HOROSCOPE

വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, August 11-17

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ കർക്കടകം - ചിങ്ങം രാശികളിലും ആയില്യം - മകം ഞാറ്റുവേലകളിലുമായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്. ചോതി മുതൽ പൂരാടം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ രോഹിണി - മകയിരം നക്ഷത്രങ്ങളിലാണ്. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധനാഴ്ച മുതൽ മൗഢ്യവുമുണ്ട്. ശുക്രൻ ചിങ്ങം രാശിയിൽ മകം - പൂരം നക്ഷത്രങ്ങളിൽ സഞ്ചരിക്കുകയാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും (വക്രഗതിയിൽ) സഞ്ചരിക്കുന്നു. രാഹു മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്. ഞായറും തിങ്കളും മീനക്കൂറുകാർക്കും ചൊവ്വയും ബുധനും വ്യാഴം ഉച്ചവരേയും മേടക്കൂറുകാർക്കും അതിനുമേൽ ഇടവക്കൂറുകാർക്കും ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിൻ്റെ എല്ലാ വായനക്കാർക്കും കൊല്ലവർഷം 1200 ക്ഷേമൈശ്വര്യപൂർണമാകട്ടെ എന്നു ആശംസിക്കുന്നു. മൂലം ഊർജ്ജവും ഉന്മേഷവും വാരത്തിൻ്റെ തുടക്കത്തിൽ തന്നെ കൈവരിക്കും. ആസൂത്രണം ചെയ്ത പുതിയ കാര്യങ്ങൾ പുനരവലോകനം ചെയ്യും. അതെല്ലാം സഹപ്രവർത്തകരോട് വിശകലനം ചെയ്യും. ബിസിനസ്സിൽ ലാഭം കണ്ടുതുടങ്ങുന്നതാണ്. വാരമധ്യത്തിൽ ഔദ്യോഗിക യാത്ര ഉണ്ടാവുന്നതാണ്. ഗാർഹികമായി ചില സ്വൈരക്കേടുകൾക്ക് സാധ്യത കാണുന്നു. ശരീരക്ലേശം ഭവിച്ചേക്കാം. മറ്റു ദിവസങ്ങളിൽ ചടുലമായ പ്രവർത്തനം നടത്താനാവും. സമാധാനക്കേടുകൾക്ക് പരിഹാരം തെളിയും. പൂർവ്വകാല സുഹൃത്തുക്കളെ കാണാനാവും. പൂരാടം വിമർശനങ്ങളെ അപ്പാടെ തള്ളിക്കളയില്ല. അവയിൽ കൊള്ളാനുള്ളവയുണ്ടെങ്കിൽ കൊള്ളുവാൻ സന്നദ്ധത കാണിക്കും. സങ്കീർണമായ വിഷയങ്ങളെ ലളിതമായി പരിഹരിച്ച് സഹപ്രവർത്തകരുടെ പ്രീതി നേടുവാൻ കഴിയും. പ്രവർത്തനരീതി ചടുലമാവുന്നതാണ്. ക്രയവിക്രയാദികൾ സാർത്ഥകമായേക്കും. ധനപരമായ കാര്യങ്ങളിൽ ആശ്വസിക്കാനാവും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉണർവുണ്ടായേക്കും. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. നല്ല ഭക്ഷണം, ആവശ്യമായ വിശ്രമം, മാനസികോല്ലാസം എന്നിവ ലഭിക്കും. ഉത്രാടം ഉദ്യോഗസ്ഥർക്ക് അനുകൂലമായ വാരമാണ്. തൊഴിൽ തേടുന്നവർക്കും അർഹതയുള്ള അവസരങ്ങൾ ലഭിച്ചേക്കാം. നീതിബോധത്തോടെ പ്രവർത്തനങ്ങളിൽ മുഴുകും. പൊതുക്കാര്യങ്ങളിൽ ജനപിന്തുണ കിട്ടുന്നതായിരിക്കും. ഏജൻസി ഏർപ്പാടുകൾ വിപുലീകരിക്കാനാവും. എന്നാൽ അറിയപ്പെടാത്ത മേഖലകൾ പരീക്ഷിക്കാതിരിക്കുക അഭികാമ്യം. ചെലവുകളിൽ നിയന്ത്രണം അനിവാര്യമായും പുലർത്തേണ്ടതുണ്ട്. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രതക്കുറവ് വരരുത്. വാരാന്ത്യത്തിന് സൗഖ്യം കുറയാം. തിരുവോണം നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലമുള്ളതിനാൽ പല കാര്യങ്ങളും വിചാരിച്ചതിലും വേഗത്തിൽ നടത്താനാവും. മനസ്സിന് സ്വസ്ഥത കിട്ടുന്നതാണ്. ശുഭവർത്തമാനം കേൾക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത പുലർത്താൻ കഴിയും. സാമ്പത്തിക മെച്ചം അനുബന്ധ തൊഴിലിൽ നിന്നുമുണ്ടാകും. വിരുന്നുകാരുടെ നല്ലവാക്കുകൾ സന്തോഷമേകും. സാമൂഹ്യമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം കൂടുന്നതാണ്. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നില്ല എന്ന കാര്യം അവർക്ക് മനക്ലേശം ഉണ്ടാകാത്ത വിധം അവതരിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളിൽ അധ്വാനം കൂടാനിടയുണ്ട്. അവിട്ടം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് നന്നായി തയ്യാറെടുക്കും. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചത്ര കിട്ടാത്തതിൽ നിരാശ തോന്നും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കിട്ടാൻ വൈകിയേക്കും. തന്മൂലം ചില അവസരങ്ങൾ നഷ്ടമാകാം. പാരമ്പര്യമായി ചെയ്തുപോരുന്ന ബിസിനസ്സ് ഏറ്റെടുക്കാൻ സുഹൃത്തുക്കൾ മുന്നോട്ടു വരുന്നതാണ്. വ്യവസ്ഥകൾ കൃത്യമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബപരമായി സമാധാനമുണ്ടാക്കും. ജീവിതപങ്കാളിക്ക് ജോലിയിൽ ഉയർച്ചയുണ്ടാകുന്നതായിരിക്കും. ജീവിതശൈലി രോഗങ്ങൾ ഉപദ്രവിക്കാം. ചതയം പണം വലിയ തോതിൽ മുടക്കേണ്ടി വരുന്ന ബിസിനസ്സ് തുടങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. ചിലരുടെ കുത്തിത്തിരുപ്പുകളെ കണ്ടില്ലെന്ന് നടിക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകർ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടാകാം. സുതാര്യത എപ്പോഴും രക്ഷിച്ചുകൊള്ളണമെന്നില്ല. അനുഭവജ്ഞാനം മിക്കപ്പോഴും തുണയ്ക്കുന്നതാണ്. പുതുമട്ടിലുള്ള ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് തീരുമാനിക്കും. തിമിര ശസ്ത്രക്രിയ വിജയകരമാവും. അനധികൃതമായ സ്ഥാപനങ്ങളിൽ ധനം നിക്ഷേപിക്കുന്നത് കുഴപ്പത്തിനിടവരുത്തും. പ്രണയികൾക്ക് പ്രതികൂലതകളെ നേരിടേണ്ടിവരും. പൂരൂരുട്ടാതി ഔദ്യോഗിക രംഗത്ത് സമ്മർദ്ദങ്ങളുണ്ടാവും. മേലധികാരിയെ തിരുത്താൻ ശ്രമിക്കുന്നത് അപകടകരമാണ്. ജോലിസ്ഥലം മാറാനുള്ള അപേക്ഷ പരിഗണിക്കപ്പെടില്ല. സുഹൃത്തുക്കളുമൊത്തുള്ള വിനോദയാത്രകൾക്ക് സമയം കണ്ടെത്തും. ഊർജ്ജസ്വലമായ പതിവ് പ്രവർത്തന ശൈലി പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല. കുടുംബത്തിലെ പുതുതലമുറയുടെ ധനപരമായ ആവശ്യങ്ങൾ മാനസികമായി തളർത്തിയേക്കാം. ഗൃഹനിർമ്മാണത്തിൽ വേഗത വരുത്താൻ ശ്രമിക്കുന്നതാണ്. വ്യായാമത്തിന് സമയം കണ്ടെത്തും. ഭക്ഷണശീലം ക്രമീകരിക്കുവാനാവും. ഉത്രട്ടാതി ജന്മനക്ഷത്രത്തിലെ രാഹു ഇടക്കിടെ കലഹവും കാര്യതടസ്സവും വരുത്തും. നക്ഷത്രാധിപനായ ശനിയുടെ വക്രഗതി തീരുമാനങ്ങളിൽ നിന്നും പിറകോട്ടു പോകാൻ പ്രേരണ ചെലുത്തും. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. വായ്പ തിരിച്ചടവ് മുടങ്ങാനിടയുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സന്ദർഭമാണ്. വാരാദ്യദിവസങ്ങൾ ശുഭാരംഭത്തിന് നന്നല്ല. മറ്റു ദിവസങ്ങളിൽ തൊഴിൽപരമായ ദൗത്യങ്ങൾ പൂർത്തിയാക്കാനും ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്നതാണ്. രേവതി കർമ്മരംഗത്ത് ആലസ്യം ബാധിച്ചേക്കാം. ചിന്താപരത ഏറുന്നതാണ്. മനപ്പൂർവ്വം ചില കാര്യങ്ങൾ മാറ്റി വെച്ചേക്കാനും ഇടയുണ്ട്. തന്മൂലം പലരുടേയും അനിഷ്ടം സമ്പാദിക്കുന്നതാണ്. അഷ്ടമരാശിക്കൂറ് വരുന്നതിനാൽ ഞായറും തിങ്കളും പുതുകാര്യങ്ങൾ തുടങ്ങാതിരിക്കുക അഭികാമ്യം. കൊടുക്കൽ- വാങ്ങലുകളിൽ ജാഗ്രത പുലർത്തണം. സ്വതന്ത്ര നിലപാടുകൾ മൂലം സംഘടനയിൽ ഒറ്റപ്പെട്ടേക്കാം. സ്വാശ്രയ വ്യാപാരത്തിൽ നിന്നും ന്യായമായ വരുമാനം ഉണ്ടാവുന്നതാണ്. പതിവായി ചെയ്യുന്ന കാര്യങ്ങൾ തടസ്സപ്പെടില്ല. അന്യനാട്ടിൽ മകളുടെ ഒപ്പം താമസിക്കാൻ ഒരുങ്ങുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.