HOROSCOPE

ബുധൻ തുലാം രാശിയിൽ, മൂലം മുതൽ രേവതി വരെ

Follow Us ബുധൻ തുലാം രാശിയിൽ 2024 ഒക്ടോബർ 10 ന് (1200 കന്നി 24 ന്) ബുധൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. ബുധൻ്റെ ഈ രാശിമാറ്റം മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാർക്ക് ഏതെല്ലാം അനുഭവങ്ങളാണ് സമ്മാനിക്കുക എന്ന അവലോകനമാണ് ഇവിടെ നിർവഹിക്കുന്നത്. തുലാം രാശി ബുധൻ്റെ ബന്ധുഗ്രഹമായ ശുക്രൻ്റെ സ്വക്ഷേത്രമാണ് എന്നത് പ്രസ്താവ്യമാണ്. ഒക്ടോബർ 21 ന് വരെ ബുധന് മൗഢ്യാവസ്ഥയുണ്ട്. അതിനാൽ തുടക്കത്തിൽ ഗുണഫലങ്ങൾ അല്പം മങ്ങുന്നതായിരിക്കും. മിത്രഗ്രഹത്തിൻ്റെ രാശിയിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ 'മുദിതൻ' എന്നുവിളിക്കുന്നു. "സന്തോഷമനുഭവിക്കുന്നവൻ" എന്നാണ് അതിൻ്റെ അർത്ഥം. എല്ലാ കൂറുകാർക്കും സന്തോഷാനുഭവങ്ങൾ നൽകാൻ ബുധന് കഴിയും എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കപ്പെടേണ്ടത്. തുലാം രാശിയിൽ സഞ്ചരിക്കുന്ന ബുധൻ ഒക്ടോബർ 14 വരെ ചിത്തിര നക്ഷത്രത്തിലും തുടർന്ന് ഒക്ടോബർ 22 വരെ ചോതി നക്ഷത്രത്തിലും തുടർന്ന് വിശാഖം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഒക്ടോബർ 29ന് / തുലാം 13 ന് ബുധൻ തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് പകരുന്നു. അവരവർ ജനിച്ച കൂറിൻ്റെ 2, 4, 6, 8, 10 എന്നീ ഇരട്ട രാശികളിലും പതിനൊന്നാം രാശിയിലുമാണ് ബുധൻ ഗുണപ്രദനാകുന്നത്. വിദ്യാഭ്യാസ പുരോഗതി, ബുദ്ധിശക്തി, വാക്സിദ്ധി, ഗണിത ചാതുര്യം, ആശയവിനിമയശേഷി, അദ്ധ്യാപനം, മാധ്യമ പ്രവർത്തനം, കലാസാഹിത്യസപര്യ, വക്കീൽപ്പണി, ബന്ധുഗുണം, ഏജൻസി, ക്രയവിക്രയം എന്നിവയെല്ലാം ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ബുധൻ അനുകൂല ഭാവങ്ങളിലായാൽ ഇവയ്ക്ക് പുഷ്ടി പ്രതീക്ഷിക്കാം. ബുധൻ്റെ തുലാം രാശിയിലെ സഞ്ചാരത്താൽ ഏതൊക്കെ കൂറുകാർക്ക് ഗുണവും നേട്ടവും എന്നും ഏതൊക്കെ കൂറുകാർക്ക് നഷ്ടവും കഷ്ടവും എന്നും ഈ അപഗ്രഥനത്തിൽ നിന്നുമറിയാം. ധനുക്കൂറിന് (മൂലം , പൂരാടം, ഉത്രാടം ഒന്നാം പാദം) ഏറ്റവും അനുകൂലമായിട്ടുള്ള പതിനൊന്നാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. സഹജ ശക്തികൾ പ്രയോജനപ്പെടുത്തും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. പുതിയ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും. വിദേശ പഠനത്തിനുള്ള അവസരം വന്നെത്തുന്നതാണ്. തൊഴിൽ രംഗത്തെ ആയാസത്തിന് അവസാനം വിരാമമുണ്ടാകും. പ്രണയികൾക്ക് വിവാഹസാഫല്യം വരാം. നിക്ഷേപങ്ങളിൽ നിന്നും അധിക വരുമാനം ലഭിക്കാനിടയുണ്ട്. കുടുംബ സ്വത്തിന്മേൽ ന്യായമായ വിഹിതം രേഖാമൂലം കൈവരാം. പിണങ്ങിപ്പിരിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഒന്നിക്കാനായേക്കും. ബിസിനസ്സ് യാത്രകൾ ഫലപ്രദമാകും. ബൗദ്ധിക വിനോദങ്ങളിൽ വിജയിക്കുന്നതാണ്. ഇൻ്റർവ്യൂവിൽ ശോഭിക്കുന്നതായിരിക്കും. ജീവകാരുണ്യ പ്രവർത്തനത്തിൽ സന്തോഷം കണ്ടെത്തും. മകരക്കൂറിന് (ഉത്രാടം 2, 3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ) പത്താം ഭാവത്തിൽ സഞ്ചരിക്കുന്ന ബുധൻ കർമ്മരംഗത്തെ തടസ്സങ്ങൾ അകറ്റും. ചെയ്തു വരുന്ന തൊഴിൽ കൂടാതെ മറ്റൊരു വരുമാന മാർഗത്തെക്കുറിച്ചും ഗാഢമായി ചിന്തിക്കുന്നതാണ്. ഭാവിയിലേക്ക് ഏറ്റവും ഉപകരിക്കുന്ന പുതിയ കാര്യങ്ങൾ മനസ്സിലാക്കും. അത്തരം ഹ്രസ്വ കോഴ്സുകളിലേക്ക് ചേരുന്നതിന് ശ്രമം നടത്തുന്നതാണ്. പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് അനുയായികളുടെ വ്യക്തമായ പിന്തുണയുണ്ടാവും. ജീവിതപങ്കാളി നടത്തുന്ന സ്ഥാപനത്തിൻ്റെ വളർച്ചയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്യും. സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. പഴയ വ്യവഹാരങ്ങളിൽ അനുകൂലമായ വിധി ഉണ്ടാവുന്നതാണ്. പ്രോജക്ടുകൾ എഴുതി സമർപ്പിക്കും. സാഹിത്യ രചനകൾക്ക് അംഗീകാരം ലഭിക്കാം. കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1, 2, 3 പാദങ്ങൾ) ഒമ്പതാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നുത്. ഗുണദോഷസമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവാം. സന്ദിഗ്ദ്ധത മനസ്സിൽ നിറയും. തന്മൂലം അകർമ്മണ്യത ഉടലെടുക്കാം. സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങളിൽ അകാരണമായി താമസം വരാം. പ്രതീക്ഷിച്ച രീതിയിൽ ബിസിനസ്സിൽ വളർച്ച ഉണ്ടായെന്ന് വന്നേക്കില്ലേ. ബന്ധുക്കളുടെ നിലപാടുകൾ വിഷമിപ്പിക്കും. അപവാദ പ്രചാരണത്തിൽ ബന്ധുക്കൾ മുൻനിൽക്കും. പാരമ്പര്യ തൊഴിലുകളിൽ കുറച്ചൊക്കെ ശ്രദ്ധവെക്കാൻ കഴിയുന്നതാണ്. പിതാവിൻ്റെ ഇഷ്ടങ്ങൾ സാധിക്കാനാവും. തീർത്ഥയാത്ര നടത്താനും കുടുംബ ക്ഷേത്രത്തിൽ സമർപ്പണം പൂർത്തിയാക്കാനും അവസരം സംജാതമാകും. ലക്ഷ്യത്തിലെത്താൻ നിരന്തര പരിശ്രമം വേണ്ടതാണെന്ന് ബോധ്യപ്പെടുന്നതാണ്. മീനക്കൂറിന് (പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി) ബുധൻ അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നു. ബുധൻ്റെ ഇഷ്ടഭാവമാണ് എട്ടാമെടം. അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവും. വാക്ചാതുര്യം വർദ്ധിക്കുന്നതാണ്. നൈസർഗികമായ കഴിവുകൾ സ്വയം തിരിച്ചറിയുന്നതിന് അവസരം സംജാതമാകും. സസ്പെൻഷനിൽ ഇരുന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതായിരിക്കും. കായിക മേഖലയിൽ നേട്ടങ്ങൾ വന്നുചേരും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാനും സാമ്പത്തിക അച്ചടക്കം പുലർത്താനുമാവും. മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധത കാട്ടും. രചനകൾക്ക് അംഗീകാരം കിട്ടുന്നതായിരിക്കും. തന്ത്രപൂർവ്വം പ്രവർത്തിക്കാനും എതിരാളികളെ നിശബ്ദരാക്കാനും സാധിക്കുന്നതാണ്. കുടുംബാന്തരീക്ഷത്തിൽ ഐക്യം നിലനിർത്താൻ കഴിഞ്ഞേക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.