HOROSCOPE

Thulam Monthly Horoscope: തുലാം മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

Follow Us Monthly Horoscope: തുലാം മാസം നിങ്ങൾക്കെങ്ങനെ? ആദിത്യൻ തുലാം ഒന്നിന്, 2024 ഒക്ടോബർ 17 ന് രാവിലെ 7:42ന് തുലാം രാശിയിൽ പ്രവേശിക്കുന്നു. ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളാണ് തുലാം മാസത്തിലുള്ളത്. തുലാം രാശി ആദിത്യൻ്റെ നീചക്ഷേത്രമാണ് എന്നതും പ്രസ്താവ്യം. തുലാം ഒന്നിനും തുലാം മുപ്പതിനും വെളുത്തവാവും തുലാം 16ന് കറുത്തവാവും ഭവിക്കുന്നു. തുലാം 15 ന് / ഒക്ടോബർ 31ന് ആണ് ദീപാവലി. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ വക്രഗതിയായി ചതയം നക്ഷത്രത്തിലൂടെ കടന്നുപോകുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ചൊവ്വ, തുലാം നാലിന്/ ഒക്ടോബർ 20ന് തൻ്റെ നീചക്ഷേത്രമായ കർക്കടകം രാശിയിൽ പ്രവേശിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. അടുത്ത മൂന്നുമാസക്കാലം നേർ - വക്രഗതിയായി ചൊവ്വ കർക്കടകം രാശിയിൽ തന്നെയുണ്ടാവും. ബുധൻ മാസാരംഭത്തിൽ തുലാം രാശിയിലാണ്. തുലാം 13ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നു. തുലാം 5 മുതൽ ബുധൻ്റെ മൗഢ്യം തീരുകയുമാണ്. ശുക്രൻ തുലാം 22 വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1200 തുലാം മാസത്തിലെ സമ്പൂർണ്ണ അനുഭവങ്ങൾ ഇവിടെ സമഗ്രമായി അവതരിപ്പിക്കുന്നു. അശ്വതി വ്യാഴവും ശനിയും അനുകൂല ഭാവത്തിലാണ്. ആദിത്യൻ ഏഴിലും ചൊവ്വ നാലിലും സഞ്ചരിക്കുന്നു. കാര്യനിർവ്വഹണം നിർബാധം നടക്കുന്നതാണ്. കാലഘട്ടത്തിൻ്റെ സവിശേഷതകൾ വേഗത്തിൽ ഉൾക്കൊള്ളുവാൻ കഴിയും. ചുറ്റുപാടുകളുടെ സ്പന്ദനം തിരിച്ചറിയുന്നതാണ്. ആത്മാർത്ഥതയും കർമ്മനിരതത്വവും ഒപ്പമുള്ളവർ വേണ്ടത്ര മനസ്സിലാക്കിക്കൊള്ളണമെന്നില്ല. തൊഴിലിടത്തിലെ സൗഹൃദാന്തരീക്ഷം ചിലപ്പോൾ അല്പം കലുഷമായേക്കാം. ഗാർഹികമായും തെല്ല് സുഖക്കുറവുണ്ടാവും. തീരുമാനങ്ങൾ ഏകപക്ഷീയമാകുന്നതായി ഭിന്നസ്വരം ഉയർന്നേക്കാം. വാഹനോപയോഗത്തിൽ ജാഗ്രത കുറയരുത്. അലച്ചിലും യാത്രാക്ലേശവും വരാനിടയുണ്ട്. ധനാഗമത്തിൽ തടസ്സങ്ങളുണ്ടാവില്ല. ചടുലമായ നീക്കങ്ങൾ എതിർപക്ഷത്തെ നിശബ്ദമാക്കിയേക്കും. ആരോഗ്യപാലനത്തിൽ അലംഭാവമരുത്. ഭരണി ആദിത്യൻ ഏഴാം ഭാവത്തിലും ചൊവ്വ 3,4 ഭാവങ്ങളിലും സഞ്ചരിക്കുന്നു. വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളുടെ അനുകൂലതയുള്ളതിനാൽ വ്യക്തിപരമായ കാര്യങ്ങൾ ഒട്ടൊക്കെ ഭംഗിയായി നിർവഹിക്കാനാവും. കുടുംബാംഗങ്ങളെ ഇണക്കിക്കൊണ്ടുപോകും. കർമ്മരംഗത്ത് സാമാന്യമായി വളർച്ചയുണ്ടാകുന്നതായിരിക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ ലഭിക്കാം. പാരമ്പര്യ തൊഴിലുകളിൽ മന്ദഗതി അനുഭവപ്പെടും. നവീകരണ ശ്രമങ്ങൾ ഫലവത്താകാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. പുതുസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും വേണ്ട അനുമതി വൈകിയേക്കും. കൂട്ടുകച്ചവടത്തിൽ വിചാരിച്ച നേട്ടങ്ങളുണ്ടാവില്ല. യാത്രാക്ലേശം അനുഭവപ്പെടും. ആരോഗ്യജാഗ്രത അനിവാര്യം. കാർത്തിക മേടക്കൂറുകാർക്ക് സാഹചര്യങ്ങളിൽ വലിയ മാറ്റം വരാനിടയില്ല. ആവർത്തിത യത്നങ്ങളിലൂടെ വിജയം നേടുന്നതാണ്. തൊഴിൽപരമായി കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. പകരക്കാർക്ക് ചുമതല ഏല്പിക്കുന്ന സാഹചര്യം ഉണ്ടാവാം. വലിയ മുതൽമുടക്കുകൾക്ക് ഗ്രഹാനുകൂല്യം കുറവാണെന്നത് ഓർമ്മയുണ്ടാവണം. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ സാധ്യതയാണ്. ഇടവക്കൂറുകാർക്ക് സംരംഭങ്ങളിൽ വിജയിക്കാനാവും. സർക്കാരിൽ നിന്നും സ്ഥാപനത്തിന് അനുമതി കിട്ടുന്നതാണ്. ബാങ്ക് വായ്പ ലഭിക്കാം. ഊഹക്കച്ചവടത്തിൽ നിരാശപ്പെടേണ്ടതില്ല. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും. ഭാവിയെക്കുറിച്ചോർത്ത് ക്ലേശിക്കുകയില്ല. രോഗഗ്രസ്തർക്ക് ഫലപ്രദമായ ചികിൽസാ മാറ്റം സാധ്യമാകുന്നതാണ്. രോഹിണി ആദിത്യൻ ആറാം ഭാവത്തിലും ചൊവ്വ മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ ജീവിത പുരോഗതി വന്നുചേരും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് അർഹതക്കനുസരിച്ച അവസരങ്ങൾ കൈവരുന്നതാണ്. രോഗഗ്രസ്തർക്ക് സമാശ്വാസമുണ്ടാവും. കടബാധ്യതകൾ പരിഹരിക്കാനുള്ള പോംവഴി തെളിയും. പ്രണയികൾക്ക് വിഘ്നങ്ങൾ വന്നുകൂടായ്കയില്ല. ദാമ്പത്യത്തിൽ അനുരഞ്ജനം ഫലവത്താകുന്നതാണ്. ഭൂമി വില്പനയ്ക്കുള്ള തടസ്സങ്ങൾ നീങ്ങുന്നതാണ്. സഹോദരനുകൂല്യം പ്രതീക്ഷിക്കാം. കായിക കലാമത്സരങ്ങളിൽ വിജയം വരിക്കും. രഹസ്യ നിക്ഷേപങ്ങൾ വർദ്ധിക്കുന്നതാണ്. സുഹൃത്തുക്കൾ / കുടുംബം ഇവർക്കൊപ്പം ക്ഷേത്രാടനമുണ്ടാകും. മകയിരം നക്ഷത്രനാഥനായ കുജന് നീചക്ഷേത്രസ്ഥിതി ഭവിക്കുന്നതിനാൽ ആത്മവിശ്വാസത്തിന് ഉലച്ചിൽ തട്ടാം. പ്രധാന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിഷമിക്കുന്നതാണ്. ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് വിജയാനുഭവങ്ങൾ കുറയുകയില്ല. മത്സരങ്ങളിലും അഭിമുഖങ്ങളിലും മുന്നേറാനാവും. പ്രശസ്ത വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതായിരിക്കും. ആഗ്രഹിച്ച ജോലി കിട്ടുന്നതാണ്. രാഷ്ട്രീയത്തിലും ശോഭിക്കാനായേക്കും. മിഥുനക്കൂറുകാർക്ക് സമ്മിശ്രമായിട്ടാവും അനുഭവങ്ങൾ വന്നെത്തുക. ധനപരമായി ശ്രദ്ധ വേണ്ടതുണ്ട്. പരുഷവാക്കുകൾ പറഞ്ഞ് ശത്രുക്കളെ സമ്പാദിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്നതാണ്. ഭൂമി വിൽപ്പനയിൽ തടസ്സങ്ങളേർപ്പെടാം. ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്. തിരുവാതിര ആദിത്യൻ അഞ്ചിലും ചൊവ്വ രണ്ടിലും വ്യാഴം പന്ത്രണ്ടിലും സഞ്ചരിക്കുന്നു. ആത്മശക്തി വർദ്ധിക്കുന്നതാണ്. ബുദ്ധിപരമായി പ്രവർത്തിക്കും. ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കുവാൻ മുന്നോട്ടുവരുന്നതാണ്. എന്നാൽ അവയിൽ വിജയസാധ്യത കുറവായിരിക്കും. മേലധികാരികളുടെ പിന്തുണ വേണ്ടത്രയുണ്ടാവില്ല. ബിസിനസ്സിൽ സമ്മർദ്ദം ഉയരുന്നതാണ്. പരുഷവാക്കുകൾ പറഞ്ഞ് പലരോടും കലഹിച്ചേക്കും. ധനവരവ് കൂടിയും കുറഞ്ഞുമിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ തടസ്സം അനുഭവപ്പെടുവാനിടയുണ്ട്. പ്രൊഫഷണലുകൾക്കിടയിൽ കിടമത്സരം അധികരിച്ചേക്കും. മുൻകൂട്ടി തീരുമാനിച്ച യാത്രകൾ മാറ്റിവെക്കേണ്ടി വരാം. സഹോദരർ തമ്മിലുള്ള ഐകമത്യം കുറയുന്നതായിരിക്കും. പിതൃ-പുത്രബന്ധത്തിൽ സുഗമത ലോപിക്കും. പുണർതം വ്യാഴം പന്ത്രണ്ടിലും ചൊവ്വ ജന്മനക്ഷത്രത്തിലും ആദിത്യൻ അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്നു. സാഹസങ്ങൾ ഒഴിവാക്കണം. ഊഹക്കച്ചവടത്തിൽ കരുതൽ പുലർത്തേണ്ടതുണ്ട്. യാത്രകൾ വർദ്ധിക്കുന്നതാണ്. വരുമാനം കൂടുമെങ്കിലും ചെലവിനങ്ങളും അധികരിച്ചേക്കും. ക്ഷോഭം നിയന്ത്രിക്കപ്പെടണം. സ്വാശ്രയ ബിസിനസ്സിൽ ചില നേട്ടങ്ങൾ വന്നെത്താം. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കും. ബന്ധുക്കളെ സ്വന്തം സ്ഥാപനത്തിൽ നിയമിക്കുന്നതുമൂലം ചിലരുടെ വിപ്രതിപത്തിക്ക് പാത്രമാവുന്നതാണ്. സംഘടനകളിൽ ഒറ്റയാൾ പോരാട്ടം നടത്തും. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സംസാരിക്കാൻ സാഹചര്യം കുറയും. പൂയം ആദിത്യൻ നാലിലും ചൊവ്വ ജന്മരാശിയിലും സഞ്ചരിക്കുന്ന കാലമാകയാൽ ഗുണദോഷസമ്മിശ്രത എല്ലാ രംഗത്തും പ്രത്യക്ഷമാകും.ചില ബന്ധങ്ങൾ ദൃഢമാകുന്നതാണ്.മറ്റു ചില ബന്ധങ്ങൾ ദുർബലമാകാം. സാമ്പത്തിക സ്രോതസ്സുകൾ ഫലപ്രദമായേക്കില്ല. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ ഉന്മേഷരാഹിത്യം ബാധിക്കാനിടയുണ്ട്. കരാർ ജോലികളും ഏജൻസി പ്രവർത്തനങ്ങളും മെച്ചപ്പെടുന്നതാണ്. പൊതുപ്രവർത്തകർ ആരോപണങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അപ്രസക്ത വിഷയങ്ങൾക്കായി കൂടുതൽ സമയവും ഊർജ്ജവും ചെലവാക്കേണ്ടതായി വരുന്നതാണ്.കലാപ്രവർത്തനം അഭംഗുരമായി തുടരുന്നതായിരിക്കും.ഗൃഹനവീകരണം നീണ്ടുപോയേക്കാം. വിവാദങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആയില്യം പല കാര്യങ്ങളിലും സുഗമതയുണ്ടാവില്ല. ലക്ഷ്യപ്രാപ്തിക്ക് ആവർത്തിത ശ്രമങ്ങൾ വേണ്ടിവരുന്നതാണ്. ചൊവ്വ ജന്മരാശിയിലേക്ക് പകരുന്നതിനാൽ ക്ഷോഭം അധികരിച്ചേക്കാം.സഹോദരരുമായി പിണങ്ങാനിടയുണ്ട്. ഭാവന ഉണരുമെങ്കിലും കലാകാരന്മാർക്ക് അവ സാക്ഷാൽകരിക്കാൻ ക്ലേശമുണ്ടായേക്കാം.ഔദ്യോഗികമായി ഏറ്റവും ജാഗ്രത വേണ്ട സന്ദർഭമാണ്. ജന്മനാട്ടിലെ പൂർവ്വിക സ്വത്ത് വിൽക്കാനുള്ള തീരുമാനം തർക്കത്തിലെത്താം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുക അഭികാമ്യം. ചെറുകിട സംരംഭങ്ങൾ ലാഭകരമായേക്കാം.സ്വകാര്യ സ്ഥാപനത്തിലെ ജോലി ആശ്വാസമായി തോന്നുന്നതാണ്. വിദേശത്തുള്ളവർക്ക് ആശ്വാസവാർത്തകൾ ശ്രവിക്കാനാവും.വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നേണ്ടി വരുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.