ENTERTAINMENT

Level Cross Review: വാർപ്പ് മാതൃകകൾ പിൻതുടരുന്ന സ്ലോ ബർണർ പരീക്ഷണ ചിത്രം, ലെവൽ ക്രോസ് റിവ്യൂ

Follow Us Level Cross Review Level Cross Review: വളരെ സർറിയലായ പശ്ചാത്തലത്തിലാണ് ലെവൽ ക്രോസ്സ് തുടങ്ങുന്നത്. സമയകാലങ്ങളെ നിശ്ചലമാക്കിയ ഒരിടത്തു ജീവിക്കുന്ന ഒരു പുരുഷൻ അവിടേക്ക് യാദൃശ്ചികമായി എത്തുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു. പിന്നീട് പലപ്പോഴും പല നിലയ്ക്ക് പരസ്പരം പരീക്ഷിക്കപ്പെട്ടു അവരൊന്നിച്ച് മറ്റൊരു സമയകാലം ഉണ്ടാക്കുന്നു. പോസ്റ്റ്‌ മോഡേൺ കാലത്തെ പരീക്ഷണ സാഹിത്യ സൃഷ്ടികളുടെ, സിനിമകളുടെയൊക്കെ തുടർച്ചയാണ് ആ നിലയ്ക്ക് അർഫാസ് അയൂബിന്റെ ലെവൽ ക്രോസ്സ്. ഓഫ്‌ ബീറ്റ് സിനിമകളെന്നൊരു വിഭാഗമുണ്ടോ എന്നത് ഇപ്പോഴും തർക്ക വിഷയമാണ്. ഒരു പ്രത്യക മീറ്ററിലും പേസിലും മുന്നോട്ട് നീങ്ങുന്ന സിനിമകളെ ഓഫ് ബീറ്റ് സിനിമകൾ / ഫിലിം ഫെസ്റ്റിവൽ സിനിമകൾ എന്നൊക്കെ വിളിക്കാറുണ്ട്. പ്രശ്നവത്കരണങ്ങൾ മാറ്റി വച്ചാൽ അത്തരമൊരു മീറ്ററിലും താളത്തിലുമാണ് ലെവൽ ക്രോസ്സ് തുടങ്ങുന്നത്. സംഭാഷനങ്ങളുടെ ബോധപൂർവമുള്ള അഭാവം, കഥയുടെയും തിരക്കഥയുടെയും വളരെ പതിഞ്ഞുള്ള മുന്നോട്ട് പോക്ക്, ഭംഗിയുള്ളതാണെങ്കിലും സ്റ്റാറ്റിക് ആയ ഫ്രെയിമുകൾ തുടങ്ങി ഇത്തരം സിനിമകളുടെ സ്ഥിരം സ്വഭാവങ്ങൾ പലതും തുടക്കത്തിൽ ലെവൽ ക്രോസ്സ് കാണിക്കുന്നു. മധ്യേഷൻ സിനിമകളിൽ കാണുന്ന കുറെ പതിവ് കാഴ്ചകൾ പലപ്പോഴും ഒരു കാര്യവുമില്ലാതെ ഇവിടേക്ക് പറിച്ചു നട്ടത് പോലെ തോന്നി. ചേതലി പോലുള്ള പേരുകളും ചില സംഭാഷണങ്ങളും ആധുനികാനന്തര കാലത്തെ ബംഗാളി നോവലുകളുടെയും ചില സിനിമകളുടെയും രീതി ഓർമിപ്പിച്ചു. പിന്നീട് കുറച്ചു ഭാഗം കഴിഞ്ഞപ്പോൾ മൈൻഡ് ഗെയിം, സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിലേക്ക് സിനിമ മാറി. അതിനൊരു ആമുഖമായിരുന്നു സിനിമയുടെ ആദ്യത്തെ കുറച്ച് ഭാഗങ്ങൾ. സൈക്കോപാത്തുകൾ, അവരെ വേട്ടയാടുന്ന ഭൂതകാല മുറിവുകൾ തുടങ്ങി മലയാള സിനിമ നിരന്തരം പറയുന്ന കഥകളിലേക്ക് സിനിമ മാറി. മലയാള സമകാലിക ത്രില്ലർ സിനിമകളുടെ എല്ലാ സ്വഭാവവും ഇവിടെ ലെവൽ ക്രോസും പിന്തുടരുന്നു. ക്‌ളീഷേകളുടെ സിനിമാറ്റിക് ഭാരം പിന്തുടരുമ്പോഴും തല തിരിഞ്ഞ ചെകുത്താന്റെ ഉപമയും രൂപകവും സിനിമയിൽ പ്ലെസ് ചെയ്ത രീതി ബുദ്ധിപൂർവമായ ഒന്നാണ്. ഒരു കഥയുടെ സാധ്യത പലപ്പോഴും സിനിമാറ്റിക് ആയി ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് പേരിലൂടെയാണ് കഥ വികസിക്കുന്നത്. ആസിഫ് അലിയുടെയും അമല പോളിന്റെയും ഷറഫുദ്ദീന്റെയും അഭിനയസാധ്യതയെ സിനിമ ഉപയോഗിക്കുന്നുണ്ട്. ആസിഫ് അലിയുടെ കൃത്രിമ പല്ലുകൾ സിനിമക്ക് ആവശ്യമില്ലാത്ത മേക്ക് ഓവർ ആയത് പോലെ തോന്നി. കഥക്കോ കഥാപാത്രത്തിനോ യാതൊരാവശ്യവുമില്ലാത്ത ഇത്തരം മേക്ക് ഓവറുകൾ പലതരം പൊതു ബോധങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്. മൈൻഡ് ഗെയിം, സൈക്കോപാത്ത് ക്രിമിനലുകൾ തുടങ്ങിയ വാർപ്പ് മാതൃകകൾ ഉള്ള സ്ലോ ബർണർ പരീക്ഷണ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് തീയറ്ററിൽ അനുഭവിക്കാവുന്ന പുതുമകൾ ഒന്നുമില്ലാത്ത സിനിമയാണ് ലെവൽ ക്രോസ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.