HOROSCOPE

ബുധൻ തുലാം രാശിയിൽ, അശ്വതി മുതൽ രേവതി വരെ

Follow Us ബുധൻ തുലാം രാശിയിൽ 2024 ഒക്ടോബർ 10 ന് (1200 കന്നി 24 ന് ) ബുധൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. ബുധൻ്റെ ഈ രാശിമാറ്റം മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാർക്ക് ഏതെല്ലാം അനുഭവങ്ങളാണ് സമ്മാനിക്കുക എന്ന അവലോകനമാണ് ഇവിടെ നിർവഹിക്കുന്നത്. തുലാം രാശി ബുധൻ്റെ ബന്ധുഗ്രഹമായ ശുക്രൻ്റെ സ്വക്ഷേത്രമാണ് എന്നത് പ്രസ്താവ്യമാണ്. ഒക്ടോബർ 21 ന് വരെ ബുധന് മൗഢ്യാവസ്ഥയുണ്ട്. അതിനാൽ തുടക്കത്തിൽ ഗുണഫലങ്ങൾ അല്പം മങ്ങുന്നതായിരിക്കും. മിത്രഗ്രഹത്തിൻ്റെ രാശിയിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ 'മുദിതൻ' എന്നുവിളിക്കുന്നു. "സന്തോഷമനുഭവിക്കുന്നവൻ" എന്നാണ് അതിൻ്റെ അർത്ഥം. എല്ലാ കൂറുകാർക്കും സന്തോഷാനുഭവങ്ങൾ നൽകാൻ ബുധന് കഴിയും എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കപ്പെടേണ്ടത്. തുലാം രാശിയിൽ സഞ്ചരിക്കുന്ന ബുധൻ ഒക്ടോബർ 14 വരെ ചിത്തിര നക്ഷത്രത്തിലും തുടർന്ന് ഒക്ടോബർ 22 വരെ ചോതി നക്ഷത്രത്തിലും തുടർന്ന് വിശാഖം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഒക്ടോബർ 29 ന് / തുലാം 13 ന് ബുധൻ തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് പകരുന്നു. അവരവർ ജനിച്ച കൂറിൻ്റെ 2,4,6,8,10 എന്നീ ഇരട്ട രാശികളിലും പതിനൊന്നാം രാശിയിലുമാണ് ബുധൻ ഗുണപ്രദനാകുന്നത്. വിദ്യാഭ്യാസ പുരോഗതി, ബുദ്ധിശക്തി, വാക്സിദ്ധി, ഗണിത ചാതുര്യം, ആശയവിനിമയശേഷി, അദ്ധ്യാപനം , മാദ്ധ്യമപ്രവർത്തനം, കലാസാഹിത്യസപര്യ, വക്കീൽപ്പണി, ബന്ധുഗുണം, ഏജൻസി, ക്രയവിക്രയം എന്നിവയെല്ലാം ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ബുധൻ അനുകൂല ഭാവങ്ങളിലായാൽ ഇവയ്ക്ക് പുഷ്ടി പ്രതീക്ഷിക്കാം. ബുധൻ്റെ തുലാം രാശിയിലെ സഞ്ചാരത്താൽ ഏതൊക്കെ കൂറുകാർക്ക് ഗുണവും നേട്ടവും എന്നും ഏതൊക്കെ കൂറുകാർക്ക് നഷ്ടവും കഷ്ടവും എന്നും ഈ അപഗ്രഥനത്തിൽ നിന്നുമറിയാം. മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ഏഴാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. അതിനാൽ സമ്മിശ്രമായ ഫലങ്ങൾ അനുഭവപ്പെടാം. പ്രതീക്ഷിച്ച കാര്യങ്ങൾ ഭാഗികമായിട്ടാവും നിറവേറുക. കൂട്ടുകച്ചവടം, സംയുക്ത സംരംഭങ്ങൾ എന്നിവയിൽ തർക്കങ്ങളോ നടത്തിപ്പ് സംബന്ധിച്ച നിയമ പ്രശ്നങ്ങളോ ഉടലെടുക്കാം. യാത്രകൾ നീട്ടിവെക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ വരുന്ന കാലമാണ്. വിനോദ രസികന്മാർക്കും വിനോദ പരിപാടികൾ അവതരിപ്പിക്കുന്നവർക്കും ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. വ്യവഹാരങ്ങളിൽ ഏർപ്പെടാതിരിക്കുകയാവും ഉചിതം. ബന്ധുക്കളിൽ ചിലർ നിസ്സാരകാര്യങ്ങൾക്ക് പിണങ്ങാനിടയുണ്ട്. സദുദ്ദേശത്തോടെ പറയപ്പെടുന്ന വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാം. കലാകായിക മത്സരങ്ങളിൽ കഷ്ടിച്ച് കടന്നുകൂടുന്നതാണ്. ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ , രോഹിണി , മകയിരം 1,2 പാദങ്ങൾ) ബുധൻ അനുകൂലഭാവമായ ആറാമെടത്തിൽ സഞ്ചരിക്കുന്നു. പരിശ്രമങ്ങൾ ഏതുരംഗത്തായാലും ഫലവത്താകുന്നതാണ്. സാങ്കേതികവും വൈജ്ഞാനികവുമായ കാര്യങ്ങളിൽ പുതിയ അറിവ് നേടിയെടുക്കും. തൊഴിൽ രംഗത്ത് അനുഭവപ്പെട്ടിരുന്ന സമ്മർദ്ദങ്ങൾക്ക് നല്ല അയവുണ്ടാകുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ പരിശീലനമോ താൽകാലിക വ്യവസ്ഥയിൽ തൊഴിലോ ലഭിക്കാം. ബന്ധുക്കളുടെ പിന്തുണ ശക്തി പകരുന്നതാണ്. കച്ചവടത്തിൽ പുതിയ ഏജൻസികളോ ഡീലർഷിപ്പുകളോ കൈവന്നേക്കും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്. ആത്മവിശ്വാസം കൂട്ടിനുണ്ടാവും. പ്രത്യുല്പന്നമതിത്വത്തോടെ ശത്രുക്കളുടെ പ്രവർത്തനങ്ങൾക്ക് തടയിടുന്നതാണ്. രോഗഗ്രസ്തതയാൽ വലയുന്നവർക്ക് ആശ്വാസമനുഭവപ്പെടുന്ന കാലമായിരിക്കും. മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3) പഞ്ചമ ഭാവത്തിൽ ബുധൻ സഞ്ചരിക്കുകയാൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഭവിക്കുന്നതാണ്. ആലോചനാശക്തി ദുർബലമായേക്കും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. സാഹിത്യകാരന്മാർ വിമർശനത്തിന് വിധേയരാവുന്നതാണ്. മക്കളുടെ കാര്യത്തിലും ചില മനപ്രയാസങ്ങൾ വരാനിടയുണ്ട്. ക്രിയാശക്തി ദുർബലമായേക്കും. വിവാദങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്. തെറ്റായ ഉപദേശം ലഭിക്കാൻ സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ അല്പനേട്ടം ഭവിച്ചേക്കും. ഉപാസനകളിൽ തടസ്സം ഉണ്ടാവുന്നതാണ്. ബന്ധുക്കളുടെ കലഹകാര്യത്തിൽ ഇടപെടുന്നത് തികഞ്ഞ കരുതലോടെ വേണം. പൊതുപ്രവർത്തകർക്ക് അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുന്നതാണ്. നവസംരംഭങ്ങൾക്ക് മുതൽമുടക്കുന്നത് ശ്രദ്ധയോടെ വേണം. കർക്കടകക്കൂറിന് (പുണർതം 4, പൂയം, ആയില്യം) ബുധൻ നാലാമെടത്തിൽ സഞ്ചരിക്കുന്നതിനാൽ ഗുണപരമായ കാര്യങ്ങൾക്ക് മുൻതൂക്കം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും ശക്തമായ പിന്തുണ വന്നുചേരും. വീടുപണിയിൽ പുരോഗതി ഭവിക്കും. വാഹനം പഴയത് മാറ്റി വാങ്ങാൻ സാധ്യതയുണ്ട്. ആസൂത്രണ മികവിനാൽ കർമ്മരംഗം പുഷ്ടിപ്പെടുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന ബിസിനസ്സ് തന്ത്രങ്ങൾ ആവിഷ്കരിക്കും. പ്രൊഫഷണലുകൾ കിടമത്സരങ്ങളിൽ വിജയിക്കുന്നതാണ്. സാമ്പത്തികമായ മെച്ചമുണ്ടാകും. ഗവേഷകർക്ക് പ്രബന്ധ രചന പൂർത്തീകരിക്കാനുള്ള സാഹചര്യം സംജാതമാകുന്നതാണ്. അമ്മയുടെ ആരോഗ്യം സംബന്ധിച്ച ഉത്കണ്ഠ ഒഴിയും. മാതൃബന്ധുക്കളുടെ സഹകരണം വർദ്ധിക്കുന്നതാണ്. വ്യവഹാരങ്ങളിൽ അനുരഞ്ജനം സാധ്യമാകും. മാനസികമായി സന്തോഷം അനുഭവപ്പെടുന്ന കാലമായിരിക്കും. ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം ) ബുധൻ മൂന്നാം രാശിയിൽ സഞ്ചരിക്കുന്നു. ആശയവിനിമയശേഷിയിൽ തടസ്സമുള്ളതുപോലെ തോന്നാം .വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടും. വിദ്യാർത്ഥികൾ പഠിച്ചാലും പരീക്ഷകളിലും മറ്റും അറിവ് പ്രദർശിപ്പിക്കുന്ന കാര്യത്തിൽ പിന്നിലേക്ക് പോവാം. സഹോദരരുടെ വാഗ്ദാനം പ്രാവർത്തികമാവാൻ കാലതാമസമുണ്ടാവും. പ്രമാണം , രേഖകൾ തുടങ്ങിയവയിൽ ഒപ്പിടുന്നതിനുമുൻപ് അവ വായിച്ചു മനസ്സിലാക്കാൻ മറക്കരുത്. ഉദ്യോഗസ്ഥർക്ക് അധികച്ചുമതല ലഭിക്കും. ജോലിഭാരം കൂടുന്നതാണ്. തീരുമാനിച്ച യാത്രകൾ മുന്നയോ പിന്നെയോ ആക്കേണ്ടിവരും. വസ്തുതർക്കങ്ങളിൽ ഇടപെടേണ്ട സ്ഥിതിയുണ്ടാവും. ഏകപക്ഷീയ നിലപാടുകൾ കൈക്കൊള്ളുന്നത് സംഘടനകളുടെ വിമർശനത്തിന് കാരണമാകും. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) കന്നിക്കൂറിൻ്റെ രണ്ടാമെട മായ തുലാം രാശിയിലാണ് ബുധൻ്റെ സഞ്ചാരം. വാക്സിദ്ധി കൊണ്ട് പെരുമ നേടും. പണ്ഡിതോചിതമായി സംസാരിക്കും. വാക്കുകൾ വാളും കവചവും ആവും. ധനാഗമം വർദ്ധിക്കും. സ്വന്തം ബുദ്ധിശക്തിയാൽ നേട്ടങ്ങൾ വന്നുചേരുന്നതാണ്. പരീക്ഷകളിലും അഭിമുഖങ്ങളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കും. പ്രസംഗം, ചർച്ച, ഇവയിൽ ശോഭിക്കുന്നതാണ്. ബന്ധുബലം വർദ്ധിക്കുന്നതാണ്. സാമൂഹികാംഗീകാരം ഉയർന്നു നിൽക്കും. അഭിഭാഷകവൃത്തി, മാധ്യമപ്രവർത്തനം, അദ്ധ്യാപനം എന്നിവയിൽ പ്രശസ്തിയുണ്ടാവും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ക്ക് അർഹതയുള്ള സ്ഥാനക്കയറ്റം ലഭിക്കും. കുടുംബകാര്യങ്ങളിൽ സമാധാനം പുലരും. പൊതുവേ ജീവിതനിലവാരം ഉയരുന്നതാണ്. തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3) ജന്മരാശിയിൽ ബുധൻ സഞ്ചരിക്കുന്നു. ചന്ദ്രനും ശുക്രനുമൊഴികെ മറ്റു ഗ്രഹങ്ങൾ ജന്മരാശിയിൽ സഞ്ചരിക്കുമ്പോൾ ഗുണാനുഭവങ്ങൾ സൃഷ്ടിക്കാറില്ല. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്ലേശിക്കുന്നതാണ്. സ്വാഭാവിക നേട്ടങ്ങൾക്കുപോലും അല്പം തിളക്കം കുറയുന്നതായിരിക്കും. പഠിപ്പിൽ മാത്രമല്ല പ്രവർത്തനങ്ങളിലും ഏകാഗ്രത കുറയുന്നുണ്ടെന്നു തോന്നാം. കലാകായിക മത്സരങ്ങൾക്ക് പേരുനൽകും. എന്നാൽ അവയ്ക്ക് വേണ്ടതായ പരിശ്രമങ്ങൾക്ക് തയ്യാറാവില്ല. ആരോഗ്യസന്തുലനം നിലനിർത്തുന്നതിലും ശ്രദ്ധക്കുറവ് വരാം. ബന്ധുക്കളുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതു മൂലം കലഹസാധ്യത കാണുന്നു. സാഹിത്യകാരന്മാർക്ക് രചനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം , അനിഴം, തൃക്കേട്ട) ബുധൻ പന്ത്രണ്ടാം രാശിയിലാണ്. പന്ത്രണ്ടിൽ സഞ്ചരിക്കുമ്പോൾ ശുക്രനൊഴികെ മറ്റെല്ലാ ഗ്രഹങ്ങളും പ്രതികൂലരാണ്. ചെലവ് കൂടും. അപ്രതീക്ഷിത യാത്രകൾ മൂലമുണ്ടാവുന്ന ചെലവുകളും അസൗകര്യങ്ങളും സാധ്യതകളാണ്. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ സമയബന്ധിതമായി തീർക്കുന്നതിൽ ക്ലേശിക്കും. പാഠഭാഗങ്ങൾ പഠിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് വീഴ്ച വരാം. കുടുംബാംഗങ്ങളെ ഇണക്കി നിർത്തുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടാവുന്നതാണ്. അപ്രസക്ത കാര്യങ്ങൾക്ക് സമയം ചെലവഴിച്ചേക്കും. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിക്കാത്ത സ്ഥലം മാറ്റങ്ങൾക്കും സാധ്യതയുണ്ട്. വ്യവഹാരങ്ങൾക്ക് ഇത് ഉചിതവേളയല്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ധനുക്കൂറിന് (മൂലം , പൂരാടം, ഉത്രാടം ഒന്നാം പാദം) ഏറ്റവും അനുകൂലമായിട്ടുള്ള പതിനൊന്നാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. സഹജ ശക്തികൾ പ്രയോജനപ്പെടുത്തും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. പുതിയ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും. വിദേശ പഠനത്തിനുള്ള അവസരം വന്നെത്തുന്നതാണ്. തൊഴിൽ രംഗത്തെ ആയാസത്തിന് അവസാനം വിരാമമുണ്ടാകും. പ്രണയികൾക്ക് വിവാഹസാഫല്യം വരാം. നിക്ഷേപങ്ങളിൽ നിന്നും അധിക വരുമാനം ലഭിക്കാനിടയുണ്ട്. കുടുംബ സ്വത്തിന്മേൽ ന്യായമായ വിഹിതം രേഖാമൂലം കൈവരാം. പിണങ്ങിപ്പിരിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഒന്നിക്കാനായേക്കും. ബിസിനസ്സ് യാത്രകൾ ഫലപ്രദമാകും. ബൗദ്ധിക വിനോദങ്ങളിൽ വിജയിക്കുന്നതാണ്. ഇൻ്റർവ്യൂവിൽ ശോഭിക്കുന്നതായിരിക്കും. ജീവകാരുണ്യ പ്രവർത്തനത്തിൽ സന്തോഷം കണ്ടെത്തും. മകരക്കൂറിന് (ഉത്രാടം 2, 3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ) പത്താം ഭാവത്തിൽ സഞ്ചരിക്കുന്ന ബുധൻ കർമ്മരംഗത്തെ തടസ്സങ്ങൾ അകറ്റും. ചെയ്തു വരുന്ന തൊഴിൽ കൂടാതെ മറ്റൊരു വരുമാന മാർഗത്തെക്കുറിച്ചും ഗാഢമായി ചിന്തിക്കുന്നതാണ്. ഭാവിയിലേക്ക് ഏറ്റവും ഉപകരിക്കുന്ന പുതിയ കാര്യങ്ങൾ മനസ്സിലാക്കും. അത്തരം ഹ്രസ്വ കോഴ്സുകളിലേക്ക് ചേരുന്നതിന് ശ്രമം നടത്തുന്നതാണ്. പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് അനുയായികളുടെ വ്യക്തമായ പിന്തുണയുണ്ടാവും. ജീവിതപങ്കാളി നടത്തുന്ന സ്ഥാപനത്തിൻ്റെ വളർച്ചയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്യും. സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. പഴയ വ്യവഹാരങ്ങളിൽ അനുകൂലമായ വിധി ഉണ്ടാവുന്നതാണ്. പ്രോജക്ടുകൾ എഴുതി സമർപ്പിക്കും. സാഹിത്യ രചനകൾക്ക് അംഗീകാരം ലഭിക്കാം. കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1, 2, 3 പാദങ്ങൾ) ഒമ്പതാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നുത്. ഗുണദോഷസമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവാം. സന്ദിഗ്ദ്ധത മനസ്സിൽ നിറയും. തന്മൂലം അകർമ്മണ്യത ഉടലെടുക്കാം. സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങളിൽ അകാരണമായി താമസം വരാം. പ്രതീക്ഷിച്ച രീതിയിൽ ബിസിനസ്സിൽ വളർച്ച ഉണ്ടായെന്ന് വന്നേക്കില്ലേ. ബന്ധുക്കളുടെ നിലപാടുകൾ വിഷമിപ്പിക്കും. അപവാദ പ്രചാരണത്തിൽ ബന്ധുക്കൾ മുൻനിൽക്കും. പാരമ്പര്യ തൊഴിലുകളിൽ കുറച്ചൊക്കെ ശ്രദ്ധവെക്കാൻ കഴിയുന്നതാണ്. പിതാവിൻ്റെ ഇഷ്ടങ്ങൾ സാധിക്കാനാവും. തീർത്ഥയാത്ര നടത്താനും കുടുംബ ക്ഷേത്രത്തിൽ സമർപ്പണം പൂർത്തിയാക്കാനും അവസരം സംജാതമാകും. ലക്ഷ്യത്തിലെത്താൻ നിരന്തര പരിശ്രമം വേണ്ടതാണെന്ന് ബോധ്യപ്പെടുന്നതാണ്. മീനക്കൂറിന് (പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി) ബുധൻ അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നു. ബുധൻ്റെ ഇഷ്ടഭാവമാണ് എട്ടാമെടം. അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവും. വാക്ചാതുര്യം വർദ്ധിക്കുന്നതാണ്. നൈസർഗികമായ കഴിവുകൾ സ്വയം തിരിച്ചറിയുന്നതിന് അവസരം സംജാതമാകും. സസ്പെൻഷനിൽ ഇരുന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതായിരിക്കും. കായിക മേഖലയിൽ നേട്ടങ്ങൾ വന്നുചേരും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാനും സാമ്പത്തിക അച്ചടക്കം പുലർത്താനുമാവും. മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധത കാട്ടും. രചനകൾക്ക് അംഗീകാരം കിട്ടുന്നതായിരിക്കും. തന്ത്രപൂർവ്വം പ്രവർത്തിക്കാനും എതിരാളികളെ നിശബ്ദരാക്കാനും സാധിക്കുന്നതാണ്. കുടുംബാന്തരീക്ഷത്തിൽ ഐക്യം നിലനിർത്താൻ കഴിഞ്ഞേക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.