HOROSCOPE

Thulam Monthly Horoscope: തുലാം മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Follow Us Monthly Horoscope: തുലാം മാസം നിങ്ങൾക്കെങ്ങനെ? ആദിത്യൻ തുലാം ഒന്നിന്, 2024 ഒക്ടോബർ 17 ന് രാവിലെ 7:42ന് തുലാം രാശിയിൽ പ്രവേശിക്കുന്നു. ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളാണ് തുലാം മാസത്തിലുള്ളത്. തുലാം രാശി ആദിത്യൻ്റെ നീചക്ഷേത്രമാണ് എന്നതും പ്രസ്താവ്യം. തുലാം ഒന്നിനും തുലാം മുപ്പതിനും വെളുത്തവാവും തുലാം 16ന് കറുത്തവാവും ഭവിക്കുന്നു. തുലാം 15 ന് / ഒക്ടോബർ 31ന് ആണ് ദീപാവലി. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ വക്രഗതിയായി ചതയം നക്ഷത്രത്തിലൂടെ കടന്നുപോകുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ചൊവ്വ, തുലാം നാലിന്/ ഒക്ടോബർ 20ന് തൻ്റെ നീചക്ഷേത്രമായ കർക്കടകം രാശിയിൽ പ്രവേശിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. അടുത്ത മൂന്നുമാസക്കാലം നേർ - വക്രഗതിയായി ചൊവ്വ കർക്കടകം രാശിയിൽ തന്നെയുണ്ടാവും. ബുധൻ മാസാരംഭത്തിൽ തുലാം രാശിയിലാണ്. തുലാം 13ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നു. തുലാം 5 മുതൽ ബുധൻ്റെ മൗഢ്യം തീരുകയുമാണ്. ശുക്രൻ തുലാം 22 വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1200 തുലാം മാസത്തിലെ സമ്പൂർണ്ണ അനുഭവങ്ങൾ ഇവിടെ സമഗ്രമായി അവതരിപ്പിക്കുന്നു. മകം ആദിത്യൻ്റെ രാശിമാറ്റം അനുകൂലമാണ്. എന്നാൽ ചിങ്ങക്കൂറിൻ്റെ അധിപനായ ഗ്രഹം എന്ന നിലയ്ക്ക് ആദിത്യന് നീചം വരുന്നത് ആശ്വാസകരവുമല്ല. അകൽച്ച പാലിച്ച സുഹൃത്തുക്കൾ അടുത്തുവരുന്നതാണ്. അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു കൊണ്ടുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുവാനാവും. പിതാവിൻ്റെ കുടുംബത്തിൽ നിന്നും പ്രതികൂലതകൾ വരാം. പ്രണയകാര്യത്തിൽ ആഹ്ളാദിക്കാമെങ്കിലും വിവാഹ സാഫല്യത്തിന് തടസ്സം ഉണ്ടായേക്കും. ദാമ്പത്യത്തിൽ അനുരഞ്ജനം ആവശ്യമാവും. ഓൺലൈൻ ബിസിനസ്സിൽ പുരോഗതി പ്രകടമാവുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ വിമർശിക്കപ്പെടും. ക്ഷേത്രോത്സവാദികൾക്ക് സാരഥ്യം വഹിക്കാൻ സാധ്യതയുണ്ട്. പൂരം അനുഭവിച്ചുപോന്ന പലതരം സമ്മർദ്ദങ്ങൾക്ക് അയവും സമാശ്വാസവുമുണ്ടാവും. സാഹചര്യങ്ങൾ അനുകൂലമായിത്തീരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പുതിയ കാലത്തിൻ്റെ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടും. ഗാർഹിക ജീവിതത്തിൽ ഒട്ടൊക്കെ സമാധാനം വന്നുചേരുന്നതാണ്. കലാരംഗവുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ അവസരങ്ങൾ തേടിവരുന്നതായിരിക്കും. വിദ്യാർത്ഥികൾ പഠനമികവ് പുലർത്തും. വസ്തുവില്പനയിൽ ജാഗ്രത വേണം. അമളി പിണയാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ഉള്ള അനുമതികൾ തടസ്സം കൂടാതെ ലഭിച്ചേക്കും. ബിസിനസ്സിൽ പുതിയ പങ്കാളികളെ കണ്ടെത്തും. കരാറുകളിൽ ഏർപ്പെടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്. ഉത്രം ദുർഘടമായി ഭവിച്ചിരുന്ന കാര്യങ്ങൾ സുഗമമായി നിർവഹിക്കാനാവും. ചിങ്ങക്കൂറുകാർക്ക് ഔദ്യോഗികമായി ശോഭിക്കാൻ കഴിയുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ ഉറപ്പിക്കാനാവും. രാഷ്ട്രീയ വൃത്തങ്ങളിൽ സ്വാധീനമേറുന്നതാണ്. സംഘടനാ പ്രവർത്തനങ്ങളിൽ ഏകോപനം സാധ്യമാകും. കന്നിക്കൂറുകാർക്ക് മത്സരങ്ങളിൽ വിജയം സുനിശ്ചിതമാണ്. എതിരാളിയുടെ മേൽ മാനസികമായ മേൽകൈ നേടുന്നതിനാവും. വചോവിലാസത്താൽ സഭകളിലും സമാജങ്ങളിലും ശോഭിക്കാൻ കഴിയും. കുടുംബ ബന്ധങ്ങളിൽ ദൃഢതയുണ്ടാവും. പൂർവ്വിക വസ്തുക്കളിൽ നിന്നും ആദായത്തിന് സാധ്യതയുണ്ട്. ഊഹക്കച്ചവടം, ഇൻഷ്വറൻസ്, ചിട്ടി മുതലായവയിൽ നിന്നും ധനാഗമം കൈവരുന്നതാണ്. അത്തം ചൊവ്വ പതിനൊന്നിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. അപ്രതീക്ഷിത സഹായം വന്നുചേരും. ബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാനാവുന്നതാണ്. സഹോദര ഗുണമുള്ള കാലമായിരിക്കും. പ്രയത്നങ്ങൾക്ക് സഫലതയുണ്ടാവും. സർക്കാർ കാര്യങ്ങളിൽ ഗുണം കുറയാം. കാര്യസാധ്യത്തിന് അവർത്തിത ശ്രമം വേണ്ടിവന്നേക്കും. ഗുരുവന്ദനത്തിന് അവസരം ലഭിക്കുന്നതാണ്. തീർത്ഥാടനയോഗം കാണുന്നു. പിതൃബന്ധുക്കളെ സന്ദർശിക്കുന്നതാണ്. നിലവിലെ തൊഴിൽ തൃപ്തികരമാം വിധം മുന്നോട്ടുകൊണ്ടുപോകാനാവും. കിട്ടാക്കനിയാണോ എന്നുതോന്നിയ മനസ്സമാധാനം കൈവരുന്നതാണ്. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്തും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക അഭികാമ്യം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവും. ചിത്തിര സ്വയംകൃതാനർത്ഥങ്ങൾ ക്ലേശിപ്പിക്കും. മറ്റുള്ളവരെ പഴിചാരുന്നതിനെക്കാൾ നമ്മുടെ സ്വഭാവപരിമിതിയും വൈകല്യവും തന്നെയാവും കാരണം. സംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിച്ചേക്കില്ല. എന്നാൽ നിലവിലുള്ളവ ഒരുവിധം മുന്നോട്ടു കൊണ്ടുപോകാനാവും. പുതിയ കാര്യങ്ങൾ പഠിച്ചറിയാനുള്ള ഉത്സുകത ഉണ്ടായിരിക്കും. കന്നിക്കൂറുകാർക്ക് ഭൂമി/കൃഷി ഇവയിൽ നിന്നും ആദായം ഉണ്ടാവുന്നതാണ്. ഭാഗ്യാനുഭവങ്ങൾ വരാം. ഒപ്പമുള്ളവരെ ഏകോപിപ്പിക്കുന്നതിൽ വിജയം വരിക്കും. വ്യക്തമായ ലക്ഷ്യബോധം പ്രവർത്തനങ്ങളിൽ കാണാൻ സാധിക്കും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടുന്നതാണ്. തുലാക്കൂറുകാർക്ക് സമ്മർദ്ദമേറും. കുടുംബാംഗങ്ങളുടെ ഉപദേശങ്ങൾ സ്വീകരിക്കില്ല. ആലോചനാപരത കൂടും; പ്രവൃത്തി പിന്നിലാവുകയും ചെയ്യും. യാത്രകൾ കൂടുന്നതിനാൽ ദേഹക്ലേശം ഉണ്ടാവുന്നതാണ്. ചോതി ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ അലച്ചിലുണ്ടാവും. ദേഹക്ഷീണം അനുഭവപ്പെടുന്നതാണ്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അധ്വാനഭാരം അധികരിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. സ്വയം ചെയ്യുന്ന തൊഴിലുകളിൽ ലാഭം കുറയുന്നതാണ്. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർക്കണം. സുഖഭോഗവസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ആടയാഭരണങ്ങൾ വാങ്ങാൻ ചെലവേറും. അന്യദേശത്ത് ഉപരിപഠനത്തിനോ സ്കോളർഷിപ്പോടു കൂടിയ പ്രോജക്ടുകൾ ലഭിക്കാനോ അവസരമുണ്ടാകും. പ്രണയികൾക്ക് നല്ലകാലമാണ്. രഹസ്യനിക്ഷേപങ്ങൾ നടത്താനാവും. ആരോഗ്യപരിപാലനം പ്രധാനമെന്നത് മറക്കരുത്. വിശാഖം ആദിത്യൻ പന്ത്രണ്ടിലാകയാൽ വ്യർത്ഥയാത്രകൾ ഉണ്ടാവും. അനാവശ്യമായ ആധിയും ഉൽക്കണ്ഠയും ഒഴിവാക്കണം. ആലോചനകളും പുനരാലോചനകളും ഏറുന്നതാണ്. കർമ്മരംഗത്ത് ആലസ്യം അനുഭവപ്പെടുന്നതാണ്. ഉത്തരവാദിത്വം സഹപ്രവർത്തകരെ ഏല്പിക്കുന്നത് പിന്നീട് അധികാരികളാൽ ചോദ്യം ചെയ്യപ്പെടാം. ബന്ധുക്കളിൽ ചിലരെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയേക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭവാർത്തയുണ്ടാവുന്നതാണ്. കൂട്ടുകാരുടെ കുടുംബ പ്രശ്നങ്ങൾക്ക് പോംവഴി ഉപദേശിക്കുന്നതാണ്. ആഢംബരച്ചെലവ് വർദ്ധിക്കും. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. ഏജൻസികൾ നടത്തുന്നവർക്ക് ആദായ വർദ്ധന പ്രതീക്ഷിക്കാം. അനിഴം ആദിത്യൻ പന്ത്രണ്ടിൽ സഞ്ചരിക്കുന്നു. തന്മൂലം ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ജോലിസ്ഥലത്ത് ആധിപത്യവും സർവ്വസമ്മതത്വവും കുറയാനിടയുണ്ട്. വ്യർത്ഥമായ കാര്യങ്ങൾക്കുവേണ്ടി അലച്ചിലുണ്ടാകും. ഏജൻസികളും കമ്മീഷൻ പ്രവർത്തനങ്ങളും ലാഭകരമാവും. വിവരശേഖരണം, വിജ്ഞാന സമ്പാദനം എന്നിവയിൽ ആനന്ദം കണ്ടെത്തുന്നതാണ്. കൂട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സക്രിയമായി ഇടപെടും. തനിക്ക് ന്യായമെന്ന് തോന്നുന്ന കാര്യങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറയുന്നതിന് മടിക്കില്ല. തന്മൂലം ശത്രുക്കൾ കൂടുന്നതായിരിക്കും. നേർവഴിയിലൂടെയല്ലാത്ത ധനാഗമ മാർഗങ്ങൾ വേണ്ടെന്നു വെക്കുന്നതാണ്. തൃക്കേട്ട ആദർശത്തെ കൈവെടിയില്ലെങ്കിലുംപ്രായോഗികവശത്തിന് ഊന്നൽ നൽകും. ദുർഘടദൗത്യങ്ങൾ ക്ഷമാപൂർവ്വം പൂർത്തിയാക്കുന്നതിനാൽ മേലധികാരികൾ പ്രശംസിക്കുന്നതാണ്. വിദ്യാർത്ഥികൾ വരുംവർഷത്തിലെ ഉപരിപഠനത്തിനുള്ള ശ്രമം ആരംഭിക്കും. വസ്തുവകകളെ സംബന്ധിച്ച തർക്കത്തിൽ നിന്നും പിന്മാറുന്നതാണ്. മകനുവേണ്ടി പുതിയ വാഹനം വാങ്ങുന്ന കാര്യം പരിഗണിച്ചേക്കും. വ്യാപാര - വ്യവസായത്തിൽ ലാഭം തെല്ല് കുറയാം. ധനനിക്ഷേപങ്ങൾ കരുതലോടെയാവണം. ആഹാരപദാർത്ഥങ്ങൾ മൂലം രോഗക്ലേശം വരാനിടയുണ്ട്. ജീവിത പങ്കാളിയുടെ തൊഴിൽ മേഖല വിപുലീകരിക്കാനായി ശ്രമം തുടരുന്നതാണ്. രഹസ്യവും പരസ്യവുമായ എതിർപ്പുകളെ തന്ത്രപൂർവ്വം നേരിടും. വിനോദം, വിജ്ഞാന സമ്പാദനം, ബന്ധു സന്ദർശനം ഇവക്കായി യാത്രകളുണ്ടാവും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.