HOROSCOPE

ചിങ്ങ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope for Chingam

Follow Us Monthly Horoscope: ചിങ്ങ മാസം നിങ്ങൾക്കെങ്ങനെ? ആദിത്യൻ കർക്കടകം 32 ആയ ആഗസ്റ്റ് 16ന് സന്ധ്യക്ക് ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ, മകം, പൂരം, ഉത്രം എന്നീ ഞാറ്റുവേലകളിലായി സഞ്ചരിക്കുകയാണ്. ചിങ്ങം 3ന് വെളുത്തവാവ്, ചിങ്ങം 17ന് കറുത്തവാവ് എന്നിവ ഭവിക്കുന്നു. ഈ വർഷത്തെ തിരുവോണം ചിങ്ങം 30ന് ( സെപ്തംബർ 15 ന്) ഞായറാഴ്ചയാണ്. ചൊവ്വ ഇടവം രാശിയിലാണ്. ചിങ്ങം 10ന് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ ചിങ്ങം രാശിയിലാണ്. 6-ാം തീയതി വക്രഗതിയായി കർക്കടകത്തിലും 19 ന് വീണ്ടും നേർഗതിയായി ചിങ്ങത്തിലും പ്രവേശിക്കുന്നു. ആയില്യം, മകം നക്ഷത്രങ്ങളിലായാണ് ബുധൻ്റെ സഞ്ചാരം. ചിങ്ങം 12ന് ബുധൻ്റെ വക്രമൗഢ്യം തീരുന്നു. ശുക്രൻ 8 ന് ചിങ്ങം രാശിയിൽ നിന്നും തൻ്റെ നീചരാശിയായ കന്നിരാശിയിൽ പ്രവേശിക്കുന്നു. പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ നാലുനക്ഷത്രങ്ങളിലായി ശുക്രൻ യാത്ര ചെയ്യുകയാണ്. വ്യാഴം ഇടവം രാശിയിലാണ്. ചിങ്ങം 4 ന് പകൽ രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് പകരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും പിൻഗതിയായി തുടരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും കൊല്ലവർഷം1200 ചിങ്ങമാസത്തിലെ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു. മൂലം അഷ്ടമത്തിലെ ആദിത്യൻ സൃഷ്ടിച്ച അലോസരങ്ങൾക്കും സമാധാനക്കേടുകൾക്കും അവസാനമാകും. പുതിയ കാര്യങ്ങൾ ചിന്തിക്കും. സുഹൃത്തുക്കളുടെ പ്രോൽസാഹനം സന്തോഷമേകും. നറുക്കെടുപ്പ്, ചിട്ടി ഇവയിൽ അനുകൂലതയുണ്ടാവും. വ്യാപാരസ്ഥാപനം നവീകരിക്കുന്നതാണ്. ആഘോഷങ്ങൾക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തും. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽക്കണ്ഠ നീങ്ങും. കഫജന്യരോഗങ്ങൾ ശമിക്കുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. ആറിലെ ചൊവ്വ ഏഴിലേക്ക് നീങ്ങുന്നതിനാൽ പ്രണയികൾക്ക് ഇച്ഛാഭംഗമുണ്ടാവും. ദാമ്പത്യത്തിലും ക്ലേശാനുഭവങ്ങൾ ഭവിച്ചേക്കാം. കൂട്ടുകച്ചവടം തുടങ്ങാൻ ഉചിതമായ കാലമല്ല. ശത്രുക്കളുടെ ഉപദ്രവത്തെ പ്രതിരോധിക്കാൻ ഊർജ്ജം ചെലവഴിക്കേണ്ടി വരും. പൂരാടം കർക്കടകത്തിൻ്റെ ദുരിതപർവ്വം താണ്ടിയും ക്ലേശങ്ങൾ അകന്നും മനസ്സ് സ്വസ്ഥതയിലാവും. ഭാവി പ്രതീക്ഷകൾ വർദ്ധിക്കുന്നതാണ്. പ്രധാനമായും മക്കളുടെ കാര്യത്തിലെ ഉൽകണ്ഠ നീങ്ങുന്നതാണ്. സ്വയം വിലയിരുത്തുന്നതിൽ വ്യക്തമാംവിധം സന്തുലനം പുലർത്തും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളെ നേരിടേണ്ടി വരുന്നതാണെങ്കിലും വിജയിക്കാനാവും. വിട്ടുവീഴ്ചാ മനോഭാവം ദാമ്പത്യ സ്വസ്ഥതയ്ക്ക് അനിവാര്യമായിത്തീരും. സങ്കീർണമായ കാര്യങ്ങളെ പ്രായോഗിക ബുദ്ധിയാൽ ലളിതമാക്കുന്നതാണ്. ധനപരമായി ആശ്വസിക്കാനാവും. സംരംഭങ്ങളിൽ വളർച്ച പ്രതീക്ഷിക്കാം. നറുക്കെടുപ്പുകൾ അനുകൂലമാവും. കുടുംബത്തിലെ വയോധികരുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധയുണ്ടാവണം. ഉത്രാടം ധനുക്കൂറുകാർക്ക് അനുകൂലത ഉണ്ടാവും. കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളായി നിരന്തരം അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെ അതിജീവിക്കാൻ കഴിയുന്നതാണ്. തിരിച്ചറിഞ്ഞേക്കും, ചുറ്റുമുള്ളതിൻ്റെ ഉള്ളുകള്ളികൾ. അതിനനുസരിച്ച് നിലപാടുകൾ കൈക്കൊള്ളാനും കഴിയുന്നതാണ്. പ്രവൃത്തികൾ ചടുലമാവും. ലക്ഷ്യത്തെക്കുറിച്ച് വ്യക്തത പുലർത്തുന്നതാണ്. മകരക്കൂറുകാർക്ക് സന്ദേഹങ്ങൾ തുടരപ്പെടാം. ആവശ്യമില്ലാത്ത തിടുക്കം കുഴപ്പത്തിൽ ചാടിക്കാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെ ജാഗ്രത വേണ്ട സമയമാണ്. പൊതുവേ ചില നേട്ടങ്ങൾ വന്നുചേരും. രാഷ്ട്രീയ നിലപാടുകൾക്ക് ലഭിക്കുന്ന സ്വീകാര്യത അതിലുൾപ്പെടും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ചയോ കൂടുതൽ ചുമതലകളോ ലഭിക്കാവുന്നതാണ്. തിരുവോണം പണം മുൻകൂട്ടി ചെലവാക്കിയുള്ള വ്യാപാരത്തിൽ നിന്നും പിൻമാറുകയാണ് കരണീയം. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ക്ലേശിക്കും. മേലധികാരികളുടെ അപ്രീതി മാറുന്ന വിധത്തിൽ പ്രവർത്തിക്കുന്നതാണ്. ശത്രൂപദ്രവത്തെ പ്രതിരോധിക്കുവാൻ ധാരാളം ഊർജ്ജം ചെലവഴിച്ചേക്കും. ഏജൻസി വ്യാപാരം, കമ്മീഷൻ ജോലികൾ എന്നിവയിൽ നിന്നും ആദായമുണ്ടാവും. ഉത്സവ - ആഘോഷ സംഘടനകളിൽ പ്രവർത്തിക്കും. ചെലവുകളിൽ മിതത്വം അനിവാര്യമാണ്. അസുഖം ഉണ്ടോ എന്നുള്ള തോന്നൽ ഒഴിയാബാധയാവും. പുതുവാഹനം വാങ്ങാനുള്ള ശ്രമം തുടരുന്നതാണ്. അവധിക്കാലത്ത് ജന്മനാട്ടിലേക്ക് സകുടുംബം ജന്മനാട്ടിലേക്ക് യാത്ര ചെയ്യും. ബന്ധങ്ങൾ പുഷ്ടിപ്പെടുന്നതിൽ സന്തോഷമുണ്ടാവും. അവിട്ടം പ്രവൃത്തിയിലെ ആത്മാർത്ഥതയും മികവുമൊക്കെ തിരിച്ചറിയപ്പെടാം. സഹപ്രവർത്തകരുടെ ഒത്താശ ഭാഗികമായി മാത്രം ലഭിക്കുന്നതാണ്. സ്വാധികാരം പ്രയോഗിക്കുന്നത് എതിർശബ്ദങ്ങൾക്കും കാരണമാകാം. സ്ഥലം മാറ്റ ഉത്തരവ് നീളുന്നത് വിഷമിപ്പിക്കാനിടയുണ്ട്. തൊഴിലന്വേഷകർക്ക് സ്വകാര്യ സ്ഥാപനത്തിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ജോലി തരപ്പെടാം. പൊതുപ്രവർത്തനത്തിൽ ഉന്മേഷം കുറയും. എന്നാൽ പൂർണമായും പിൻവാങ്ങാനും കഴിയാത്തവിധം ചുമതലകളുണ്ടാവും. ആഘോഷങ്ങളെ മുൻനിർത്തി കച്ചവടത്തിൽ അമിതമായ വിധം മുതലിറക്കുന്നത് കരുതലോടെ വേണം. പാരമ്പര്യവസ്തുക്കൾ നോക്കിനടത്താൻ ആരുമില്ലെന്ന സ്ഥിതിയുണ്ടാവും. പ്രണയികൾക്ക് ഉറച്ച തീരുമാനം കൈക്കൊള്ളേണ്ടതായി വരുന്നതാണ്. ചതയം പാരമ്പര്യമായി ചെയ്തുപോരുന്ന ബിസിനസ്സിൽ താത്പര്യം ഉണ്ടാവും. ചുമതലകൾ ഏറ്റെടുക്കുന്നതാണ്. ധൃതിപിടിച്ച നവീകരണം ഗുണകരമാവണമെന്നില്ല. അക്കാര്യം വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം നടത്തുന്നതാവും ഉചിതം. എല്ലാക്കാര്യത്തെക്കുറിച്ചും ആശയക്കുഴപ്പം ഭവിക്കുന്ന കാലമാണ്. സാമ്പത്തിക കാര്യങ്ങളിൽ ഞെരുക്കം ഉണ്ടാവുകയാൽ ചെലവിൽ നിയന്ത്രണം വരുത്തിയേക്കും. സ്വകാര്യസ്ഥാപനത്തിൽ താത്കാലിക ജോലി ലഭിച്ചേക്കാം. ഏജൻസി പ്രവർത്തനം ലാഭകരമാവുന്നതാണ്. പൊതുക്കാര്യങ്ങളിലെ പരസ്യ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. കൂട്ടുകെട്ടുകൾ അനിഷ്ടകാരികളാവും. കുടുംബാംഗങ്ങളെ ഒരുമിപ്പിക്കുന്നതിൽ വിജയിക്കും. മകളുടെ ജോലിസ്ഥലത്തേക്ക് താമസം മാറുന്ന കാര്യം നീളാനിടയുണ്ട്. പൂരൂരുട്ടാതി കുംഭക്കൂറുകാർക്ക് സമ്മിശ്രഫലങ്ങളാവും. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ ലഭിക്കാൻ തടസ്സമനുഭവപ്പെടും. അപ്രായോഗിക ചിന്തകൾ മുൻതൂക്കം നേടുന്നതാണ്. രാഷ്ട്രീയ ഇടപെടലുകളെ തിരിച്ചറിയുവാൻ വിഷമമുണ്ടാവില്ല. കൂട്ടുകച്ചവടത്തിൽ പുരോഗതി കുറഞ്ഞേക്കും. എന്നാൽ ബിസിനസ്സ് യാത്രകൾ ചെറുനേട്ടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പിതാവിൻ്റെ ധനം / സ്വത്തുക്കളിലെ വരുമാനം പ്രയോജനപ്പെടുത്തും. മീനക്കൂറുകാർക്ക് അവസരോചിതമായ നീക്കങ്ങളിലൂടെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കുവാനാവും. ദാമ്പത്യത്തിൽ സ്നേഹോഷ്മളതകൾ ഇടംപിടിക്കുന്നതാണ്. ആഘോഷങ്ങൾക്ക് ആവശ്യമായ ധനം കരുതാൻ കഴിയും. ദേഹസുഖവും മനസ്സുഖവും ഉണ്ടാവും. ഉത്രട്ടാതി രാഹുവിൻ്റെ ജന്മനക്ഷത്ര സഞ്ചാരത്താലുള്ള ചില ക്ലേശങ്ങൾ ഉണ്ടാവുമെങ്കിലും അനുകൂല അന്തരീക്ഷം തൊഴിലിടത്തിൽ സംജാതമാകും. ക്ഷമാപൂർവ്വമായ നീക്കങ്ങൾ വിജയം കാണും. ഔദ്യോഗിക ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. സുഹൃത്തുക്കളുടെ ഉപദേശം ഗുണം ചെയ്യുന്നതാണ്. പ്രായോഗികവശം ചിന്തിച്ച് തീരുമാനം കൈക്കൊള്ളും. ചെലവിൽ കരുതൽ വേണ്ടതുണ്ട്. ഭൂമിയോ വീടോ വാങ്ങാൻ തീരുമാനിക്കുമെങ്കിലും തടസ്സങ്ങളുണ്ടാവും. അനുബന്ധ ജോലികളിൽ നിന്നും വരുമാനം വർദ്ധിക്കും. കുടുംബബന്ധങ്ങളുടെ മൂല്യം പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ നല്ലതീരുമാനത്തിന് സാധ്യതയുണ്ട്. അവധിക്കാലം വിനോദയാത്രയ്ക്ക് ചെലവഴിച്ചേക്കും. രേവതി മനസ്സിൽ കുറിച്ചിട്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരു പരിധിവരെയെങ്കിലും സാധിക്കുന്നതാണ്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഗുണകരമാവും. മുൻപു പരിശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളിൽ അനായാസ വിജയം നേടുന്നതിനാവും. വിരോധികളുടെ പ്രവർത്തനത്തെ മറികടക്കുന്നതാണ്. മൗനത്തിൻ്റെ ശക്തി തിരിച്ചറിയും. ന്യായമായ രീതിയിൽ വരുമാനമുണ്ടാകും. ബിസിനസ്സിലെ മന്ദഗതി നീങ്ങി പുരോഗതി വ്യക്തമായിത്തുടങ്ങും. വിദേശത്തുനിന്നും ധനമോ പാരിതോഷികങ്ങളോ വന്നെത്തുന്നതാണ്. വിവരസാങ്കേതിക വിദ്യയിൽ കൂടുതൽ അറിവു നേടാനാവും. പിതൃപുത്രബന്ധത്തിലെ അസ്വാരസ്യങ്ങൾ നീങ്ങിയേക്കും. ചർച്ചകളിൽ ശോഭിക്കുന്നതാണ്. കലാരംഗവുമായി ബന്ധപ്പെട്ടവർക്ക് പുതു അവസരങ്ങൾ ലഭിക്കാനിടയുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.