ENTERTAINMENT

ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതി; ഏവരെയും അമ്പരപ്പിച്ച് പിന്നെ നടന്നത് ചരിത്രം

Follow Us മനുഷ്യരുടെ ജീവിതം പോലെയാണ് ചിലപ്പോൾ സിനിമകളുടെ തലവരയും, പ്രവചനാതീതമാവും കാര്യങ്ങൾ. വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രങ്ങൾ ചിലപ്പോൾ ഫ്ളോപ്പായി മാറാം, അതുപോലെ ഓർക്കാപ്പുറത്താവാം ചിലപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം കവർന്നൊരു സിനിമ സൂപ്പർ ഹിറ്റായി മാറുക. ഭാഗ്യനിർഭാഗ്യങ്ങളുടെ കളിയരങ്ങാണ് വെള്ളിത്തിര. കഥ കേട്ട്, 'ഇതെന്തൊരു പൊട്ടക്കഥ'യെന്ന് ഷാരൂഖ് ഖാൻ വിധിയെഴുതിയൊരു സിനിമയുണ്ട് ബോളിവുഡിൽ. എന്നാൽ ആ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറുകയായിരുന്നു. നടക്കാൻ ഒട്ടും സാധ്യതയില്ലാതിരുന്ന ആ സിനിമ നടന്നതിനു പിന്നിൽ രണ്ടേ രണ്ടു കാരണങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഷാരൂഖും സംവിധായകനും തമ്മിലുള്ള സൗഹൃദവും സംവിധായകന് തന്റെ കഥയിലുള്ള ബോധ്യവും മാത്രം. അതെ, പറഞ്ഞുവരുന്നത് 'കുച്ച് കുച്ച് ഹോത്താ ഹെ'യെ കുറിച്ചാണ്. ബോളിവുഡ് കണ്ട എക്കാലത്തെയും ജനപ്രിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ 'കുച്ച് കുച്ച് ഹോത്താ ഹെ'യുടെ 26-ാം വാർഷികമാണ് ഇന്ന്. A post shared by Karan Johar (@karanjohar) "കരൺ വന്ന് എന്നോട് തീർത്തും നോൺസെൻസായ ഒരു പൊട്ടക്കഥ പറഞ്ഞു, തീർച്ചയായും അത് നിങ്ങൾ തിയേറ്ററിൽ കണ്ട ഫൈനൽ കഥയല്ല. കരൺ വിചിത്രമായ രീതിയാൽ അയാളുടെ ആ കഥയിലേക്ക് എന്നെ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാൻ യെസ് പറയുമ്പോൾ എന്താണ് സിനിമയുടെ കഥയെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അന്ന് കഥയിലേക്ക് കൂടുതൽ കടക്കാത്തതിൽ എനിക്ക് സന്തോഷമുണ്ട്. കരണിന്റെ ബോധ്യത്തിനു പുറത്ത് മുന്നോട്ട് പോവുകയായിരുന്നു, അല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു," 'കുച്ച് കുച്ച് ഹോത്താ ഹെ'യെ സംഭവിച്ചതിനെ കുറിച്ച് ഒരിക്കൽ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളിങ്ങനെ. 'ദിൽവാലേ ദുൽഹനിയ ലേ ജായേഗേ (1995)' എന്ന ചിത്രത്തിൽ ആദിത്യ ചോപ്രയുടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ അരങ്ങേറ്റം കുറിച്ച കാലം മുതലുള്ള സൗഹൃദമായിരുന്നു കരൺ ജോഹറും ഷാരൂഖ് ഖാനും തമ്മിൽ. അതിനാൽ തന്റെ ആദ്യ സംവിധാനസംരംഭമായ 'കുച്ച് കുച്ച് ഹോത്താ ഹേ'യിൽ നായകനായി ഷാരൂഖ് വരണമെന്ന് കരൺ ആഗ്രഹിച്ചു. ‘പ്യാർ ദോസ്തി ഹെ’ എന്ന പഞ്ച് ഡയലോഗുമായി പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ ഒരു നേർത്ത അതിർവരമ്പു മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങളാണ് ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ രാഹുല്‍, അഞ്ജലി, ടീന ജോഡികൾ. ത്രികോണ പ്രണയത്തിന്റെ വേദനയും വിങ്ങലുമെല്ലാം ഏറ്റവും മനോഹരമായി ചിത്രീകരിച്ച ‘കുച്ച് കുച്ച് ഹോത്താ ഹേ’ 1998 ഒക്ടോബർ 16നാണ് റിലീസായത്. ബോളിവുഡിന് ഏറ്റവും മികച്ച ഓൺ സ്ക്രീൻ പ്രണയജോഡികളായ ഷാരൂഖ് ഖാനെയും കാജോളിനെയും നൽകിയതിനൊപ്പം തന്നെ റാണിമുഖർജി എന്ന നടിയുടെ കരിയറിലും ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘കുച്ച് കുച്ച് ഹോത്താ ഹേ’. സൽമാൻ ഖാൻ, ഫരീദ ജലാൽ,​​ അനുപംഖേർ, റീമ ലഗൂ എന്നിവരെല്ലാം ചിത്രത്തിൽ മികവേറിയ പ്രകടനമാണ് കാഴ്ച വച്ചത്. ഷാരൂഖിന്റെ മകളായെത്തിയ സന സെയ്ദും ചിത്രത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. രണ്ട് നാഷണൽ ഫിലിം അവാർഡും 8 ഫിലിം ഫെയർ അവാർഡുമടക്കം 35-ലേറെ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ബോളിവുഡിലെ All Time Blockbuster ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയ ഈ ചിത്രത്തോടെയാണ് ഇരുപത്തിയഞ്ചുകാരനായ കരൺ ബോളിവുഡിലെ ഒരു ബ്രാൻഡ് നെയിം ആയി മാറിയത്. 10 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 106 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. അന്നത്തെ പ്രണയസങ്കൽപ്പങ്ങളിൽ നിന്നും യുവത്വം ഒരുപാട് അകലം യാത്ര ചെയ്ത് എത്തിയിരിക്കുന്ന ഇക്കാലത്തും ചിത്രത്തിലെ പാട്ടുകൾ എവർഗ്രീനായി തന്നെ നിലനിൽക്കുന്നു. കുച്ച് കുച്ച് ഹോത്താ ഹേ, കോയി മിൽഗയാ, സാജൻജി ഗർ ആയേ, യേ ലഡ്കാ ഹെ ദീവാനാ, തുജെ യാത് നെ മേരീ ആയ്, ലഡ്കി ബഡീ അൻജാനീ ഹെ, രഘുപതി രാഘവ് എന്നു തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.