HOROSCOPE

ബുധൻ തുലാം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ

Follow Us ബുധൻ തുലാം രാശിയിൽ 2024 ഒക്ടോബർ 10 ന് (1200 കന്നി 24 ന് ) ബുധൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. ബുധൻ്റെ ഈ രാശിമാറ്റം മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാർക്ക് ഏതെല്ലാം അനുഭവങ്ങളാണ് സമ്മാനിക്കുക എന്ന അവലോകനമാണ് ഇവിടെ നിർവഹിക്കുന്നത്. തുലാം രാശി ബുധൻ്റെ ബന്ധുഗ്രഹമായ ശുക്രൻ്റെ സ്വക്ഷേത്രമാണ് എന്നത് പ്രസ്താവ്യമാണ്. ഒക്ടോബർ 21 ന് വരെ ബുധന് മൗഢ്യാവസ്ഥയുണ്ട്. അതിനാൽ തുടക്കത്തിൽ ഗുണഫലങ്ങൾ അല്പം മങ്ങുന്നതായിരിക്കും. മിത്രഗ്രഹത്തിൻ്റെ രാശിയിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ 'മുദിതൻ' എന്നുവിളിക്കുന്നു. "സന്തോഷമനുഭവിക്കുന്നവൻ" എന്നാണ് അതിൻ്റെ അർത്ഥം. എല്ലാ കൂറുകാർക്കും സന്തോഷാനുഭവങ്ങൾ നൽകാൻ ബുധന് കഴിയും എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കപ്പെടേണ്ടത്. തുലാം രാശിയിൽ സഞ്ചരിക്കുന്ന ബുധൻ ഒക്ടോബർ 14 വരെ ചിത്തിര നക്ഷത്രത്തിലും തുടർന്ന് ഒക്ടോബർ 22 വരെ ചോതി നക്ഷത്രത്തിലും തുടർന്ന് വിശാഖം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഒക്ടോബർ 29 ന് / തുലാം 13 ന് ബുധൻ തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് പകരുന്നു. അവരവർ ജനിച്ച കൂറിൻ്റെ 2,4,6,8,10 എന്നീ ഇരട്ട രാശികളിലും പതിനൊന്നാം രാശിയിലുമാണ് ബുധൻ ഗുണപ്രദനാകുന്നത്. വിദ്യാഭ്യാസ പുരോഗതി, ബുദ്ധിശക്തി, വാക്സിദ്ധി, ഗണിത ചാതുര്യം, ആശയവിനിമയശേഷി, അദ്ധ്യാപനം , മാദ്ധ്യമപ്രവർത്തനം, കലാസാഹിത്യസപര്യ, വക്കീൽപ്പണി, ബന്ധുഗുണം, ഏജൻസി, ക്രയവിക്രയം എന്നിവയെല്ലാം ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ബുധൻ അനുകൂല ഭാവങ്ങളിലായാൽ ഇവയ്ക്ക് പുഷ്ടി പ്രതീക്ഷിക്കാം. ബുധൻ്റെ തുലാം രാശിയിലെ സഞ്ചാരത്താൽ ഏതൊക്കെ കൂറുകാർക്ക് ഗുണവും നേട്ടവും എന്നും ഏതൊക്കെ കൂറുകാർക്ക് നഷ്ടവും കഷ്ടവും എന്നും ഈ അപഗ്രഥനത്തിൽ നിന്നുമറിയാം. മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ഏഴാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. അതിനാൽ സമ്മിശ്രമായ ഫലങ്ങൾ അനുഭവപ്പെടാം. പ്രതീക്ഷിച്ച കാര്യങ്ങൾ ഭാഗികമായിട്ടാവും നിറവേറുക. കൂട്ടുകച്ചവടം, സംയുക്ത സംരംഭങ്ങൾ എന്നിവയിൽ തർക്കങ്ങളോ നടത്തിപ്പ് സംബന്ധിച്ച നിയമ പ്രശ്നങ്ങളോ ഉടലെടുക്കാം. യാത്രകൾ നീട്ടിവെക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ വരുന്ന കാലമാണ്. വിനോദ രസികന്മാർക്കും വിനോദ പരിപാടികൾ അവതരിപ്പിക്കുന്നവർക്കും ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. വ്യവഹാരങ്ങളിൽ ഏർപ്പെടാതിരിക്കുകയാവും ഉചിതം. ബന്ധുക്കളിൽ ചിലർ നിസ്സാരകാര്യങ്ങൾക്ക് പിണങ്ങാനിടയുണ്ട്. സദുദ്ദേശത്തോടെ പറയപ്പെടുന്ന വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാം. കലാകായിക മത്സരങ്ങളിൽ കഷ്ടിച്ച് കടന്നുകൂടുന്നതാണ്. ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ , രോഹിണി , മകയിരം 1,2 പാദങ്ങൾ) ബുധൻ അനുകൂലഭാവമായ ആറാമെടത്തിൽ സഞ്ചരിക്കുന്നു. പരിശ്രമങ്ങൾ ഏതുരംഗത്തായാലും ഫലവത്താകുന്നതാണ്. സാങ്കേതികവും വൈജ്ഞാനികവുമായ കാര്യങ്ങളിൽ പുതിയ അറിവ് നേടിയെടുക്കും. തൊഴിൽ രംഗത്ത് അനുഭവപ്പെട്ടിരുന്ന സമ്മർദ്ദങ്ങൾക്ക് നല്ല അയവുണ്ടാകുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ പരിശീലനമോ താൽകാലിക വ്യവസ്ഥയിൽ തൊഴിലോ ലഭിക്കാം. ബന്ധുക്കളുടെ പിന്തുണ ശക്തി പകരുന്നതാണ്. കച്ചവടത്തിൽ പുതിയ ഏജൻസികളോ ഡീലർഷിപ്പുകളോ കൈവന്നേക്കും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്. ആത്മവിശ്വാസം കൂട്ടിനുണ്ടാവും. പ്രത്യുല്പന്നമതിത്വത്തോടെ ശത്രുക്കളുടെ പ്രവർത്തനങ്ങൾക്ക് തടയിടുന്നതാണ്. രോഗഗ്രസ്തതയാൽ വലയുന്നവർക്ക് ആശ്വാസമനുഭവപ്പെടുന്ന കാലമായിരിക്കും. മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3) പഞ്ചമ ഭാവത്തിൽ ബുധൻ സഞ്ചരിക്കുകയാൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഭവിക്കുന്നതാണ്. ആലോചനാശക്തി ദുർബലമായേക്കും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. സാഹിത്യകാരന്മാർ വിമർശനത്തിന് വിധേയരാവുന്നതാണ്. മക്കളുടെ കാര്യത്തിലും ചില മനപ്രയാസങ്ങൾ വരാനിടയുണ്ട്. ക്രിയാശക്തി ദുർബലമായേക്കും. വിവാദങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്. തെറ്റായ ഉപദേശം ലഭിക്കാൻ സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ അല്പനേട്ടം ഭവിച്ചേക്കും. ഉപാസനകളിൽ തടസ്സം ഉണ്ടാവുന്നതാണ്. ബന്ധുക്കളുടെ കലഹകാര്യത്തിൽ ഇടപെടുന്നത് തികഞ്ഞ കരുതലോടെ വേണം. പൊതുപ്രവർത്തകർക്ക് അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുന്നതാണ്. നവസംരംഭങ്ങൾക്ക് മുതൽമുടക്കുന്നത് ശ്രദ്ധയോടെ വേണം. കർക്കടകക്കൂറിന് (പുണർതം 4, പൂയം, ആയില്യം) ബുധൻ നാലാമെടത്തിൽ സഞ്ചരിക്കുന്നതിനാൽ ഗുണപരമായ കാര്യങ്ങൾക്ക് മുൻതൂക്കം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും ശക്തമായ പിന്തുണ വന്നുചേരും. വീടുപണിയിൽ പുരോഗതി ഭവിക്കും. വാഹനം പഴയത് മാറ്റി വാങ്ങാൻ സാധ്യതയുണ്ട്. ആസൂത്രണ മികവിനാൽ കർമ്മരംഗം പുഷ്ടിപ്പെടുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന ബിസിനസ്സ് തന്ത്രങ്ങൾ ആവിഷ്കരിക്കും. പ്രൊഫഷണലുകൾ കിടമത്സരങ്ങളിൽ വിജയിക്കുന്നതാണ്. സാമ്പത്തികമായ മെച്ചമുണ്ടാകും. ഗവേഷകർക്ക് പ്രബന്ധ രചന പൂർത്തീകരിക്കാനുള്ള സാഹചര്യം സംജാതമാകുന്നതാണ്. അമ്മയുടെ ആരോഗ്യം സംബന്ധിച്ച ഉത്കണ്ഠ ഒഴിയും. മാതൃബന്ധുക്കളുടെ സഹകരണം വർദ്ധിക്കുന്നതാണ്. വ്യവഹാരങ്ങളിൽ അനുരഞ്ജനം സാധ്യമാകും. മാനസികമായി സന്തോഷം അനുഭവപ്പെടുന്ന കാലമായിരിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.