HOROSCOPE

ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Chingam

Follow Us Monthly Horoscope: ചിങ്ങ മാസം നിങ്ങൾക്കെങ്ങനെ? ആദിത്യൻ കർക്കടകം 32 ആയ ആഗസ്റ്റ് 16ന് സന്ധ്യക്ക് ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ, മകം, പൂരം, ഉത്രം എന്നീ ഞാറ്റുവേലകളിലായി സഞ്ചരിക്കുകയാണ്. ചിങ്ങം 3ന് വെളുത്തവാവ്, ചിങ്ങം 17ന് കറുത്തവാവ് എന്നിവ ഭവിക്കുന്നു. ഈ വർഷത്തെ തിരുവോണം ചിങ്ങം 30ന് ( സെപ്തംബർ 15 ന്) ഞായറാഴ്ചയാണ്. ചൊവ്വ ഇടവം രാശിയിലാണ്. ചിങ്ങം 10ന് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ ചിങ്ങം രാശിയിലാണ്. 6-ാം തീയതി വക്രഗതിയായി കർക്കടകത്തിലും 19 ന് വീണ്ടും നേർഗതിയായി ചിങ്ങത്തിലും പ്രവേശിക്കുന്നു. ആയില്യം, മകം നക്ഷത്രങ്ങളിലായാണ് ബുധൻ്റെ സഞ്ചാരം. ചിങ്ങം 12ന് ബുധൻ്റെ വക്രമൗഢ്യം തീരുന്നു. ശുക്രൻ 8 ന് ചിങ്ങം രാശിയിൽ നിന്നും തൻ്റെ നീചരാശിയായ കന്നിരാശിയിൽ പ്രവേശിക്കുന്നു. പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ നാലുനക്ഷത്രങ്ങളിലായി ശുക്രൻ യാത്ര ചെയ്യുകയാണ്. വ്യാഴം ഇടവം രാശിയിലാണ്. ചിങ്ങം 4 ന് പകൽ രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് പകരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും പിൻഗതിയായി തുടരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും കൊല്ലവർഷം1200 ചിങ്ങമാസത്തിലെ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു. അശ്വതി വ്യാഴം, ശനി, ആദിത്യൻ തുടങ്ങിയ ഗ്രഹങ്ങൾ അനുകൂല ഭാവത്തിലാകയാൽ ഗുണാനുഭവങ്ങൾ തന്നെയാവും ചിങ്ങമാസത്തിൽ മുഖ്യത്വം നേടുക. ഏതുകാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവും. അതിൽ ഉറച്ചുനിൽക്കും. മറ്റുള്ളവരെക്കൊണ്ട് സ്വന്തം നിലപാട് അംഗീകരിപ്പിക്കാനുമാവും. പ്രവർത്തനം സമയനിഷ്ഠയോടെ പൂർത്തീകരിക്കും. നൂതന കാര്യങ്ങൾ ആവിഷ്കരിക്കുവാൻ ശ്രമിക്കുന്നതാണ്. സ്വയം ആഹ്ളാദിക്കും. അത് ഒപ്പമുള്ളവരിലും സംക്രമിപ്പിക്കും. ഉന്നതാധികാരികളുടെ പ്രശംസ ലഭിക്കുന്നതാണ്. മങ്ങിപ്പോയ വ്യക്തിബന്ധങ്ങൾ പുന:സ്ഥാപിക്കുന്നതിൽ താല്പര്യം ഉണ്ടാവും. സാമ്പത്തിക ഞെരുക്കം വരില്ല. എന്നാൽ പന്ത്രണ്ടാം ഭാവത്തിലെ രാഹു അല്പം പാഴ്ച്ചെലവുകൾ വരുത്തിയേക്കും. അതിൽ പ്രയോജനരഹിതമായ യാത്രയും ചേർക്കാം. ശാരീരിക - മാനസിക ആരോഗ്യം നിലനിർത്തുന്നതാണ്. ഭരണി ഗ്രഹാനുകൂല്യം ഉള്ള കാലമാകയാൽ ഗുണാനുഭവങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതാണ്. ബുദ്ധിയുടെ ഉണർവ്വും ആലോചനാശക്തിയും വർദ്ധിക്കും. പുതിയ കാര്യങ്ങൾ മനസ്സിലാക്കും. കർമ്മരംഗം ഉന്മേഷകരമാവും. പ്രവർത്തികളിൽ മികവ് പുലർത്തുന്നതാണ്. ബന്ധങ്ങളും സൗഹൃദങ്ങളും പുഷ്ടിപ്പെടും. പൂർവ്വ സുഹൃത്തുക്കളെ കാണാനും അവരുടെ ഭവനം സന്ദർശിക്കാനും സാധിക്കുന്നതാണ്. സംരംഭകർക്ക് അനുകൂലമായ സാഹചര്യമാണ്. മനസ്സിലെ പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുന്നതാണ്. സർക്കാരിൽ നിന്നുള്ള രേഖകളും മറ്റും ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അർഹതയ്ക്ക് തുല്യമായ അവസരങ്ങൾ വന്നെത്തും. കുഞ്ഞുങ്ങളില്ലാത്തവർക്ക് തൽസംബന്ധമായ ശുഭവാർത്തയുണ്ടാവും. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെട്ടതായി തുടരും. ചെലവുകൾ നിയന്ത്രിക്കപ്പെടണം. കാർത്തിക വ്യക്തിപരമായും തൊഴിൽപരമായും ഉള്ള പുരോഗതിയെ ബാധിച്ചിരുന്ന വിഘ്നങ്ങൾ നീങ്ങുന്നതാണ്. മനസ്സിൻ്റെ വൈക്ലബ്യം ഒഴിയും. ചടുലമായ രീതിയിൽ കർമ്മരംഗത്തിറങ്ങാൻ സാധിക്കുന്നതാണ്. പ്രതീക്ഷിച്ച സഹായവും സഹകരണവും വന്നെത്തും. അപവാദം പറയുന്നവരെ നിസ്സാരീകരിച്ച് മുന്നേറാനാവുന്നതാണ്. മേലുദ്യോഗസ്ഥരുടെ അപ്രീതി നീങ്ങിയേക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങും. ധനപരമായി മെച്ചമുണ്ടാവും. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറാനാവും. ആഢംബരച്ചെലവുകൾ വെട്ടിച്ചുരുക്കിയേക്കും. ചെറിയ സംരംഭങ്ങൾക്ക് മൂലധനവും ആവശ്യമായ സജ്ജീകരണങ്ങളും കണ്ടെത്തും. ആത്മീയ കാര്യങ്ങൾക്കും സാഹചര്യം അനുകൂലമാവും. രോഹിണി നാലാം ഭാവാധിപനായ ആദിത്യൻ നാലിൽ തന്നെ സഞ്ചരിക്കുകയാൽ മാതൃസൗഖ്യം ഉണ്ടാവും. വാഹന യോഗമുണ്ട്. വസ്തുവാങ്ങാനുള്ള സാധ്യതയും കാണുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്നേഹവും അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികവു തെളിയിക്കാൻ കഴിയും. മനക്ലേശവും ഉദാസീനതയും അകലുന്നതാണ്. കലാപ്രവർത്തകർക്കും ഉന്മേഷമുണ്ടാവും. നല്ല അവസരങ്ങൾക്ക് പരിഗണിക്കപ്പെടും. ബിസിനസ്സിൽ വിപുലീകരണം സാധ്യമായേക്കും. ഊഹക്കച്ചവടം, ചിട്ടി, ഇൻഷ്വറൻസ് തുടങ്ങിയവയും ഉതകുന്നതായിരിക്കും. സ്ഥാപനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയും. കണ്ടകശനി തുടരുന്നതിനാൽ കർമ്മരംഗത്ത് കൂടുതൽ ജാഗ്രത എപ്പോഴും ഉണ്ടാവണം. മകയിരം മനസ്സിൻ്റെ മൃദുഭാവങ്ങളെ ആരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കും. അക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നത് നല്ലതാണ്. മിഥുനക്കൂറുകാർക്ക് ആദിത്യൻ സഹായസ്ഥാനത്താകയാൽ ഒറ്റപ്പെടലുണ്ടാവില്ല. കാര്യസാധ്യം ക്ലേശകരമായേക്കില്ല. പൂർവ്വിക സ്വത്തുസംബന്ധമായ തർക്കങ്ങൾ പരിഹരിക്കും. കൂട്ടുകച്ചവടം മെച്ചപ്പെടുന്നതാണ്. ഉപഭോക്താക്കളുടെ അഭിപ്രായം സ്വീകരിക്കും. സഹോദര ബന്ധം ദൃഢമാകുന്നതാണ്. അനുഭവജ്ഞാനം സഹപ്രവർത്തകർക്ക് പങ്കുവെക്കും. ഗൃഹം മോടിപിടിപ്പിക്കുന്നതാണ്. ജന്മനാട്ടിലേക്ക് പോകാനും ബന്ധുക്കളെ സന്ദർശിക്കാനും അവസരമുണ്ടാവും. ശാരീരിരി ക്ലേശങ്ങൾക്ക് ചികിൽസ തേടേണ്ടതായി വന്നേക്കാം. തിരുവാതിര പുതിയ പ്രതീക്ഷകളുടെ കാലമായിരിക്കും വരുന്നത്. മാനസിക പിരിമുറുക്കത്തിന് അയവുണ്ടാകും. ഉള്ളിലെ സഹജശക്തികൾക്ക് വളരാൻ തക്ക അവസരങ്ങൾ സംജാതമാകും. ശത്രുതാമനോഭാവം പുലർത്തിയവർ ഇണങ്ങും. സ്വകാര്യസ്ഥാപനത്തിൽ ജോലി കിട്ടുന്നതാണ്. ജോലിയിലുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. അദ്ധ്വാനം മേലധികാരികളാൽ തിരിച്ചറിയപ്പെടും. ദൂരദിക്കിൽ കഴിയുന്ന ബന്ധുമിത്രാദികൾക്ക് തമ്മിൽ കാണാനും ആഘോഷങ്ങളിൽ ഒത്തുചേരാനുമാവും. സ്വാശ്രയ തൊഴിലിൽ വരുമാനം വർദ്ധിക്കുന്നതാണ്. ചെറിയ കടബാധ്യതകൾ വീട്ടാനാവുന്നതിനാൽ ആശ്വസിക്കാനാവും. പൊതുപ്രവർത്തകരുടെ സ്വീകാര്യത ഉയരുന്നതാണ്. മക്കളുടെ ആഗ്രഹത്താൽ വിനോദ യാത്രകൾ നടത്തും. പുണർതം കാര്യബോധത്തോടെ പ്രവർത്തിക്കാനാവും. തടസ്സങ്ങളുടെ സാധ്യത നേരത്തെ മനസ്സിലാക്കി മുൻകരുതലെടുക്കും. ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്നതിനാൽ അധികാരികളുടെ പ്രശംസ ലഭിക്കുന്നതാണ്. സാമ്പത്തിക ഉപദേശം സ്വീകരിക്കുന്നത് പ്രയോജനം ചെയ്യുന്നതായിരിക്കും. കൂടുതൽ സമയം തൊഴിലിടത്തിൽ ചിലവഴിക്കേണ്ടി വരുന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറച്ചിട്ട് സ്വയം മുന്നിട്ടിറങ്ങുന്ന പ്രവണത വർദ്ധിക്കും. അതിവിനയം കാണിക്കുന്നവരെ അകറ്റി നിർത്തും. ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത അനുഭവപ്പെടുന്നതാണ്. മക്കളുമായുള്ള ബന്ധം കൂടുതൽ ഗാഢമാകും. ഗുണമൂല്യമുള്ള നവീന ഗാർഹിക ഉല്പന്നങ്ങൾ വാങ്ങാൻ ചെലവ് കൂടും. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരുന്നതാണ്. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്. പൂയം ജന്മത്തിൽ നിന്നും ആദിത്യൻ മാറുന്നത് ആശ്വാസകരമാണ്. അലച്ചിലും ആയാസവും മനക്ലേശവും കുറയും. പതിനൊന്നിലെ വ്യാഴ സഞ്ചാരത്തിൽ കൂടുതൽ നേട്ടങ്ങളും ഭാഗ്യപുഷ്ടിയും പ്രതീക്ഷിക്കാം. ചിങ്ങമാസത്തിൽ സാമ്പത്തികമായി മെച്ചമുണ്ടാവും. ബിസിനസ്സിൽ കൂടുതൽ ധനം മുടക്കേണ്ടതായി വരുന്നതാണ്. അവ ആദായമായി മാറുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് കുറച്ചുകാലം ഇൻ്റെൺഷിപ്പിന് അവസരം ലഭിച്ചേക്കും. ഗവേഷകർക്ക് പ്രവൃത്തിയിൽ മെച്ചമേറുന്നതാണ്. ഔദ്യോഗികമായി മെച്ചപ്പെടുവാനാവും. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കുന്നതാണ്. ചൊവ്വ പന്ത്രണ്ടിൽ പ്രവേശിക്കുന്നതിനാൽ ഇടക്ക് ദേഹക്ലേശം വരാം. വാഹനം ഉപയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രത വേണം. ആയില്യം ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. കർക്കടമാസത്തിൽ അനുഭവപ്പെട്ട വ്യക്തിപരമായ ക്ലേശങ്ങളും തൊഴിൽ തടസ്സങ്ങളും നീങ്ങും. സ്വാശ്രയശീലം ഗുണകരമാവുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളുടെ പ്രീതി കൂടുതലാവും. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. ഉറച്ച വാക്കുകൾ പറയും. വാക്കുകൾ പ്രാവർത്തികമാക്കുക മൂലം അനുമോദനം ലഭിക്കും. വിശ്വസനീയത ഉയരുന്നതാണ്. തൊഴിൽ അന്വേഷകർക്ക് താത്കാലികമായ അവസരമെങ്കിലും കിട്ടാതിരിക്കില്ല. സ്വന്തം ഉല്പന്നങ്ങൾക്ക് വിപണിമൂല്യം ഉയരുന്നതിൽ ആശ്വസിക്കാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭങ്ങൾ വരും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. ആഘോഷങ്ങൾക്ക് അകലെനിന്ന് ബന്ധുക്കളെത്തും. വൈദ്യുതി, അഗ്നി ഇവ ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മകം ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ദേഹമനക്ലേശങ്ങൾ ഭവിക്കാം. കരുതി വെച്ചിരുന്ന ധനം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്നതാണ് പ്രവർത്തന മേഖലയിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങുക എന്നതിനെക്കാൾ നിലവിലുള്ളവയെ - വ്യക്തിബന്ധങ്ങളാവാം, സ്ഥാപനങ്ങളാവാം - നിലനിർത്തുക എന്നതാവും വെല്ലുവിളി. ആദ്യ ആഴ്ചക്കുശേഷം ചൊവ്വ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ശത്രൂപദ്രവത്തെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. തടസ്സപ്പെട്ടു പോയ ഭൂമിവ്യാപാരം പുഷ്ടിപ്പെടാനിടയുണ്ട്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. പലരും ഉപദേശിക്കാൻ ഉണ്ടാവും. ആരുടെ വാക്കുകൾ ഹിതകരമെന്നത് കുഴപ്പമുണ്ടാക്കും. ദാമ്പത്യത്തിൽ സ്വൈരത വന്നും പോയുമിരിക്കും. സ്ഥായിത്വം പലതിലും ഏറിയും കുറഞ്ഞുംഭവിക്കാം. പൂരം ആദിത്യൻ, ബുധൻ, ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾക്ക് തുടർച്ചയായ രാശിമാറ്റം വരികയാൽ കാര്യങ്ങൾ അനിശ്ചിതമായിരിക്കും. ചിലതൊക്കെ മുൻ നിശ്ചയമില്ലാതെ ചെയ്യേണ്ടി വരും. മുൻ തീരുമാനങ്ങൾ ചിലപ്പോൾ മാറ്റേണ്ടി വരാം. തസ്തിക മാറാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം വിജയിച്ചേക്കില്ല. കരാർ ജോലികൾ നീട്ടപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. കുടുംബാംഗങ്ങളുടെ ഐക്യം വെളിപ്പെടും. എല്ലാവർക്കും ഒത്തുകൂടാൻ അവസരം ഉണ്ടാവുന്നതാണ്. ഉപാസനകൾക്കും സൽകർമ്മാദികൾക്കും തടസ്സം വരാം. ബാധ്യതകൾ പരിഹരിക്കുവാൻ ശ്രമം തുടരുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുമതി ലഭിക്കുക എളുപ്പമാവില്ല. പിത്തജന്യരോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്. ഉത്രം അലച്ചിലിനും ആശങ്കകൾക്കും അവസാനമാകുന്നതാണ്. സമാശ്വാസം ഭവിക്കുന്നതായിരിക്കും. തൊഴിലിടത്തിൽ ആധിപത്യമുണ്ടാവും. ഒപ്പമുള്ളവർ ആധികാരിക അഭിപ്രായത്തിന് സമീപിച്ചേക്കും. സ്വന്തബന്ധുക്കളുടെ ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയ്യെടുക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത ഉണ്ടാവും. ഇടക്കാല പരീക്ഷകൾക്ക് സജ്ജരാവും. തൊഴിലിൽ നിന്നും വരുമാനം പ്രതീക്ഷിച്ചത്ര തന്നെയുണ്ടാവും. സ്വർണ്ണം, ഉടയാടകൾ ഇവ വാങ്ങുന്നതാണ്. ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർക്ക് ഇടയ്ക്ക് സമ്മർദ്ദങ്ങളെ നേരിടേണ്ടിവരും. പുതിയ തലമുറയുടെ പ്രശ്നങ്ങൾ പഠിച്ചറിയാൻ ശ്രമിക്കുന്നതായിരിക്കും. പിതൃപുത്രബന്ധം കൂടുതൽ ദൃഢമാകും. കിടപ്പുരോഗികൾക്ക് ചികിൽസാഭേദത്താൽ ഗുണം അനുഭവപ്പെടും. അത്തം ന്യായമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കും. എന്നാൽ കുറച്ചൊക്കെ അലച്ചിലും കൂടുതലായ ചെലവുകളും ഉണ്ടാവും. അധികാര സ്ഥാനത്തുള്ളവരെ പരിചയപ്പെടും. സംരംഭങ്ങൾക്ക് സർക്കാർ അനുമതി നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. സംഘടനയിലെ ഭിന്നപക്ഷങ്ങളെ യോജിപ്പിക്കുന്ന ദൗത്യത്തിൽ ക്ലേശമുണ്ടാകും. ജന്മത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഭോഗസുഖം, വചോവിലാസം ഇവയുണ്ടാവും. ബുധാനുകൂല്യത്താൽ പഠനത്തിൽ മികവ്, ഗ്രന്ഥപാരായണാനുഭവങ്ങൾ, ബന്ധുപ്രീതി ഇവയും പ്രതീക്ഷിക്കാം. ധനനിക്ഷേപങ്ങളിൽ വിദഗ്ദ്ധോപദേശം തേടുന്നത് ഉചിതമാവും. ചെറുകടങ്ങൾ തീർക്കാനാവുന്നതിനാൽ ആശ്വാസമുണ്ടാവും. ഭാഗ്യാനുഭവങ്ങൾ ആവർത്തിക്കും. ദൈവസമർപ്പണങ്ങൾ തടസ്സമില്ലാതെ നടക്കുന്നതാണ്. ചിത്തിര തുലാക്കൂറുകാർക്ക് കൂടുതൽ പ്രയോജനകരമാണ്, ചിങ്ങമാസം. ആദിത്യൻ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. മത്സരങ്ങൾ, അഭിമുഖങ്ങൾ എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കുന്നതാണ്. നീണ്ടുപോയിരുന്ന വ്യവഹാരത്തിൽ അനുകൂലമായ വിധിയും ഉണ്ടായേക്കും. പരിശീലന കാലം കഴിഞ്ഞ് ജോലിയിൽ സ്ഥിരനിയമനം കിട്ടാനിടയുണ്ട്. വീടിനടുത്തേക്ക് സ്ഥലംമാറ്റം ഉണ്ടാവാനും സാധ്യതകളേറെയാണ്. കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് ഭാഗികമായ ഗുണങ്ങൾ ഉണ്ടാവുന്നതാണ്. വരവിനൊപ്പം ചെലവും കൂടുന്നതായിരിക്കും. സ്വതന്ത്ര നിലപാടുകൾ ചോദ്യം ചെയ്യപ്പെടും. യാത്രകൾ കൂടിയേക്കും. ശുക്രൻ്റെ അനുകൂലതയാൽ ഭോഗാനുഭവങ്ങൾ, പാരിതോഷിക ലബ്ധി, കലാപരമായ വാസനകൾക്ക് വളർച്ച തുടങ്ങിയവ ഭവിക്കാം. ചോതി സുവ്യക്തമായ ധാരണയുണ്ടാവും, എന്തിനെക്കുറിച്ചും. പ്രായോഗികതയിൽ ഉറച്ചുനിൽക്കുന്നതാണ്. സാമ്പത്തിക ചതിക്കുഴികളിൽ നിന്നും ഓൺലൈൻ കബളിപ്പിക്കലുകളിൽ നിന്നും രക്ഷനേടും. നഷ്ടപ്പെട്ട ജോലി തിരികെ കിട്ടാം. അധികാരമുള്ള ചുമതലകൾ വന്നുചേർന്നേക്കും. ബിസിനസ്സുകാർക്ക് കൂടുതൽ സാധനസാമഗ്രികൾ കരുതേണ്ടി വരും. ക്രമേണ ലാഭം പ്രതീക്ഷിക്കാം. ധർമ്മകാര്യങ്ങൾക്കും പുണ്യകാര്യങ്ങൾക്കും സർവ്വാത്മനാ സഹകരിക്കും. മുടങ്ങിക്കിടക്കുന്ന വായ്പകൾ അടച്ചുതീർക്കാൻ സാധിക്കും. അന്യദേശങ്ങളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് വരാൻ അവസരം ഒരുങ്ങും. പിതൃസ്വത്തിൻ്റെ രേഖാമൂലമായ അവകാശം സിദ്ധിക്കുന്നതാണ്. ആഢംബരച്ചെലവുകൾ വർദ്ധിച്ചേക്കും. വിശാഖം ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്ന കാലമാണ്. മുഖ്യമായും തൊഴിലിൽ മെച്ചമുണ്ടാവും. സംരംഭങ്ങളിൽ വിപുലീകരണം സാധ്യമായേക്കും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം അനുഭവപ്പെടുന്നതാണ്. സഹപ്രവർത്തകരുടെ ആത്മാർത്ഥതയിൽ നന്ദി രേഖപ്പെടുത്തും. കുടുംബകാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതാണ്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവിധം ഉദ്യോഗത്തിൽ അനുകൂലമായ മാറ്റമുണ്ടാവും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. കക്ഷിരാഷ്ട്രീയത്തിൽ കൂടുതൽ ആഭിമുഖ്യം തോന്നുവാനിടയുണ്ട്. സ്വർണാഭരണങ്ങൾ, പട്ടുവസ്ത്രങ്ങൾ എന്നിവ വാങ്ങിയേക്കും. വിദേശത്തുനിന്നുമുള്ള ബന്ധുക്കളുടെ സന്ദർശനം പ്രതീക്ഷിക്കാം. പിതാവിൻ്റെ ആരോഗ്യകാര്യത്തിലെ ഉത്കണ്ഠ അകലും. അനിഴം ഗ്രഹാനുകൂല്യം ഉള്ള കാലമാകയാൽ കാര്യവിഘ്നം നീങ്ങി മുന്നേറാനാവും. ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായധാരണ വരുന്നതാണ്. മുൻപ് വലിയതായി പ്രയത്നിച്ചിട്ടും നേടാനാവാത്ത കാര്യങ്ങൾ ഇപ്പോൾ ലഘുപ്രയത്നത്താൽ നേടാനായേക്കും. കർമ്മരംഗം ഉണരുന്നതാണ്. സംരംഭകർക്ക് ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിയാനാവും. വായ്പകൾ നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. ഉദ്യോഗത്തിൽ സ്വസ്ഥത വന്നുചേരും. അധ്വാനത്തിന് അംഗീകാരമുണ്ടാവും. ഓൺലൈൻ ബിസിനസ്സ് കൂടുതൽ വിപുലീകരിക്കാൻ കഴിയുന്നതാണ്. ദീർഘനാളായി പ്രണയിക്കുന്നവർക്ക് വിവാഹസാഫല്യം ഉണ്ടായേക്കും. കുടുംബബന്ധത്തിലെ കാലുഷ്യങ്ങൾ അകലുകയും സ്നേഹവിശ്വാസങ്ങൾ ദൃഢമാവുകയും ചെയ്യുന്നതാണ്. തൃക്കേട്ട തൊഴിൽ തേടുന്നവർക്ക് പുതു അവസരങ്ങൾ ലഭിക്കുന്നതാണ്. സാഹചര്യവശാൽ ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയും. സ്വശക്തിയിൽ പൂർണ്ണബോധ്യം വരുന്നതാണ്. വിജയകരമാവും, ഏറ്റെടുത്ത ദൗത്യം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന രേഖകളും അനുമതികളും ലഭിക്കുന്നതാണ്. സ്വാഭിപ്രായം വീട്ടിലും പുറത്തും വിലമതിക്കപ്പെടും. സംരംഭകർക്ക് സമാശ്വസിക്കാനും ലാഭം നേടാനുമാവും. ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾക്ക് സ്വീകാര്യത ലഭിക്കും. സംഘടനകളിൽ അർഹമായ നേതൃപദവി കൈവരുന്നതാണ്. ആഘോഷങ്ങൾക്ക് വേണ്ട ധനം കരുതിവെക്കാൻ സന്നദ്ധതയുണ്ടാവും. ഭാവി സംബന്ധിച്ച നല്ല തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. മൂലം അഷ്ടമത്തിലെ ആദിത്യൻ സൃഷ്ടിച്ച അലോസരങ്ങൾക്കും സമാധാനക്കേടുകൾക്കും അവസാനമാകും. പുതിയ കാര്യങ്ങൾ ചിന്തിക്കും. സുഹൃത്തുക്കളുടെ പ്രോൽസാഹനം സന്തോഷമേകും. നറുക്കെടുപ്പ്, ചിട്ടി ഇവയിൽ അനുകൂലതയുണ്ടാവും. വ്യാപാരസ്ഥാപനം നവീകരിക്കുന്നതാണ്. ആഘോഷങ്ങൾക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തും. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽക്കണ്ഠ നീങ്ങും. കഫജന്യരോഗങ്ങൾ ശമിക്കുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. ആറിലെ ചൊവ്വ ഏഴിലേക്ക് നീങ്ങുന്നതിനാൽ പ്രണയികൾക്ക് ഇച്ഛാഭംഗമുണ്ടാവും. ദാമ്പത്യത്തിലും ക്ലേശാനുഭവങ്ങൾ ഭവിച്ചേക്കാം. കൂട്ടുകച്ചവടം തുടങ്ങാൻ ഉചിതമായ കാലമല്ല. ശത്രുക്കളുടെ ഉപദ്രവത്തെ പ്രതിരോധിക്കാൻ ഊർജ്ജം ചെലവഴിക്കേണ്ടി വരും. പൂരാടം കർക്കടകത്തിൻ്റെ ദുരിതപർവ്വം താണ്ടിയും ക്ലേശങ്ങൾ അകന്നും മനസ്സ് സ്വസ്ഥതയിലാവും. ഭാവി പ്രതീക്ഷകൾ വർദ്ധിക്കുന്നതാണ്. പ്രധാനമായും മക്കളുടെ കാര്യത്തിലെ ഉൽകണ്ഠ നീങ്ങുന്നതാണ്. സ്വയം വിലയിരുത്തുന്നതിൽ വ്യക്തമാംവിധം സന്തുലനം പുലർത്തും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളെ നേരിടേണ്ടി വരുന്നതാണെങ്കിലും വിജയിക്കാനാവും. വിട്ടുവീഴ്ചാ മനോഭാവം ദാമ്പത്യ സ്വസ്ഥതയ്ക്ക് അനിവാര്യമായിത്തീരും. സങ്കീർണമായ കാര്യങ്ങളെ പ്രായോഗിക ബുദ്ധിയാൽ ലളിതമാക്കുന്നതാണ്. ധനപരമായി ആശ്വസിക്കാനാവും. സംരംഭങ്ങളിൽ വളർച്ച പ്രതീക്ഷിക്കാം. നറുക്കെടുപ്പുകൾ അനുകൂലമാവും. കുടുംബത്തിലെ വയോധികരുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധയുണ്ടാവണം. ഉത്രാടം ധനുക്കൂറുകാർക്ക് അനുകൂലത ഉണ്ടാവും. കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളായി നിരന്തരം അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെ അതിജീവിക്കാൻ കഴിയുന്നതാണ്. തിരിച്ചറിഞ്ഞേക്കും, ചുറ്റുമുള്ളതിൻ്റെ ഉള്ളുകള്ളികൾ. അതിനനുസരിച്ച് നിലപാടുകൾ കൈക്കൊള്ളാനും കഴിയുന്നതാണ്. പ്രവൃത്തികൾ ചടുലമാവും. ലക്ഷ്യത്തെക്കുറിച്ച് വ്യക്തത പുലർത്തുന്നതാണ്. മകരക്കൂറുകാർക്ക് സന്ദേഹങ്ങൾ തുടരപ്പെടാം. ആവശ്യമില്ലാത്ത തിടുക്കം കുഴപ്പത്തിൽ ചാടിക്കാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെ ജാഗ്രത വേണ്ട സമയമാണ്. പൊതുവേ ചില നേട്ടങ്ങൾ വന്നുചേരും. രാഷ്ട്രീയ നിലപാടുകൾക്ക് ലഭിക്കുന്ന സ്വീകാര്യത അതിലുൾപ്പെടും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ചയോ കൂടുതൽ ചുമതലകളോ ലഭിക്കാവുന്നതാണ്. തിരുവോണം പണം മുൻകൂട്ടി ചെലവാക്കിയുള്ള വ്യാപാരത്തിൽ നിന്നും പിൻമാറുകയാണ് കരണീയം. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ക്ലേശിക്കും. മേലധികാരികളുടെ അപ്രീതി മാറുന്ന വിധത്തിൽ പ്രവർത്തിക്കുന്നതാണ്. ശത്രൂപദ്രവത്തെ പ്രതിരോധിക്കുവാൻ ധാരാളം ഊർജ്ജം ചെലവഴിച്ചേക്കും. ഏജൻസി വ്യാപാരം, കമ്മീഷൻ ജോലികൾ എന്നിവയിൽ നിന്നും ആദായമുണ്ടാവും. ഉത്സവ - ആഘോഷ സംഘടനകളിൽ പ്രവർത്തിക്കും. ചെലവുകളിൽ മിതത്വം അനിവാര്യമാണ്. അസുഖം ഉണ്ടോ എന്നുള്ള തോന്നൽ ഒഴിയാബാധയാവും. പുതുവാഹനം വാങ്ങാനുള്ള ശ്രമം തുടരുന്നതാണ്. അവധിക്കാലത്ത് ജന്മനാട്ടിലേക്ക് സകുടുംബം ജന്മനാട്ടിലേക്ക് യാത്ര ചെയ്യും. ബന്ധങ്ങൾ പുഷ്ടിപ്പെടുന്നതിൽ സന്തോഷമുണ്ടാവും. അവിട്ടം പ്രവൃത്തിയിലെ ആത്മാർത്ഥതയും മികവുമൊക്കെ തിരിച്ചറിയപ്പെടാം. സഹപ്രവർത്തകരുടെ ഒത്താശ ഭാഗികമായി മാത്രം ലഭിക്കുന്നതാണ്. സ്വാധികാരം പ്രയോഗിക്കുന്നത് എതിർശബ്ദങ്ങൾക്കും കാരണമാകാം. സ്ഥലം മാറ്റ ഉത്തരവ് നീളുന്നത് വിഷമിപ്പിക്കാനിടയുണ്ട്. തൊഴിലന്വേഷകർക്ക് സ്വകാര്യ സ്ഥാപനത്തിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ജോലി തരപ്പെടാം. പൊതുപ്രവർത്തനത്തിൽ ഉന്മേഷം കുറയും. എന്നാൽ പൂർണമായും പിൻവാങ്ങാനും കഴിയാത്തവിധം ചുമതലകളുണ്ടാവും. ആഘോഷങ്ങളെ മുൻനിർത്തി കച്ചവടത്തിൽ അമിതമായ വിധം മുതലിറക്കുന്നത് കരുതലോടെ വേണം. പാരമ്പര്യവസ്തുക്കൾ നോക്കിനടത്താൻ ആരുമില്ലെന്ന സ്ഥിതിയുണ്ടാവും. പ്രണയികൾക്ക് ഉറച്ച തീരുമാനം കൈക്കൊള്ളേണ്ടതായി വരുന്നതാണ്. ചതയം പാരമ്പര്യമായി ചെയ്തുപോരുന്ന ബിസിനസ്സിൽ താത്പര്യം ഉണ്ടാവും. ചുമതലകൾ ഏറ്റെടുക്കുന്നതാണ്. ധൃതിപിടിച്ച നവീകരണം ഗുണകരമാവണമെന്നില്ല. അക്കാര്യം വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം നടത്തുന്നതാവും ഉചിതം. എല്ലാക്കാര്യത്തെക്കുറിച്ചും ആശയക്കുഴപ്പം ഭവിക്കുന്ന കാലമാണ്. സാമ്പത്തിക കാര്യങ്ങളിൽ ഞെരുക്കം ഉണ്ടാവുകയാൽ ചെലവിൽ നിയന്ത്രണം വരുത്തിയേക്കും. സ്വകാര്യസ്ഥാപനത്തിൽ താത്കാലിക ജോലി ലഭിച്ചേക്കാം. ഏജൻസി പ്രവർത്തനം ലാഭകരമാവുന്നതാണ്. പൊതുക്കാര്യങ്ങളിലെ പരസ്യ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. കൂട്ടുകെട്ടുകൾ അനിഷ്ടകാരികളാവും. കുടുംബാംഗങ്ങളെ ഒരുമിപ്പിക്കുന്നതിൽ വിജയിക്കും. മകളുടെ ജോലിസ്ഥലത്തേക്ക് താമസം മാറുന്ന കാര്യം നീളാനിടയുണ്ട്. പൂരൂരുട്ടാതി കുംഭക്കൂറുകാർക്ക് സമ്മിശ്രഫലങ്ങളാവും. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ ലഭിക്കാൻ തടസ്സമനുഭവപ്പെടും. അപ്രായോഗിക ചിന്തകൾ മുൻതൂക്കം നേടുന്നതാണ്. രാഷ്ട്രീയ ഇടപെടലുകളെ തിരിച്ചറിയുവാൻ വിഷമമുണ്ടാവില്ല. കൂട്ടുകച്ചവടത്തിൽ പുരോഗതി കുറഞ്ഞേക്കും. എന്നാൽ ബിസിനസ്സ് യാത്രകൾ ചെറുനേട്ടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പിതാവിൻ്റെ ധനം / സ്വത്തുക്കളിലെ വരുമാനം പ്രയോജനപ്പെടുത്തും. മീനക്കൂറുകാർക്ക് അവസരോചിതമായ നീക്കങ്ങളിലൂടെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കുവാനാവും. ദാമ്പത്യത്തിൽ സ്നേഹോഷ്മളതകൾ ഇടംപിടിക്കുന്നതാണ്. ആഘോഷങ്ങൾക്ക് ആവശ്യമായ ധനം കരുതാൻ കഴിയും. ദേഹസുഖവും മനസ്സുഖവും ഉണ്ടാവും. ഉത്രട്ടാതി രാഹുവിൻ്റെ ജന്മനക്ഷത്ര സഞ്ചാരത്താലുള്ള ചില ക്ലേശങ്ങൾ ഉണ്ടാവുമെങ്കിലും അനുകൂല അന്തരീക്ഷം തൊഴിലിടത്തിൽ സംജാതമാകും. ക്ഷമാപൂർവ്വമായ നീക്കങ്ങൾ വിജയം കാണും. ഔദ്യോഗിക ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. സുഹൃത്തുക്കളുടെ ഉപദേശം ഗുണം ചെയ്യുന്നതാണ്. പ്രായോഗികവശം ചിന്തിച്ച് തീരുമാനം കൈക്കൊള്ളും. ചെലവിൽ കരുതൽ വേണ്ടതുണ്ട്. ഭൂമിയോ വീടോ വാങ്ങാൻ തീരുമാനിക്കുമെങ്കിലും തടസ്സങ്ങളുണ്ടാവും. അനുബന്ധ ജോലികളിൽ നിന്നും വരുമാനം വർദ്ധിക്കും. കുടുംബബന്ധങ്ങളുടെ മൂല്യം പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ നല്ലതീരുമാനത്തിന് സാധ്യതയുണ്ട്. അവധിക്കാലം വിനോദയാത്രയ്ക്ക് ചെലവഴിച്ചേക്കും. രേവതി മനസ്സിൽ കുറിച്ചിട്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരു പരിധിവരെയെങ്കിലും സാധിക്കുന്നതാണ്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഗുണകരമാവും. മുൻപു പരിശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളിൽ അനായാസ വിജയം നേടുന്നതിനാവും. വിരോധികളുടെ പ്രവർത്തനത്തെ മറികടക്കുന്നതാണ്. മൗനത്തിൻ്റെ ശക്തി തിരിച്ചറിയും. ന്യായമായ രീതിയിൽ വരുമാനമുണ്ടാകും. ബിസിനസ്സിലെ മന്ദഗതി നീങ്ങി പുരോഗതി വ്യക്തമായിത്തുടങ്ങും. വിദേശത്തുനിന്നും ധനമോ പാരിതോഷികങ്ങളോ വന്നെത്തുന്നതാണ്. വിവരസാങ്കേതിക വിദ്യയിൽ കൂടുതൽ അറിവു നേടാനാവും. പിതൃപുത്രബന്ധത്തിലെ അസ്വാരസ്യങ്ങൾ നീങ്ങിയേക്കും. ചർച്ചകളിൽ ശോഭിക്കുന്നതാണ്. കലാരംഗവുമായി ബന്ധപ്പെട്ടവർക്ക് പുതു അവസരങ്ങൾ ലഭിക്കാനിടയുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.