HOROSCOPE

Thulam Monthly Horoscope: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

Follow Us Monthly Horoscope: തുലാം മാസം നിങ്ങൾക്കെങ്ങനെ? ആദിത്യൻ തുലാം ഒന്നിന്, 2024 ഒക്ടോബർ 17 ന് രാവിലെ 7:42ന് തുലാം രാശിയിൽ പ്രവേശിക്കുന്നു. ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളാണ് തുലാം മാസത്തിലുള്ളത്. തുലാം രാശി ആദിത്യൻ്റെ നീചക്ഷേത്രമാണ് എന്നതും പ്രസ്താവ്യം. തുലാം ഒന്നിനും തുലാം മുപ്പതിനും വെളുത്തവാവും തുലാം 16ന് കറുത്തവാവും ഭവിക്കുന്നു. തുലാം 15 ന് / ഒക്ടോബർ 31ന് ആണ് ദീപാവലി. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ വക്രഗതിയായി ചതയം നക്ഷത്രത്തിലൂടെ കടന്നുപോകുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ചൊവ്വ, തുലാം നാലിന്/ ഒക്ടോബർ 20ന് തൻ്റെ നീചക്ഷേത്രമായ കർക്കടകം രാശിയിൽ പ്രവേശിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. അടുത്ത മൂന്നുമാസക്കാലം നേർ - വക്രഗതിയായി ചൊവ്വ കർക്കടകം രാശിയിൽ തന്നെയുണ്ടാവും. ബുധൻ മാസാരംഭത്തിൽ തുലാം രാശിയിലാണ്. തുലാം 13ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നു. തുലാം 5 മുതൽ ബുധൻ്റെ മൗഢ്യം തീരുകയുമാണ്. ശുക്രൻ തുലാം 22 വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1200 തുലാം മാസത്തിലെ സമ്പൂർണ്ണ അനുഭവങ്ങൾ ഇവിടെ സമഗ്രമായി അവതരിപ്പിക്കുന്നു. അശ്വതി വ്യാഴവും ശനിയും അനുകൂല ഭാവത്തിലാണ്. ആദിത്യൻ ഏഴിലും ചൊവ്വ നാലിലും സഞ്ചരിക്കുന്നു. കാര്യനിർവ്വഹണം നിർബാധം നടക്കുന്നതാണ്. കാലഘട്ടത്തിൻ്റെ സവിശേഷതകൾ വേഗത്തിൽ ഉൾക്കൊള്ളുവാൻ കഴിയും. ചുറ്റുപാടുകളുടെ സ്പന്ദനം തിരിച്ചറിയുന്നതാണ്. ആത്മാർത്ഥതയും കർമ്മനിരതത്വവും ഒപ്പമുള്ളവർ വേണ്ടത്ര മനസ്സിലാക്കിക്കൊള്ളണമെന്നില്ല. തൊഴിലിടത്തിലെ സൗഹൃദാന്തരീക്ഷം ചിലപ്പോൾ അല്പം കലുഷമായേക്കാം. ഗാർഹികമായും തെല്ല് സുഖക്കുറവുണ്ടാവും. തീരുമാനങ്ങൾ ഏകപക്ഷീയമാകുന്നതായി ഭിന്നസ്വരം ഉയർന്നേക്കാം. വാഹനോപയോഗത്തിൽ ജാഗ്രത കുറയരുത്. അലച്ചിലും യാത്രാക്ലേശവും വരാനിടയുണ്ട്. ധനാഗമത്തിൽ തടസ്സങ്ങളുണ്ടാവില്ല. ചടുലമായ നീക്കങ്ങൾ എതിർപക്ഷത്തെ നിശബ്ദമാക്കിയേക്കും. ആരോഗ്യപാലനത്തിൽ അലംഭാവമരുത്. ഭരണി ആദിത്യൻ ഏഴാം ഭാവത്തിലും ചൊവ്വ 3,4 ഭാവങ്ങളിലും സഞ്ചരിക്കുന്നു. വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളുടെ അനുകൂലതയുള്ളതിനാൽ വ്യക്തിപരമായ കാര്യങ്ങൾ ഒട്ടൊക്കെ ഭംഗിയായി നിർവഹിക്കാനാവും. കുടുംബാംഗങ്ങളെ ഇണക്കിക്കൊണ്ടുപോകും. കർമ്മരംഗത്ത് സാമാന്യമായി വളർച്ചയുണ്ടാകുന്നതായിരിക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ ലഭിക്കാം. പാരമ്പര്യ തൊഴിലുകളിൽ മന്ദഗതി അനുഭവപ്പെടും. നവീകരണ ശ്രമങ്ങൾ ഫലവത്താകാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. പുതുസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും വേണ്ട അനുമതി വൈകിയേക്കും. കൂട്ടുകച്ചവടത്തിൽ വിചാരിച്ച നേട്ടങ്ങളുണ്ടാവില്ല. യാത്രാക്ലേശം അനുഭവപ്പെടും. ആരോഗ്യജാഗ്രത അനിവാര്യം. കാർത്തിക മേടക്കൂറുകാർക്ക് സാഹചര്യങ്ങളിൽ വലിയ മാറ്റം വരാനിടയില്ല. ആവർത്തിത യത്നങ്ങളിലൂടെ വിജയം നേടുന്നതാണ്. തൊഴിൽപരമായി കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. പകരക്കാർക്ക് ചുമതല ഏല്പിക്കുന്ന സാഹചര്യം ഉണ്ടാവാം. വലിയ മുതൽമുടക്കുകൾക്ക് ഗ്രഹാനുകൂല്യം കുറവാണെന്നത് ഓർമ്മയുണ്ടാവണം. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ സാധ്യതയാണ്. ഇടവക്കൂറുകാർക്ക് സംരംഭങ്ങളിൽ വിജയിക്കാനാവും. സർക്കാരിൽ നിന്നും സ്ഥാപനത്തിന് അനുമതി കിട്ടുന്നതാണ്. ബാങ്ക് വായ്പ ലഭിക്കാം. ഊഹക്കച്ചവടത്തിൽ നിരാശപ്പെടേണ്ടതില്ല. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും. ഭാവിയെക്കുറിച്ചോർത്ത് ക്ലേശിക്കുകയില്ല. രോഗഗ്രസ്തർക്ക് ഫലപ്രദമായ ചികിൽസാ മാറ്റം സാധ്യമാകുന്നതാണ്. രോഹിണി ആദിത്യൻ ആറാം ഭാവത്തിലും ചൊവ്വ മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ ജീവിത പുരോഗതി വന്നുചേരും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് അർഹതക്കനുസരിച്ച അവസരങ്ങൾ കൈവരുന്നതാണ്. രോഗഗ്രസ്തർക്ക് സമാശ്വാസമുണ്ടാവും. കടബാധ്യതകൾ പരിഹരിക്കാനുള്ള പോംവഴി തെളിയും. പ്രണയികൾക്ക് വിഘ്നങ്ങൾ വന്നുകൂടായ്കയില്ല. ദാമ്പത്യത്തിൽ അനുരഞ്ജനം ഫലവത്താകുന്നതാണ്. ഭൂമി വില്പനയ്ക്കുള്ള തടസ്സങ്ങൾ നീങ്ങുന്നതാണ്. സഹോദരനുകൂല്യം പ്രതീക്ഷിക്കാം. കായിക കലാമത്സരങ്ങളിൽ വിജയം വരിക്കും. രഹസ്യ നിക്ഷേപങ്ങൾ വർദ്ധിക്കുന്നതാണ്. സുഹൃത്തുക്കൾ / കുടുംബം ഇവർക്കൊപ്പം ക്ഷേത്രാടനമുണ്ടാകും. മകയിരം നക്ഷത്രനാഥനായ കുജന് നീചക്ഷേത്രസ്ഥിതി ഭവിക്കുന്നതിനാൽ ആത്മവിശ്വാസത്തിന് ഉലച്ചിൽ തട്ടാം. പ്രധാന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിഷമിക്കുന്നതാണ്. ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് വിജയാനുഭവങ്ങൾ കുറയുകയില്ല. മത്സരങ്ങളിലും അഭിമുഖങ്ങളിലും മുന്നേറാനാവും. പ്രശസ്ത വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതായിരിക്കും. ആഗ്രഹിച്ച ജോലി കിട്ടുന്നതാണ്. രാഷ്ട്രീയത്തിലും ശോഭിക്കാനായേക്കും. മിഥുനക്കൂറുകാർക്ക് സമ്മിശ്രമായിട്ടാവും അനുഭവങ്ങൾ വന്നെത്തുക. ധനപരമായി ശ്രദ്ധ വേണ്ടതുണ്ട്. പരുഷവാക്കുകൾ പറഞ്ഞ് ശത്രുക്കളെ സമ്പാദിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്നതാണ്. ഭൂമി വിൽപ്പനയിൽ തടസ്സങ്ങളേർപ്പെടാം. ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്. തിരുവാതിര ആദിത്യൻ അഞ്ചിലും ചൊവ്വ രണ്ടിലും വ്യാഴം പന്ത്രണ്ടിലും സഞ്ചരിക്കുന്നു. ആത്മശക്തി വർദ്ധിക്കുന്നതാണ്. ബുദ്ധിപരമായി പ്രവർത്തിക്കും. ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കുവാൻ മുന്നോട്ടുവരുന്നതാണ്. എന്നാൽ അവയിൽ വിജയസാധ്യത കുറവായിരിക്കും. മേലധികാരികളുടെ പിന്തുണ വേണ്ടത്രയുണ്ടാവില്ല. ബിസിനസ്സിൽ സമ്മർദ്ദം ഉയരുന്നതാണ്. പരുഷവാക്കുകൾ പറഞ്ഞ് പലരോടും കലഹിച്ചേക്കും. ധനവരവ് കൂടിയും കുറഞ്ഞുമിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ തടസ്സം അനുഭവപ്പെടുവാനിടയുണ്ട്. പ്രൊഫഷണലുകൾക്കിടയിൽ കിടമത്സരം അധികരിച്ചേക്കും. മുൻകൂട്ടി തീരുമാനിച്ച യാത്രകൾ മാറ്റിവെക്കേണ്ടി വരാം. സഹോദരർ തമ്മിലുള്ള ഐകമത്യം കുറയുന്നതായിരിക്കും. പിതൃ-പുത്രബന്ധത്തിൽ സുഗമത ലോപിക്കും. പുണർതം വ്യാഴം പന്ത്രണ്ടിലും ചൊവ്വ ജന്മനക്ഷത്രത്തിലും ആദിത്യൻ അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്നു. സാഹസങ്ങൾ ഒഴിവാക്കണം. ഊഹക്കച്ചവടത്തിൽ കരുതൽ പുലർത്തേണ്ടതുണ്ട്. യാത്രകൾ വർദ്ധിക്കുന്നതാണ്. വരുമാനം കൂടുമെങ്കിലും ചെലവിനങ്ങളും അധികരിച്ചേക്കും. ക്ഷോഭം നിയന്ത്രിക്കപ്പെടണം. സ്വാശ്രയ ബിസിനസ്സിൽ ചില നേട്ടങ്ങൾ വന്നെത്താം. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കും. ബന്ധുക്കളെ സ്വന്തം സ്ഥാപനത്തിൽ നിയമിക്കുന്നതുമൂലം ചിലരുടെ വിപ്രതിപത്തിക്ക് പാത്രമാവുന്നതാണ്. സംഘടനകളിൽ ഒറ്റയാൾ പോരാട്ടം നടത്തും. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സംസാരിക്കാൻ സാഹചര്യം കുറയും. പൂയം ആദിത്യൻ നാലിലും ചൊവ്വ ജന്മരാശിയിലും സഞ്ചരിക്കുന്ന കാലമാകയാൽ ഗുണദോഷസമ്മിശ്രത എല്ലാ രംഗത്തും പ്രത്യക്ഷമാകും.ചില ബന്ധങ്ങൾ ദൃഢമാകുന്നതാണ്.മറ്റു ചില ബന്ധങ്ങൾ ദുർബലമാകാം. സാമ്പത്തിക സ്രോതസ്സുകൾ ഫലപ്രദമായേക്കില്ല. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ ഉന്മേഷരാഹിത്യം ബാധിക്കാനിടയുണ്ട്. കരാർ ജോലികളും ഏജൻസി പ്രവർത്തനങ്ങളും മെച്ചപ്പെടുന്നതാണ്. പൊതുപ്രവർത്തകർ ആരോപണങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അപ്രസക്ത വിഷയങ്ങൾക്കായി കൂടുതൽ സമയവും ഊർജ്ജവും ചെലവാക്കേണ്ടതായി വരുന്നതാണ്.കലാപ്രവർത്തനം അഭംഗുരമായി തുടരുന്നതായിരിക്കും.ഗൃഹനവീകരണം നീണ്ടുപോയേക്കാം. വിവാദങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആയില്യം പല കാര്യങ്ങളിലും സുഗമതയുണ്ടാവില്ല. ലക്ഷ്യപ്രാപ്തിക്ക് ആവർത്തിത ശ്രമങ്ങൾ വേണ്ടിവരുന്നതാണ്. ചൊവ്വ ജന്മരാശിയിലേക്ക് പകരുന്നതിനാൽ ക്ഷോഭം അധികരിച്ചേക്കാം.സഹോദരരുമായി പിണങ്ങാനിടയുണ്ട്. ഭാവന ഉണരുമെങ്കിലും കലാകാരന്മാർക്ക് അവ സാക്ഷാൽകരിക്കാൻ ക്ലേശമുണ്ടായേക്കാം.ഔദ്യോഗികമായി ഏറ്റവും ജാഗ്രത വേണ്ട സന്ദർഭമാണ്. ജന്മനാട്ടിലെ പൂർവ്വിക സ്വത്ത് വിൽക്കാനുള്ള തീരുമാനം തർക്കത്തിലെത്താം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുക അഭികാമ്യം. ചെറുകിട സംരംഭങ്ങൾ ലാഭകരമായേക്കാം.സ്വകാര്യ സ്ഥാപനത്തിലെ ജോലി ആശ്വാസമായി തോന്നുന്നതാണ്. വിദേശത്തുള്ളവർക്ക് ആശ്വാസവാർത്തകൾ ശ്രവിക്കാനാവും. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നേണ്ടി വരുന്നതാണ്. മകം ആദിത്യൻ്റെ രാശിമാറ്റം അനുകൂലമാണ്. എന്നാൽ ചിങ്ങക്കൂറിൻ്റെ അധിപനായ ഗ്രഹം എന്ന നിലയ്ക്ക് ആദിത്യന് നീചം വരുന്നത് ആശ്വാസകരവുമല്ല. അകൽച്ച പാലിച്ച സുഹൃത്തുക്കൾ അടുത്തുവരുന്നതാണ്. അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു കൊണ്ടുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുവാനാവും. പിതാവിൻ്റെ കുടുംബത്തിൽ നിന്നും പ്രതികൂലതകൾ വരാം. പ്രണയകാര്യത്തിൽ ആഹ്ളാദിക്കാമെങ്കിലും വിവാഹ സാഫല്യത്തിന് തടസ്സം ഉണ്ടായേക്കും. ദാമ്പത്യത്തിൽ അനുരഞ്ജനം ആവശ്യമാവും. ഓൺലൈൻ ബിസിനസ്സിൽ പുരോഗതി പ്രകടമാവുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ വിമർശിക്കപ്പെടും. ക്ഷേത്രോത്സവാദികൾക്ക് സാരഥ്യം വഹിക്കാൻ സാധ്യതയുണ്ട്. പൂരം അനുഭവിച്ചുപോന്ന പലതരം സമ്മർദ്ദങ്ങൾക്ക് അയവും സമാശ്വാസവുമുണ്ടാവും. സാഹചര്യങ്ങൾ അനുകൂലമായിത്തീരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പുതിയ കാലത്തിൻ്റെ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടും. ഗാർഹിക ജീവിതത്തിൽ ഒട്ടൊക്കെ സമാധാനം വന്നുചേരുന്നതാണ്. കലാരംഗവുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ അവസരങ്ങൾ തേടിവരുന്നതായിരിക്കും. വിദ്യാർത്ഥികൾ പഠനമികവ് പുലർത്തും. വസ്തുവില്പനയിൽ ജാഗ്രത വേണം. അമളി പിണയാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ഉള്ള അനുമതികൾ തടസ്സം കൂടാതെ ലഭിച്ചേക്കും. ബിസിനസ്സിൽ പുതിയ പങ്കാളികളെ കണ്ടെത്തും. കരാറുകളിൽ ഏർപ്പെടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്. ഉത്രം ദുർഘടമായി ഭവിച്ചിരുന്ന കാര്യങ്ങൾ സുഗമമായി നിർവഹിക്കാനാവും. ചിങ്ങക്കൂറുകാർക്ക് ഔദ്യോഗികമായി ശോഭിക്കാൻ കഴിയുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ ഉറപ്പിക്കാനാവും. രാഷ്ട്രീയ വൃത്തങ്ങളിൽ സ്വാധീനമേറുന്നതാണ്. സംഘടനാ പ്രവർത്തനങ്ങളിൽ ഏകോപനം സാധ്യമാകും. കന്നിക്കൂറുകാർക്ക് മത്സരങ്ങളിൽ വിജയം സുനിശ്ചിതമാണ്. എതിരാളിയുടെ മേൽ മാനസികമായ മേൽകൈ നേടുന്നതിനാവും. വചോവിലാസത്താൽ സഭകളിലും സമാജങ്ങളിലും ശോഭിക്കാൻ കഴിയും. കുടുംബ ബന്ധങ്ങളിൽ ദൃഢതയുണ്ടാവും. പൂർവ്വിക വസ്തുക്കളിൽ നിന്നും ആദായത്തിന് സാധ്യതയുണ്ട്. ഊഹക്കച്ചവടം, ഇൻഷ്വറൻസ്, ചിട്ടി മുതലായവയിൽ നിന്നും ധനാഗമം കൈവരുന്നതാണ്. അത്തം ചൊവ്വ പതിനൊന്നിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. അപ്രതീക്ഷിത സഹായം വന്നുചേരും. ബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാനാവുന്നതാണ്. സഹോദര ഗുണമുള്ള കാലമായിരിക്കും. പ്രയത്നങ്ങൾക്ക് സഫലതയുണ്ടാവും. സർക്കാർ കാര്യങ്ങളിൽ ഗുണം കുറയാം. കാര്യസാധ്യത്തിന് അവർത്തിത ശ്രമം വേണ്ടിവന്നേക്കും. ഗുരുവന്ദനത്തിന് അവസരം ലഭിക്കുന്നതാണ്. തീർത്ഥാടനയോഗം കാണുന്നു. പിതൃബന്ധുക്കളെ സന്ദർശിക്കുന്നതാണ്. നിലവിലെ തൊഴിൽ തൃപ്തികരമാം വിധം മുന്നോട്ടുകൊണ്ടുപോകാനാവും. കിട്ടാക്കനിയാണോ എന്നുതോന്നിയ മനസ്സമാധാനം കൈവരുന്നതാണ്. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്തും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക അഭികാമ്യം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവും. ചിത്തിര സ്വയംകൃതാനർത്ഥങ്ങൾ ക്ലേശിപ്പിക്കും. മറ്റുള്ളവരെ പഴിചാരുന്നതിനെക്കാൾ നമ്മുടെ സ്വഭാവപരിമിതിയും വൈകല്യവും തന്നെയാവും കാരണം. സംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിച്ചേക്കില്ല. എന്നാൽ നിലവിലുള്ളവ ഒരുവിധം മുന്നോട്ടു കൊണ്ടുപോകാനാവും. പുതിയ കാര്യങ്ങൾ പഠിച്ചറിയാനുള്ള ഉത്സുകത ഉണ്ടായിരിക്കും. കന്നിക്കൂറുകാർക്ക് ഭൂമി/കൃഷി ഇവയിൽ നിന്നും ആദായം ഉണ്ടാവുന്നതാണ്. ഭാഗ്യാനുഭവങ്ങൾ വരാം. ഒപ്പമുള്ളവരെ ഏകോപിപ്പിക്കുന്നതിൽ വിജയം വരിക്കും. വ്യക്തമായ ലക്ഷ്യബോധം പ്രവർത്തനങ്ങളിൽ കാണാൻ സാധിക്കും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടുന്നതാണ്. തുലാക്കൂറുകാർക്ക് സമ്മർദ്ദമേറും. കുടുംബാംഗങ്ങളുടെ ഉപദേശങ്ങൾ സ്വീകരിക്കില്ല. ആലോചനാപരത കൂടും; പ്രവൃത്തി പിന്നിലാവുകയും ചെയ്യും. യാത്രകൾ കൂടുന്നതിനാൽ ദേഹക്ലേശം ഉണ്ടാവുന്നതാണ്. ചോതി ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ അലച്ചിലുണ്ടാവും. ദേഹക്ഷീണം അനുഭവപ്പെടുന്നതാണ്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അധ്വാനഭാരം അധികരിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. സ്വയം ചെയ്യുന്ന തൊഴിലുകളിൽ ലാഭം കുറയുന്നതാണ്. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർക്കണം. സുഖഭോഗവസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ആടയാഭരണങ്ങൾ വാങ്ങാൻ ചെലവേറും. അന്യദേശത്ത് ഉപരിപഠനത്തിനോ സ്കോളർഷിപ്പോടു കൂടിയ പ്രോജക്ടുകൾ ലഭിക്കാനോ അവസരമുണ്ടാകും. പ്രണയികൾക്ക് നല്ലകാലമാണ്. രഹസ്യനിക്ഷേപങ്ങൾ നടത്താനാവും. ആരോഗ്യപരിപാലനം പ്രധാനമെന്നത് മറക്കരുത്. വിശാഖം ആദിത്യൻ പന്ത്രണ്ടിലാകയാൽ വ്യർത്ഥയാത്രകൾ ഉണ്ടാവും. അനാവശ്യമായ ആധിയും ഉൽക്കണ്ഠയും ഒഴിവാക്കണം. ആലോചനകളും പുനരാലോചനകളും ഏറുന്നതാണ്. കർമ്മരംഗത്ത് ആലസ്യം അനുഭവപ്പെടുന്നതാണ്. ഉത്തരവാദിത്വം സഹപ്രവർത്തകരെ ഏല്പിക്കുന്നത് പിന്നീട് അധികാരികളാൽ ചോദ്യം ചെയ്യപ്പെടാം. ബന്ധുക്കളിൽ ചിലരെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയേക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭവാർത്തയുണ്ടാവുന്നതാണ്. കൂട്ടുകാരുടെ കുടുംബ പ്രശ്നങ്ങൾക്ക് പോംവഴി ഉപദേശിക്കുന്നതാണ്. ആഢംബരച്ചെലവ് വർദ്ധിക്കും. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. ഏജൻസികൾ നടത്തുന്നവർക്ക് ആദായ വർദ്ധന പ്രതീക്ഷിക്കാം. അനിഴം ആദിത്യൻ പന്ത്രണ്ടിൽ സഞ്ചരിക്കുന്നു. തന്മൂലം ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ജോലിസ്ഥലത്ത് ആധിപത്യവും സർവ്വസമ്മതത്വവും കുറയാനിടയുണ്ട്. വ്യർത്ഥമായ കാര്യങ്ങൾക്കുവേണ്ടി അലച്ചിലുണ്ടാകും. ഏജൻസികളും കമ്മീഷൻ പ്രവർത്തനങ്ങളും ലാഭകരമാവും. വിവരശേഖരണം, വിജ്ഞാന സമ്പാദനം എന്നിവയിൽ ആനന്ദം കണ്ടെത്തുന്നതാണ്. കൂട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സക്രിയമായി ഇടപെടും. തനിക്ക് ന്യായമെന്ന് തോന്നുന്ന കാര്യങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറയുന്നതിന് മടിക്കില്ല. തന്മൂലം ശത്രുക്കൾ കൂടുന്നതായിരിക്കും. നേർവഴിയിലൂടെയല്ലാത്ത ധനാഗമ മാർഗങ്ങൾ വേണ്ടെന്നു വെക്കുന്നതാണ്. തൃക്കേട്ട ആദർശത്തെ കൈവെടിയില്ലെങ്കിലുംപ്രായോഗികവശത്തിന് ഊന്നൽ നൽകും. ദുർഘടദൗത്യങ്ങൾ ക്ഷമാപൂർവ്വം പൂർത്തിയാക്കുന്നതിനാൽ മേലധികാരികൾ പ്രശംസിക്കുന്നതാണ്. വിദ്യാർത്ഥികൾ വരുംവർഷത്തിലെ ഉപരിപഠനത്തിനുള്ള ശ്രമം ആരംഭിക്കും. വസ്തുവകകളെ സംബന്ധിച്ച തർക്കത്തിൽ നിന്നും പിന്മാറുന്നതാണ്. മകനുവേണ്ടി പുതിയ വാഹനം വാങ്ങുന്ന കാര്യം പരിഗണിച്ചേക്കും. വ്യാപാര - വ്യവസായത്തിൽ ലാഭം തെല്ല് കുറയാം. ധനനിക്ഷേപങ്ങൾ കരുതലോടെയാവണം. ആഹാരപദാർത്ഥങ്ങൾ മൂലം രോഗക്ലേശം വരാനിടയുണ്ട്. ജീവിത പങ്കാളിയുടെ തൊഴിൽ മേഖല വിപുലീകരിക്കാനായി ശ്രമം തുടരുന്നതാണ്. രഹസ്യവും പരസ്യവുമായ എതിർപ്പുകളെ തന്ത്രപൂർവ്വം നേരിടും. വിനോദം, വിജ്ഞാന സമ്പാദനം, ബന്ധു സന്ദർശനം ഇവക്കായി യാത്രകളുണ്ടാവും. മൂലം ആദിത്യൻ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ഔദ്യോഗികമായി മുന്നേറ്റമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് ആദായമാർഗം തുറന്നുകിട്ടുന്നതാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ ഉയർച്ച വരും. വേതന വർദ്ധനവിനും സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ വിജയിക്കുവാനാവും. അണികളുടെ വിശ്വാസാദരം നേടുന്നതാണ്. ബന്ധുക്കളിൽ നിന്നും സ്നേഹവും പിന്തുണയും ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത പുലർത്താനാവും. ബിസിനസ്സ് നവീകരണം സാധ്യമാകുന്നതാണ്. വിദേശത്തു കഴിയുന്നവർക്ക് വിസ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവാം. ആരോഗ്യപരമായി കരുതൽ വേണം. ചൊവ്വ അഷ്ടമസ്ഥനാകുന്നത് മനക്ലേശത്തിനും ഇടവരുത്താം. പൂരാടം ഉദ്യോഗസ്ഥർക്ക് ഉന്മേഷവും പ്രവൃത്തിയിൽ വിജയവും ഉണ്ടാവും. ആഗ്രഹിച്ച നാട്ടിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിക്കാം. അസൗകര്യമുള്ള ഷിഫ്റ്റുകളിൽ നിന്നും മാറാനാവുന്നതാണ്. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കും. സംഘടനകളിൽ നേതൃപദവി ലഭിക്കാം. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ സ്വയം തിരുത്തി മുന്നോട്ടു പോകും. ചെറുതും വലുതുമായ സംരംഭങ്ങളുമായി കർമ്മരംഗം വികസിപ്പിക്കുവാൻ സാധിക്കുന്നതാണ്. നാട്ടിലെ പൊതുക്കാര്യങ്ങളുടെ മുൻനിരയിൽ ഇടം പിടിക്കുവാനാവും. പിതൃ - പുത്ര ബന്ധം കൂടുതൽ രമ്യമാകും. കലാപരമായ സിദ്ധികൾ പോഷിപ്പിക്കാൻ സാഹചര്യമുണ്ടാവും. പാരമ്പര്യസ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരങ്ങൾ രാജിയാവുന്നതാണ്. സാഹസങ്ങൾ ഒഴിവാക്കണം. ഉത്രാടം മങ്ങിപ്പോയ സഹജവാസനകൾ പുറത്തെടുക്കുവാൻ സാഹചര്യമുണ്ടാവും. ഔദ്യോഗികമായ ചുമതലകൾ വർദ്ധിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവോ മറ്റു സാമ്പത്തിക ആനുകൂല്യമോ സിദ്ധിക്കും. ഗവേഷകർക്ക് പ്രോജക്ടുകൾ പരിസമാപ്തിയിൽ എത്തിക്കാനാവും. പ്രൊഫഷണലുകൾ തൊഴിൽപരമായ കിടമത്സരങ്ങൾ നേരിടുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞുള്ള വ്യാപാരവുമായി മുന്നോട്ടുപോകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പരപ്രേരണയില്ലാതെ പങ്കുചേരുന്നതാണ്. മകരക്കൂറുകാർക്ക് ഏഴാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ പ്രണയ തടസ്സം വരാം. കടബാധ്യതകൾ പരിഹരിക്കുന്നതിന് പോംവഴി തെളിയുന്നതാണ്. ഊഹക്കച്ചവടത്തിൽ ലാഭനഷ്ടങ്ങൾ മാറി മാറി വരും. ധനുക്കൂറുകാർ വാഹനം കൈകാര്യം ചെയ്യുന്നത് ഏറ്റവും ജാഗ്രതയോടെയാവണം. തിരുവോണം പ്രയത്‌നത്തിന് അംഗീകാരം ലഭിക്കും. ലക്ഷ്യപ്രാപ്തി സാധ്യമാകുന്നതാണ്. കൃത്യനിർവഹണം അഭംഗുരമാവും. ഗവേഷകരുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും അംഗീകരിക്കപ്പെടും. തൊഴിലിടത്തിൽ മുന്നത്തെക്കാളും സമാധാനമുണ്ടാകും. സുഹൃത്തുക്കളുടെ അനൈക്യം ഒത്തുതീർപ്പാക്കുന്നതിന് മുൻകൈയെടുക്കും. ദാമ്പത്യത്തിൽ സ്വാഭാവികത നിറയുന്നതാണ്. പരസ്പരധാരണ പുലർത്തിക്കൊണ്ട് കുടുംബകാര്യങ്ങളിൽ മുഴുകന്നതിനാവും. ഗൃഹനിർമ്മാണത്തിൽ ഏർപ്പെട്ട ധനമാന്ദ്യത്തിന് മാറ്റം വരുന്നതായിരിക്കും. മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്ത പ്രതീക്ഷിക്കാം. പണയ വസ്തുക്കൾ വീണ്ടെടുക്കാനാവും. ശനി മൂന്നാം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യകാര്യങ്ങളിൽ ജാഗ്രതയുണ്ടാവണം. അവിട്ടം മുൻമാസത്തെക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തും. ഉന്നതോദ്യോഗസ്ഥർ അനുകൂലമായ നിലപാട് കൈക്കൊള്ളും. കരാർ പണികൾ പുതുക്കിക്കിട്ടാം. ഇൻഷ്വറൻസ്, ചിട്ടി, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. വസ്തുകച്ചവടത്തിൽ പ്രതീക്ഷിച്ചതിലും ലാഭമുണ്ടാകുന്നതാണ്. കടബാധ്യതയാൽ നട്ടം തിരിഞ്ഞവർക്ക് ഭാഗികമായ തിരിച്ചടവ് സാധ്യമായേക്കും. പഴയ വാഹനം മാറ്റിവാങ്ങാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാഠ്യേതരങ്ങളായ ചില കലാ-കായിക- ബൗദ്ധിക പരിപാടികളിൽ പരീശീലനം കിട്ടാം. രോഗഗ്രസ്തനായ ബന്ധുവിനെ സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാൻ സന്നദ്ധതയുണ്ടാവും. അമിതമായ ആത്മവിശ്വാസം ദോഷകരമാവാം. ചെലവിനങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചതയം ആദിത്യൻ ഒമ്പതിലും കേതു അഷ്ടമത്തിലും ചൊവ്വ ആറിലും സഞ്ചരിക്കുന്നു. പലതരം സമ്മർദ്ദങ്ങളുണ്ടാവും. കുടുംബപരമായ കാര്യങ്ങളിൽ തെറ്റായ ഉപദേശം ലഭിച്ചേക്കാം. തൊഴിൽ തേടുന്നവർക്ക് താൽകാലികമായ ജോലി കൈവരുമെങ്കിലും അദ്ധ്വാനം കഠിനമായിരിക്കും. കക്ഷിരാഷ്ട്രീയത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞേക്കില്ല. ചെറുകിട വ്യാപാരികൾക്ക് വായ്പ ലഭിക്കാനിടയുണ്ട്. ആത്മീയ സാധനകൾക്ക് അവസരം ഉണ്ടാവും. വാക്കും കർമ്മവും ഒന്നാവാൻ sreeശ്രദ്ധ വേണം. വൃദ്ധദമ്പതികൾക്ക് മകളുടെ ജോലിസ്ഥലത്തേക്ക് താമസം മാറ്റേണ്ടി വരാം. കൂട്ടുകച്ചവടത്തിൽ അല്പലാഭം പ്രതീക്ഷിക്കാം. മാസത്തിൻ്റെ രണ്ടാം പകുതി മുതൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതാണ്. പൂരൂരുട്ടാതി പ്രവൃത്തികളിലെ ശുഷ്കാന്തിയും നിഷ്കർഷയും ആദരിക്കപ്പെടും. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കും. സംഘടനകളിൽ താത്പര്യം കുറയുന്നതാണ്. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കും. അവരുടെ അഭിപ്രായങ്ങൾ മനസ്സു തുറന്ന് കേൾക്കും. വിൽപ്പനയിൽ തടസ്സം നേരിട്ട വസ്തു വിൽക്കാൻ സാധിക്കുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. ഗൃഹനിർമ്മാണത്തിൽ മാന്ദ്യം ഉണ്ടാകും. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലുകളിൽ നിന്നും സാമാന്യമായ വിധം വരുമാനം പ്രതീക്ഷിക്കാം. വിദേശത്തുള്ളവരുടെ തൊഴിൽ ക്ലേശങ്ങൾ കുറച്ചൊക്കെ പരിഹരിക്കപ്പെടും. ജാമ്യം നിൽക്കുന്നതിൽ ജാഗ്രത വേണം. ഉത്രട്ടാതി രാഹു ജന്മനക്ഷത്രത്തിലും ആദിത്യൻ അഷ്ടമത്തിലും വ്യാഴം മൂന്നിലും സഞ്ചരിക്കുന്നു. ലക്ഷ്യത്തെക്കുറിച്ച് അവ്യക്തതയുണ്ടാവും. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെങ്കിലും പകുതിയിൽ ഉപേക്ഷിക്കാം. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലിൽ നിന്നും സാമാന്യമായ വരുമാനം മാത്രമാവും കൈവരിക. ആദരണീയരെ നിന്ദിക്കുന്നവർക്കൊപ്പം ചേർന്നേക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ രേഖകൾ / അനുമതിപത്രം ഇവയ്ക്ക് കാലവിളംബം വരാനിടയുണ്ട്. ചെറുകിട വ്യാപാരത്തിൽ നിന്നും തരക്കേടില്ലാത്ത ലാഭം പ്രതീക്ഷിക്കാം. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള സന്ദർഭങ്ങളുണ്ടാവും. സുഹൃൽ ബന്ധങ്ങൾ ദൃഢമാകുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് വാർഷിക അവധി ലഭിച്ചേക്കും. രേവതി നക്ഷത്രനാഥനായ ബുധൻ്റെ ബലം വ്യക്തിപരമായും ഔദ്യോഗികമായും പ്രയോജനം ചെയ്യും. പരിശ്രമങ്ങൾക്ക് അർഹാംവിധം പ്രതിഫലം ലഭിക്കുന്നതായിരിക്കും. അവതരണ ശൈലിയിലെ പുതുമ എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ സമ്മാനിച്ചേക്കും. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ സ്വാശ്രയ ബിസിനസ്സുകളിൽ പരിഷ്കാരം നടപ്പിലാക്കും. അഞ്ചിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ നിർബന്ധബുദ്ധി കൂടും. വേണ്ടാത്ത കാര്യങ്ങൾക്കുള്ള ശാഠ്യം ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. അഷ്ടമത്തിലെ സൂര്യസ്ഥിതിയാൽ പിതൃപുത്രബന്ധത്തിൽ കാലുഷ്യം ഏർപ്പെടാം. വീടുവിട്ടു നിൽക്കുന്നവർക്ക് മടക്കം എളുപ്പമായേക്കില്ല. ജീവകാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതാണ്. പൂർവ്വകാല സുഹൃത്തുക്കളുടെ സമാഗമം സംഘടിപ്പിക്കാൻ മുൻകൈയെടുക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.