HOROSCOPE

ബുധൻ തുലാം രാശിയിൽ, മകം മുതൽ തൃക്കേട്ട വരെ

Follow Us ബുധൻ തുലാം രാശിയിൽ 2024 ഒക്ടോബർ 10 ന് (1200 കന്നി 24 ന്) ബുധൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. ബുധൻ്റെ ഈ രാശിമാറ്റം മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള 9 നാളുകാർക്ക് ഏതെല്ലാം അനുഭവങ്ങളാണ് സമ്മാനിക്കുക എന്ന അവലോകനമാണ് ഇവിടെ നിർവഹിക്കുന്നത്. തുലാം രാശി ബുധൻ്റെ ബന്ധുഗ്രഹമായ ശുക്രൻ്റെ സ്വക്ഷേത്രമാണ് എന്നത് പ്രസ്താവ്യമാണ്. ഒക്ടോബർ 21 ന് വരെ ബുധന് മൗഢ്യാവസ്ഥയുണ്ട്. അതിനാൽ തുടക്കത്തിൽ ഗുണഫലങ്ങൾ അല്പം മങ്ങുന്നതായിരിക്കും. മിത്രഗ്രഹത്തിൻ്റെ രാശിയിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ 'മുദിതൻ' എന്നുവിളിക്കുന്നു. "സന്തോഷമനുഭവിക്കുന്നവൻ" എന്നാണ് അതിൻ്റെ അർത്ഥം. എല്ലാ കൂറുകാർക്കും സന്തോഷാനുഭവങ്ങൾ നൽകാൻ ബുധന് കഴിയും എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കപ്പെടേണ്ടത്. തുലാം രാശിയിൽ സഞ്ചരിക്കുന്ന ബുധൻ ഒക്ടോബർ 14 വരെ ചിത്തിര നക്ഷത്രത്തിലും തുടർന്ന് ഒക്ടോബർ 22 വരെ ചോതി നക്ഷത്രത്തിലും തുടർന്ന് വിശാഖം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഒക്ടോബർ 29 ന് / തുലാം 13 ന് ബുധൻ തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് പകരുന്നു. അവരവർ ജനിച്ച കൂറിൻ്റെ 2,4,6,8,10 എന്നീ ഇരട്ട രാശികളിലും പതിനൊന്നാം രാശിയിലുമാണ് ബുധൻ ഗുണപ്രദനാകുന്നത്. വിദ്യാഭ്യാസ പുരോഗതി, ബുദ്ധിശക്തി, വാക്സിദ്ധി, ഗണിത ചാതുര്യം, ആശയവിനിമയശേഷി, അദ്ധ്യാപനം , മാദ്ധ്യമപ്രവർത്തനം, കലാസാഹിത്യസപര്യ, വക്കീൽപ്പണി, ബന്ധുഗുണം, ഏജൻസി, ക്രയവിക്രയം എന്നിവയെല്ലാം ബുധനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ബുധൻ അനുകൂല ഭാവങ്ങളിലായാൽ ഇവയ്ക്ക് പുഷ്ടി പ്രതീക്ഷിക്കാം. ബുധൻ്റെ തുലാം രാശിയിലെ സഞ്ചാരത്താൽ ഏതൊക്കെ കൂറുകാർക്ക് ഗുണവും നേട്ടവും എന്നും ഏതൊക്കെ കൂറുകാർക്ക് നഷ്ടവും കഷ്ടവും എന്നും ഈ അപഗ്രഥനത്തിൽ നിന്നുമറിയാം. ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം ) ബുധൻ മൂന്നാം രാശിയിൽ സഞ്ചരിക്കുന്നു. ആശയവിനിമയശേഷിയിൽ തടസ്സമുള്ളതുപോലെ തോന്നാം .വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടും. വിദ്യാർത്ഥികൾ പഠിച്ചാലും പരീക്ഷകളിലും മറ്റും അറിവ് പ്രദർശിപ്പിക്കുന്ന കാര്യത്തിൽ പിന്നിലേക്ക് പോവാം. സഹോദരരുടെ വാഗ്ദാനം പ്രാവർത്തികമാവാൻ കാലതാമസമുണ്ടാവും. പ്രമാണം , രേഖകൾ തുടങ്ങിയവയിൽ ഒപ്പിടുന്നതിനുമുൻപ് അവ വായിച്ചു മനസ്സിലാക്കാൻ മറക്കരുത്. ഉദ്യോഗസ്ഥർക്ക് അധികച്ചുമതല ലഭിക്കും. ജോലിഭാരം കൂടുന്നതാണ്. തീരുമാനിച്ച യാത്രകൾ മുന്നയോ പിന്നെയോ ആക്കേണ്ടിവരും. വസ്തുതർക്കങ്ങളിൽ ഇടപെടേണ്ട സ്ഥിതിയുണ്ടാവും. ഏകപക്ഷീയ നിലപാടുകൾ കൈക്കൊള്ളുന്നത് സംഘടനകളുടെ വിമർശനത്തിന് കാരണമാകും. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) കന്നിക്കൂറിൻ്റെ രണ്ടാമെട മായ തുലാം രാശിയിലാണ് ബുധൻ്റെ സഞ്ചാരം. വാക്സിദ്ധി കൊണ്ട് പെരുമ നേടും. പണ്ഡിതോചിതമായി സംസാരിക്കും. വാക്കുകൾ വാളും കവചവും ആവും. ധനാഗമം വർദ്ധിക്കും. സ്വന്തം ബുദ്ധിശക്തിയാൽ നേട്ടങ്ങൾ വന്നുചേരുന്നതാണ്. പരീക്ഷകളിലും അഭിമുഖങ്ങളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കും. പ്രസംഗം, ചർച്ച, ഇവയിൽ ശോഭിക്കുന്നതാണ്. ബന്ധുബലം വർദ്ധിക്കുന്നതാണ്. സാമൂഹികാംഗീകാരം ഉയർന്നു നിൽക്കും. അഭിഭാഷകവൃത്തി, മാധ്യമപ്രവർത്തനം, അദ്ധ്യാപനം എന്നിവയിൽ പ്രശസ്തിയുണ്ടാവും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ക്ക് അർഹതയുള്ള സ്ഥാനക്കയറ്റം ലഭിക്കും. കുടുംബകാര്യങ്ങളിൽ സമാധാനം പുലരും. പൊതുവേ ജീവിതനിലവാരം ഉയരുന്നതാണ്. തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3) ജന്മരാശിയിൽ ബുധൻ സഞ്ചരിക്കുന്നു. ചന്ദ്രനും ശുക്രനുമൊഴികെ മറ്റു ഗ്രഹങ്ങൾ ജന്മരാശിയിൽ സഞ്ചരിക്കുമ്പോൾ ഗുണാനുഭവങ്ങൾ സൃഷ്ടിക്കാറില്ല. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്ലേശിക്കുന്നതാണ്. സ്വാഭാവിക നേട്ടങ്ങൾക്കുപോലും അല്പം തിളക്കം കുറയുന്നതായിരിക്കും. പഠിപ്പിൽ മാത്രമല്ല പ്രവർത്തനങ്ങളിലും ഏകാഗ്രത കുറയുന്നുണ്ടെന്നു തോന്നാം. കലാകായിക മത്സരങ്ങൾക്ക് പേരുനൽകും. എന്നാൽ അവയ്ക്ക് വേണ്ടതായ പരിശ്രമങ്ങൾക്ക് തയ്യാറാവില്ല. ആരോഗ്യസന്തുലനം നിലനിർത്തുന്നതിലും ശ്രദ്ധക്കുറവ് വരാം. ബന്ധുക്കളുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതു മൂലം കലഹസാധ്യത കാണുന്നു. സാഹിത്യകാരന്മാർക്ക് രചനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം , അനിഴം, തൃക്കേട്ട) ബുധൻ പന്ത്രണ്ടാം രാശിയിലാണ്. പന്ത്രണ്ടിൽ സഞ്ചരിക്കുമ്പോൾ ശുക്രനൊഴികെ മറ്റെല്ലാ ഗ്രഹങ്ങളും പ്രതികൂലരാണ്. ചെലവ് കൂടും. അപ്രതീക്ഷിത യാത്രകൾ മൂലമുണ്ടാവുന്ന ചെലവുകളും അസൗകര്യങ്ങളും സാധ്യതകളാണ്. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ സമയബന്ധിതമായി തീർക്കുന്നതിൽ ക്ലേശിക്കും. പാഠഭാഗങ്ങൾ പഠിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് വീഴ്ച വരാം. കുടുംബാംഗങ്ങളെ ഇണക്കി നിർത്തുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടാവുന്നതാണ്. അപ്രസക്ത കാര്യങ്ങൾക്ക് സമയം ചെലവഴിച്ചേക്കും. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിക്കാത്ത സ്ഥലം മാറ്റങ്ങൾക്കും സാധ്യതയുണ്ട്. വ്യവഹാരങ്ങൾക്ക് ഇത് ഉചിതവേളയല്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.