HOROSCOPE

വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, October 06-October 12

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ കന്നി രാശിയിൽ അത്തം - ചിത്തിര ഞാറ്റുവേലകളിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ വിശാഖം മുതൽ തിരുവോണം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിൽ വക്രഗതിയിൽ ചതയം നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ മകയിരത്തിലും. രാഹുകേതുക്കൾ യഥാക്രമം മീനം - കന്നി രാശികളിൽ ഉത്രട്ടാതി - അത്തം നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ചൊവ്വ മിഥുനം രാശിയിൽ പുണർതത്തിലും ശുക്രൻ തുലാത്തിൽ വിശാഖം നക്ഷത്രത്തിലും ആണ്. ബുധൻ കന്നിരാശിയിൽ ചിത്തിരയിൽ സഞ്ചരിക്കുന്നു. ബുധന് മൗഢ്യാവസ്ഥ തുടരുകയാണ്. ഞായറാഴ്ച മീനക്കൂറുകാർക്കും തിങ്കൾ, ചൊവ്വ ദിവസങ്ങൾ മേടക്കൂറുകാർക്കും അഷ്ടമരാശിയാകുന്നു. ബുധനും വ്യാഴവും ഇടവക്കൂറുകാരുടെയും വെള്ളിയും ശനിയും മിഥുനക്കൂറുകാരുടെയും അഷ്ടമരാശിയാണ്. ഈ ഗ്രഹനിലയെ അവലംബമാക്കി അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു. അശ്വതി വിവാദങ്ങളിൽ നിന്നും മാറിനിൽക്കുക ഉചിതമായിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അകാരണ സമ്മർദ്ദങ്ങൾ ഉണ്ടാവാനിടയുണ്ട്. വാക്കുകൾ ബധിരകർണ്ണങ്ങളിൽ പതിക്കാനാണ് സാധ്യതയുള്ളത്. ആകയാൽ മൗനം ഭജിക്കുന്നത് നന്നെന്ന് തോന്നിപ്പോകും. എളുപ്പം പറ്റിക്കപ്പെടാനിടയുണ്ട്. ജാഗ്രത വേണം. മറ്റു ദിവസങ്ങളിൽ കർമ്മരംഗത്ത് ശോഭിക്കാനാവും. ആസൂത്രണം ചെയ്തവ ഫലവത്താകും. ചെറുയാത്രകൾ, ഹ്രസ്വ സന്ദർശനങ്ങൾ, സുഹൃൽസംഗമം ഇവ മനസ്സന്തോഷമേകും. ധനകാര്യത്തിൽ ഉദാരമതിയായേക്കും. ഭരണി പ്രവർത്തനങ്ങളിൽ തടസ്സം അനുഭവപ്പെടും. എന്നാൽ അതിൻ്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാനും കഴിഞ്ഞേക്കില്ല. വാഗ്ദാനങ്ങൾ പാലിക്കാത്തത് കുടുംബാംഗങ്ങളുടെ നീരസത്തിന് കാരണമാകും. അനാരോഗ്യത്താൽ ഔദ്യോഗിക യാത്രകൾ നീട്ടിവെക്കുന്നതാണ്. തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ ശുഭാരംഭത്തിന് മുതിരരുത്. ബുധൻ മുതൽ സ്വാഭാവികമായ കർമ്മോഷ്മളത അനുഭവപ്പെടും. സഹോദരാനുകൂല്യം ഉണ്ടാവും. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനിടയുണ്ട്. ശത്രുക്കളുടെ പ്രവർത്തനങ്ങൾ തിരിച്ചറിയും. ബന്ധുസമാഗമം ഭവിക്കുന്നതാണ്. കാർത്തിക സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അവസരം ലഭിക്കുന്നതിനാൽ ആഹ്ളാദിക്കും. ഒപ്പമുള്ളവരുടെ വാക്കുകൾക്ക് പരിഗണന നൽകാൻ മറക്കില്ല. കുറ്റങ്ങളും കുറവുകളും പറയുക ശീലമായവരെ തിരസ്കരിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ധനാഗമം ഉണ്ടാവുന്നതാണ്. മക്കൾക്ക് കലാപഠനത്തിന് അവസരം ഒരുക്കിക്കൊടുക്കും. ഓൺലൈൻ ബിസിനസ്സിൽ നേട്ടങ്ങൾ കുറയില്ല. കുടുംബസ്വത്തുക്കളുടെ പരിപാലനത്തിന് പുതിയ ഏർപ്പാടുകൾ കൈക്കൊള്ളുന്നതായിരിക്കും. മേടക്കൂറുകാർ തിങ്കളും ചൊവ്വയും ഇടവക്കൂറുകാർ ബുധനും വ്യാഴവും ജാഗ്രത വെടിയരുത്. രോഹിണി സാധാരണ കാര്യങ്ങൾ തട്ടും തടസ്സവുമില്ലാതെ നടന്നേക്കും. അനുഭവ സമ്പത്ത് വലിയ തോതിൽ ഗുണകരമാവും. എന്നാൽ പുതിയ പ്രോജെക്ടുകൾ ലഭിക്കുന്നത് എളുപ്പമായേക്കില്ല. സാങ്കേതികമായ നൂലാമാലകൾ തടസ്സമായേക്കാം. പുതുക്കി കൂടുതൽ വിഷയങ്ങൾ ചേർത്ത് നൽകേണ്ടി വരുന്നതാണ്. ആത്മവിശ്വാസത്തിന് അല്പം ഉലച്ചിൽ വരുന്നതായിരിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാവും. ബുധൻ , വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. വ്യാപാര സ്ഥാപനത്തെ കൂടുതൽ ശ്രദ്ധേയമാക്കാൻ ശ്രമം തുടരുന്നതായിരിക്കും. മകയിരം ഉന്മേഷമുണ്ടാവും, മനസ്സിനും ശരീരത്തിനും. പ്രതികരണശേഷി കൂടുകയാൽ ശത്രുക്കളും കുറയില്ല. വാക്കുകൾക്ക് തീക്ഷ്ണത കൂടിയേക്കാം. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാനാവും. സ്വാശ്രയ ബിസിനസ്സിൽ പരിഷ്കാരം വരുത്താനും കാലോചിതമാക്കാനും ശ്രമിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇൻ്റെൺഷിപ്പ് പോലുള്ള കാര്യങ്ങൾ നടന്നുകിട്ടും. കലാപഠനത്തിനുള്ള അവസരം സംജാതമാകുന്നതാണ്. സകുടുംബം തീർത്ഥാടനത്തിന് പോകുന്നതാണ്. വാരാന്ത്യദിനങ്ങൾക്ക് മേന്മ കുറയാം. തിരുവാതിര വാരാദ്യം പലതരം അസ്വസ്ഥതകൾ അനുഭവപ്പെടും. കൃത്യമായ നിരീക്ഷണം നടത്താനും കഴിഞ്ഞേക്കില്ല. പിന്നീട് ഗുണമുള്ള കാര്യങ്ങൾ അനുഭവത്തിൽ വരുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും.ബിസിനസ്സ് നവീകരണം ഫലവത്തായി തുടരുന്നതാണ്. വായ്പയുടെ കുടിശ്ശിക തിരിച്ചടയ്ക്കാനാവും. ജോലിതേടുന്നവർക്ക് പ്രതീക്ഷാവഹമായ അന്തരീക്ഷം പ്രതീക്ഷിക്കാം. ഉന്നതാധികാരികളുടെ വാഗ്ദാനത്തിൽ വിശ്വാസമുണ്ടാവും. ഏകോപനശക്തി അഭിനന്ദിക്കപ്പെടും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മകുറയാം. പുണർതം ശ്രദ്ധ എല്ലാക്കാര്യത്തിലും വേണം. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാണ്. കോപശീലം വർദ്ധിക്കാം. ആലോചനാശൂന്യമായി തീരുമാനങ്ങൾ കൈക്കൊള്ളാം. ധനപരമായി തടസ്സങ്ങളുണ്ടാവില്ല. ആഢംബര വസ്തുക്കൾ വാങ്ങുന്നതിനാൽ ചെലവേറുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനാവും. പുതിയ ബന്ധങ്ങൾ ഉണ്ടാവും. മുൻകാല സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിയുന്നതാണ്. ഔദ്യോഗിക യാത്രകൾ നീട്ടിവെച്ചേക്കും. ചുമതലക്കാരുടെ പ്രവർത്തനത്തിൽ തൃപ്തി കുറയുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ക്ഷീണം കൂടാനിടയുണ്ട്. പൂയം നക്ഷത്രനാഥനായ ശനിക്ക് വക്രസ്ഥിതി തുടരുകയാൽ ആലസ്യം ഉണ്ടാവും. തീരുമാനങ്ങളിൽ നിന്നും പിന്തിരിയാൻ സന്നദ്ധത കാട്ടും.ചില ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നതാണ്. കാര്യാലോചനാ യോഗങ്ങളിൽ നിഷ്ക്രിയത്വം പാലിച്ചേക്കും.വിദ്യാർത്ഥികളെയും ആലസ്യം പിടിപെടാം. വ്യാഴാഴ്ച മുതൽ ഉന്നമന ചിന്തയോ കർമ്മതത്പരതയോ കണ്ടാൽ അത്ഭുതപ്പെടാനില്ല. ദൈവസമർപ്പണങ്ങൾ തടസ്സപ്പെടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങും. സ്വാഭിപ്രായം ഉറപ്പിച്ച് പറയാനും മടിക്കില്ല. ആയില്യം നക്ഷത്രനാഥനായ ബുധൻ ഉച്ചത്തിൽ തുടരുന്നത് ആത്മവിശ്വാസത്തിന് കാരണമാകും. അധികാരികളുടെ പിന്തുണ കരുത്ത് പകരുന്നതാണ്. പ്രവൃത്തിമേഖലയിൽ മുഴുകാനാവും. മറ്റുള്ളവർ പിന്മാറുന്ന കാര്യത്തിൽ സ്വശക്തി തെളിയിക്കും.സുഹൃത്തുക്കളുടെ വാക്കുകൾക്ക് ഉയർന്ന പരിഗണന നൽകുന്നതാണ്. പഴയ കാര്യങ്ങളോട് ഇഷ്ടമേറുന്നതായിരിക്കും.ചെറുയാത്രകൾ സന്തോഷമേകും.വസ്തുവകകളുടെ കാര്യത്തിൽ അലോസരങ്ങൾക്ക് സാധ്യതയുണ്ട്.കുടുംബപരമായും ചില ക്ലേശങ്ങൾ ഉണ്ടായേക്കാം.വ്യാഴാഴ്ച മുതൽ കൂടുതൽ അനുകൂല ഫലങ്ങൾ ഭവിക്കാനിടയുണ്ട്. മകം ചെറിയ ചെറിയ സന്തോഷങ്ങൾ വന്നുചേരും. കരുതിയതുപോലെ തന്നെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവും. രാഷ്ട്രീയക്കാർക്ക് അത്ര നല്ലവാരമല്ല. ദുരാരോപണങ്ങളെ നേരിടേണ്ടിവരും. പാരമ്പര്യമായി ചെയ്തുപോരുന്ന ബിസിനസ്സിൽ അഭിമാനമുണ്ടാവും. കുടുംബത്തിലെ സ്ത്രീകളുടെ അഭിനന്ദനം നേടുന്നതാണ്. ഒഴിവുവേളകളിൽ സുഹൃൽ സന്ദർശനത്തിന് സമയം കണ്ടെത്തും. അവരോട് മനസ്സുതുറന്ന് സംസാരിക്കാനാവും. ഞായർ,വെള്ളി, ശനി ദിവങ്ങൾക്ക് കൂടുതൽ മെച്ചമുണ്ടാവും. പൂരം അധികാരപൂർവ്വം സംസാരിച്ച് ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. തൻ്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്നവരോട് പിണങ്ങാനും ഇടയുണ്ട്. പ്രവർത്തനരംഗം മെച്ചപ്പെടുന്നതാണ്. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതിപത്രം ഈയാഴ്ച കിട്ടാൻ സാധ്യത കുറവായിരിക്കും. മകൻ്റെ ഭാവികാര്യങ്ങളിൽ ഉചിതമായിട്ടുള്ള തീരുമാനം കൈക്കൊള്ളാനാവും. സ്നേഹിതകളുടെ പിന്തുണ നേടുന്നതാണ്. അന്യദേശത്തുള്ളവർക്ക് അവധി ലഭിക്കുന്നതിനും നാട്ടിലെത്താനും അവസരം കിട്ടാം. വസ്തു ഈടിന്മേൽ ധനം സമാഹരിക്കാൻ സാധിക്കുന്നതാണ്. ഉത്രം വാരാദ്യത്തിൽ ചെറുയാത്രകളോ തന്മൂലം ദേഹക്ലേശമോ വരാനിടയുണ്ട്. കടലാസുജോലികൾ കൂടുതലായിട്ടുണ്ടാവും. സഹപ്രവർത്തകരുടെ അവധി കാരണം അധിക ജോലിഭാരം ഏറ്റെടുക്കേണ്ടി വരും. ബിസിനസ്സിൽ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ഗാഢമായി ആലോചിക്കും. മറ്റു ദിവസങ്ങളിൽ സമ്മർദ്ദം കുറയുന്നതാണ്. മനസ്സിൻ്റെ സ്വസ്ഥത നിലനിർത്തുന്നതിന് സാഹചര്യം അനുകൂലമാവും. വാഹനം മാറ്റി വാങ്ങുന്നതിൽ തീരുമാനമുണ്ടായേക്കും. അനുരഞ്ജന മനോഭാവം പുലർത്തുന്നതിനാൽ ദാമ്പത്യത്തിൽ സമാധാനം ഭവിക്കുന്നതാണ്. അത്തം ജന്മരാശിയിലും ജന്മനക്ഷത്രത്തിലും പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നു. ഉറച്ച തീരുമാനങ്ങൾ പോലും പുനപ്പരിശോധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഞെരുക്കം അനുഭവപ്പെടുന്നതാണ്. പ്രതീക്ഷിച്ച സഹായം കിട്ടിയെന്നുവരില്ല. തൊഴിൽ കാര്യങ്ങളും കുടുംബകാര്യങ്ങളും കുടിക്കുഴയും. സമയബന്ധിതമായി പ്രവർത്തിക്കുന്നതിൽ അലസതയുണ്ടാവാം. പല കാര്യങ്ങളിലും പരാശ്രയത്വം വന്നു ചേരും. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും അനുകൂലതയുണ്ടാവും. പാരിതോഷികങ്ങൾ കിട്ടാനിടയുണ്ട്. ഈശ്വരസമർപ്പണങ്ങൾ മുടക്കില്ല. ബന്ധുസമാഗമം സന്തോഷമേകും. ചിത്തിര ചെയ്യുന്ന കാര്യങ്ങൾ ഒപ്പമുള്ളവർക്കും പ്രയോജനമുള്ളതാവാൻ പരിശ്രമിക്കും. എന്നാൽ സ്വന്തം ആശയധാരകൾ കുത്തിവെക്കാൻ ശ്രമിക്കുകയുമില്ല. മേലധികാരിയുടെ പ്രതിനിധിയായി സമ്മേളനം / മീറ്റിംഗ് ഇവയിൽ പോകേണ്ടി വരുന്നതാണ്. സ്വാശ്രയ വ്യാപാരത്തിൽ നേട്ടങ്ങൾ വന്നെത്തും. സ്ഥാപനത്തിനടുത്തുള്ള അനുബന്ധഭൂമി വാങ്ങുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കും. അർഹതക്കനുസരിച്ചുള്ള ജോലിക്കായി ഉദ്യോഗാർത്ഥികൾക്ക് അല്പം കൂടി കാത്തിരിപ്പ് തുടരേണ്ടിവരുന്നതാണ് വയോജനങ്ങളുടെ ചികിൽസാ രീതി മാറുന്നതിന് വിദഗ്ദ്ധോപദേശം തേടിയേക്കും. ചോതി തൊഴിൽ രംഗത്തെ മികവ് അംഗീകരിക്കപ്പെടും. സഹപ്രവർത്തകർ നല്ല വാക്കുകൾ പറയും. ഔചിത്യമുള്ള സമീപനശൈലി പുലർത്തുന്നതാണ്. കൂട്ടുകച്ചവടത്തിൽ ലാഭം കുറയാനിടയുണ്ട്. ധനാഗമ മാർഗങ്ങൾ വർദ്ധിപ്പിക്കുന്നത് ചിന്തയിലുണ്ടാവും. അന്യദേശത്തുള്ളവർ നാട്ടിലെത്താനും ആഘോഷങ്ങളിൽ പങ്കുചേരാനും അവസരം കിട്ടുന്നതാണ്. പൂർവ്വികസ്വത്തിനെ സംബന്ധിച്ച മുറുമുറുപ്പുകൾ കുടുംബത്തിനകത്തു നിന്നും ഉയരാനിടയുണ്ട്. ഭോഗസുഖം ഉണ്ടാവും. ജീവിതപങ്കാളിയുടെ വാക്കുകൾ സ്വീകരിക്കും. ആത്മാർത്ഥ സുഹൃത്തുക്കൾക്ക് പാരിതോഷികം നൽകും. വിശാഖം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതാണ്. ഉറക്കം കുറയാം. ദിനചര്യകൾക്ക് നേരനീക്കം വരാം. ഒപ്പമുള്ളവരെ കർമ്മോത്സുകരാക്കാൻ പ്രേരിപ്പിച്ചേക്കും. അധികാരികളെ തിരുത്താൻ ശ്രമിക്കുന്നത് ദോഷകരമാവുമെന്നത് അനുഭവം കൊണ്ടറിയും. ഓൺലൈൻ വ്യാപാരം, ഏജൻസി ഏർപ്പാടുകൾ എന്നിവയിൽ ലാഭമുണ്ടാവുന്നതാണ്. വയോജനങ്ങളുടെ ചികിത്സാകാര്യത്തിൽ അലംഭാവമരുത്. ജാമ്യം നിൽക്കുക , കരാറുകളിൽ ഒപ്പിടുക തുടങ്ങിയവ ആലോചനാപൂർവ്വം ചെയ്യേണ്ടതുണ്ട്. പ്രണയികൾക്ക് വിഘ്നങ്ങൾ അകലും. അനിഴം ഉദ്യോഗത്തിൽ സംതൃപ്തിയുണ്ടാവും. ഔദ്യോഗിക വിഷയങ്ങളിലുള്ള അറിവും പരിചയ സമ്പത്തും ആദരിക്കപ്പെടും. ബന്ധുജനങ്ങളുടെ ബഹുമാനവും സാമൂഹികമായ സ്വീകാര്യതയുമേറും. പിതാവിന് ചില നേട്ടങ്ങളുണ്ടാവും. പിതൃപുത്രബന്ധം രമ്യമാവുന്നതാണ്. ബുദ്ധിപൂർവ്വമായി വാക്കുകൾ പറയും. ക്രിയാസന്നദ്ധതയുണ്ടായിരിക്കും. വാഹനം / വീട് മോടിപിടിപ്പിക്കും. വാക്കുതർക്കങ്ങളിലും ചർച്ചകളിലും മുന്നേറും. ഭൂമി ഇടപാട് സുഗമമായേക്കില്ല. സാമൂഹ്യമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം കൂടുന്നതാണ്. കഫജന്യരോഗങ്ങൾ ഇടയ്ക്ക് ഉപദ്രവിച്ചേക്കാം. തൃക്കേട്ട സക്രിയവും സജീവവുമായ വാരമായിരിക്കും. ഒന്നിലധികം പ്രവർത്തികളിൽ ഏർപ്പെടേണ്ടി വരുന്നതാണ്. ആദർശം പറയുമെങ്കിലും യാഥാർത്ഥ്യ ബോധത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ചെറു യാത്രകൾ ആവർത്തിക്കുന്നതായിരിക്കും. മത്സരങ്ങളിൽ വിജയം നേടും. ആടയാഭരണങ്ങൾക്ക് കൂടുതൽ ധനം ചെലവഴിക്കുന്നതാണ്. പിതൃ-പുത്ര ബന്ധം രമ്യമാകും. ഉന്നതാധികാരികളുടെ അഭിനന്ദനത്തിന് പാത്രമാകും. തീരുമാനിക്കപ്പെട്ട വ്യവഹാരങ്ങളിൽ നിന്നും പിൻവാങ്ങും. വാർഷികമായി ചെയ്തുപോരുന്ന ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. മൂലം പോസിറ്റീവായ നിലപാട് ആദരിക്കപ്പെടും. സമ്മാനപദ്ധതികളിൽ വിജയിക്കാം. ധനാഗമമുണ്ടാവും. സുഹൃൽബന്ധുജനങ്ങളുടെ ഭവനം സന്ദർശിക്കാനിടയുണ്ട്. വ്യാപാരികൾ ഉല്പന്നത്തിൽ ശ്രദ്ധിക്കാൻ നിർബന്ധിതരാവും. ദാമ്പത്യത്തിലെ കലുഷതകൾ പരിഹരിക്കാൻ വേണ്ടപ്പെട്ടവർ മുൻകൈയെടുക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സംബന്ധിക്കുന്നതാണ്. അപ്രായോഗിക കാര്യങ്ങൾ ഒഴിവാക്കും. സംഗീതം , ചിത്രകല തുടങ്ങിയവ പഠിക്കാൻ അവസരം ഉണ്ടാവും. പാർട്ണർഷിപ്പ് ബിസിനസ്സിനോട് ഇഷ്ടം കുറയുന്നതാണ്. പൂരാടം കാര്യനിർവഹണശക്തി വർദ്ധിക്കും. വിവര സാങ്കേതിക വിദ്യയിൽ അവഗാഹം സമ്പാദിക്കുന്നതാണ്. അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും. സഹപ്രവർത്തകർക്ക് വ്യക്തമായ മാർഗനിർദേശം നൽകുന്നതാണ്. കുടുംബ ബന്ധം ഊഷമളമാകും. കക്ഷിരാഷ്ട്രീയത്തോട് വിപ്രതിപത്തി തോന്നിയേക്കും. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്വതന്ത്രപദവിയും ചുമതലകളും ലഭിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടാകും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി കിട്ടുവാനിടയുണ്ട്. വിശ്രമസമയം കുറയാം. ഉത്രാടം സൽപ്രേരണകൾ ഉണ്ടാവുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനും അതിലൂടെ സാമൂഹ്യമായ ആദരം നേടാനും സാധിക്കും. തൊഴിലിടത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. അനുബന്ധ സ്ഥാപനമോ ശാഖകളോ ആരംഭിക്കുന്ന കാര്യം ചർച്ചകളിൽ സദാ ഇടം പിടിക്കുന്നതാണ്. വരവുചെലവുകൾ തമ്മിൽ പൊരുത്തപ്പെട്ടില്ലെന്ന് വന്നേക്കാം. തന്മൂലം അല്പം ആശങ്കയുണ്ടാവും. മംഗളകർമ്മങ്ങളിൽ / വിരുന്നുകളിൽ പങ്കെടുക്കുന്നതിന് അവസരം ഭവിക്കും. ഞായർ , തിങ്കൾ, വെള്ളി , ശനി ദിവസങ്ങൾ കൂടുതൽ ഉത്തമം. തിരുവോണം ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടക്കും. സമൂഹത്തിൽ ബഹുമാന്യത ഉണ്ടാവും. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആർജ്ജവം നിലനിർത്തുന്നതാണ്. മാനസിക വികാസത്തിന് അനുകൂലമായ സാഹചര്യം ഉരുവാകുന്നതായിരിക്കും. കർമ്മഗുണം ഉള്ളതിനാൽ ചെയ്യുന്ന കാര്യങ്ങളിൽ മേന്മ വരുന്നതായിരിക്കും. ആശയവിനിമയ ശേഷി ഉയരും. പുതിയ തലമുറയെ പിണക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ഏജൻസി വ്യാപാരം ഗുണകരമാവും. മുതിർന്നവരുടെ ഉപദേശം ചെവിക്കൊള്ളും. അവിട്ടം മുൻപ് അസാധ്യമെന്നു തോന്നിയിട്ടുള്ളവ ഇപ്പോൾ ലഘുപ്രയത്നത്താൽ നേടാനാവും. അനാവശ്യമായ ആധി ഒഴിവാക്കേണ്ടതാണ്. ഔദ്യോഗിക കാര്യങ്ങൾ നിർവിഘ്നം നിർവഹിക്കും. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. ബന്ധുസന്ദർശനം ഗതകാലസ്മരണകൾ ഉണർത്തുന്നതാണ്. മകൻ്റെ പ്രായത്തിലുപരിയായ പക്വതയുള്ള പെരുമാറ്റം അഭിമാനമുണ്ടാക്കും. ഒന്നിലധികം സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും തൃപ്തികരമായ വരുമാനമുണ്ടാകും. ചെലവിൽ നിയന്ത്രണം സാധ്യമാകുന്നതാണ്. ഞായർ, വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മയുണ്ടാവില്ല. ചതയം ആർഭാടങ്ങൾ നിയന്ത്രിക്കുന്നതിനാൽ സാമ്പത്തിക സമ്മർദ്ദം കുറയുന്നതാണ്. ഏറ്റെടുത്ത ദൗത്യങ്ങളിൽ മടുപ്പുണ്ടാകാം. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് ആരോപണം ഉയരാം. ധർമ്മപ്രവൃത്തികൾക്ക് നേരം കണ്ടെത്തും. ഭൂമിയിൽ നിന്നും അനുഭവം കുറയും. മകൻ്റെ ആവശ്യമനുസരിച്ച് വാഹനം മോടിപിടിപ്പിക്കും. മുതൽമുടക്കുകൾക്ക് കാലം അനുകൂലമല്ല. ബൗദ്ധികമത്സരങ്ങളിൽ ശക്തി തെളിയിക്കാനാവും. ആഹാരപദാർത്ഥങ്ങൾ മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്. കടം കൊടുത്ത പണം ഗഡുക്കളായി ലഭിക്കാൻ തീരുമാനമാകും. പൂരൂരുട്ടാതി ആദിത്യൻ അഷ്ടമത്തിൽ തുടരുന്നതിനാൽ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാവും. മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കാനായില്ലെന്ന് വന്നേക്കാം. പൊതുപ്രവർത്തകർക്ക് പിടിപ്പുകേടുകൾ പറ്റുന്നത് വിമർശകരുടെ ശ്രദ്ധയിലെത്തും. വിദ്യാഭ്യാസ കാര്യങ്ങളിൽ ആലസ്യം പിടിപെടാനിടയുണ്ട്. ബുധനാഴ്ച മുതൽ മനസ്സന്തോഷത്തിന് കാരണമാകുന്ന അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ധനപരമായി സമാശ്വാസം ഭവിക്കും. ക്രിയാത്മക നിർദ്ദേശങ്ങൾ പുതുതലമുറയ്ക്ക് പകരുവാനാവും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന ഹ്രസ്വകാല കോഴ്സുകളിൽ പ്രവേശനം നേടുന്നതാണ്. ഉത്രട്ടാതി പല കാര്യങ്ങളിൽ മുഴുകുന്നതിനാൽ സമയ ഞെരുക്കം അനുഭവപ്പെടും. അനാവശ്യമായ സമ്മർദ്ദങ്ങളും ഉണ്ടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്. അന്യനാട്ടിൽ കഴിയുന്നവർ മാതാപിതാക്കളെ ഒപ്പം കൊണ്ടുപോവാൻ തീരുമാനിക്കും. ചൊവ്വ നാലിൽ തുടരുന്നതിനാൽ ഗൃഹത്തിൽ കലഹപ്രേരണ ഉണ്ടാവാം. സുഹൃത്തുക്കളോടും പിണങ്ങാനിടയുണ്ട്. വൈജ്ഞാനിക രംഗത്ത് പ്രവർത്തനം മെച്ചപ്പെടുത്തും. മേലധികാരികൾ ചിലപ്പോൾ വിശദീകരണം ആവശ്യപ്പെട്ടേക്കും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശുഭാരംഭം ഉചിതമല്ല. രേവതി നക്ഷത്രാധിപനായ ബുധന് ഉച്ചം തുടരുന്നതിനാൽ ആത്മവിശ്വാസം ഉയർന്നു തന്നെയിരിക്കും. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലിനോട് മടുപ്പുണ്ടാവും. ഓൺലൈൻ ബിസിനസ്സിൽ താല്പര്യമേറുന്നതാണ്. ഗൃഹനവീകരണത്തിന് ധനം കണ്ടെത്താൻ വിഷമിച്ചേക്കും. ബന്ധുക്കളുമായുള്ള പിണക്കം തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിച്ചേക്കില്ല. വിദേശത്ത് പഠനത്തിനുള്ള ശ്രമം ഊർജ്ജിതത്വം കൈവരിക്കുന്നതാണ്. ആരോഗ്യപരിശോധനകൾക്ക് മടിയുണ്ടാവും. അയൽ തർക്കങ്ങൾ മധ്യസ്ഥരിലൂടെ പരിഹരിക്കാനാവും. കുടുംബത്തിനൊപ്പം വിനോദ/തീർത്ഥയാത്ര നടത്തും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.