ആ വാർത്തയുടെ ചൂടാറും മുമ്പേ വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി, ആ വാദത്തെ നിഷേധിച്ചു എന്ന് മാത്രമല്ല, അതിനെ പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണവുമായി മന്ത്രി കൂട്ടിക്കെട്ടുകയും ചെയ്തു. എന്തു പറഞ്ഞാലും പൊതു എന്ന സംജ്ഞ കൊണ്ടു വന്ന് കാര്യങ്ങളെ ഇടതുപക്ഷവൽക്കരിക്കുകയോ അല്ലെങ്കിൽ ജനകീയവൽക്കരണം നടത്തുകയോ ഒക്കെ ചെയ്യുന്ന ആ തന്ത്രം, എന്താണ് വിമർശനം എന്ന് പോലും ആലോചിക്കാതെ എടുത്തു വീശി. യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക സർക്കാർ നയമല്ലെന്ന പാതിവെന്ത സൈദ്ധാന്തിക ശീലും മന്ത്രി കാച്ചി. എന്നാൽ, വസ്തുതകൾ എന്താണ്. എത്ര കുട്ടികൾ, എത്ര രക്ഷിതാക്കൾ, എത്ര അധ്യാപകർ, ഇവരുമായി മന്ത്രിയോ വിദ്യാഭ്യാസവകുപ്പിലെ മറ്റ് ഉന്നതന്മാരോ സംസാരിച്ചിട്ടുണ്ടോ, അവർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്?. പൊതുവിദ്യാഭ്യാസമേഖലയിൽ കുട്ടികളെ കൊണ്ടു ചേർത്ത എത്ര പേരോട് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള നിലപാട് സർക്കാർ പരിശോധിച്ചിട്ടുണ്ട്. കുട്ടികൾ പഠിക്കുന്നില്ലെന്നും അധ്യാപകർ പഠിപ്പിക്കുന്നില്ലെന്നുമുള്ള സ്ഥിരം മന്ത്രത്തിനപ്പുറം വിദ്യാഭ്യാസമേഖലയിലെ യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ കഴിഞ്ഞ കുറച്ചുകാലമായി ആ വകുപ്പ് ഭരിച്ച ആർക്കെങ്കിലും സാധിച്ചിട്ടുണ്ടോ. വി. ശിവൻകുട്ടി എന്ന പഴയ കാല വിദ്യാർത്ഥി നേതാവ് മാത്രം ഉത്തരം പറയേണ്ട കാര്യമല്ല. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലെ ഓരോരുത്തർക്കും ഇതിന് ഉത്തരവാദിത്തമുണ്ട്. സ്കൂൾ കരിക്കുലവും കലണ്ടറും തയ്യാറാക്കുന്നവരുൾപ്പടെ ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ വരും. അധ്യാപകർ മാത്രമല്ല, രക്ഷിതാക്കളും ഉത്തരം പറയേണ്ടി വരും. അതാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി. ഇന്ന് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികളിൽ പലർക്കും അക്ഷരം അറിയില്ലെന്നത് വസ്തുതാപമായ കാര്യമാണ്. അതിന് പല കാരണങ്ങളുണ്ട്. പണ്ട് കാലത്തും ഇതേ പ്രതിസന്ധിയിലൂടെ കടന്നു പോയ നിരവധി വിദ്യാർത്ഥികളുണ്ട്. അവരൊക്കെ പത്താം ക്ലാസ് കടന്നിട്ടില്ല എന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസത്തെ എതിർക്കുന്നവർ പറയുന്ന ഗുണം. അതിലെ ഗുണദോഷ വിചാരം അവിടെ നിൽക്കട്ടെ. ഇപ്പോഴത്തെ കുട്ടികൾക്കും അധ്യാപകർക്കും എന്തു കൊണ്ടാണ് പഠിപ്പിക്കലും പഠനവും നടക്കാതെ പോകുന്നത് എന്നതാണ് ആലോചിക്കേണ്ടി വരുന്നത്. അങ്ങനെ ഒരാലോചന വരുമ്പോൾ അക്കാദമികവും അനക്കാദമികവുമായ കാര്യങ്ങളെ കുറിച്ച് ഗൗരവമായ ആലോചന നടത്താൻ തയ്യാറാകണം. അങ്ങനെയൊരാലോചന കഴിഞ്ഞ എത്രവർഷത്തിനിടയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്. ചില ചോദ്യങ്ങൾ ഉയരുന്നത് ചോദിക്കുമ്പോൾ മുഖം ചുളിക്കരുത്. കോവിഡിന് ശേഷം സ്കൂളുകൾ തുറന്നു. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങി. രണ്ട് വർഷം അവർ അവരുടെ അതേ പ്രായവിഭാഗവുമായി അകന്ന് നിന്ന ശേഷം, സ്കൂളിങ്ങിൽ നിന്ന് വിട്ടു നിന്ന ശേഷം, സ്കൂളുകളിലേക്ക് മടങ്ങി പോവുകയാണ്. ആ കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് സർക്കാർ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? അവരുടെ പഠന രീതിയിൽ വരുത്തേണ്ട മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഓൺലൈൻ ക്ലാസുകളുടെ ലോകത്ത് നിന്നും ഫിസിക്കൽ ക്ലാസുകളുടെ ലോകത്തെ തിരിച്ചു വരുന്ന കുട്ടികൾ വിദ്യാഭ്യാസ രീതിയിൽ കാണാഗ്രഹിക്കുന്ന മാറ്റം എന്തായിരുന്നു എന്ന് ആലോചിട്ടുണ്ടോ? ആ കുട്ടികൾ രണ്ട് വർഷക്കാലം കടന്നു പോയ അവസ്ഥകളെ കുറിച്ച് എന്തെങ്കിലും ഒരു പഠനം സർക്കാർ നടത്തിയിട്ടുണ്ടോ? ഒരു സാംപിൾ എങ്കിലും എടുത്ത് തയ്യാറാക്കിയോ? എന്താണ് ഫലം? കോവിഡിനെ മാറ്റി നിർത്തി മറ്റ് ചില കാര്യങ്ങൾ കൂടെ ആലോചിക്കണം. അതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറും മന്ത്രിയും അധ്യാപകരും ഒക്കെ ഉത്തരം തേടേണ്ടവരാണ്. കുഴപ്പങ്ങൾ കുട്ടികളുടെ തലയിൽ വച്ച് കെട്ടിയുറപ്പിക്കാൻ പോകുന്നവർ ആലോചിക്കേണ്ട കാര്യം നിങ്ങൾ ഏറ്റെടുത്തിട്ടുള്ള ജോലി നിങ്ങൾക്ക് എത്രത്തോളം ആത്മർത്ഥമായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട് എന്നതാണ്. കുട്ടികളെ പഠിപ്പിക്കുമ്പോൾ കുട്ടികൾ എത്രത്തോളം മനസ്സിലാക്കുന്നുണ്ട് ആ വിഷയം എന്ന് എത്ര അധ്യാപകർ പരിശോധിക്കു്ന്നുണ്ട്. പഠിക്കാൻ കഴിവോ, ഇല്ലെങ്കിൽ ട്യൂഷൻ ഉൾപ്പടെയുള്ള ബദൽ സംവിധാനങ്ങളോ ഇല്ലാത്ത, പഠനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന കുട്ടിക്ക്, പഠിപ്പിച്ചത് എത്രത്തോളം മനസിലായി എന്നതിനെ അടിസ്ഥാനപ്പെടുത്തിയല്ലേ നമ്മൾ പഠിപ്പിച്ചത് എത്രത്തോളം നന്നായി എന്ന് വിലയിരുത്തേണ്ടത്. എ പ്ലസ് കിട്ടിയവരുടെ ഫ്ലക്സ് അടിച്ചു നാടുനീളെ വച്ചിട്ടില്ലല്ലോ. അധ്യാപകരിൽ നല്ലൊരു പങ്കിലും ആ ജോലി എന്നത് തങ്ങളുടെ ഉപജീവന മാർഗം എന്നതിനപ്പുറം മറ്റൊന്നുമല്ല എന്നതാണ് യാഥാർത്ഥ്യം. അവർക്ക് അങ്ങന തോന്നിയാൽ അതിനെ പിന്തുണയ്ക്കാൻ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് എന്തു ചെയ്യുന്നു എന്ന് കൂടെ ആലോചിക്കണം. കേരളത്തിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഗതികേട് വേറെയുമുണ്ട്. ക്ലാസ് സമയങ്ങളൊഴിവാക്കിയാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിക്കുന്ന സകലമാന പരിപാടികളും സംഘടിപ്പിക്കേണ്ടതും അധ്യാപകർ പങ്കെടുക്കേണ്ടതും. അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിങ് മുതൽ, കലോത്സവം, ശാസ്ത്രമേള എന്നുവേണ്ട ക്ലാസ് സമയത്തേക്കാൾ കുടൂതൽ പരിപാടികൾക്ക് സമയം ചെലവഴിക്കേണ്ടി അധ്യാപകർ എത്ര സമയം കണ്ടെത്തി പഠിപ്പിക്കും. ഇതെല്ലാം കഴിഞ്ഞ് അധ്യാപകർക്ക് പഠിപ്പിക്കാൻ എത്ര സമയം കിട്ടും, വിദ്യാർത്ഥികൾക്ക് പഠിക്കാൻ എത്ര സമയം കിട്ടും എന്നാതാണ് ചോദ്യം. ഉള്ള സമയം യാന്ത്രികമായി മാത്രമേ പഠിപ്പിക്കൽ എന്ന പ്രക്രിയ നടക്കുകയുള്ളൂ. വിദ്യാഭ്യാസ കലണ്ടറിനനുസരിച്ച് ഓടുന്ന അധ്യാപകർക്ക് വിദ്യാർത്ഥികളെ എത്ര കണ്ട് ശ്രദ്ധിക്കാനാകും. ഉച്ചക്കഞ്ഞിയുടെ ചുമതല മുതൽ കായികമേളയും കലോത്സവും ഒക്കെ നടത്തിക്കഴിഞ്ഞുള്ള സമയമാണ് അധ്യപകർക്ക് പഠിപ്പിക്കാനും വിദ്യാർത്ഥികൾക്ക് പഠിക്കാനും കിട്ടുന്നത്. ഇതിന് കൊടുത്തിരിക്കുന്ന സിലബസിലെ ഉള്ളടക്കം ഓടിച്ചെങ്കിലും കണ്ട് എഴുതേണ്ടി വരുന്നവരുടെ ഗതികേട്. ഇനി പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള തത്രപ്പാടിൽ കേരളത്തിലെ സിലബസിൽ ഗാന്ധിയും അംബേദ്കറും നെഹ്രുവുമൊക്കെ ഏതൊക്കെ ക്ലാസിൽ പഠിക്കാൻ ഉണ്ടാകും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു പടമോ ഒരു പാരഗ്രാഫോ ഉണ്ടാകുമായിരിക്കും, അതിനപ്പുറം എന്താണ് ഉള്ളത് എന്ന് വിദ്യാഭ്യാസ വകുപ്പിലെ ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കേരളത്തിലെ വിദ്യാഭ്യാസവകുപ്പായാലും ആരോഗ്യവകുപ്പായാലും അതിന് എത്രത്തോളം കാര്യക്ഷമത കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ചോദിച്ചാൽ പി ആർ വർക്കിനപ്പുറം ഒന്നുമില്ലെന്ന് പറയേണ്ടി വരും. അടിമുടി ഉടച്ചു വാർത്തു കൊണ്ട് മാത്രമേ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഇനി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. എന്തെഴുതിയാലും എ പ്ലസ് എന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന് മാത്രമല്ല, സമൂഹത്തിലെ മുന്നോട്ടുള്ള പോക്കിനും അധികം വൈകാതെ വിഘാതമാകും. കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന രീതി സമ്പ്രദായം മാറ്റാനാണ് ഡി പി ഇ പി ശ്രമിച്ചത്. എന്നാൽ, അക്ഷരം തന്നെ പഠിക്കേണ്ടതില്ലെന്ന നിലയിലേക്ക് പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. അധ്യാപകരെ സംബന്ധിച്ച് ഏറെ സമയം പണിപ്പെട്ടാൽ മാത്രമേ ഈ വിദ്യാഭ്യാസ പദ്ധതിയുമായി യോജിച്ച് പോകാൻ സാധിക്കുയുള്ളൂ. എന്നാൽ നിലവിലെ വിദ്യാഭ്യാസ കലണ്ടറിലെ പദ്ധതി പ്രകാരം ഉള്ള പോർഷൻ പോലും പഠിപ്പിച്ച് തീർക്കാൻ സാധിക്കാത്ത സാഹചര്യമാണ്. അപ്പോൾ പിന്നെ അധിക പഠനം നടത്തി പഠിപ്പിക്കാൻ അധ്യാപകർക്കോ പഠിക്കാൻ വിദ്യാർത്ഥികൾക്കോ സമയം ലഭിക്കുമോ. വിദ്യാഭ്യാസവകുപ്പിന്റെ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളുടെയും അലകും പിടിയും മാറ്റിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാകു. അത് പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതു പോലെയുള്ള ചോദ്യമാണ്. മറ്റു വാർത്തകൾ None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.