HOROSCOPE

സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ വൃശ്ചികം - ധനുരാശികളിൽ, തൃക്കേട്ട, മൂലം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ഡിസംബർ 15 ഞായർ പകൽ പൗർണ്ണമിയാണ്. പിറ്റേന്നുമുതൽ കൃഷ്ണപക്ഷം തുടങ്ങുന്നു. ചൊവ്വ കർക്കടകം രാശിയിൽ (നീചസ്ഥിതി) പൂയം നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് വക്രഗതിയുമുണ്ട്. ബുധൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലും ശുക്രൻ മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയത്തിലും വ്യാഴം വക്രഗതിയിൽ രോഹിണിയിലും തുടരുകയാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും (രണ്ടാം പാദത്തിൽ), കേതു കന്നിരാശിയിൽ ഉത്രത്തിലും (ഒന്നാം പാദത്തിൽ), അപ്രദക്ഷിണഗതിയിൽ സഞ്ചരിക്കുന്നു. ഞായറാഴ്ച ഉച്ചവരെ തുലാക്കൂറുകാർക്കും തുടർന്ന് ചൊവ്വ സായാഹ്നം വരെ വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. അതിനുമേൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ ധനുക്കൂറിനും ശേഷം വാരം മുഴുവൻ മകരക്കൂറിനും അഷ്ടമരാശി ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. അശ്വതി ആദിത്യൻ അഷ്ടമരാശിയിൽ നിന്നും മാറുന്നതിനാൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. നിരന്തരമായി അനുഭവപ്പെട്ടിരുന്ന കാര്യതടസ്സം നീങ്ങി, കാര്യസാധ്യം ഭവിക്കും. കർമ്മമേഖലയെക്കുറിച്ച് പുത്തൻ പ്രതീക്ഷകൾ ഉരുവാകും. സമയബന്ധിതമായി നിർവഹണത്തിലേക്ക് കടക്കുന്നതാണ്. സാങ്കേതിക വിഷയങ്ങൾ ഉൾക്കൊള്ളുവാൻ ആത്മാർത്ഥമായി ശ്രമിക്കും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ മെച്ചമുണ്ടാകും. നിരീക്ഷണശക്തിയും ഓർമ്മയും ക്രിയാകുശലതയും ഏകീകരിക്കപ്പെടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യക്ഷമത പരീക്ഷിക്കപ്പെട്ടേക്കും. മിതവ്യയത്തിൽ നിഷ്ഠയുണ്ടാവണം. ഭരണി നക്ഷത്രനാഥനായ ശുക്രന് ആരോഹണഗതിയും വ്യാഴാനുകൂല്യവും ഉള്ളതിനാൽ ശുഭാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. കർമ്മമേഖലയിൽ ശക്തമായി പ്രവർത്തിക്കാനാവും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചിന്തയിലുണ്ടാവും. ഭൗതികനേട്ടങ്ങൾ തുടരുപ്പെടും. ഒപ്പം ആത്മീയമായും വളർച്ചയുണ്ടാവും. കലാപരിശീലനത്തിന് സമയം കണ്ടെത്തും. തടസ്സപ്പെട്ട സർക്കാർ കാര്യങ്ങളിൽ പുരോഗതി വരും. കുടുംബ ബന്ധങ്ങൾ ഹൃദ്യമാവും. വാരമധ്യത്തിൽ ഉന്മേഷക്കുറവ് അനുഭവപ്പെട്ടേക്കും. കാർത്തിക മധുരവും തിക്തവും ആയ രസങ്ങൾ കലർന്ന അനുഭവങ്ങൾ ഉണ്ടാവും. മനസ്സിൻ്റെ ഏകാഗ്രത കുറയുന്നതായി തോന്നാം. വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം കലാപരമായ സിദ്ധികൾ വളർത്താൻ അവസരം ഉണ്ടാവും. ഹൃദയരഹസ്യങ്ങൾ പങ്കുവെക്കുന്നത് കരുതലോടെയാവണം. മേടക്കൂറുകാർക്ക് നാലിലെ ചൊവ്വ മനക്ലേശം സൃഷ്ടിച്ചേക്കാം. വാഹനത്തിന് അറ്റകുറ്റം വരാനിടയുണ്ട്. ഇടവക്കൂറുകാർക്ക് നല്ല അനുഭവങ്ങൾ വരും. അറിയുന്നവരുടേയും അറിയാത്തവരുടേയും പിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തിക രംഗം തൃപ്തികരമായിരിക്കും. രോഹിണി അപൂർണ്ണമായിരുന്ന പ്രവൃത്തികൾ പൂർത്തീകരിക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ ഉപദേശം കൈക്കൊള്ളും. സഹോദരർക്കിടയിലെ അനൈക്യം രാജിയാവുന്നതിന് പരിശ്രമം തുടരും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. സ്ത്രീകളുടെ പിന്തുണ നിർലോഭം സിദ്ധിക്കും. ബിസിനസ്സിൽ സാമാന്യമായി മെച്ചമുണ്ടാവും. ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തടസ്സം ഏർപ്പെടാം. ആരുടെ വാക്കുകളും അന്ധമായി വിശ്വസിക്കരുത്. വാരമദ്ധ്യത്തിന് കൂടുതൽ ഗുണം കിട്ടും. മകയിരം പഴമയെ തള്ളിപ്പറയാനും പുതുമയെ ഉൾക്കൊള്ളാനും സാധിക്കാത്തവിധം ആശയക്കുഴപ്പം തുടരുന്നതാണ്. സ്വന്തമായി തീരുമാനം കൈക്കൊള്ളാൻ പലപ്പോഴും ക്ലേശിച്ചേക്കും. ചിലപ്പോൾ സംഭാഷണം പരുക്കനാവുകയാൽ ശത്രുക്കളുടെ എണ്ണം അധികരിക്കുന്നതായി അനുഭവപ്പെടും. ബിസിനസ്സ് യാത്രകൾ ഗുണകരമാവും. ഊഹക്കച്ചവടത്തിൽ ആദായം ഉണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി വൈകാനിടയുണ്ട്. കാര്യാലോചനകളിൽ വിമർശം ഏറ്റുവാങ്ങും. പ്രണയാനുഭവങ്ങൾ ആഹ്ളാദം നിറയ്ക്കും. ഞായർ, ബുധൻ, വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മയേറും. തിരുവാതിര പതിവിലും യാത്രകളുണ്ടാവും. അവയിൽ വ്യക്തികാര്യങ്ങളും ഉൾപ്പെടുന്നതാണ്. പാർട്ണർഷിപ്പ് ബിസിനസ്സിൽ അസ്വാരസ്യങ്ങൾ ഉയരുകയാൽ അഴിച്ചുപണികൾക്ക് മുതിരുന്നതാണ്. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ കിട്ടണമെന്നില്ല. ഉദ്യോഗസ്ഥർക്ക്, വിശേഷിച്ചും സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് ജോലിഭാരം അധികരിച്ചേക്കും. കുറ്റം പറയുന്നവരെ കടുത്ത വാക്കുകളിൽ ഭർത്സിക്കുന്നതിന് മടിക്കില്ല. തീർത്ഥയാത്രകൾക്ക് അവസരം ഉണ്ടാവുന്ന വാരമാണ്. വാരാദ്യവും വാരാന്ത്യവും കൂടുതൽ മെച്ചപ്പെട്ടതായി അനുഭവപ്പെടും. പുണർതം ജന്മനക്ഷത്രാധിപനായ വ്യാഴം വക്രസഞ്ചാരം തുടരുകയാൽ കൃത്യനിഷ്ഠയിൽ വീഴ്ച വരാനിടയുണ്ട്. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കാൻ കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ അലസത പിടികൂടിയെന്നു വരാം. ബിസിനസ്സിൽ ധനം കൂടുതൽ മുടക്കുന്നത് ആലോചനാപൂർവ്വം വേണ്ടതാണ്. പഴയ സുഹൃത്തുക്കളെ കാണുവാനാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത സാമാന്യമായിരിക്കും. അവധിക്കാലത്ത് കുടുംബസമേതം ഉല്ലാസയാത്രകൾ ആസൂത്രണം ചെയ്യും. പ്രമാണങ്ങളിലും കരാറുകളിലും ഏർപ്പെടും മുൻപ് വ്യവസ്ഥകൾ അറിയുന്നത് ഉചിതമായിരിക്കും. പൂയം ആദിത്യൻ അനുകൂല ഭാവത്തിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. കർമ്മമേഖലയിൽ ഉന്മേഷമുണ്ടാവും. വാരാദ്യം ചന്ദ്രസഞ്ചാരം പന്ത്രണ്ടാം രാശിയിലാകയാൽ അല്പം അലച്ചിലും മുഷിച്ചിലുമുണ്ടാവുന്നതാണ്. ചെലവും കൂടാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്വത്തുസംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. വ്യാപാരരംഗത്ത് പുതുമ കൊണ്ടുവരുന്നത് ആലോചനയിൽ എപ്പോഴും ഇടം പിടിക്കും. ധനപരമായി ആശ്വാസമുണ്ടാവും. മകളുടെ ജോലിക്കാര്യത്തിൽ ശുഭസൂചനകൾ വന്നെത്തുന്നതാണ്. ആയില്യം നക്ഷത്രനാഥനായ ബുധൻ്റെ മൗഢ്യമില്ലാത്ത അവസ്ഥയും ഗുരുബുധദൃഷ്ടിയും ഉന്മേഷകരമായ ഫലങ്ങൾ സൃഷ്ടിക്കും. ഭൗതികമായ വളർച്ചയ്ക്കൊപ്പം ആത്മീയമായ ഉണർവ്വും ഉണ്ടാകും. പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രസഞ്ചാരം വരികയാൽ ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മെച്ചമുണ്ടാവില്ല. പണച്ചെലവധികമാവും. വ്യർത്ഥയാത്രകൾ ഉണ്ടായേക്കും. ജന്മരാശിയിൽ ചൊവ്വയുള്ളത് ഇടയ്ക്കിടെ ആരോഗ്യക്ലേശങ്ങൾ സൃഷ്ടിക്കുന്നതാണ്. ലക്ഷ്യപ്രാപ്തിക്ക് വളഞ്ഞ വഴികൾ സ്വീകരിച്ചേക്കില്ല. വ്യാപാര രംഗത്ത് സുഗമത പ്രതീക്ഷിക്കാം. കാറൊഴിഞ്ഞ ആകാശം പോലെ മനസ്സ് പ്രസന്നമാവും. മകം അപ്രതീക്ഷിത ധനയോഗം, പാരിതോഷിക ലബ്ധി, ഇഷ്ട ബന്ധുസമാഗമം എന്നിവ പ്രതീക്ഷിക്കാം ഞായറും തിങ്കളും. ചൊവ്വാഴ്ചയും ബുധനാഴ്ചയും മനസ്സിന് സ്വസ്ഥത കുറയുന്നതാണ്. കാര്യതടസ്സം ഉണ്ടാവും. ഉദ്യോഗസ്ഥർ അധികാരികളുടെ വിരോധം സമ്പാദിക്കും. അലച്ചിലുണ്ടാവും. കരുതൽ ധനം മറ്റുകാര്യങ്ങൾക്കായി ചെലവഴിക്കപ്പെടും. വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ സാമാന്യം ഗുണാനുഭവങ്ങൾ ഉണ്ടാവും. മംഗളകർമ്മങ്ങളിലും വിരുന്നുകളിലും പങ്കെടുക്കുന്നതാണ്. തൊഴിൽപരമായി സ്വസ്ഥത പ്രതീക്ഷിക്കാം. ഗൃഹത്തിൽ സ്വസ്ഥതയുണ്ടാവുന്നതാണ്. പൂരം ജന്മനക്ഷത്രാധിപനായ ശുക്രൻ ബന്ധുഗ്രഹമായ ശനിയുടെ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ബന്ധുക്കളാൽ ഗുണാനുഭവങ്ങളും ഉണ്ടാവുന്നതാണ്. സ്ത്രീകളുടെ സ്നേഹവും പിന്തുണയും വന്നെത്തുന്നതായിരിക്കും. പൊതുവേ തൊഴിലിൽ വളർച്ച വരുന്ന കാലമാണ്. തൊഴിലിടത്തിൽ സമാധാനം ഭവിക്കും. ജന്മനാട്ടിലെ വാർഷിക ഉത്സവാദികളുടെ നടത്തിപ്പു ചുമതല ഏറ്റെടുക്കേണ്ടതായ സ്ഥിതി വന്നേക്കാം. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്കായി വേണ്ടത്ര സമയം കിട്ടിയേക്കില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലേറിയേക്കും. പണച്ചെലവും കൂടും. ഉത്രം നക്ഷത്രനാഥൻ ബന്ധുഗ്രഹമായ വ്യാഴത്തിൻ്റെ രാശിയിൽ സഞ്ചരിക്കുന്നത് സ്വസ്ഥത ലഭിക്കുന്നതിൻ്റെ സൂചനയാണ്. മുൻതീരുമാനങ്ങൾ നിർബാധം നടപ്പിലാക്കാൻ കഴിയും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ഉത്തരവാദിത്വങ്ങൾ അധികം ക്ലേശിക്കാതെ തന്നെ പൂർത്തിയാക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാവും. വസ്തുതർക്കം സംബന്ധിച്ച നീക്കുപോക്കുകൾ ഉണ്ടാവാനിടയുണ്ട്. സംഘടനകളിൽ അംഗീകാരം ലഭിക്കുന്നതാണ്. ചിങ്ങക്കൂറുകാർക്ക് ബുധൻ, വ്യാഴം ദിവസങ്ങളിലും കന്നിക്കൂറുകാർക്ക് വെള്ളി, ശനി ദിവസങ്ങളിലും ദേഹക്ലേശമനുഭവപ്പെടാം. അത്തം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഗുണാനുഭവങ്ങൾ മുന്നിട്ടുനിൽക്കും. കൃത്യനിഷ്ഠയോടെ പ്രവർത്തിക്കുന്നതിനാൽ ഉദ്യോഗജീവിതത്തിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. ബിസിനസ്സിലെ കിട്ടാക്കടങ്ങൾ കിട്ടിയേക്കും. മനസ്സമാധാനം വന്നുചേരും. ന്യായമായ ആവശ്യങ്ങൾ സ്വാഭാവികമായി നേടിയെടുക്കും. സമൂഹത്തിൽ സ്വീകാര്യതയുയരുന്നതാണ്. ക്രിയാപരത ഉയരും. പൂജകളിലും കുടുംബ വിശേഷങ്ങളിലും പങ്കെടുക്കാനാവും. സാമ്പത്തിക രംഗം മെച്ചപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിൽ ഉണ്ടാവും. ചിത്തിര പലതരം അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. അവ ആത്മവിശ്വാസമേകും. അവസരോചിതമായി പെരുമാറുന്നതിനാൽ അതിഥികളുടെ പ്രശംസനേടുന്നതാണ്. ശത്രുക്കങ്ങളെ അവഗണിച്ചു കൊണ്ട് മുന്നേറുവാനാവും. ഒറ്റയ്ക്ക് ലക്ഷ്യം നേടുന്നതിന് ശ്രമിക്കും. കുടുംബകാര്യങ്ങളിൽ മാത്രമല്ല തൊഴിൽപരമായും ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. സഹോദരരുമായി അകൽച്ചയുണ്ടാവും. പരിഹാര ശ്രമത്തിന് സ്വയം മുൻകൈയെടുക്കില്ല. പുതുബിസിനസ്സിൻ്റെ പുരോഗതിക്ക് പാർട്ണർമാരെ തേടുന്നതാണ്. സ്ഥലവില്പന നീണ്ടുപോയേക്കാം. ചോതി പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരും. ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടുകയില്ല. സുഹൃത്തുക്കളുടെ വാക്കുകൾക്ക് വിശ്വസനീയത കുറയുന്നതാണ്. പ്രധാന തീരുമാനങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൈക്കൊള്ളരുത്. സാമ്പത്തിക അമളികൾ വരാതെ നോക്കണം. സഹായവാഗ്ദാനങ്ങൾ സാക്ഷാല്ക്കരിക്കുക എളുപ്പമാവില്ല. ചൊവ്വ മുതലുള്ള ദിവസങ്ങളിൽ ക്രമേണ മെച്ചമുണ്ടാവും. ബിസിനസ്സുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കാനിടയുണ്ട്. ഗൃഹനവീകരണത്തിന് സമയം കണ്ടെത്തും. കലാമത്സരങ്ങൾക്കുള്ള പരിശീലനം തീവ്രമാക്കേണ്ടിവരും. വിശാഖം കുടുംബത്തിൻ്റെ ചില ഭാവികാര്യങ്ങൾ കൂടിയാലോചനകളിലൂടെ തീരുമാനങ്ങൾ കൈക്കൊള്ളും. നക്ഷത്രാധിപനായ വ്യാഴത്തിന് വക്രഗതി തുടരുകയാൽ മുൻപ് മനസ്സിലുണ്ടായിരുന്ന ആലോചനകൾ ഉപേക്ഷിച്ചേക്കും. സമൂഹത്തിലെ സമാദരണീയരെ സന്ദർശിക്കും. തൃപ്തികരമായ വിശ്രമം, രുചികരമായ ഭക്ഷണം ഇവയെല്ലാം ഭവിക്കുന്നതാണ്. അന്യദേശത്തു കഴിയുന്നവർക്ക് ഉത്സവം, ആഘോഷം എന്നിവ മുൻനിർത്തി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ വാരാദ്യം ചില സമ്മർദ്ദങ്ങൾ ഉയരാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ സ്വച്ഛതയും സമാധാനവും പ്രതീക്ഷിക്കാം. അനിഴം തിടുക്കത്തിൽ തീരുമാനം എടുക്കുകയും മുൻപിൻ നോക്കാതെ അവ നിർവഹിക്കുകയും ചെയ്യുന്ന പ്രവണത ദോഷം ചെയ്തേക്കും. സഹപ്രവർത്തകരുടെ സഹകരണം വാക്കുകളിലൊതുങ്ങുന്നതാണ്. വ്യവഹാരങ്ങൾക്കുള്ള സാഹചര്യങ്ങളെ ഒഴിവാക്കണം. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാവും. സാമ്പത്തിക കാര്യങ്ങൾ പരസ്യപ്പെടുത്തരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട ചർച്ച വിജയം കാണും. പ്രണയികൾക്ക് സന്തോഷിക്കാനുള്ള സാഹചര്യം വന്നെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹന യാത്രയിൽ നല്ല ശ്രദ്ധ പുലർത്തണം. തൃക്കേട്ട നക്ഷത്രാധിപന് മൗഢ്യമില്ലാത്ത കാലമാകയാൽ സങ്കീർണ്ണ വിഷയങ്ങളിൽ ഉചിത തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും. പത്താം ഭാവാധിപൻ രണ്ടാമെടത്തിൽ സഞ്ചരിക്കുകയാൽ തൊഴിലിൽ വളർച്ചയും സാമ്പത്തിക ലാഭവും ഉണ്ടാവുന്നതാണ്. അന്യദേശ പഠനത്തിന് തയ്യാറെടുപ്പ് തുടങ്ങും. പാർട്ണർഷിപ്പ് സംബന്ധിച്ച വ്യവസ്ഥകൾ പുതുക്കേണ്ടതുണ്ട്. അപ്രസക്ത വിഷയങ്ങൾക്ക് ഊർജ്ജവും സമയവും ചെലവഴിക്കുന്നത് ഒഴിവാക്കപ്പെടണം. കുടുംബ ബന്ധം ദൃഢമാകുന്നതാണ്. സാഹിത്യ പ്രവർത്തനം, ഗവേഷണം ഇവയിൽ പുരോഗതിയുണ്ടാവും. ബുധൻ മുതൽ ശനി വരെ ഗുണകരമായ ദിവസങ്ങൾ. മൂലം സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ ഊർജ്ജവും സമയവും കുറച്ചധികം ചെലവാകും. ആദിത്യൻ ജന്മത്തിൽ സഞ്ചരിക്കുകയാൽ ആലസ്യം അനുഭവപ്പെടുന്നതാണ്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സന്ദിഗ്ദ്ധതയുണ്ടാവും. സ്വജനങ്ങൾ പിണങ്ങാനിടയുണ്ട്. വ്യാഴം മുതൽ മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. കിട്ടാനുള്ള പണം കുറശ്ശേയായി കിട്ടുന്നതാണ്. സമനില കൈവിടാതെ സംസാരിക്കും. സാങ്കേതിക വിഷയങ്ങളിൽ അറിവ് നേടാൻ സമയം കണ്ടെത്തും. ഗാർഹികാന്തരീക്ഷം അനുകൂലമായി തുടരുന്നതാണ്. പൂരാടം തൃപ്തികരമാവില്ല, ജീവിത സാഹചര്യങ്ങൾ. പരാതികളും പരിഭവങ്ങളുമുണ്ടാവും. സഹിഷ്ണുത വലിയ വിജയമന്ത്രമാണെന്ന് ഓർക്കേണ്ടതുണ്ട്. പ്രവൃത്തിനിരതത്വം ആശ്വാസമേകും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾ അല്പം കഠിനമാവുന്നതാണ്. അപ്രസക്ത വിഷയങ്ങൾ സമയവും ശക്തിയും ചോർത്താം. രണ്ടാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ കലാവിഷയങ്ങളിൽ വിജയിക്കാൻ സാധിക്കും. സാമ്പത്തികമായി മോശമാവില്ല. ന്യായമായ കാര്യങ്ങൾ അഭംഗുരമായി പൂർത്തിയാക്കുവാൻ സാധിച്ചേക്കും. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ഉത്രാടം ഉന്മേഷത്തിന് കുറവുണ്ടാവും. സമയനിഷ്ഠ തെറ്റിച്ചാവും പ്രവർത്തിക്കുക. അതിനാൽ മേലധികാരികളുടെ വിരോധത്തിന് പാത്രമാവുന്നതാണ്. പുതിയ സംരംഭങ്ങളിൽ വളർച്ച മെല്ലയായേക്കും. ചെലവിൽ നിയന്ത്രണം ഉണ്ടാവില്ല. പ്രതികരണങ്ങളിൽ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. അന്യദേശത്തു കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ സാഹചര്യം ഉണ്ടാവും. തീർത്ഥാടനം, ദൈവിക സമർപ്പണം ഇവയ്ക്ക് അവസരം ലഭിക്കും. ബൗദ്ധിക വിനോദങ്ങളിൽ സന്തോഷം കണ്ടെത്തും. കുടുംബാംഗങ്ങളെ ഒത്തൊരുമിപ്പിച്ച് നിർത്തുന്നതിൽ വിജയിക്കുന്നതാണ്. തിരുവോണം കർമ്മഗുണമുള്ള വാരമാകയാൽ പ്രവൃത്തികളിൽ ശോഭിക്കുന്നതാണ്. വിഷയത്തിൻ്റെ ഗൗരവവും മർമ്മവും കണ്ടറിഞ്ഞ് പെരുമാറുവാനാവും. സഹപ്രവർത്തകരുടെ സംശയങ്ങൾ ആധികാരികമായി നിവൃത്തിച്ചുകൊടുക്കുവാൻ സന്നദ്ധതയുണ്ടാവും. പാരമ്പര്യ തൊഴിലുകളിൽ വിജയിക്കുന്നതാണ്. കുടുംബജീവിതം ഭദ്രമായി തുടരും. ഭോഗസുഖമുണ്ടാവും. ഇഷ്ടവസ്തുക്കൾ ഉപഹാരമായി ലഭിക്കാനിടയുണ്ട്. സുഹൃൽബന്ധം ദൃഢമാവും. ചിട്ടി, ഊഹക്കച്ചവടം ഇവയിൽ നിന്നും ആദായമുണ്ടാവും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം പ്രണയാനുഭൂതിയിൽ അവാച്യ സന്തോഷം അനുഭവിക്കും. അവിട്ടം ലൗകികമായ കാര്യങ്ങൾ ഉത്സാഹത്തോടെ നടത്തും. ഔദ്യോഗിക കാര്യങ്ങളിലും നല്ലശ്രദ്ധയുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ നേടാനാവും. തടസ്സങ്ങളിൽ വിഷമിക്കില്ല. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയം വരിക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കാനിടയുണ്ട്. കുംഭക്കൂറുകാർക്ക് അവാർഡോ സവിശേഷമായ അംഗീകാരമോ പ്രഖ്യാപിക്കപ്പെടും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പുണ്ടാവുന്നതാണ്. മകരക്കൂറുകാർക്ക് കാര്യസിദ്ധിക്ക് അലച്ചിലുണ്ടാവും. രക്ഷാകർത്താക്കളുമായുള്ള ബന്ധത്തിൽ സുഖം കുറയും. ചതയം ആദർശത്തെയും പ്രായോഗികതയേയും സമന്വയിച്ചാവും പ്രവർത്തനം. അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ആർജ്ജവമുണ്ടാവും. ചില നിലപാടുകൾ എതിർക്കപ്പെടും. പക്ഷേ കളം മാറ്റിച്ചവിട്ടാൻ തുനിയില്ല. ഉദ്യോഗസ്ഥർക്ക് തൊഴിൽ രംഗത്ത് സമാധാനമുണ്ടാവും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കൃത്യനിഷ്ഠയോടെ പൂർത്തിയാക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കുന്നതാണ്. സുഹൃത്തുക്കൾ തമ്മിലെ പിണക്കം പരിഹരിക്കാൻ മുൻകൈയെടുക്കും. ദാമ്പത്യബന്ധം ദൃഢമാകുന്നതാണ്. രോഗാവസ്ഥയിൽ കഴിഞ്ഞവർക്ക് സമശ്വാസം അനുഭവപ്പെടും. പൂരൂരുട്ടാതി തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളും. ഒപ്പമുള്ളവരുടെ അഭിപ്രായം സ്വീകരിക്കണമെന്നില്ല. സംരംഭങ്ങൾ ഉപഭോക്താക്കളുടെ വിപുലായ അംഗീകാരം നേടുന്നതാണ്. വ്യാപാരതന്ത്രങ്ങൾ വിജയം വരിക്കും. ഉദ്യോഗസ്ഥർക്കും അഭ്യുദയമുണ്ടാവും. രാഷ്ട്രീയ സ്വാധീനം കൊണ്ട് ചില നേട്ടങ്ങൾ വന്നെത്തും. കരാറുകൾ നേടും. സാമ്പത്തിക നിക്ഷേപങ്ങൾ കരുതലോടെയാവണം. ഭൂമി വ്യാപാരത്തിന് ഉചിതമായ സന്ദർഭമാണ്. മകൻ്റെ ഉപരിപഠന കാര്യത്തിൽ ചെറിയ ആശയക്കുഴപ്പം വരാം. കുടുംബ ജീവിതത്തിൽ സ്വസ്ഥതയുണ്ടാവും. യാത്രകൾ പ്രതീക്ഷിച്ച ഫലം നൽക്കും. ഉത്രട്ടാതി സുഗമവസ്തുക്കൾ ദുർലഭമായേക്കും. അത്യദ്ധ്വാനം വേണ്ടിവരുന്നതാണ്, കാര്യസാദ്ധ്യത്തിന്. ചിലരുടെ ഉപദേശം വഴിതെറ്റിക്കാനിടയുണ്ട്. അക്കാര്യത്തിൽ പ്രത്യേകമായ കരുതൽ വേണ്ടതുണ്ട്. സാമ്പത്തികമായി പുഷ്ടിയുണ്ടാവും. പ്രതീക്ഷിച്ച ധനം കൈവശമെത്തിച്ചേരുന്നതാണ്. ലോൺ അടവ് മുടങ്ങില്ല. മകളുടെ കാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവാനിടയുണ്ട്. അയൽ ബന്ധങ്ങളിൽ വിള്ളൽ വരാതെ നോക്കണം. സ്വാഭിപ്രായം കുടുംബാംഗങ്ങളിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് അലോസരമുണ്ടാക്കും. ദൈവിക സമർപ്പണങ്ങൾ അഭംഗുരം നടക്കുന്നതാണ്. രേവതി പുനരാലോചനകളിലൂടെ സമുചിതമായ തീരുമാനത്തിൽ എത്തിച്ചേരും. കുടുംബകാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതാണ്. പൊതുപ്രവർത്തനം നടത്തുന്നവർക്ക് മിശ്രമായ പ്രതികരണം വന്നുചേരും. കുട്ടികളുടെ ആവശ്യം മുൻനിർത്തി അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. പദപ്രശ്നം, പ്രശ്നോത്തരി, അക്ഷരശ്ലോകം, ഗ്രന്ഥവായന തുടങ്ങിയ ബൗദ്ധിക വ്യായമങ്ങൾക്ക് നേരം കണ്ടെത്തും. വ്യാപാര സ്ഥാപനത്തിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചേക്കും. നിലപാടുകളിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുന്നതാണ്. ബന്ധുക്കളുടെ നിർലോഭമായ സഹകരണം പ്രതീക്ഷിക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.