HOROSCOPE

Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?

Follow Us Saturn Transit Horoscope 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ? Saturn Transit 2025: ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി അഥവാ മന്ദൻ (Saturn). ശരാശരിക്കണക്ക് പറയുകയാണെങ്കിൽ 360 ഡിഗ്രിയുള്ള രാശിചക്രം കടക്കാൻ ശനിക്ക് 30 വർഷം വേണം. അഥവാ 360 മാസം. ഓരോ ഡിഗ്രിയും നടന്നു തീർക്കാൻ ശനിക്ക് വേണ്ടത് ഒരു മാസമത്രെ! അതുകൊണ്ടാണ് ശനി എന്ന പേരും മന്ദൻ എന്ന പേരും ഒക്കെ ഉണ്ടായത്. 'പതുക്കെ സഞ്ചരിക്കുന്നവൻ' എന്നാണ് ശനി/മന്ദൻ എന്നീ പദങ്ങളുടെ അർത്ഥമെന്ന് വ്യക്തമാണല്ലോ? ശനിയുടെ രാശികളിലെ സഞ്ചാരമാണ് അഥവാ ഏതുരാശികളിൽ സഞ്ചരിക്കുന്നു എന്നതാണ് ഏഴരശ്ശനി, കണ്ടകശനി, ജന്മശനി, അഷ്ടമശ്ശനി തുടങ്ങിയ വിഭജനങ്ങൾക്ക് കാരണം. ശനി സഞ്ചരിക്കുന്ന രാശിയേയും അവരവരുടെ ജന്മരാശിയേയും മുൻനിർത്തി ഇത്തരം വിഭജനങ്ങൾ ഉണ്ടാവുന്നു. 2025 മാർച്ച് 29 ന് (കൊല്ലവർഷം 1200 മീനം 15 ന്) ശനി ഇപ്പോൾ സഞ്ചരിച്ചു വരുന്ന കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ശനിയുടെ രാശിമാറ്റം ശരാശരി ഓരോ രണ്ടര വർഷം ചെല്ലുമ്പോഴുമാണ് സംഭവിക്കുക. 2023 ലാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇനി 2027 പകുതിവരെ ശനി മീനം രാശിയിൽ തുടരും. മനുഷ്യ ജീവിതത്തെ, മനുഷ്യൻ്റെ ഭാഗധേയങ്ങളെ വലിയ തോതിൽ സ്വാധീനക്കുന്ന ഗ്രഹമാണ് ശനി. അതിനാൽ ശനിയുടെ ഓരോ രാശിയിലേയും സഞ്ചാരം കുടിലുതൊട്ട് കൊട്ടാരം വരെ, ജീവിതത്തിൻ്റെ സമസ്ത മേഖലകളിലുമുള്ളവർക്ക് അനിവാര്യമായ ഒരു ജീവിത യാഥാർത്ഥ്യമാണ്. ശനി നമ്മളെ തഴുകുകയും തലോടുകയുമാണോ? അതോ ശനിയ്ക്ക് നമ്മളോട് ഉദാസീന ഭാവമാണോ ഉള്ളത്? ഏഴരശനിയായും ജന്മശനിയായും അഷ്ടമശനിയായും കണ്ടകശനിയായും കലിവേഷം പൂണ്ട് നമ്മെ കഷ്ടതകളുടെ നരകക്കുഴികളിൽ പതിപ്പിക്കുകയാണോ? 2025 മാർച്ച് ഒടുവിൽ വരുന്ന ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റത്തിൻ്റെ ഫലങ്ങളും അനുഭവങ്ങളും ഏതൊക്കെ വിധത്തിലാവും നമ്മെ വന്നുചൂഴുന്നത്? തൽസംബന്ധമായ അന്വേഷണങ്ങളുടെ വിശദവിവരങ്ങൾ ഈ ലേഖനത്തിൽ വായിക്കാം. 2025 ലെ ശനിയുടെ രാശിമാറ്റത്താൽ കണ്ടകശ്ശനി ആർക്കൊക്കെ? കണ്ടകം എന്ന വാക്കിന് ശത്രു, മുള്ള് തുടങ്ങിയ അർത്ഥങ്ങളുണ്ട്. അതെല്ലാം തന്നെ ഒട്ടൊക്കെ ചേരും, കണ്ടകശ്ശനിയേയും അതിൻ്റെ ഫലങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ. അവരവരുടെ ജന്മരാശിയുടെ അഥവാ കൂറിൻ്റെ 4, 7, 10 എന്നീ രാശികളിൽ അഥവാ ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന രണ്ടരവർഷക്കാലമാണ് കണ്ടകശ്ശനിക്കാലമായി വിവരിക്കപ്പെടുന്നത്. 'കണ്ടകം ' എന്ന വാക്കിന് കേന്ദ്രഭാവങ്ങൾ അഥവാ ജന്മരാശി മുതൽ എണ്ണിയാൽ വരുന്ന 1,4,7,10 എന്നീ ഭാവങ്ങൾ എന്നും അർത്ഥമുണ്ട്. ആ നിലയ്ക്ക് ഏഴരശ്ശനിക്കാലത്തിൽ വരുന്ന ജന്മശനിക്കാലവും കണ്ടക ശനിയായി പറയാറുണ്ട്. 2025 മാർച്ചുമാസം ഒടുവിലെ ശനിമാറ്റം മൂലം കണ്ടകശനി ആരംഭിക്കുന്നത് ജന്മശനി വരുന്ന മീനക്കൂറുകാർക്കും, ശനി നാലിൽ സഞ്ചരിക്കുന്ന ധനുക്കൂറുകാർക്കും, ശനി ഏഴിൽ സഞ്ചരിക്കുന്ന കന്നിക്കൂറുകാർക്കും, ശനി പത്തിൽ സഞ്ചരിക്കുന്ന മിഥുനക്കൂറുകാർക്കുമാണ്. ഇതിൽ മീനക്കൂറകാരുടെ ഫലം ഏഴരശ്ശനിഫലത്തിൽ ഉൾപ്പെടുന്നതിനാൽ പ്രത്യേകിച്ച് വിശദീകരിക്കുന്നില്ല. മറ്റുള്ള മൂന്നുകൂറുകളുടെയും ഫലം ഇവിടെ വിശദമായ വ്യക്തമാക്കുന്നുണ്ട്. ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) ധനുക്കൂറുകാരുടെ നാലാം രാശിയായ മീനം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. നാലാം രാശി വൈകാരിക പ്രാധാന്യം ഉള്ളതാണ്. അമ്മ, അമ്മാവൻ, ഭാഗിനേയർ, ബന്ധുക്കൾ, വീട്, വാഹനം, വസ്തു, ഇരിപ്പിടം, സുഹൃത്തുക്കൾ, കുടുംബ ക്ഷേത്രം, തറവാട് എന്നിവയെല്ലാം നാലാം ഭാവം കൊണ്ട് ചിന്തിക്കപ്പെടുന്നു. ഇവയെ സംബന്ധിച്ച പലതരം പരാതികൾ, ക്ലേശങ്ങൾ, കഷ്ടനഷ്ടങ്ങൾ എന്നിവയെല്ലാം ഏറിയും കുറഞ്ഞും കണ്ടകശനി നടക്കുന്ന കാലത്ത് അനുഭവത്തിൽ വരാം. മാതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. സ്വന്തം ദേഹാരോഗ്യത്തിലും മാനസികാരോഗ്യത്തിലും കരുതൽ വേണ്ടതുണ്ട്. വാഹനങ്ങൾക്കും വീടിനും അറ്റകുറ്റപ്പണി വേണ്ടിവന്നേക്കാം. ബന്ധുക്കൾ പിണങ്ങാനിടയുണ്ട്. വസ്തു തർക്കങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് നീളാതിരിക്കാൻ പ്രത്യേകമായ കരുതലുണ്ടാവണം. ശുഷ്കാന്തി കുറയുന്നതാണ്. കുടുംബ ക്ഷേത്രത്തിൻ്റെ ജീർണ്ണോദ്ധാരണം നീണ്ടുപോയേക്കാം. ആരോഗ്യ ക്ലേശങ്ങൾക്ക് വൈദ്യസഹായം നേടുന്നതിൽ അമാന്തമരുത്. കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) ഏഴാം ഭാവമായ മീനം രാശിയിൽ ശനി സഞ്ചരിക്കുകയാൽ കണ്ടക ശനിക്കാലം തുടങ്ങുന്നു. ഏഴാമെടം മുഖ്യമായും പ്രണയം, വിവാഹം, ദാമ്പത്യം, പങ്കുകച്ചവടം, വിദേശയാത്ര എന്നിവയെ സൂചിപ്പിക്കുന്ന ഭാവമാണ്. കണ്ടക ശനിയുടെ പ്രവർത്തനം മൂലം പ്രണയത്തിൽ വിഘ്നമോ പ്രണയ സാഫല്യത്തിന് തടസ്സമോ ഉണ്ടാവാം. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനം നീണ്ടുപോയേക്കും. ഏഴിൽ പാപഗ്രഹങ്ങൾ, വിശേഷിച്ചും ശനിയും ചൊവ്വയും ഗോചരാൽ സഞ്ചരിച്ചിരുന്ന കാലത്തിൽ വിവാഹം നടത്തിയിരുന്നില്ല, പഴയ കാലത്ത്. ദാമ്പത്യം നയിക്കുന്നവർ തമ്മിൽ അനുരഞ്ജനം കുറയാനും കലഹബുദ്ധി വളരാനും ഇടയുണ്ട്. പാർട്ണർഷിപ്പ് ബിസിനസ്സുകളിൽ പങ്കാളികൾക്ക് പരസ്പരം വിശ്വാസം കുറയുന്നതാണ്. കച്ചവടത്തിൻ്റെ കണക്കുകൾ സംബന്ധിച്ചുള്ള തർക്കങ്ങൾ തുടരെ ഉദയം ചെയ്യാം. വിദേശത്ത് പഠനം, തൊഴിൽ എന്നിവയ്ക്കുള്ള പരിശ്രമങ്ങൾക്ക് ഫലം കിട്ടാൻ പ്രതീക്ഷിച്ചതിലധികം കാലതാമസം വരുന്നതാണ്. അന്യദേശത്തു കഴിയുന്നവർക്ക് തൊഴിലിൽ ഊഹിച്ചത്ര മെച്ചം ഉണ്ടാവുകയുമില്ല. മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ) മിഥുനക്കൂറുകാർക്ക് ശനി പത്താം ഭാവമായ മീനം രാശിയിൽ സഞ്ചരിക്കുന്നു. പത്താം ഭാവം കർമ്മഭാവമാണ്. ഉപജീവനം സംബന്ധിച്ച ഗുണദോഷങ്ങൾ പത്താം ഭാവത്തിൻ്റെ ബലാബലങ്ങളെ ആശ്രയിച്ചാണ് ഉണ്ടാവുന്നത്. പത്താമെടത്തിൽ ശനി സഞ്ചരിക്കുകയാൽ തൊഴിൽ തേടുന്നവർക്ക് കുറച്ചധികം കാത്തിരിക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനം കുറയും. അനുകൂല ദിക്കിലേക്ക് സ്ഥലംമാറ്റം ഉണ്ടാവണമെന്നില്ല. പ്രൊമോഷൻ, വേതന വർദ്ധനവ് എന്നിവയ്ക്ക് തടസ്സങ്ങൾ ഉണ്ടാകുന്നതാണ്. സംഘടനാ പ്രവർത്തനം മനശ്ശാന്തി നഷ്ടമാകാൻ കാരണമായേക്കും. രാഷ്ട്രീയ വിരോധികൾ കരുത്തുനേടും. ബിസിനസ്സുകാർക്ക് ലാഭം കുറയുന്നതാണ്. ലക്ഷ്യത്തിലെത്താൻ കൂടുതൽ ഊർജ്ജം ചെലവാകും. പ്രശ്നങ്ങളും പ്രതിസന്ധികളും ആവർത്തിച്ചു കൊണ്ടിരിക്കും. നവസരംഭങ്ങളിൽ ഉദ്ദേശിച്ച സുഗമത ഉണ്ടായേക്കില്ല. ബാങ്കുവായ്പകളുടെ തിരിച്ചടവ് ക്ലേശകരമാവും. ശനിയുടെ രാശിമാറ്റത്താൽ അഷ്ടമരാശിയിൽ ശനി വരുന്നത് ഏതു കുറുകാർക്കാണ്? സമ്മിശ്രഫലങ്ങൾ ആർക്കൊക്കെ? ശനി മാറ്റത്താൽ ഗുണാനുഭവങ്ങൾ ഉണ്ടാവുന്നത് ഏതൊക്കെ രാശികളിൽ ജനിച്ചവർക്കാണ്? നാളത്തെ ലേഖനത്തിൽ നിന്നും വിശദാംശങ്ങൾ അറിയാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.