HOROSCOPE

Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?

Follow Us Saturn Transit Horoscope 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ? Saturn Transit 2025: ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി അഥവാ മന്ദൻ (Saturn). ശരാശരി കണക്ക് പറയുകയാണെങ്കിൽ 360 ഡിഗ്രിയുള്ള രാശിചക്രം കടക്കാൻ ശനിക്ക് 30 വർഷം വേണം. അഥവാ 360 മാസം. ഓരോ ഡിഗ്രിയും നടന്നു തീർക്കാൻ ശനിക്കു വേണ്ടത് ഒരു മാസമത്രെ! അതുകൊണ്ടാണ് ശനി എന്ന പേരും മന്ദൻ എന്ന പേരും ഒക്കെ ഉണ്ടായത്. 'പതുക്കെ സഞ്ചരിക്കുന്നവൻ' എന്നാണ് ശനി/മന്ദൻ എന്നീ പദങ്ങളുടെ അർത്ഥമെന്ന് വ്യക്തമാണല്ലോ? ശനിയുടെ രാശികളിലെ സഞ്ചാരമാണ് അഥവാ ഏതുരാശികളിൽ സഞ്ചരിക്കുന്നു എന്നതാണ് ഏഴരശ്ശനി, കണ്ടകശനി, ജന്മശനി, അഷ്ടമശ്ശനി തുടങ്ങിയ വിഭജനങ്ങൾക്ക് കാരണം. ശനി സഞ്ചരിക്കുന്ന രാശിയേയും അവരവരുടെ ജന്മരാശിയേയും മുൻനിർത്തി ഇത്തരം വിഭജനങ്ങൾ ഉണ്ടാവുന്നു. 2025 മാർച്ച് 29 ന് (കൊല്ലവർഷം 1200 മീനം 15 ന്) ശനി ഇപ്പോൾ സഞ്ചരിച്ചു വരുന്ന കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ശനിയുടെ രാശിമാറ്റം ശരാശരി ഓരോ രണ്ടര വർഷം ചെല്ലുമ്പോഴുമാണ് സംഭവിക്കുക. 2023 ലാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇനി 2027 പകുതിവരെ ശനി മീനം രാശിയിൽ തുടരും. മനുഷ്യ ജീവിതത്തെ, മനുഷ്യൻ്റെ ഭാഗധേയങ്ങളെ വലിയ തോതിൽ സ്വാധീനക്കുന്ന ഗ്രഹമാണ് ശനി. അതിനാൽ ശനിയുടെ ഓരോ രാശിയിലേയും സഞ്ചാരം കുടിലുതൊട്ട് കൊട്ടാരം വരെ, ജീവിതത്തിൻ്റെ സമസ്ത മേഖലകളിലുമുള്ളവർക്ക് അനിവാര്യമായ ഒരു ജീവിത യാഥാർത്ഥ്യമാണ്. ശനി നമ്മളെ തഴുകുകയും തലോടുകയുമാണോ? അതോ ശനിയ്ക്ക് നമ്മളോട് ഉദാസീന ഭാവമാണോ ഉള്ളത്? ഏഴരശനിയായും ജന്മശനിയായും അഷ്ടമശനിയായും കണ്ടകശനിയായും കലിവേഷം പൂണ്ട് നമ്മെ കഷ്ടതകളുടെ നരകക്കുഴികളിൽ പതിപ്പിക്കുകയാണോ? 2025 മാർച്ച് ഒടുവിൽ വരുന്ന ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റത്തിൻ്റെ ഫലങ്ങളും അനുഭവങ്ങളും ഏതൊക്കെ വിധത്തിലാവും നമ്മെ വന്നുചൂഴുന്നത്? തൽസംബന്ധമായ അന്വേഷണങ്ങളുടെ വിശദവിവരങ്ങൾ ഈ ലേഖനത്തിൽ വായിക്കാം. 2025ലെ ശനിയുടെ രാശിമാറ്റത്താൽ അഷ്ടമശനിദോഷം ആർക്കാണ്? സമ്മിശ്ര ഫലങ്ങൾ ആർക്കൊക്കെ? ഏറ്റവും ഗുണഭോക്താക്കൾ ഏതൊക്കെ രാശിക്കാരാണ്? ജന്മരാശിയുടെ എട്ടാം രാശിയിൽ ശനി സഞ്ചരിക്കുന്ന കാലത്തെയാണ് അഷ്ടമശനിക്കാലം എന്നു പറയുന്നത്. ശനിദോഷങ്ങളിൽ കാഠിന്യമേറിയത് ഇതാണ്. ശനി ജന്മരാശിയുടെ 5, 9 ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ പൊതുവേ ഗുണദോഷസമ്മിശ്രമായ ഫലമായിരിക്കും അനുഭവത്തിൽ വരിക. ഏറ്റവും ഗുണം വരുന്നത് 3, 6, 11 എന്നീ ഭാവങ്ങളിൽ ശനി സഞ്ചരിക്കുമ്പോഴാണ്! ഇതൊക്കെയാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. അഷ്ടമശനി ചിങ്ങക്കൂറുകാർക്ക് (മകം, പൂരം, ഉത്രം ഒന്നാം പാദം) ജന്മരാശിയുടെ അഥവാ കൂറിൻ്റെ എട്ടാം രാശിയിൽ ശനി സഞ്ചരിക്കുന്ന കാലമാണ്, അഷ്ടമശനിക്കാലം. 2025 മാർച്ച് മാസത്തിലെ ശനിമാറ്റം മൂലം അഷ്ടമശനിദോഷം വരുന്നത് ചിങ്ങക്കൂറിൽ ജനിച്ചവർക്കാണ്. ചിങ്ങത്തിൻ്റെ എട്ടാം രാശിയായ മീനത്തിൽ ശനി സഞ്ചരിക്കുന്നു. കാര്യതടസ്സം നിരന്തരമായിരിക്കും. ചെറിയ കാര്യങ്ങൾ നേടാൻ പോലും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അർഹിക്കുന്ന പദവി ലഭിക്കണമെന്നില്ല. സംരംഭങ്ങൾ നഷ്ടം വരാതിരിക്കുവാൻ നിരന്തര പ്രയത്നം ആവശ്യമാവും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ കരുതിയ നേട്ടം ഉണ്ടായേക്കില്ല. വ്യക്തിപരമായും കരുതൽ വേണ്ടതുണ്ട്. വൃദ്ധജനങ്ങൾ, രോഗഗ്രസ്തർ എന്നിവർക്ക് അടിയന്തിര വൈദ്യസഹായം നൽകാൻ വേണ്ടപ്പെട്ടവർ അലംഭാവം കാട്ടരുത്. അകാരണമായ പേടി, മൃത്യുഭയം, ആകസ്മിക പരാജയം, ഉറ്റവരുടെ വേർപാടുകൾ, വാഹനാപകടം, കടക്കെണി എന്നിവ അഷ്ടമശനിയുടെ ഫലങ്ങളിൽ പെടും. ഗ്രഹനിലയനുസരിച്ച് നല്ല ദശാപഹാരങ്ങൾ നടക്കുന്ന കാലമാണെങ്കിൽ ഇവിടെപ്പറഞ്ഞ ദോഷങ്ങൾ ലഘൂകരിക്കപ്പെടും. വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) വൃശ്ചികക്കൂറിന് ശനി അഞ്ചാം ഭാവത്തിലും കർക്കടകക്കൂറിന് ശനി ഒമ്പതാം ഭാവത്തിലും സഞ്ചരിക്കുന്നു. കടുത്ത ദോഷങ്ങൾക്ക് സാധ്യത കുറവാണ്. ഭാഗ്യഭ്രംശം, കുടുംബ സുഖത്തിന് ഭംഗം, ഉപാസനകളിൽ തടസ്സം ഇവ സംഭവിക്കാം. അതേ സമയം വലിയ നേട്ടങ്ങളും വന്നുചേരണമെന്നില്ല. ചീത്തക്കൂട്ടുകെട്ടുകൾ ഉപേക്ഷിക്കുകയാവും ഉചിതം. ദുശ്ശീലങ്ങൾക്ക് കടിഞ്ഞാൺ ഇടേണ്ടതാണ്. വലിയ മുതൽമുടക്കുകൾ കരുതിയത്ര നേട്ടം ഉണ്ടാക്കില്ല. എന്നാൽ ചെറിയ സംരംഭങ്ങളും കരാർ പണികളും ഗുണം ചെയ്തേക്കും. തൊഴിൽ തേടുന്നവർക്ക് ജോലികിട്ടുന്നതാണ്. ചിലപ്പോൾ അത് പ്രതീക്ഷിച്ച ജോലിയാവില്ല. വേതനം കുറയാം. ദൂരദിക്കിൽ ആയെന്നും വരാം. വീടുപണി പൂർത്തിയാവുന്നതാണ്. കടബാധ്യത തീർക്കാൻ ആഭരണാദികൾ വിൽക്കേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ എല്ലാക്കാര്യത്തിലും ഭാഗികമായിരിക്കും. 2025ലെ ശനിയുടെ രാശിമാറ്റത്താൽ നേട്ടം ഉണ്ടാക്കുന്നുവർ ആരൊക്കെ? ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ), തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ), മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ) ഇടവക്കൂറുകാർക്ക് ശനി പതിനൊന്നാം ഭാവത്തിലും തുലാക്കൂറുകാർക്ക് ശനി ആറാം ഭാവത്തിലും മകരക്കൂറുകാർക്ക് ശനി മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്നു. പന്ത്രണ്ട് ഭാവങ്ങളിൽ ശനി നന്മ ചെയ്യുന്നത് മൂന്നേ മൂന്നു ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രം. അത് 3,6,11 എന്നീ ഭാവങ്ങളാണ്. ആകയാൽ ശനിയുടെ മീനരാശിയിലെ സഞ്ചാരം ഇടവക്കൂറിലും തുലാക്കൂറിലും മകരക്കൂറിലും ജനിച്ചവർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകും. സാമ്പത്തിക ലാഭം ഉയരുന്നതാണ്. ചിട്ടി, ഭാഗ്യപരീക്ഷണം, ഇൻഷ്വറൻസ് ഇവയിൽ നിന്നും ധനാഗമം ഉണ്ടാവും. ഭൂമി വാങ്ങാനാവും. ഭൂമി വിൽപ്പനയിലൂടെ വലിയ ധനലാഭം ഭവിക്കുന്നതാണ്. പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കും. ഉദ്യോഗസിദ്ധി ശക്തമായ സാധ്യതയാണ്. അവിവാഹിതർക്ക് വിവാഹയോഗമുണ്ട്. സന്താന പ്രതിബന്ധം അകലും. ഗൃഹനിർമ്മാണം, വാഹന ലബ്ധി ഇവയും പ്രതീക്ഷിക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്താൽ സ്വസ്ഥത വന്നുചേരുന്നതാണ്. സ്വദേശത്തും വിദേശത്തും ശോഭിക്കാനാവും. ബിസിനസ്സുകൊണ്ട് അഭ്യുദയം ആഗമിക്കും. സാമൂഹ്യമായ അംഗീകരം കൈവരുന്നതായിരിക്കും. പൊതു പ്രവർത്തനത്തിലൂടെ നേട്ടങ്ങളുണ്ടാവും. സ്വതസ്സിദ്ധമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.