HOROSCOPE

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, August 11-17

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ കർക്കടകം - ചിങ്ങം രാശികളിലും ആയില്യം - മകം ഞാറ്റുവേലകളിലുമായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്. ചോതി മുതൽ പൂരാടം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ രോഹിണി - മകയിരം നക്ഷത്രങ്ങളിലാണ്. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധനാഴ്ച മുതൽ മൗഢ്യവുമുണ്ട്. ശുക്രൻ ചിങ്ങം രാശിയിൽ മകം - പൂരം നക്ഷത്രങ്ങളിൽ സഞ്ചരിക്കുകയാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും (വക്രഗതിയിൽ) സഞ്ചരിക്കുന്നു. രാഹു മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്. ഞായറും തിങ്കളും മീനക്കൂറുകാർക്കും ചൊവ്വയും ബുധനും വ്യാഴം ഉച്ചവരേയും മേടക്കൂറുകാർക്കും അതിനുമേൽ ഇടവക്കൂറുകാർക്കും ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിൻ്റെ എല്ലാ വായനക്കാർക്കും കൊല്ലവർഷം 1200 ക്ഷേമൈശ്വര്യപൂർണമാകട്ടെ എന്നു ആശംസിക്കുന്നു. മകം മൂന്നു മുതൽ അഞ്ചുവരെ ഭാവങ്ങളിൽ പക്ഷബലവാനായ ചന്ദ്രൻ സഞ്ചരിക്കുന്ന വാരമാണ്. സ്ത്രീസുഹൃത്തുക്കളിൽ നിന്നും സഹായം, പിന്തുണ ഇവ ലഭിക്കാം. സഹോദരിമാരുടെ കാര്യങ്ങൾ സ്നേഹപൂർവ്വം നേടിക്കൊടുക്കും. നേടിയെടുക്കാൻ മുൻപ് ശ്രമിച്ച് പരാജയപ്പെട്ടവ ഇപ്പോൾ നേടിയെടുക്കാനാവും. ഗാർഹികാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം ഉപയോഗിക്കാനാവും. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കുന്നതാണ്. വെറുതെ ചിന്തിക്കുകയും ഉൽക്കണ്ഠപ്പെടുകയും ചെയ്യുന്ന ശീലം അധികരിച്ചേക്കാം. പൂരം ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. മനസ്സന്തോഷമേറും. പ്രണയികൾക്ക് സന്തോഷമുണ്ടാകും. ഭാര്യാഭർത്തൃബന്ധം സ്നേഹപൂരിതമാവും. ഇഷ്ടഭക്ഷണ യോഗമുണ്ട്. പാരിതോഷികങ്ങൾ ലഭിക്കാം. സാമ്പത്തികമായി മെച്ചമുണ്ടാകുന്നതാണ്. എന്നാൽ നവീന ഗൃഹോപകരണങ്ങൾ വാങ്ങാൻ ചെലവുണ്ടാകും. പ്രവർത്തന മേഖലയിൽ ഒരുവിധം കാര്യങ്ങൾ നടന്നു പോകുന്നതാണ്. പുതിയ ഓഡറുകൾ ലഭിക്കാനും കർമ്മരംഗം പുഷ്ടിപ്പെടാനും സാധ്യത കാണന്നു. വെള്ളി, ശനി ദിവസങ്ങളിൽ ചിന്താക്കുഴപ്പമേറാം. ഉത്രം എന്തിനെക്കുറിച്ചും സാമാന്യമായ ധാരണാശക്തി പുലർത്തും. പ്രസ്തുത ധൈര്യത്തിൽ മേലധികാരിയുടെ നിർദ്ദേശങ്ങളെ തിരുത്താൻ ശ്രമിക്കും. തന്മൂലം ചില മനക്ലേശങ്ങൾ ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഉടനെ ഉണ്ടായേക്കില്ല. പഴയവീട് വിൽക്കുന്ന കാര്യത്തിൽ ശുഭസൂചനകൾ വന്നേക്കും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വിജയിക്കുന്നതാണ്. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തും. സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം സ്വീകരിക്കുക ഉത്തമം. മകൻ്റെ ആരോഗ്യവിഷയത്തിൽ ഉൽക്കണ്ഠയുണ്ടാവാം. അത്തം സാഹിത്യകാരന്മാർ ആശയവും ആവിഷ്കാരവും സമന്വയിപ്പിക്കുന്നതിൽ വിജയിക്കും. പുതിയതൊന്നും പഠിക്കാനുണ്ടാവില്ല. എങ്കിലും ജീവിതത്തെ സ്നേഹിക്കാനാവും. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല. പൂർത്തിയാക്കാത്ത കാര്യങ്ങൾ പൂർത്തിയാക്കാനാവും. സഹപ്രവർത്തകരുടെ കാര്യക്ഷമതയെ അഭിനന്ദിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. സ്വാശ്രയ വ്യാപാരത്തിൽ പുരോഗതി പ്രതീക്ഷിക്കാം. ഭാവിയിലെ ആവശ്യം കണ്ടറിഞ്ഞ് വിഭവങ്ങൾ സമാഹരിക്കാനാവും. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനാവും. ചിത്തിര ശാസ്ത്ര സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർ പലതരം വെല്ലുവിളികളെ നേരിടും. പുതിയ വിജ്ഞാനമേഖലകൾ പഠിച്ചറിയേണ്ടിവരും. സ്വതസ്സിദ്ധികൾ മുഴുവൻ പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നു വന്നേക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. കുടുംബജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം പുലർത്തുന്നതിനാൽ സ്വസ്ഥത ലഭിക്കുന്നതാണ്. മക്കളുടെ പലവിധ ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ ധനക്ലേശമുണ്ടാവും. തൊഴിൽ യാത്രകൾ ഗുണകരമായി വരാം. ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാനിടയുണ്ട്. ചോതി ഞായർ, തിങ്കൾ ദിവസങ്ങളിൽ നല്ല ഉന്മേഷമുണ്ടാവും. കൂടിച്ചേരലുകളും വിരുന്നും സന്തോഷമേകുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രവൃത്തികളിൽ അശ്രദ്ധയോ താത്പര്യക്കുറവോ വരുവാനിടയുണ്ട്. മേലധികാരിയുടെ ശാസന കേൾക്കേണ്ട സാഹചര്യം ഭവിക്കും. മറ്റു ദിവസങ്ങളിൽ അടുക്കും ചിട്ടയും പുലർത്താനാവും. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർത്തിയാക്കും. പുതുതലമുറയ്ക്ക് പറയാനുള്ളതെന്താണെന്ന് മനസ്സു തുറന്ന് കേൾക്കും. ആശയപരമായ പിന്തുണ നൽകാൻ പലരുമുണ്ടെന്നത് സന്തോഷമേകും. വിശാഖം കലകളോടുള്ള ആഭിമുഖ്യം വർദ്ധിക്കുന്നതാണ്. ഭൗതികമായ തൃപ്തിക്കൊപ്പം മാനസിക തൃപ്തിയും സംജാതമാകും. ധനവരവ് മോശമാവില്ല. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ അനുകൂലത വരാം. കൊതിച്ച ഇലക്ട്രോണിക് ഉപകരണം സ്വന്തമാക്കുവാനാവും. ഉദ്യോഗത്തിൽ നന്നായി ശോഭിക്കാൻ കഴിയുന്നതാണ്. സൂക്ഷ്മ നിരീക്ഷണവും കൃത്യമായ നിഗമനവും പ്രവൃത്തിയിൽ പ്രയോജനം ചെയ്യും. ഒപ്പമുള്ളവരുടെ സഹകരണം സന്തോഷിപ്പിക്കും. വിഭിന്ന നിലപാടുകളെ തൃണവൽഗണിച്ച് മുന്നേറുന്നതാണ്. നാഡീരോഗങ്ങളോ ഉദരരോഗങ്ങളോ ഉള്ളവർ വിഷമിച്ചേക്കാം. അനിഴം വാരാദ്യം ദേഹസുഖക്കുറവ് ഉണ്ടാവാം. മനസ്സ് ആലസ്യത്തിലമരും. ചിലപ്പോൾ യാത്രകൾ വേണ്ടി വരുന്നതാണ്. മറ്റുദിവസങ്ങളിൽ മെച്ചപ്പെട്ട സ്ഥിതിയുണ്ടാകും. തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിക്കാനിടവരുന്നതാണ്. പുതിയ കാര്യങ്ങളുടെ പ്രായോഗികത ബോധ്യമാകും. കുടുംബകാര്യങ്ങളിൽ സഹോദരരോടു ചേർന്ന് തീരുമാനം കൈക്കൊള്ളും. വ്യവഹാരങ്ങളെ എങ്ങനെ സമീപിക്കണം എന്നതിൽ ആശയ വ്യക്തത വന്നേക്കും. പതിവുള്ള ആരോഗ്യപരിശോധയിൽ തൃപ്തി ലഭിക്കുന്നതാണ്. ഏജൻസി വിപുലീകരിക്കുന്നതിൽ തീരുമാനം ഉണ്ടാവും. തൃക്കേട്ട കർമ്മപദ്ധതികൾ ആവിഷ്കരിക്കും. തീരുമാനങ്ങൾ ഏകപക്ഷീയമായതായി സഹപ്രവർത്തകർ പറഞ്ഞേക്കും. പുതിയ ബിസിനസ്സ് ശാഖ ആരംഭിക്കുന്നതിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതാണ്. ഗൃഹനിർമ്മാണത്തിനുള്ള രേഖകൾ അധികൃതർക്ക് സമർപ്പിക്കുവാനാവും. വിദ്യാർത്ഥികൾ ഇൻ്റെൺഷിപ്പ്, പ്രൊജക്ടുകൾ ഇവക്ക് സമയം ചെലവഴിക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ കഴിയുന്ന വാരമാണ്. സാമ്പത്തികമായി ഞെരുക്കം കുറയും. വരവുചെലവുകൾ സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും. കരാർ പണികൾ ഏറ്റെടുക്കുന്നവർ വ്യവസ്ഥകൾ വ്യക്തമായി മനസ്സിലാക്കുന്നത് ഉത്തമം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.